തിരുവനന്തപുരം: വിതുരയിൽ നാട്ടുകാരും റിസോർട്ടുകാരും തമ്മിൽ സംഘർഷം. കുറച്ചു കാലമായി ഇവിടെ റിസോർട്ട് ഉടമയും നാട്ടുകാരും തമ്മിൽ വാക്കു തർക്കം നിലനിൽക്കുന്നുണ്ട്. ഇതിനിടെയാണ് ഇത് സംഘർഷത്തിലേക്ക് എത്തിയത്. റിസോർട്ടിൽ വന്നവർ ആറ്റിൽ സ്ത്രീകളുടെ കുളിക്കടവിൽ നഗ്‌നരായി കുളിച്ചത് നാട്ടുകാർ ചോദ്യംചെയ്തതാണ് സംഘർഷത്തിൽ കലാശിച്ചത്. അടിപിടിയിൽ ഇരുവിഭാഗങ്ങളിലുള്ളവർക്കും പരിക്കേറ്റു.

വിതുര ചെറ്റച്ചൽ ആറ്റിന്റെ കരയിൽ പേട്ട സ്വദേശിയായ സുജിത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ഒരുവർഷമായി റിസോർട്ടിന്റെ നിർമ്മാണപ്രവർത്തനങ്ങൾ നടന്നുവരികയാണ്. ഇതേ ചൊല്ലി തർക്കങ്ങളും നിലനിന്നിരുന്നു. കഴിഞ്ഞദിവസം വൈകിട്ട് അഞ്ചു മണിയോടെ ഇവിടെയെത്തിയ തിരുവനന്തപുരം സ്വദേശികളായ രണ്ടുപേർ മദ്യപിച്ച് നഗ്‌നരായി ആറ്റിൽ കുളിക്കാനിറങ്ങി.

സ്ത്രീകളുടെ കുളിക്കടവിൽ നഗ്‌നരായി കുളിക്കുന്നത് നാട്ടുകാരനായ സന്തോഷ് ചോദ്യംചെയ്തു. ഇതോടെ റിസോർട്ടിൽ വന്നവരും സന്തോഷും തമ്മിൽ കൈയാങ്കളിയായി. വിവരമറിഞ്ഞ് കൂടുതൽ നാട്ടുകാർ സ്ഥലത്തെത്തിയതോടെ കൈയാങ്കളി സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. തുടർന്ന് വിതുര പൊലീസ് സ്ഥലത്തെത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രിച്ചത്.

നാട്ടുകാരായ സന്തോഷ്, മഹിൽ എന്നിവർക്കാണ് സംഘർഷത്തിൽ പരിക്കേറ്റത്. സന്തോഷിന്റെ മൂക്കിലും കൈകളിലുമാണ് പരിക്ക്. മഹിലിന്റെ തലയ്ക്കാണ് പരിക്കേറ്റിരിക്കുന്നത്. റിസോർട്ട് ഉടമയായ സുജിത്ത്, ഇവരോടൊപ്പമുണ്ടായിരുന്ന അനിൽകുമാർ, മനോജ് എന്നിവർക്കും പരിക്കേറ്റിട്ടുണ്ട്. വിതുര പൊലീസ് ആശുപത്രിയിലെത്തി ഇവരുടെ മൊഴി രേഖപ്പെടുത്തി.

റിസോർട്ട് ഉടമയും കൂട്ടരും സ്ത്രീകളെ അടക്കം മർദിച്ചതായും നാട്ടുകാർ ആരോപിക്കുന്നുണ്ട്. നേരത്തെ ആറ്റിലെ ദൃശ്യങ്ങൾ പകർത്തുന്നരീതിയിൽ ക്യാമറകൾ സ്ഥാപിച്ചെന്ന് ആരോപിച്ച് നാട്ടുകാർ റിസോർട്ട് ഉടമയെ ചോദ്യംചെയ്തിരുന്നു. ഇതിനെച്ചൊല്ലി സുജിത്തും നാട്ടുകാരും തമ്മിൽ വാക്കേറ്റവുമുണ്ടായിരുന്നു.