തിരുവനന്തപുരം: കോൺഗ്രസ് ഹൈക്കമാൻഡ് ഉയർത്തിയ എതിർപ്പും സിപിഎമ്മിന്റെയും ലത്തീൻ കത്തോലിക്കാ സഭയുടെ എതിർപ്പുകളെയും തള്ളി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുമായി മുന്നോട്ടു പോകാൻ തന്നെയാണ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഈ ഇടപാടിന് പകരമായി ആറന്മുള അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ അനുമതിയാണ് മുഖ്യമന്ത്രിയും കൂട്ടരും ചോദിച്ചതെന്ന കാര്യം നേരത്തെ മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്തിരുന്നു. മറുനാടൻ വാർത്തയെ ശരിവെക്കുന്ന വിധത്തിലാണ് ഇപ്പോഴത്തെ കാര്യങ്ങളുടെ പോക്കും. എന്തൊക്കെ വിവാദം ഉണ്ടായാലും കേരളപ്പിറവി ദിനത്തിൽ വിഴിഞ്ഞം തുറമുഖ പദ്ധതി അദാനിക്ക് നൽകി കൊണ്ടുള്ള കരാർ ഒപ്പിടുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. കരാറിൽ ഒപ്പിടുന്ന ദിവസത്തിൽ പ്രതിഷേധം സംഘടിപ്പിക്കാൻ സിപിഐ(എം) ഒരുങ്ങുന്നതിനിടെയാണ് മുഖ്യമന്ത്രി ഇന്ന് വീണ്ടും നിലപാട് ആവർത്തിച്ച് രംഗത്തെത്തിയത്.

ഏതുതരം വിവാദമുണ്ടായാലും വിഴിഞ്ഞം പദ്ധതി നടപ്പാക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ആവർത്തിച്ച് വ്യക്തമാക്കി. ഇക്കാര്യത്തിൽ ഇനി പിന്നോട്ടില്ല. കേരളത്തിൽ അല്ലായിരുന്നെങ്കിൽ 25 വർഷം മുമ്പ് തുറമുഖം യാഥാർഥ്യമായേനെ. വിവാദങ്ങൾ മൂലം കേരളത്തിൽ ഉദ്യോഗസ്ഥർക്ക് സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിയാത്ത സ്ഥിതിയാണെന്നും മുഖ്യമന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു. അതിനിടെ വിഴിഞ്ഞം പദ്ധതിക്കെതിരെ വിമർശം ഉയർത്തിയ ലത്തീൻ സഭാ നേതൃത്വവുമായി സമവായ ചർച്ചകൾ നടത്താൻ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. സിപിഎമ്മുമായി ചർച്ച വേണ്ടെന്ന നിലപാട് സ്വീകരിച്ചിരിക്കുന്ന ഉമ്മൻ ചാണ്ടിക്ക് തങ്ങളുടെ പ്രധാന വോട്ടു ബാങ്ക് കൂടിയായ ലത്തീൻ സഭയെ പിണക്കുന്നത് ഇഷ്ടമല്ല. അതുകൊണ്ടാണ് സഭ എതിർപ്പുയർത്തിയപ്പോൾ തന്നെ ചർച്ച നടത്താനും തീരുമാനിച്ചത്.

പദ്ധതിയുമായി ബന്ധപ്പെട്ട് ആശങ്കകൾ പരിഹരിക്കുന്നതിന് ലത്തീൻ സഭാ നേതൃത്വവുമായി ചീഫ് സെക്രട്ടറി ജിജി തോംസണാണ് സർച്ച നടത്തിയത്. ലത്തീൻ അതിരൂപത ആർച്ച് ബിഷപ് ഡോ. എം. സൂസൈപാക്യവുമായി നടത്തിയ ചർച്ചയിൽ അദാനി ഗ്രൂപ്പിന്റെ വിഴിഞ്ഞം പദ്ധതിയുടെ ചുമതലയുള്ള സന്തോഷ് മഹാപാത്രയും പങ്കെടുത്തു. മത്സ്യത്തൊഴിലാളികൾക്ക് തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കുമെന്ന് ചീഫ് സെക്രട്ടറി സഭാ നേതാക്കളെ അറിയിച്ചു. വിഴിഞ്ഞം പദ്ധതിക്കെതിരെ സമരവുമായി മുന്നോട്ട് പോകുമെന്ന് ലത്തീൻ അതിരൂപത നേതൃത്വം പിന്നീട് മാദ്ധ്യമങ്ങളോട് പറഞ്ഞു. പദ്ധതി നടപ്പാക്കിയാൽ മത്സ്യത്തൊഴിലാളികൾക്ക് ജീവിക്കാൻ സാധിക്കാത്ത അവസ്ഥയുണ്ടാകും. വിഷയത്തിൽ സർക്കാർ ഗൗരവമായ പഠനങ്ങളൊന്നും നടത്തിയിട്ടില്ലെന്നും അവർ വ്യക്തമാക്കി.

വൻകിട കപ്പലുകൾ വരുമ്പോൾ വിഴിഞ്ഞം മത്സ്യബന്ധന നിരോധിത മേഖലയാകും, കടലിന് ആഴംകൂട്ടുന്നതോടെ മത്സ്യ സമ്പത്ത് ഗണ്യമായി കുറയും തുടങ്ങിയ ആശങ്കകളാണ് ലത്തീൻ സഭ മുന്നോട്ടുവെക്കുന്നത്. മത്സ്യത്തൊഴിലാളികൾക്കായുള്ള പുനരധിവാസ പദ്ധതി നടപ്പാക്കാതെ മുന്നോട്ടു പോയാൽ പദ്ധതി തടയുമെന്നും വ്യാഴാഴ്ച സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ ധർണയിൽ ലത്തീൻ സഭ മുന്നറിയിപ്പ് നൽകിയിരുന്നു.

ഇങ്ങനെ പദ്ധതിക്കെതിരായ എതിർപ്പുകളെ ഓരോന്നായി നീക്കുകയാണ് മുഖ്യമന്ത്രിയും കൂട്ടരും. ഇതിനിടെ ആറന്മുള വിമാനത്താവള പദ്ധതി പുനരുജ്ജീവിപ്പിക്കാനുള്ള നീക്കങ്ങളും നടത്തുന്നുണ്ട്. വിഴിഞ്ഞം വിഷയത്തിൽ അനുകൂല നിലപാട് സ്വീകരിച്ചപ്പോൾ തന്നെ പകരം ചോദിച്ചത് ആറന്മുള പദ്ധതിയായിരുന്നു. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് പ്രത്യേക താൽപ്പര്യമുണ്ട് ഈ പദ്ധതിയിൽ. എന്നാൽ, ബിജെപിയുടെ എതിർപ്പായിരുന്നു ഇവിടെ പ്രധാന തടസം. എന്നാൽ, മോദിയുടെ അടുപ്പക്കാരനായ അദാനിയെ കൊണ്ടുതന്നെ ഈ മുള്ളപെടുപ്പിക്കാനാണ് ഉമ്മൻ ചാണ്ടിയുടെ ശ്രമം. ഏറ്റവുമൊടുവിൽ വിമാനത്താവളത്തിന്റെ പരിസ്ഥിതി ആഘാത പഠനത്തിനു കേന്ദ്രം അനുമതി നൽകിയത് ഇതിന്റെ ഭാഗമായിട്ടായിരുന്നു. പുതിയ റിപ്പോർട്ട് കിട്ടി പ്രശ്‌നങ്ങളൊന്നുമില്ലെന്ന് പറഞ്ഞ് വിമാനമിറക്കാനാണ് കെജിഎസ് ഗ്രൂപ്പിന്റെ ശ്രമം. ഈ ശ്രമത്തിന് പിന്തുണയുമായാണ് അദാനിയുള്ളത്.

വിമാനത്താവളം നിർമ്മിക്കുന്ന കെജിഎസ് ഗ്രൂപ്പിൽ റിലയൻസിനുള്ള ഓഹരികളിൽ നിന്ന് 12 ശതമാനം അദാനി വാങ്ങിയിട്ടുണ്ട്. ഇതോടെ ആർഎസ്എസിന്റെ എതിർപ്പ് ഇല്ലാതാകുമെന്ന് ഉമ്മൻ ചാണ്ടിയും കരുതുന്നു. 12 ശതമാനം ഓഹരി അദാനി സ്വന്തമാക്കിയതോടെ ഇനി മുന്നിലുള്ള തടസങ്ങളെല്ലാം നീങ്ങുമെന്നാണ് കണക്കുകൂട്ടൽ. കേരളത്തിലെ ബിജെപി നേതൃത്വത്തിന്റെ എതിർപ്പിനേക്കാൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുത്ത സുഹൃത്തായ അദാനിയുടെ താൽപപര്യം സംരക്ഷിക്കാനാണ് കേന്ദ്രത്തിന് താൽപ്പര്യം.

എന്നാൽ ഇലയ്ക്കും മുള്ളിനും കേടില്ലാത്ത പ്രശ്‌നമാണ് കേന്ദ്രം ആലോചിക്കുന്നത്. പുതിയ റിപ്പോർട്ട് പ്രകാരം പരിസ്ഥിതി ആഘാതമില്ലെന്ന റിപ്പോർട്ടുണ്ടാക്കിയ ശേഷം. ആറന്മുള പൈതൃക ഗ്രാമ സംരക്ഷണ സമിതിയുമായി ചർച്ചകൾ നടത്താനും നീക്കമുണ്ട്. ഈ ഘട്ടത്തിൽ ചിലപ്പോൾ അദാനി നേരിട്ട് ഹിന്ദു ഐക്യവേദി നേതാവ് കുമ്മനവുമായി സംസാരിച്ചേക്കും. വിഴിഞ്ഞത്തെ എതിർത്ത ലത്തീൻ കത്തോലിക്കാ സഭയെ അനുനയിപ്പിച്ച മാർഗ്ഗം തന്നെയാകും ഇക്കാര്യത്തിൽ ഉണ്ടാകുക.

വിമാനത്താവളം യാഥാർത്ഥ്യമാക്കാൻ അതിന്റെ രൂപരേഖയിൽ ചില മാറ്റങ്ങൾ വരുത്തന്നതോടെ തങ്ങളുടെ ആവശ്യം അംഗീകരിച്ചു എന്ന പ്രതിതി ഉണ്ടാക്കാമെന്ന ധാരണയും സമരക്കാർക്കിടയിൽ ഉണ്ട്. റൺവേ ചെറുതാക്കുക എന്നതാകും ഇതിലെ ഒരു നിർദ്ദേശം. ഇതോടെ ആറന്മുള ക്ഷേത്രത്തിന്റെ കൊടിമരത്തിനു മുകളിലൂടെ വിമാനം ഉയരില്ല. കൊടിമരം സംരക്ഷിക്കപ്പെടുകയും ചെയ്യും. ഇങ്ങനെ വരുമ്പോൽ എതിർപ്പുകളെയും ഇല്ലാതാകുമെന്നാണ് വിലയിരുത്തൽ. നേരത്തെ റോബർട്ട് വധേരയ്ക്ക് താൽപ്പര്യമുള്ള പദ്ധതിയായാണ് ആറന്മുള വിലയിരുത്തപ്പെട്ടത്. ഇപ്പോൾ താൽപ്പര്യം അദാനിയുടേതായി എന്നതാണ് പ്രത്യേകത. എന്തായാലും അതിസങ്കീർണ്ണമായ വിഷയങ്ങളുടെ ചരട് അഴിക്കുന്നതിൽ ഉമ്മൻ ചാണ്ടിക്കുള്ള വൈദഗ്ധ്യത്തിന് ഒരു തെളിവു കൂടിയാകും ആറന്മുറ- വിഴിഞ്ഞം പദ്ധതികൾ.

  • സ്വാതന്ത്ര്യ ദിനം പ്രമാണിച്ച് ഓഫീസ് അവധിയായതിനാൽ നാളെ (15/08/15) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല- എഡിറ്റർ