ഫ്‌ളോറിഡ: അമേരിക്കയിലെ ഫ്‌ളോറിഡയിലുള്ള ഫോർട്ട് ലോഡർഡെയ്ൽ എയർപോർട്ടിൽ രണ്ടുദിവസംമുമ്പുണ്ടായ വെടിവയ്പിൽ അക്രമി വെടിയുതിർക്കുന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചു. എയർപോർട്ട് ടെർമിനലിലെ ബഗേജ് ക്‌ളെയിം ഏരിയയിലൂടെ നടന്നുവന്ന യുവാവ് പൊടുന്നനെ ബെൽട്ടിനടിയിൽ നിന്ന്‌ തോക്കെടുത്ത് വെടിയുതിർക്കുകയായിരുന്നു.

സംഭവത്തിൽ അഞ്ചുപേർ കൊല്ലപ്പെടുകയും ആറുപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. അക്രമം നടത്തിയ എസ്‌തെബാൻ സാന്റിയാഗോ എന്ന അമേരിക്കൻ വംശജനായ 26 കാരനെ അപ്പോൾത്തന്നെ അധികൃതർ പിടികൂടിയിരുന്നു. ദൃശ്യങ്ങൾ സഹിതം വ്യക്തമായ തെളിവ് ലഭിച്ചതോടെ അക്രമിയായ യുവാവിന് വധശിക്ഷ തന്നെ ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.

സ്റ്റാർ വാർ ടീഷർട്ടുമണിഞ്ഞ് എത്തിയ യുവാവ് ബാഗ് എടുത്തശേഷം ബാത്ത് റൂമിലേക്ക് നീങ്ങുകയും അവിടെവച്ച് കൈത്തോക്ക് നിറയ്ക്കുകയും ചെയ്തുവെന്ന് പൊലീസ് വ്യക്തമാക്കുന്നു. യുവാവ് വെടിയുതിർത്തതോടെ ഭയന്നുപോയ യാത്രക്കാർ എല്ലാവരും നിലത്തേക്ക് കിടക്കുന്നത് കാണാം. തുരുതുരാ നിറയൊഴിച്ച ശേഷം അക്രമിയും നിലത്ത് കിടന്ന് അറസ്റ്റിന് വഴങ്ങുകയാണ് ചെയ്തത്.

തന്റെ തൊട്ടുമുന്നിലുണ്ടായിരുന്ന ആളെ ഉന്നംവച്ചാണ് ആദ്യം വെടിയുതിർക്കുന്നത്. ഇതോടെ ആളുകൾ ചിതറിയോടി. ഇതിനുപിന്നാലെ സാന്റിയാഗോ ക്യാമറാ ഫ്രെയിമിൽ നിന്ന് അപ്രത്യക്ഷനായി. പിന്നെ മറ്റുയാത്രികർ രക്ഷയ്ക്കായി നിലത്തുകിടക്കുന്നതും മറവിലേക്ക് മാറുന്നതുമായുള്ള ദൃശ്യങ്ങളാണ് കാണുന്നത്.

ഇറാഖിൽ സൈനികനായി സേവനമനുഷ്ടിച്ചിരുന്നയാളാണ് എസ്‌തെബാൻ. കഴിഞ്ഞ നവംബറിൽ ഇയാൾ എഫ്ബിഐ ഫീൽഡ് ഓഫീസിലെത്തുകയും ഗവൺമെന്റ് തന്റെ മനസ്സിനെ നിയന്ത്രിക്കാൻ ശ്രമിക്കുന്നതായും ഐസിസിന്റെ വീഡിയോ കാണാൻ നിർബന്ധിക്കുന്നതായും പറഞ്ഞിരുന്നു.