തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖപദ്ധതിയിൽ വിവിധ തസ്തികകളിൽ ജോലി അന്വേഷിച്ച് ഉദ്യോഗാർത്ഥികൾ എത്തുന്നതായി തുറമുഖം അധികൃതർ. വ്യാജപ്രചരണത്തെ തുടർന്ന് തെറ്റിദ്ധരിക്കപ്പെട്ട യുവാക്കളാണ് ജോലിക്കും അഭിമുഖത്തിനുമെന്ന പേരിൽ ദിവസവും ബന്ധപ്പെടുന്നതെന്ന് അധികൃതർ പറയുന്നു. 'നാളെ അഭിമുഖം നടക്കുന്നുണ്ടോ' എന്നു ചോദിച്ച് ഫോൺ വിളികൾക്ക് മറുപടി പറഞ്ഞ് മടുത്തുവെന്ന് അധികൃതർ പറയുന്നു.

അതേസമയം വിഴിഞ്ഞം തുറമുഖ പദ്ധതിയിലേക്കല്ല, അദാനി ഗ്രൂപ്പിൽ ജോലി വാഗ്ദാനം നൽകി കബളിപ്പിക്കുന്ന സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന് സൂചന ലഭിച്ചതായി പോർട്ട് ട്രസ്റ്റ് അധികൃതർ പറയുന്നു. ഡ്രൈവർമാരായും ക്ലാർക്കുമാരായും ജോലി നൽകാമെന്നു വാഗ്ദാനം ചെയ്ത് പണപ്പിരിവ് നടക്കുന്നതായും സൂചനയുണ്ട്. അദാനിഗ്രൂപ്പിന്റെ പേരിൽ തട്ടിപ്പ് നടക്കുന്നതായി ജനപ്രതിനികളാണ് കമ്പനി അധികൃതരെ അറിയിച്ചത്. നിയമന പ്രക്രിയ തുടങ്ങുമ്പോൾ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് അദാനി ഗ്രൂപ്പ് അധികൃതർ വ്യക്തമാക്കി.

നിലവിൽ ഉദ്യോഗാർത്ഥികളെ നിയമിക്കുന്നതിന് സ്ഥാപനങ്ങളേയോ വ്യക്തികളേയോ ചുമതലപ്പെടുത്തിയിട്ടില്ല. തുറമുഖപദ്ധതിയിൽ ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുന്ന നടപടി ആരംഭിച്ചിട്ടുമില്ല. ഇതുമായി ബന്ധപ്പെട്ട വ്യാജ പ്രചരണങ്ങളിൽ വീഴാതെ സൂക്ഷിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നുണ്ട്. തുറമുഖ പദ്ധതിയിലെ ജോലികൾക്ക് പ്രദേശത്തുള്ളവരെ പരിഗണിക്കുമെന്ന് അദാനി ഗ്രൂപ്പ് ഉടമ ഗൗതം അദാനി സംസ്ഥാന സർക്കാരിന് ഉറപ്പ് നൽകിയിട്ടുണ്ട്. ഇതിനായി തൊഴിൽ നൈപുണ്യകേന്ദ്രങ്ങൾ ആരംഭിച്ച് അവിടെ വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവരെ മാത്രമെ ജോലിക്കു പരിഗണിക്കുകയുള്ളു. ഇതിനായി എട്ടുമാസമെങ്കിലും കാത്തിരിക്കണം. ഇതിനിടയിലാണ് തട്ടിപ്പുസംഘങ്ങൾ തലപൊക്കിയത്.

അതേസമയം വിഴിഞ്ഞം തുറമുഖ പദ്ധതിയിൽ തദ്ദേശവാസികളായ ചെറുപ്പക്കാർക്ക് ജോലി ലഭിക്കുമെന്ന് പ്രചരിപ്പിച്ച് യൂണിയൻ രൂപീകരിക്കാൻ ബിജെപി ശ്രമം തുടങ്ങി. ഇതിനായി ബിഎംഎസിന്റെ നേതൃത്വത്തിൽ 'വിഴിഞ്ഞം പോർട്ട് എംപ്ലോയീസ് സംഘം' എന്ന സംഘടന രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചുകഴിഞ്ഞു. സംഘടനയിൽ ചേരാനുള്ള അപേക്ഷാഫോറം കടലോര പ്രദേശങ്ങളിലെ യുവാക്കൾക്ക് വ്യാപകമായി വിതരണം ചെയ്യുന്നുമുണ്ട്.

വിഴിഞ്ഞം പദ്ധതിയിൽ തൊഴിൽ വാഗ്ദാനം ചെയ്ത് യുവാക്കളെ കബളിപ്പിക്കുന്നത് ബിജെപിയാണെന്നാരോപിച്ച് സിപിഐ-എം, കോൺഗ്രസ് പ്രാദേശിക നേതൃത്വങ്ങൾ രംഗത്തു വന്നിട്ടുണ്ട്.