കല്ലൂർക്കാട് (മൂവാറ്റുപുഴ): ആയവന ഏനാനല്ലൂരിൽ ഭാര്യയെയും രണ്ടുമക്കളെയും വെട്ടി പരിക്കേൽപ്പിച്ച ശേഷം ഓടി രക്ഷപെട്ട ആനക്കാരൻ കോട്ടക്കുപുറത്ത് വിശ്വനാഥൻ പൊലീസ് പിടിയിലായി.

ഇന്നലെ രാത്രി പതിനൊന്നോടെ പട്ടിമറ്റത്ത് ഇയാളുടെ കാമുകിയുടെ വീട്ടിൽനിന്നാണ് കല്ലൂർക്കാട് പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തും. വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ ഇയാളുടെ ഭാര്യ ഷീല (46)ഇളയ മകൻ വിബിൻ (ഉണ്ണി-23) എന്നിവർ ഇന്നലെ മരണമടഞ്ഞിരുന്നു. മൂത്ത മകൻ വിഷ്ണു(24) അതീവ ഗുരുതരാവസ്ഥയിൽ കോലഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്‌സയിലാണ്. കുടൽ മുറിഞ്ഞ് ആന്തരികാവയവങ്ങൾ പുറത്തുവന്ന നിലയിൽ ആശുപത്രിയിൽ എത്തിച്ച ഇയാളെ ഇന്നലെ രാത്രിയിൽ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. മുവാറ്റുപുഴ സിപിഐ(എം) ഏരിയ സെക്രട്ടറി എം ആർ പ്രഭാകരന്റെ അനുജനാണ് കോല നടത്തിയ വിശ്വനാഥൻ.

ഇന്നലെ രാത്രി ഏഴുമണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. രാവിലെ മുതൽ മദ്യലഹരിയിലായിരുന്ന വിശ്വനാഥൻ വൈകിട്ട് വീട്ടിലെത്തി ഭാര്യ ഷീലയുമായി വഴക്കിട്ടു. തുടർന്ന് വീട്ടുസാമാനങ്ങളിലേറെയും പുറത്തേക്ക് വലിച്ചെറിഞ്ഞും നിലത്തു തല്ലിയും നശിപ്പിച്ചു. ഇതിന് തടസ്സം നിൽക്കാനെത്തിയപ്പോൾ ഇയാൾ അരയിൽ കരുതിയിരുന്ന കത്തിയെടുത്ത് ഷീലയെ കുത്തിയിരിക്കാമെന്നും അമ്മയെ ആക്രണത്തിൽ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മക്കളെയും ഇയാൾ ആക്രമിച്ചിരിക്കാമെന്നുമാണ് പൊലീസ് അനുമാനം. പ്രാഥമിക ചോദ്യം ചെയ്യലിൽ പൊലീസിൽ വിശ്വനാഥൻ ഇത്തരത്തിൽ മൊഴി നൽകിയതായും അറിയുന്നു.

ആക്രമണത്തിന് ശേഷം വിശ്വനാഥൻ നേരെ പട്ടിമറ്റത്ത് പാർപ്പിച്ചിരുന്ന ഇഷ്ടക്കാരിയുടെ വീട്ടിലേക്ക് കടക്കുകയായിരുന്നു. മൊബൈൽ ടവർ പരിശോധനയിൽ പട്ടിമറ്റം ഭാഗത്ത് ഇയാളുണ്ടെന്ന് എട്ടുമണിയോടെ തന്നെ പൊലീസ് ഏറെക്കുറെ സ്ഥിരീകരിച്ചിരുന്നു. പട്ടിമറ്റത്തിനടുത്ത് ആനയുള്ള വീടിനടുത്തായി ആനക്കാരനും കുടുംബവും താമസിക്കുന്നുണ്ടെന്ന് ലഭിച്ച സൂചനയുടെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് വിശ്വനാഥൻ പൊലീസ് പിടിയിലായത്. കോതമംഗലം ഊന്നുകൽ സ്വദേശിയായ യുവതിയെ വിശ്വനാഥൻ ഒപ്പംകൂട്ടുകയായിരുന്നെന്നും ഏതാനും വർഷങ്ങളായി ഇവരെ ഇവിടെ വീടെടുത്ത് താമസിപ്പിച്ചിരിക്കുകയായിരുന്നെന്നുമാണ് നാട്ടുകാർ നൽകുന്ന വിവരം.

പട്ടിമറ്റത്തെ വീട്ടിലെത്തിയപ്പോൾ തന്നെ കാമുകിയോട് ഏനാനല്ലൂരിലെ വീട്ടിൽ പ്രശ്‌നങ്ങളുണ്ടാക്കിയതായി വിശ്വനാഥൻ വെളിപ്പെടുത്തിയിരുന്നു. സാധാരണ പോലെ തല്ലും ബഹളവുമാണെന്നാണ് ഇവർ ധരിച്ചത്. പൊലീസ് രാത്രി വീട്ടിലെത്തിയപ്പോഴാണ് സ്ത്രീക്ക് കാര്യം വ്യക്തമായത്. ഈ ബന്ധത്തിൽ ഇയാൾക്ക് ഒരു കുട്ടിയുള്ളതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കോലഞ്ചേരി മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹങ്ങളുടെ ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഉച്ചയോടെ പോസ്റ്റുമോർട്ടം പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകുമെന്നാണ് അറിയുന്നത്.

ഭർത്താവിന്റെ അമിത മദ്യപാനം ചോദ്യം ചെയ്തതിന്റെ പ്രതികാരമായിരുന്നു കൊലയെന്നായിരുന്നു ആദ്യ സൂചന. എന്നാൽ അവിഹിതത്തെ കുറിച്ചുള്ള തർക്കവും വഴക്കിന് കാരണമായി. മദ്യലഹരിയിലായിരുന്ന വിശ്വനാഥൻ ഭാര്യയെയും മക്കളെയും ആനയെ മെരുക്കാനുപയോഗിക്കുന്ന കത്തികൊണ്ടു കുത്തുകയും വെട്ടുകയുമായിരുന്നു. ബഹളം കേട്ട് നാട്ടുകാരെത്തിയപ്പോൾ വിശ്വനാഥൻ ഓടിപ്പോയി. വെട്ടേറ്റ് ആന്തരികാവയവങ്ങൾ പുറത്തു വന്ന നിലയിൽ വീടിനുള്ളിലായിരുന്നു ഷീലയും വിഷ്ണുവും. മിക്കവാറും ദിവസങ്ങളിൽ മദ്യപിച്ചു എത്തുന്ന വിശ്വനാഥൻ വീട്ടിൽ പ്രശനങ്ങൾ ഉണ്ടാകുന്നത് പതിവാണ്. അതിനാൽ ബഹളം സ്ഥിരമായതിനാൽ അയൽപക്കക്കാർ അധികം ശ്രദ്ധിക്കാറില്ല.

സംഭവത്തെ കുറിച്ച് അയൽവാസികൾ പറയുന്നത് ഇങ്ങനെയാണ്പതിവ് പോലെ മദ്യപിച്ചു എത്തിയ വിശ്വനാഥൻ പതിവ് പോലെ പ്രശ്‌നങ്ങൾ ഉണ്ടാക്കി. അകത്തുനിന്ന് ഒച്ചയും ബഹളവും കേട്ടിരുന്നു. 7 മണിയോടെ വീട്ടിൽ നിന്നും പുറത്തിറങ്ങിയ വിശ്വനാഥനോട് അടുത്ത് താമസിക്കുന്ന സ്ത്രീ എങ്ങോടാണ് എന്ന് ചോദിച്ചപ്പോൾ മക്കൾ തന്നെ തല്ലുമെന്നു പറഞ്ഞു ഓടി. തുടർന്ന് വീട്ടിൽ നോക്കിയപ്പോൾ രക്തത്തിൽ ഭാര്യയും മക്കളും കുളിച്ചു കിടക്കുന്നതാണ് കണ്ടതെന്നും പറയുന്നു. സംഭവം നടന്ന വീടിന്റെ മുൻവശത്ത് രക്തം തളം കെട്ടി നിൽക്കുന്നുണ്ടായിരുന്നു. ആന പാപ്പാൻ ആയി ജോലി ചെയ്തിരുന്ന വിശ്വനാഥൻ ആന കത്തി കൈയിലുള്ള ആളാണ്.

ഇയാൾ ഭാര്യയെയും മക്കളെയും കുത്താൻ ഉപയോഗിച്ചത് ആന കത്തിയാണ് എന്ന് സംശയമുണ്ടെന്നും വലിയ ആഴത്തിലുള്ള മുറിവാണ് മുന്ന് പേരുടെയും ശരീരത്തിൽ ഉണ്ടായിരുന്നതെന്നും അയൽവാസികളിൽ ചിലർ മറുനാടൻ മലയാളിയോട് പറഞ്ഞു.