- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷൂട്ടിങ് മുന്നോട്ട് കൊണ്ടു പോകാൻ സാധിക്കാത്ത വിധം ആസിഫ് അലിക്ക് കാലിന് പരിക്കേറ്റത് തിരുവനന്തപുരത്തെ ക്ലൈമാക്‌സ് ചിത്രീകരണത്തിനിടെ; അടുത്ത ദിവസം യുവ നടൻ വിഷ്ണു ഉണ്ണികൃഷ്ണന്റെ കൈയിൽ എണ്ണ വീണുണ്ടായത് ഗുരുതര പരിക്ക്; നടന് പ്ലാസ്റ്റിക് സർജ്ജറി അനിവാര്യം; മലയാള സിനിമയിൽ തുടർച്ചയായി രണ്ട് അപകടങ്ങൾ
കൊച്ചി: മലയാള സിനിമയെ ഞെട്ടിച്ച് ദിവസങ്ങൾക്കിടെ രണ്ട് അപകടം വൈപ്പിനിൽ സിനിമാ ചിത്രീകരണത്തിനിടെ നടൻ വിഷ്ണു ഉണ്ണിക്കൃഷ്ണനു പൊള്ളലേറ്റു. കൈക്കൾക്കു ഗുരുതരമായി പൊള്ളലേറ്റ വിഷ്ണുവിനെ കൊച്ചിയിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 'വെടിക്കെട്ട്' എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് അപകടം. കഴിഞ്ഞ ദിവസം 'എ രഞ്ജിത്ത് സിനിമ' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നടൻ ആസിഫ് അലിക്കും പരിക്കേറ്റിരുന്നു.
സിനിമയിൽ സ്വാഭാവികതയ്ക്ക് വേണ്ടി നടന്മാർ ഡ്യൂപ്പില്ലാതെയാണ് പല രംഗങ്ങളിലും അഭിനയിക്കുന്നത്. ഇതാണ് വിഷ്ണുവിനും ആസിഫിനും പരിക്കേൽക്കാൻ കാരണം. ആസിഫിന്റെ പരിക്ക് സാരമുള്ളതാണെങ്കിലും അത്ര ഗുരുതരമല്ല. എന്നാൽ വിഷ്ണുവിന് ഗുരുതര പരിക്കാണ് ഏറ്റത്. എന്നാൽ അപകടനില നടൻ തരണം ചെയ്യുകയും ചെയ്തു. വൈകിട്ട് ഏഴോടെയാണ് അപകടം. വള്ളത്തിൽനിന്നു വന്ന് കത്തുന്ന വിളക്കുമായി കരയിലേക്കു കയറുന്ന രംഗം ചിത്രീകരിക്കുകയായിരുന്നു.
വൈകിട്ട് 5 മുതൽ ഷൂട്ടിങ്ങിനായി കത്തിച്ചിരുന്ന വിളക്കിന്റെ ചൂടേറിയ എണ്ണ വിഷ്ണുവിന്റെ കൈയിലേക്ക് വീഴുകയും തീ പടരുകയുമായിരുന്നു. രണ്ടു കൈയ്ക്കും പൊള്ളലേറ്റതിനെ തുടർന്ന് വൈപ്പിനിൽ ആശുപത്രി പ്രവേശിപ്പിച്ചു. തുടർന്നാണു കൊച്ചിയിലേക്ക് എത്തിച്ചത്. പ്ലാസ്റ്റിക് സർജറി വേണമെന്ന് ഡോക്ടർമാർ അറിയിച്ചു. ഒരാഴ്ചത്തേക്കു സിനിമയുടെ ഷൂട്ടിങ് നിർത്തിവച്ചു. ഒപ്പമുണ്ടായിരുന്ന അണിയറ പ്രവർത്തകന്റെ കൈയ്ക്കും പൊള്ളലേറ്റിട്ടുണ്ട്.
താരങ്ങളും തിരക്കഥാകൃത്തുക്കളുമായ ബിബിൻ ജോർജും വിഷ്ണു ഉണ്ണിക്കൃഷ്ണനും ചേർന്നു സംവിധാനം ചെയ്യുകയും അഭിനയിക്കുകയും ചെയ്യുന്ന ചിത്രമാണ് വെടിക്കെട്ട്. അമർ അക്‌ബർ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷൻ, ഒരു യമണ്ടൻ പ്രേമകഥ എന്നീ വിജയ ചിത്രങ്ങൾക്കുശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണിത്.
നടൻ ആസിഫ് അലി ആശുപത്രിയിൽ ആണ്. സിനിമ ചിത്രീകരണത്തിനിടെ പരുക്കേറ്റതിനെ തുടർന്നാണ് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തിരുവനന്തപുരത്ത് നടക്കുന്ന 'എ രഞ്ജിത്ത് സിനിമ' എന്ന ചിത്രത്തിന്റെ ക്ലൈമാക്‌സ് ഷൂട്ടിങ്ങിന് ഇടയിലാണ് താരത്തിന് കാലിൽ സാരമായി പരിക്കേറ്റത്. ഷൂട്ടിങ് മുന്നോട്ട് കൊണ്ടു പോകാൻ സാധിക്കാത്ത വിധം ആസിഫ് അലിക്ക് കാലിൽ വേദനയുണ്ട്. അതുകൊണ്ടാണ് ഉടൻ ആശുപത്രിയിൽ എത്തിച്ചത്.
നവാഗതനായ നിഷാന്ത് സാറ്റു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ അവസാന ഷെഡ്യൂളാണ് തിരുവനന്തപുരത്ത് പുരോഗമിക്കുന്നത്. സിനിമയിലെ ക്ലൈമാക്‌സ് രംഗവുമായി ബന്ധപ്പെട്ട് ഒരു സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടയിലാണ് താരത്തിന് പരിക്കേറ്റത്.
മറുനാടന് മലയാളി ബ്യൂറോ