ഡൽഹി: ടാറ്റ ഗ്രൂപ്പ് -സിംഗപ്പുർ എയർലൈൻസ് സംയുക്ത സംരംഭമായ വിമാനക്കമ്പനിക്കു വിസ്താര എന്നു പേരിട്ടു. ലക്ഷ്വറി എയർലൈനായ വിസ്താര ഒക്‌ടോബറിൽ പറന്നുയരും. ഡൽഹി ആസ്ഥാനമായ കമ്പനിയുടെ ആദ്യ ഫ്‌ളൈറ്റ് സെപ്റ്റംബറിൽ ലഭിക്കും. ഈ വർഷം അവസാനത്തോടെ അഞ്ച് വിമാനങ്ങൾ കൂടി എത്തും. സർവീസ് തുടങ്ങി അഞ്ചു വർഷത്തിനകം 200 ഫ്‌ലീറ്റ് എന്ന നിലയിലേക്കെത്തുകയാണു കമ്പനിയുടെ ലക്ഷ്യമെന്ന് ടാറ്റ സിംഗപ്പുർ എയർലൈൻസ് ലിമിറ്റഡ് സിഇഒ പീ തെയ്ക് യോ പറഞ്ഞു. വളരെ കാലമായുള്ള ബന്ധമാണ് സിംഗപ്പൂർ എയർലൈൻസുമായിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 1932 ലാണ് ടാറ്റ ഗ്രൂപ്പ് എയർ ഇന്ത്യയ്ക്ക് തുടക്കമിടുന്നത്.


എയർ ഇന്ത്യ എയർഹോസ്റ്റസുമാരിൽ നിന്ന് വ്യത്യസ്തമായി കുർത്തിയും പാന്റ്‌സുമാണ് വിസ്താരയിലെ എയർഹോസ്റ്റസുമാരുടെ യൂണിഫോം. പ്രശസ്ത ഫാഷൻ ഡിസൈനർമാരായ അബ്രഹാം ആൻഡ് താക്കൂർ ആണ് വസ്ത്രം ഡിസൈൻ ചെയ്തിരിക്കുന്നത്.

തുടങ്ങി നാലു വർഷത്തിനുള്ളിൽ ഡൽഹിയിൽ നിന്നും മുംബൈ, ഗോവ, ബാംഗ്‌ളൂർ, ശ്രീനഗർ, ജമ്മു, ജയ്പൂർ, കൊൽക്കത്ത, ചെന്നൈ, കൊൽക്കത്ത, കൊച്ചി എന്നിവിടങ്ങളിലേക്കും സർവ്വീസ് നടത്താനാണ് വിസ്താര ആലോചിക്കുന്നത്. ആദ്യ വർഷം ഡൽഹിയിൽ നിന്ന് പ്രധാനപ്പെട്ട ഇന്ത്യൻ നഗരങ്ങളിലേക്ക് 87 വീക്കിലി ഫ്‌ളൈറ്റുകളുണ്ടാകും. ഓരോ വർഷം കഴിയുമ്പോഴും ഇതിന്റെ എണ്ണത്തിൽ വർധനയുണ്ടാകുമെന്നും സിഇഒ പറയുന്നു.

കഴിഞ്ഞ ഒക്ടോബറിലാണു ടാറ്റ - സിംഗപ്പുർ എയർലൈൻസ് സംയുക്ത സംരംഭത്തിനു കേന്ദ്ര സർക്കാർ അനുമതി നൽകിയത്. വ്യോമയാന മേഖലയിൽ വിദേശ നിക്ഷേപം 49 ശതമാനമാക്കി ഉയർത്തിയതോടെയാണു വിദേശ വ്യോമയാന കമ്പനികൾക്ക് ഇന്ത്യയിൽ നിക്ഷേപം സാധ്യമായത്.