- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നീട്ടിവളർത്തിയ താടിയും അലക്ഷ്യമായുള്ള മുടിയും; വിസ്മയയുടെ പിതാവ് ഇന്ന് ഇങ്ങനെയാണ്; വിസ്മയയോടൊപ്പം പോയത് കുടുംബത്തിന്റെയാകെ സന്തോഷം; നൊമ്പരമായി സഹോദരന്റെ കൊച്ചിനെ ചേർത്തുപിടിച്ചുള്ള വിസ്മയയുടെ ചിത്രവും
കൊല്ലം: ത്രിവിക്രമൻ നായരുടെയും കുടുംബത്തിന്റെയും സന്തോഷം മുഴുവൻ വിസ്മയയുടെ പുഞ്ചിരിയിലായിരുന്നു.ആ ചിരി മാഞ്ഞതോടെ ഇല്ലാതായത് ആ കുടുംബത്തിന്റെ തന്നെ സന്തോഷമായിരുന്നു.അതിന്റെ ഏറ്റവും വലിയ തെളിവാണ് ത്രിവിക്രമൻ നായരുടെ ഇപ്പോഴത്തെ രൂപം.താടി നീട്ടി വളർത്തി അലക്ഷ്യമായുള്ള മുടിയുമായി ഒരു സന്ന്യാസിയെയൊക്കെ അനുസ്മരിപ്പിക്കും വിധം ആളാകെ മാറിയിരിക്കുന്നു.ഒറ്റനോട്ടത്തിൽ അദ്ദേഹത്തെ ഇപ്പോൾ പെട്ടെന്ന് തിരിച്ചറിയണം എന്നുപോലുമില്ല.
2021 ജൂൺ 21ന് പുലർച്ചെ കിരണിന്റെ വീട്ടിലെ ടോയ്ലെറ്റിൽ മകൾ ജീവനൊടുക്കിയെന്ന വാർത്തയാണ് ഈ കുടുംബത്തെ തേടിയെത്തിയത്. മകൾ പോയതിന് ശേഷം ജീവിതമാകെ മാറി. ആ സംഭവത്തിന് ശേഷം ത്രിവിക്രമൻ താടി എടുത്തിട്ടില്ല. കഴിഞ്ഞ പതിനൊന്നുമാസക്കാലം മകൾക്ക് നീതി വാങ്ങിക്കൊടുക്കാനുള്ള പോരാട്ടത്തിലായിരുന്നു അദ്ദേഹം. സന്തോഷം നിറഞ്ഞിരുന്ന വീട്ടിൽ ഇപ്പോൾ കണ്ണീരാണ്.
ഈ അടുത്താണ് സഹോദരൻ വിജിത്തിന്റെ ഭാര്യ ഡോക്ടർ രേവതി അടുത്തിടെ ഒരു കുഞ്ഞിന് ജന്മം നൽകിയത്. അപ്പോഴും ഏവരും ഓർത്തത് വിസ്മയയെ ആയിരുന്നു. തന്റെ കുഞ്ഞിനെ ഒരുനോക്കുകാണാൻ അനിയത്തി ഇല്ലല്ലോ എന്ന സങ്കടം വിജിത്ത് പങ്കുവച്ചിരുന്നു. വിസ്മയ കുട്ടിയെ എടുത്തുനിൽക്കുന്നൊരു ചിത്രം അദ്ദേഹം വരപ്പിച്ചിരുന്നു.ഈ ചിത്രം നോക്കി കരയുന്ന ത്രിവിക്രമൻ നായരുടെയും ഭാര്യയുടെയും ചിത്രം ഒരു നൊമ്പരത്തോടെയല്ലാതെ കണ്ടുനിൽക്കാനാവില്ല.അത്രത്തോളം തന്നെ ഹൃദയസ്പർശിയാണ് വിസ്മയ കുഞ്ഞിനെയും എടുത്ത് നിൽക്കുന്ന ചിത്രവും.
കിരണിനെ കുറ്റക്കാരനായി കണ്ടെത്തിയ ആശ്വാസവും ഇവർക്കുണ്ട്. എന്നാൽ മരിച്ചുപോയ പൊന്നുമോളെ തിരിച്ചുകിട്ടില്ലല്ലോ എന്ന സങ്കടം ത്രിവിക്രമൻ പങ്കുവച്ചു. കണ്ണടയുംവരെ ആ നോവ് തങ്ങളുടെ ഉള്ളിലുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.സ്ത്രീധനം ആവശ്യപ്പെട്ട് ആരെങ്കിലും വന്നാൽ പെൺകുട്ടിയെ കൊടുക്കാതിരിക്കുക. വിദ്യാഭ്യാസവും ജോലിയും ലഭിച്ചിട്ട് മാത്രം വിവാഹം കഴിപ്പിക്കുകയെന്നും വിസ്മയയുടെ അച്ഛൻ പറഞ്ഞു. സ്തീധനം ആവശ്യപ്പെടുന്നവർക്ക് മക്കളെ വിവാഹം കഴിച്ച് നൽകരുതെന്നും അദ്ദേഹം പറഞ്ഞു.
കോടതിക്കകത്ത് ഇരുന്ന് നീറിയത് പോലെ ഒരു അച്ഛനും വരുത്തരുതെന്നാണ് പ്രാർത്ഥനയെന്നും വിസ്മയയുടെ അച്ഛൻ പറഞ്ഞു. ഈ വിധി സമൂഹത്തിന് വേണ്ടിയാണെന്ന് അദ്ദേഹം പറഞ്ഞു.
സ്നേഹത്തോടെയും സന്തോഷത്തോടെയും ജീവിച്ചവരായിരുന്നു ത്രിവിക്രമൻ നായരും ഭാര്യയും മക്കളായ വിജിത്തും വിസ്മയയും. വിസ്മയ മെഡിക്കൽ വിദ്യാർത്ഥിനി. വിജിത്ത് മർച്ചന്റ് നേവിയിൽ ജോലി ചെയ്യുന്നു. 2020 മെയ് 30ന് വിസ്മയയെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ കിരൺ കുമാർ വിവാഹം ചെയ്തതോടെ ജീവിതം മാറിമറിഞ്ഞു.ആവശ്യപ്പെട്ടതെല്ലാം നൽകി മകളെ യാത്രയാക്കുമ്പോൾ അദ്ദേഹം സ്വപ്നത്തിൽപോലും കരുതിയിരുന്നില്ല കണ്ണടയുംവരെയുള്ള നോവാണ് വരാൻ പോകുന്നതെന്ന്.അദ്ദേഹത്തിന്റെ വാക്കുകളിൽ മുഴങ്ങുന്നതും ആ നിരാശയാണ്.
മറുനാടന് മലയാളി ബ്യൂറോ