- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കലഹം തുടങ്ങിയത് ഒരു കാറിന്റെ പേരിൽ; ഒരു വർഷത്തിനുള്ളിൽ ആ ചിരിയും മാഞ്ഞു;ഭർതൃവീട്ടിൽ വീട്ടിൽ വിസ്മയ നേരിട്ടത് സമാനതകളില്ലാത്ത പീഡനം; 102 സാക്ഷിമൊഴികളും 98 രേഖകളും 56 തൊണ്ടിമുതലുകളും അടങ്ങുന്ന കുറ്റപത്രത്തിൽ തെളിഞ്ഞത് കിരണിന്റെ ക്രൂരതകൾ; വിസ്മയക്കേസിലെ നാൾ വഴികൾ ഇങ്ങനെ
കൊല്ലം:ഫേസ്‌ബുക്കിലും മറ്റുസാമൂഹികമാധ്യമങ്ങളിലും ഭർത്താവിനൊപ്പം സന്തോഷത്തോടെയുള്ള ചിത്രങ്ങൾ. ആരുകണ്ടാലും അത്ര മനോഹരമെന്ന് ഒറ്റനോട്ടത്തിൽതന്നെ പറയുന്ന യുവദമ്പതിമാർ. എന്നാൽ കൊല്ലം നിലമേൽ കൈതോട് സ്വദേശിനിയായ വിസ്മയ വി. നായർ എന്ന 24-കാരി ദാമ്പത്യജീവിതത്തിൽ അനുഭവിച്ചിരുന്നതുകൊടിയപീഡനവും ഉപദ്രവുമായിരുന്നുവെന്ന് മറ്റുള്ളവർ തിരിച്ചറിഞ്ഞത് 2021 ജൂൺ 21-നായിരുന്നു.
അന്നേദിവസം പുലർച്ചെ ഭർത്താവ് കിരൺകുമാറിൻെ വീട്ടിൽ വിസ്മയ ജീവനൊടുക്കിയതോടെയാണ് മാസങ്ങൾ നീണ്ട സ്ത്രീധനപീഡനവും ഉപദ്രവവും പുറംലോകമറിഞ്ഞത്. പിന്നീടങ്ങോട്ട് കേരളം ഏറെ ചർച്ച ചെയ്തതും വിസ്മയയുടെ മരണമായിരുന്നു.മരിക്കുന്നതിന് തലേദിവസം വിസ്മയ സഹോദരനും മറ്റും താൻ നേരിട്ട ഉപദ്രവങ്ങൾ വിശദീകരിച്ച് വാട്‌സാപ്പ് സന്ദേശങ്ങൾ അയച്ചിരുന്നു. ഈ സന്ദേശങ്ങൾ കുടുംബം പുറത്തുവിട്ടതോടെ വിസ്മയയുടെ മരണം വലിയ വാർത്തയായി. ഭാര്യയുടെ മരണത്തിന് പിന്നാലെ കിരൺകുമാർ ഒളിവിൽ പോവുകയും പിന്നീട് അറസ്റ്റിലാവുകയും ചെയ്തു.
സ്ത്രീധന പീഡനത്തെ തുടർന്ന് കൊല്ലം നിലമേൽ സ്വദേശിനി വിസ്മയയുടെ ആത്മഹത്യ നടന്നിട്ട് അടുത്ത മാസം 21 ന് ഒരു വർഷം പൂർത്തിയാക്കാനിരിക്കെയാണ് കിരൺ കുമാർ കുറ്റക്കാരനെന്ന വിധി വന്നത് .ഇനി കേരളം കാതോർക്കുന്നത് കിരണിന് ലഭിക്കുന്ന ശിക്ഷയെക്കുറിച്ചറിയാനാണ്.ജീവപര്യന്തം വരെ കിട്ടാവുന്ന കുറ്റമാണെന്നും ഏറ്റവും ചുരുങ്ങിയത് ഏഴുവർഷത്തിൽ കുറയാത്ത ശിക്ഷകിരണിന് ലഭിക്കുമെന്നുമാണ് സൂചന.. കേരളത്തിൽ തന്നെ ഏറ്റവും കോളിളക്കം സൃഷ്ടിച്ച വിസ്മയക്കേസിന്റെ നാൾ വഴികൾ അറിയാം..
ഒളിവിൽപോയ കിരണിനെ അന്വേഷണത്തിനൊടുവിൽ 2021 ജൂൺ 21 ന് ആണ് വിസ്മയയുടെ ഭർത്താവ് കിരൺ കുമാർ അറസ്റ്റിലായത്. കേരളം മുഴുവൻ , മലയാളികൾ മുഴുവൻ ഏറ്റെടുത്ത ആ മരണ വാർത്ത വലിയ കോളിളക്കം സൃഷ്ടിച്ചു. പെൺമക്കൾ എല്ലാം എന്റെ സ്വന്തം മക്കളാണെന്ന് പറഞ്ഞ് ?ഗവർണർ തന്നെ നേരിട്ട് വിസ്മയയുടെ വീട്ടിലെത്തി. പിന്നീട് സ്ത്രീധനത്തിനെതിരെ ഉപവാസ സമരം നടത്തി. തുടർന്ന് മന്ത്രിമാർ അടക്കം വിസ്മയയുടെ വീട്ടിലെത്തി .
അറസ്റ്റിലായതിനെ തുടർന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോ?ഗസ്ഥനായിരുന്ന കിരൺ കുമാറിനെ ജോലിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. പിന്നീട് 2021 ഓഗസ്റ്റ് 6ന് കിരൺകുമാറിനെ സർവീസിൽ നിന്നു തന്നെ പിരിച്ചു വിട്ടു സർക്കാർ. ഇതിനിടെ വിസ്മയയുടെ മരണം അന്വേഷിക്കാനുള്ള ചുമതല ദക്ഷിണാമേഖലാ ഐജി ഹർഷിത അട്ടല്ലൂരിക്ക് കൈമാറി.
2021 ജൂൺ 25ന് വിസ്മയയുടേത് തൂങ്ങിമരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നു. ജൂൺ 28ന് പൊലീസ് തെളിവെടുപ്പ് തുടങ്ങി. ജൂൺ 29
കിരണിന്റെ വീട്ടിൽ ഡമ്മി പരീക്ഷണം. ഇതിനിടയിൽ കിരൺ കുമാർ ജാമ്യത്തിനായി ശ്രമം തുടങ്ങി. 2021 ജൂലൈ 6 കിരണിന് ജില്ലാ സെഷൻസ് കോടതി ജാമ്യം നിഷേധിച്ചു
2021 സെപ്റ്റംബർ 10ന് വിസ്മയ കേസിൽ കുറ്റപത്രം സമർപ്പിച്ചു. പ്രേരണ മൂലമുള്ള ആത്മഹത്യയെന്ന് വ്യക്തമാക്കിയുള്ള കുറ്റപത്രം ആയിരുന്നു പൊലീസ് സമർപ്പിച്ചത്. കുറ്റപത്രത്തിൽ ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ 2419 പേജുകൾ ഉള്ളതാണ്. വാട്‌സ് ആപ് സന്ദേശങ്ങളും കിരണും വിസ്മയയുമായുള്ള സംഭാഷണവും വിസ്മയ രക്ഷിതാക്കളോട് കിരണിന്റെ ക്രൂരത പറയുന്നതും അങ്ങനെ ഫോൺ വിളികളും ശബ്ദ റെക്കോർഡുകളും ഡിജിറ്റൽ തെളിവുകളായി .
വിസ്മയയെ വിവാഹത്തിന് ശേഷം അഞ്ച് തവണ മർദ്ദിച്ചിരുവെന്നാണ് കിരണിന്റെ മൊഴി ലഭിച്ചു. മരിച്ച ദിവസം മർദ്ദനമുണ്ടായിട്ടില്ലെന്നും കിരൺ മൊഴി നൽകി. മദ്യപിച്ചാൽ കിരൺ കുമാറിന്റെ സ്വഭാവത്തിനുണ്ടാകുന്ന മാറ്റത്തെ കുറിച്ച് പൊലീസ് മനഃശാസ്ത്രജ്ഞരുടെ അഭിപ്രായം തേടി. വിസ്മയുടെ സുഹൃത്തുക്കളുടേയും ചില ബന്ധുക്കളുടേയും രഹസ്യമൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തി.
100 പവൻ സ്വർണവും ഒന്നേ കാൽ ഏക്കർ ഭൂമിയും ഒപ്പം 10 ലക്ഷം രൂപ വിലവരുന്ന കാറും മകൾക്കൊപ്പം സ്ത്രീധനമായി നൽകിയാണ് വിസ്മയയെ കിരൺകുമാറിന് വിവാഹം ചെയ്ത് നൽകിയത്. എന്നാൽ വിവാഹം കഴിഞ്ഞതോടെയാണ് കിരണിന്റെ യഥാർത്ഥ മുഖം പുറത്തുവന്നതെന്ന് കുടുംബം പറയുന്നു. സ്ത്രീധനമായി നൽകിയ കാറിന്റെ പേരിലാണ് പീഡനം തുടങ്ങിയതെന്നും കുടുബാംഗങ്ങൾ പറയുന്നു. ഏറ്റവും ഒടുവിലായി പുറത്ത് വന്ന ശബ്ദ രേഖ ഉണ്ട്. തനിക്ക് ഇഷ്ടപ്പെട്ടാത്ത കാറാണ് വിസ്മമയയുടെ വീട്ടുകാർ നൽകിയതെന്ന് കുറ്റപ്പെടുത്തിയുള്ള ഫോൺ സംഭാഷണമാണ് പുറത്ത് വന്നത്. ഹോണ്ട സിറ്റി കാറാണ് തനിക്ക് വേണ്ടിയിരുന്നതെന്ന് കിരൺകുമാർ തന്നെ പറയുന്നുണ്ട്.
വാങ്ങി നൽകിയ കാറിന് പത്തു ലക്ഷം രൂപ മൂല്യമില്ലെന്നു പറഞ്ഞായിരുന്നു കിരണിന്റെ പീഡനം. ഈ വർഷം ജനുവരിയിൽ മദ്യപിച്ച് പാതിരാത്രിയിൽ നിലമേലിലെ വിസ്മയയുടെ വീട്ടിൽ എത്തിയ കിരൺ ഇക്കാര്യം പറഞ്ഞ് വിസ്മയയെയും സഹോദരൻ വിജിത്തിനെയും മർദിക്കുകയും ചെയ്തു.
വിവാഹം കഴിഞ്ഞ ഘട്ടം മുതൽ തുടങ്ങിയ മർദനത്തെ കുറിച്ചുള്ള വിവരം ആദ്യമാദ്യം വിസ്മയ വീട്ടുകാരിൽ നിന്ന് മറച്ചുവച്ചിരുന്നു. പിന്നീട് ഗതികെട്ടാണ് വീട്ടിൽ കാര്യങ്ങൾ അറിയിച്ചത്. കിരണിന്റെ വീട്ടിൽ നിർത്തിയാൽ തന്നെ ഇനി കാണില്ലെന്ന് പൊട്ടി കരഞ്ഞ് പറയുന്ന ശബ്ദരേഖയും കഴിഞ്ഞ ദിവസം പുറത്തുവന്നു.
പീഡനം സഹിക്കവയ്യാതെ സ്വന്തം വീട്ടിലേക്ക് പോയ വിസ്മയയെ കോളജിൽ നിന്നുമാണ് വീണ്ടും കിരൺ കൂട്ടിക്കൊണ്ട് പോയത്. ശേഷമാണ് ആത്മഹത്യ നടന്നത്.
2022 ജനുവരി 10ന് കേസിന്റെ വിചാരണ കൊല്ലം കോടതിയിൽ തുടങ്ങി. 2022 മാർച്ച് 2ന് കിരണിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു.2022 മെയ് 17 കേസിൽ വാദം പൂർത്തിയായി. തുടർന്നാണ് ഇന്ന് കിരൺ കുറ്റക്കാരനെന്ന് കോടതി വിധിച്ചത്.നാളെ വിശദമായ വാദം കേട്ടശേഷം ശിക്ഷ വിധിക്കും.
മറുനാടന് മലയാളി ബ്യൂറോ