- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൂടംകുളം പദ്ധതി അട്ടിമറിക്കാൻ ശ്രമിച്ചവർ തന്നെയാണോ വിഴിഞ്ഞം സമരത്തിന് പിന്നിൽ എന്ന് പരിശോധിക്കണമെന്ന സുരേന്ദ്രന്റെ വാദത്തിൽ പ്രതിഷേധം; രാഷ്ട്രീയക്കാരെ പ്രതിഷേധത്തിൽ പങ്കെടുപ്പിക്കില്ല; തുറമുഖ സമരത്തിൽ കർശന നിലപാടുകൾ എടുക്കാൻ ലത്തീൻ അതിരൂപത; വിഴിഞ്ഞത്തിൽ പ്രകോപനം ഉണ്ടാക്കാതെ കേന്ദ്രമന്ത്രിയും; വിമർശനം തള്ളി സമരസമിതി
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ സമരത്തിൽ ഇനി രാഷ്ട്രീയക്കാരെ ആരേയും കയറ്റില്ല. ബിജെപിക്കാർക്കെതിരെ അതിശക്തമായ പ്രതിഷേധവും തുടരും. ദുരിതമനുഭവിക്കുന്ന മത്സ്യത്തൊഴിലാളികളുടെ അതിജീവനത്തിനു വേണ്ടി സമരം ചെയ്യുന്ന വൈദികരെയടക്കം ക്രൈസ്തവ സമൂഹത്തെ മുഴുവൻ വികസന വിരോധികളായി ചിത്രീകരിച്ച കെ.സുരേന്ദ്രൻ മാപ്പ് പറയണമെന്ന് സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ ആവശ്യപ്പെട്ടു. അദാനിക്ക് വേണ്ടിയാണ് ബിജെപി സംസാരിക്കുന്നതെന്നാണ് പൊതുവിൽ ലത്തീൻ സഭയിലെ വികാരം.
കൂടംകുളം സമരം അട്ടിമറിക്കാൻ ശ്രമിച്ചവരാണ് വിഴിഞ്ഞം തുറമുഖ പദ്ധതിയും ഇല്ലാതാക്കാൻ ശ്രമിക്കുന്നവരെന്ന ബിജെപി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ പ്രസ്താവന തരംതാഴ്ന്നതാണെന്ന് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് പി.സ്റ്റെല്ലസ് ആരോപിച്ചു. ഈ സാഹചര്യത്തിൽ ബിജെപിയുമായി ഒരു തരത്തിലള്ള സഹകരണവും ഉണ്ടാകില്ല. കഴിഞ്ഞ ദിവസം സമരത്തെ അഭിസംബോധന ചെയ്യാൻ പ്രതിപക്ഷ നേതാവ് വിഡി സതീശൻ എത്തിയിരുന്നു. അന്ന് ചില പ്രശ്‌നങ്ങളുണ്ടായി. അതുകൊണ്ട് രാഷ്ട്രീയക്കാരെ പരിപാടിയിലേക്ക് അടുപ്പിക്കേണ്ടതില്ലെന്നാണ് നിലപാട്. പ്രതിഷേധത്തിനിടെ സംഘർഷവും ചേരിതിരിവും കുറയ്ക്കാനാണ് ഇത്.
എന്നാൽ വിഴിഞ്ഞത്തെ മത്സ്യ തൊഴിലാളികളുടെ സമരത്തെ അപമാനിച്ച സുരേന്ദ്രന്റെ നടപടിയെ തള്ളി കേന്ദ്രമന്ത്രി വി മുരളീധരൻ രംഗത്തു വന്നു. കൂടംകുളം സമരത്തിന് പിന്നിലുള്ളവരാണ് വിഴിഞ്ഞം സമരത്തിന് പിന്നിലെന്നും സംശയം ഉന്നയിച്ച സുരേന്ദ്രന്റെ അഭിപ്രായമാണോ തങ്ങളുടെത്തുമെന്ന ചോദ്യത്തിന് സർക്കാർ പ്രശ്‌നം രമ്യമായി പരിഹരിക്കണമെന്നതാണ് തന്റെ നിലപാടെന്നാണ് മുരളീധരന്റെ മറുപടി. മുഖ്യമന്ത്രി ചർച്ച ചെയ്യട്ടെ എന്നതാണ് തന്റെ നിലപാട് മുരളീധൻ വിശദീകരിച്ചു. ഒപ്പം കെ സുരേന്ദ്രന്റെ വാദത്തെ തള്ളുകയും ചെയ്തു.
വിഴിഞ്ഞം സമരത്തിനെതിരെ ബിജെപി രംഗത്ത് എത്തിയത് കഴിഞ്ഞ ദിവസമാണ്. കൂടംകുളം പദ്ധതി അട്ടിമറിക്കാൻ ശ്രമിച്ചവർ തന്നെയാണോ വിഴിഞ്ഞം സമരത്തിന് പിന്നിൽ എന്ന് പരിശോധിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. വികസനത്തെ അട്ടിമറിക്കുന്ന നീക്കത്തിൽ നിന്ന് സമരക്കാർ പിന്മാറണം. സമരത്തിന് പിന്നിൽ ആരെല്ലാം എന്ന് കാത്തിരുന്നു കാണാമെന്നും സുരേന്ദ്രൻ പറഞ്ഞു. വിഴിഞ്ഞത്ത് തുറമുഖ പദ്ധതിക്കെതിരെ മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം തുടരുകയാണ്. ഇതിൽ അദാനിക്കെതിരെയാണ് പ്രധാനമായും മുദ്രാവാക്യങ്ങൾ. ഇനി അത് ബിജെപിക്ക് എതിരെ കൂടി തിരിയുമെന്നാണ് സൂചന.
സമരക്കാർക്ക് പിന്തുണയുമായി. പ്രതിപക്ഷനേതാവ് വിഴിഞ്ഞത്തെത്തിയിരുന്നു മത്സ്യത്തൊഴിലാളികളുടെ സമരം വിഴിഞ്ഞം തുറമുഖ നിർമ്മാണത്തെ ബാധിച്ചിട്ടുണ്ട്. നിർമ്മാണ പ്രവർത്തനങ്ങൾ സ്തംഭിച്ചതോടെ അദാനി ഗ്രൂപ്പ് പ്രശ്‌നം പരിഹരിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടു. സമരക്കാർ ഉന്നയിച്ച ആവശ്യങ്ങങ്ങൾ ഏറ്റെടുക്കുമെന്ന് പ്രതിഷേധത്തിന് പിന്തുണയുമായെത്തിയ പ്രതിപക്ഷനേതാവ് വിഡി സതീശൻ അറിയിച്ചു. ഇതിനിടെയാണ് ചിലർ പ്രതിഷേധവുമായി എത്തിയത്. സമരത്തിൽ രാഷ്ട്രീയ നേതാക്കൾ വേണ്ടെന്നായിരുന്നു ആവശ്യം. ഇതും സമരസമിതി അംഗീകരിക്കും.
സമരം സർക്കാരിന് വലിയ വെല്ലുവിളിയാകുന്ന സാഹചര്യത്തിൽ ഒത്ത് തീർപ്പ് നീക്കങ്ങളും ശക്തമാണ്. പുനരധിവാസ പ്രശ്‌നം പരിഹരിക്കാൻ ക്യാമ്പുകളിൽ താമസിക്കുന്നവരുടെ കണക്കെടുക്കാൻ ജില്ലാ കലക്ടർ നിർദ്ദേശിച്ചിട്ടുണ്ട്. ശശി തരൂരും പ്രശ്‌നപരിഹാരത്തിന് ഇടപെടുന്നുണ്ട്. കഴിഞ്ഞ ദിവസത്തെ ചർച്ച ഏതാണ്ട് ഫലം കണ്ടുവെന്നാണ് വിലയിരുത്തൽ. വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട പ്രശ്‌നം കേരളത്തിൽ തീരേണ്ടതാണെന്നും ഡൽഹിയിൽ പ്രത്യേക ചർച്ചയുടെ ആവശ്യമില്ലെന്നും ഫിഷറീസ് മന്ത്രി വി.അബ്ദുറഹ്‌മാൻ പറഞ്ഞിരുന്നു.
സർക്കാരിന്റെ നിലപാട് സമരക്കാർ മനസിലാക്കേണ്ടതാണ്. വിഷയത്തിൽ കാര്യം മനസിലാക്കാതെ പ്രതിപക്ഷം ചാടിക്കേറി പിന്തുണ നൽകിയെന്നും മന്ത്രി പറഞ്ഞു. ചമത്സ്യത്തൊഴിലാളികൾക്കുള്ള മണ്ണെണ്ണ വിഹിതം കൂട്ടാൻ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിഴിഞ്ഞം പദ്ധതി നമ്മുക്ക് ഉപേക്ഷിക്കാനാവുന്ന ഒന്നല്ല. സമരക്കാർ യാഥാർത്ഥ്യം മനസിലാക്കി സഹകരിക്കണമെന്നും മന്ത്രി പറഞ്ഞു. ഇതു തന്നെയാണ് സർക്കാർ നിലപാടും.
മറുനാടന് മലയാളി ബ്യൂറോ