കൊല്ലം: വിസ്മയ കേസിൽ വീണ്ടും ട്വിസ്റ്റ്. സാക്ഷി വിസ്താരത്തിനിടെയാണ് സംഭവം. കേസിൽ 10-ാം സാക്ഷിയായ രാധാകൃഷ്ണ കുറുപ്പിന്റെ വിസ്താരത്തിലാണ് സ്ത്രീധന പ്രശ്‌നം ഉയർന്നുവന്നത്. വിസ്മയയുടെ പിതാവ് ത്രിവിക്രമൻ നായരുടെ അനന്തരവളുടെ ഭർത്താവാണ് രാധാകൃഷ്ണകുറുപ്പ്. സ്ത്രീധന പീഡനത്തെ തുടർന്നുള്ള ആത്മഹത്യയാണെന്ന കണ്ടെത്തലാണ് കുറ്റപത്രത്തിലുള്ളത്.

വിസ്മയയുടെ വിവാഹാലോചനയുമായി ബന്ധപ്പെട്ട് കിരണിന്റെ വീട് കാണൽ ചടങ്ങിൽ പോയപ്പോൾ കിരണിന്റെ പിതാവും അദ്ദേഹത്തിന്റെ ജ്യേഷ്ഠനും തന്നെ മാറ്റി നിറുത്തി വിസ്മയക്കു സ്വർണം കൂടാതെ എന്തൊക്കെ കൊടുക്കും എന്നു ചോദിച്ചിരുന്നു. അപ്പോൾ 101 പവൻ സ്വർണം കൂടാതെ ഒരേക്കർ ഇരുപത് സെന്റ് സ്ഥലവും പത്തു ലക്ഷം രൂപയിൽ കുറയാത്ത ഒരു കാറും കൊടുക്കും എന്നു ഉറപ്പു കൊടുത്തിരുന്നു എന്നും രാധാകൃഷ്ണകുറുപ്പ് മൊഴി കൊടുത്തു

കേസിൽ ഒന്നാം സാക്ഷിയായി മൊഴി നൽകിയ വിസ്മയയുടെ പിതാവ് വിക്രമൻ നായരും, കിരണിന്റെ പിതാവും ജ്യേഷ്ഠനും സ്ത്രീധനം ആവശ്യപ്പെട്ടു എന്ന് മൊഴി നൽകിയിരുന്നു. എന്നാൽ അതു പൂർണമായും കൊടുക്കാൻ സാമ്പത്തിക ബുദ്ധിമുട്ട് കൊണ്ടു മാത്രം കഴിയാതെ പോയി. വിസ്മയയുടെ അമ്മ സവിതയും ഈ നിലപാട് ആണ് സ്വീകരിച്ചത്. സ്ത്രീധനം ഡിമാൻഡ് ചെയ്യുന്നതും സ്വീകരിക്കുന്നതും സ്ത്രീധന നിരോധനം നിയമത്തിലെ 3, 4 വകുപ്പുകൾ പ്രകാരം ഗുരുതരമായ കുറ്റകൃതമാണ്. വിസ്മയ കേസിൽ പ്രോസിക്യൂഷന്റെ മുഖ്യവാദവും സ്ത്രീപീഡന കുറ്റമാണ്. എന്നാൽ, സ്ത്രീധനമോ സ്വത്തോ കിരണിന്റെ ആളുകൾ ആവശ്യപ്പെടുകയോ ചോദിക്കുകയോ ചെയ്തിട്ടില്ലെന്നാണ് പ്രതിഭാഗം വാദം.

2021 ജനുവരി മാസം 17-ന് പ്രതി കിരണും രാധാകൃഷ്ണ കുറുപ്പുമായി നടത്തിയ ഫോൺ സംഭാഷണത്തിന്റെ ശബ്ദരേഖ കോടതിയിൽ കേൾപ്പിച്ചു പ്രതിഭാഗം അഭിഭാഷകൻ പ്രതാപചന്ദ്രൻ പിള്ളയാണ് ക്രോസ് വിസ്താരം നടത്തിയത്. സ്ത്രീധനമോ സ്വത്തോ കിരണിന്റെ ആളുകൾ ആവശ്യപ്പെടുകയോ ചോദിക്കുകയോ ചെയ്തിട്ടില്ലെന്നും മറിച്ചു അപ്രകാരം യാതൊന്നും ഇല്ല എന്നു വ്യക്തമായി പറഞ്ഞിരുന്നു എന്നും രാധാകൃഷ്ണ കുറുപ്പ് കോടതിയിൽ സമ്മതിച്ചു.

' എനിക്കു നിങ്ങളുടെ പണമോ സ്വർണമോ കാറോ സ്വത്തുക്കളോ ഒന്നും വേണ്ട... എന്നെയും വിസ്മയയെയും അനാവശ്യ ഇടപെടലുകൾ ഇല്ലാതെ ജീവിക്കാൻ ഒന്നനുവദിച്ചാൽ മതി...അതിനു സഹായിക്കണം എന്നും കിരൺ ശബ്ദരേഖയിൽ പറയുന്നുണ്ട്. രാധാകൃഷ്ണകുറുപ്പിന് ഇക്കാര്യം കോടതിയിൽ സമ്മതിക്കേണ്ടി വന്നു. സ്ത്രീധനം ചോദിച്ചപ്പോൾ വിസ്മയയുടെ പിതാവിനോപ്പം ഉണ്ടായിരുന്ന ഏക വ്യക്തിയാണ് രാധാകൃഷ്ണകുറുപ്പ് എന്നാണ് പ്രോസിക്യൂഷൻ കേസ്.

അതേസമയം, കഴിഞ്ഞദിവസം പ്രശസ്ത മെന്റലിസ്‌റ് ആയ നിബിൻ നിരാവത്തിനെ പ്രോസിക്യൂഷൻ സാക്ഷി ആയി വിസ്തരിച്ചിരുന്നു. വിസ്മയ തനിക്ക് പഠിത്തത്തിൽ ഏകാഗ്രത കിട്ടുന്നില്ല എന്നും എന്തെങ്കിലും ടിപ്‌സ് പറഞ്ഞു തന്നു സഹായിക്കാമോ എന്നഭ്യർഥിച്ച് നിബിന്റെ സഹായം തേടിയിരുന്നു. താൻ 2000 രൂപ പ്രതിഫലം വാങ്ങി കൗൺസിലിങ് നടത്തി എന്നും അടിസ്ഥാനകാരണം അന്വേഷിച്ചു പോയപ്പോൾ സ്ത്രീധത്തിനു വേണ്ടിയുള്ള ഭർത്താവിന്റെ കഠിന പീഡനങ്ങൾ ആണ് കാരണം എന്നു കണ്ടുപിടിച്ചു എന്നും നിബിൻ പറഞ്ഞു. തുടർന്ന് ഒന്നിച്ചു പോകാൻ കഴിയില്ല എങ്കിൽ വിവാഹം മോചനം നേടാൻ ശ്രമിക്കാൻ ഉപദേശിച്ചു എന്നും നിബിൻ മൊഴി നൽകിയിരുന്നു.

എന്നാൽ പ്രതിഭാഗത്തിന്റെ ക്രോസ് വിസ്താരത്തിൽ താനിക്കു RCI ആക്ടിനെക്കുറിച്ചു കേട്ടറിവ് പോലും ഇല്ലെന്നും താൻ കൗൺസിലിങ് നടത്തിയിട്ടില്ല എന്നും സമ്മതിച്ചു. വിവാഹമോചനം നടത്താൻ ഉപദേശിച്ചു എന്നും താൽപ്പര്യം ഇല്ലെങ്കിൽ ഫാമിലി കൗൺസിലിങ് നടത്താൻ ഉപദേശിച്ചു എന്നും അന്വേഷണ ഉദ്യോഗസ്ഥൻ മുൻപാകെ കൊടുത്തത് മൊഴി പ്രതിഭാഗം വക്കീൽ വായിച്ചു കേൾപ്പിച്ചപ്പോൾ താൽപ്പര്യം ഇല്ലെങ്കിൽ എന്നു താൻ മൊഴി കൊടുത്തില്ല എന്നാണ് അദ്ദേഹം കോടതിയിൽ മറുപടി പറഞ്ഞത്.

കേസിൽ, കൊല്ലം ഒന്നാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ശ്രീ കെ.എൻ. സുജിത് മുൻപാകെ തുടർച്ചയായി വിചാരണ നടന്നു വരുകയാണ്. സാക്ഷി വിസ്താരം തിങ്കളാഴ്ചയ്ക്ക് മാറ്റി. അന്നു പ്രതി കിരണിന്റെ മാതാപിതാക്കളെയും സഹോദരിയെയും സഹോദരനെയും കോടതിയിൽ വിസ്തരിക്കും

സ്ത്രീധനം ചോദിച്ചത് കിരണിന്റെ പിതാവെന്ന് ത്രിവിക്രമൻ നായരുടെ മൊഴി

2021 ജൂൺ 21നാണ് വിസ്മയയെ ശാസ്താംകോട്ട പോരുവഴിയിലെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വിവാഹം ഉറപ്പിക്കുന്ന സമയത്തു സ്ത്രീധനം ആവശ്യപ്പെട്ടെന്നും പിന്നീട് സ്ത്രീധനത്തിന്റെ പേരിൽ കിരൺ വിസ്മയയെ മർദിക്കുമായിരുന്നെന്നും ത്രിവിക്രമൻനായർ മൊഴി നൽകി. മകൾക്ക് എന്തുകൊടുക്കുമെന്ന് കിരണിന്റെ പിതാവ് വിവാഹം ഉറപ്പിക്കുന്ന സമയത്ത് തന്നോടു ചോദിച്ചു. 101 പവൻ സ്വർണവും 1.2 ഏക്കർ സ്ഥലവും കാറും നൽകാമെന്നു പറഞ്ഞു.

കോവിഡ് കാരണം 80 പവൻ നാൽകാനേ കഴിഞ്ഞുള്ളു. വിവാഹത്തിന്റെ തലേന്നു വീട്ടിലെത്തിയ കിരൺ വേറെ കാർ വേണമെന്നു വിസ്മയയോടു പറഞ്ഞു. ആഭരണം ലോക്കറിൽ വയ്ക്കാനായി തൂക്കിയപ്പോൾ അളവിൽ കുറവു കണ്ട് വിസ്മയയെ ഉപദ്രവിച്ചു. കിരൺ തന്നെ ഫോണിൽ വിളിച്ചപ്പോൾ വീട്ടിൽ കൊണ്ടുപോകണമെന്നു കരഞ്ഞു കൊണ്ടു വിസ്മയ പറഞ്ഞതായും അ ദ്ദേഹം പറഞ്ഞു. കിരണിന്റെ ഫോണിൽ നിന്ന് വീണ്ടെടുത്ത സംഭാഷണം കോടതിയിൽ കേൾപ്പിച്ചു. ഓണക്കാലത്ത് യാത്രയ്ക്കിടെ കിരൺ മർദിച്ചപ്പോൾ ചിറ്റുമലയിൽ ഒരു വീട്ടിൽ വിസ്മയ അഭയം തേടി.

താനും ഭാര്യയും കിരണിന്റെ വീട്ടിൽ എത്തിയപ്പോൾ 'കൊടുക്കാമെന്നു പറഞ്ഞതു മുഴുവൻ കൊടുത്താൽ തീരുന്ന പ്രശ്‌നമേയുള്ളൂ' എന്നായിരുന്നു മറുപടി. തന്റെ വീട്ടിൽ വച്ച് മകൻ വിജിത്തിനെയും കിരൺ ആക്രമിച്ചു. 'പാട്ടക്കാറും വേസ്റ്റ് പെണ്ണും ഇവിടെ നിൽക്കട്ടെ' എന്നു പറഞ്ഞ്, വിസ്മയ അണിയിച്ച മാല ഊരി തന്റെ മുഖത്ത് എറി ഞ്ഞ ശേഷം ഇറങ്ങിപ്പോയി. വിവാഹം ബന്ധം വേർപ്പെടുത്തുന്നതിനു സമുദായ സംഘടനാ ഭാരവാഹികളുമായി ചർച്ച ചെയ്യാനിരിക്കെയാണ് മകൾ കിരണിനോടൊപ്പം പോയത്.

ജൂൺ 21ന് മകൾ ആശുപത്രിയിൽ ആണെന്നു കിരണിന്റെ പിതാവ് വിളിച്ചു പറഞ്ഞു. ആശുപത്രിയിലേക്ക് പോകുമ്പോഴാണ് മകളുടെ മരണവിവരം അറിയുന്നതെന്നും ത്രിവിക്രമൻനായർ മൊഴി നൽകിയിരുന്നു.

കിരണിന്റെ ഫോണിൽ നിന്ന് അന്വേഷണസംഘം വീണ്ടെടുത്ത സംഭാഷണം (പല ദിവസം, പല സമയം)

കിരൺ: ഈ ഭ്രാന്ത് പിടിച്ച പെണ്ണിന്റടുത്ത് വണ്ടിയിൽ കയറാൻ പറ. ഇവള് ദാ ഇറങ്ങി ഓടുക ഒക്കെ ചെയ്യുന്നു റോഡിൽ... നാട്ടുകാരുടെ മുന്നിൽ വച്ച്... അവളോടു കയറാൻ പറ. ഞാൻ വീട്ടിൽ കൊണ്ടാക്കാം. എന്നെ നാണം കെടുത്താതെ കേറാൻ പറ എന്തു കഷ്ടമാടോ

ത്രിവിക്രമൻ നായർ: നീയൊരു കാര്യം ചെയ്യ്. അവളെ വേണ്ടെങ്കിൽ ഇങ്ങ് വീട്ടിൽ കൊണ്ടാക്ക്, കഷ്ടം തന്നെ.

വിസ്മയ: അച്ഛാ എനിക്കങ്ങ് വരണം,. അച്ഛാ എനിക്ക് പേടിയാ.. എനിക്കങ്ങ് വരണം. എനിക്കു പറ്റത്തില്ല, എനിക്കു പറ്റത്തില്ല അച്ഛാ..

ത്രിവിക്രമൻ നായർ: പോരെ. നീ ഇങ്ങു പോരെ. കുഴപ്പമില്ല.

വിസ്മയ: അല്ലച്ഛാ, ഇവിടുന്ന് ഇറങ്ങിപ്പോകാനൊക്കെ പറഞ്ഞു. എന്നെ അടിക്കും. എനിക്കു പേടിയാ...എന്നെക്കൊണ്ടു പറ്റില്ലച്ഛാ...

(പിന്നീട്) എന്നെ എന്റെ അച്ഛൻ കാണത്തില്ല... നോക്കിക്കോ... ഇവിടെ നിർത്തിയിട്ടു പോവുകയാണെങ്കിൽ, എന്നെ കാണത്തില്ല... എന്നെ കാണത്തില്ല.... അച്ഛൻ നോക്കിക്കോ, ഞാൻ എന്തേലും ചെയ്യും. എന്നെക്കൊണ്ടു പറ്റത്തില്ല (കരയുന്നു).

ത്രിവിക്രമൻ നായർ: ഞാൻ നാളെ അങ്ങോട്ടു വന്നു സംസാരിക്കാം.