- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സമാന്തര അന്വേഷണം കള്ളക്കടത്തു കേസിന്റെ അന്വേഷണത്തെ തടസ്സപ്പെടുത്തുകയും അവതാളത്തിലാക്കുകയും ചെയ്യുമെന്ന വാദം ഹൈക്കോടതിയും അംഗീകരിച്ചുള്ള സ്റ്റേ; അന്തിമ ഉത്തരവിന് കാത്തു നിൽക്കാതെ അന്വേഷണം നിർത്താൻ വികെ മോഹനൻ കമ്മിഷൻ?
കൊച്ചി: കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരെ ജ്യുഡീഷ്യൽ അന്വേഷണത്തിനുള്ള ഹൈക്കോടതിയുടെ അന്തിമ ഉത്തരവ് സർക്കാരിന് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. ഇത് മനസ്സിലാക്കി ജസ്റ്റിസ് വി.കെ. മോഹനൻ കമ്മിഷൻ സ്വയം പ്രവർത്തനം അവസാനിപ്പിക്കാൻ ഒരുങ്ങുന്നു.
സംസ്ഥാന സർക്കാരിനെ പ്രതിക്കൂട്ടിലാക്കിയ നയതന്ത്ര പാഴ്‌സൽ സ്വർണക്കടത്തുമായി ബന്ധപ്പെട്ട കേസുകൾ അന്വേഷിക്കുന്ന കസ്റ്റംസ്, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി), ആദായ നികുതി വകുപ്പ് എന്നിവ ഉൾപ്പെടെയുള്ള കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരെ അന്വേഷണം നടത്താനാണു മോഹനൻ കമ്മിഷനെ നിയോഗിച്ചത്. ഹൈക്കോടതിയുടെ സ്‌റ്റേ ഉത്തരവിൽ തന്നെ ഗൗരവത്തോടെയുള്ള ചില പരാമർശം ഉണ്ടായിരുന്നു. ഈ സാഹചര്യം തിരിച്ചറിഞ്ഞാണ് ജസ്റ്റിസ് വി.കെ. മോഹനൻ കമ്മിഷൻ തീരുമാനത്തിൽ എത്തുന്നതെന്നാണ് സൂചന.
കേന്ദ്ര സർക്കാരിന്റെ അധികാര പരിധിയിലുള്ള വിഷയങ്ങളിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കാൻ സംസ്ഥാനത്തിന് അധികാരമില്ലെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. കേസിൽ സമാന്തര അന്വേഷണം നടത്തുന്നതു കള്ളക്കടത്തു കേസിന്റെ അന്വേഷണത്തെ തടസ്സപ്പെടുത്തുകയും അവതാളത്തിലാക്കുകയും ചെയ്യുമെന്ന വാദം ഹൈക്കോടതി അംഗീകരിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് മോഹൻ കമ്മീഷൻ നിലപാട് എടുക്കാൻ ഒരുങ്ങുന്നത്.
2021 മെയ് ഏഴിനിറങ്ങിയ സർക്കാർ വിജ്ഞാപനത്തിലൂടെ 6 മാസത്തെ കാലാവധി നിശ്ചയിച്ചായിരുന്നു നിയമനം. നവംബറിൽ കാലാവധി അവസാനിക്കും വരെ ഓഫിസും സ്റ്റാഫും തുടരുന്നതിൽ നിയമതടസ്സമില്ല. എന്നാൽ ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ വന്നതോടെ സർക്കാർ വിജ്ഞാപനത്തിന്റെ സാങ്കേതിക ബലത്തിൽ തുടരാൻ കമ്മീഷന് താൽപ്പര്യമില്ലെന്നാണ് സൂചന. 9 സ്റ്റാഫും ജുഡീഷ്യൽ ഉദ്യോഗസ്ഥരും അടങ്ങുന്നതാണു കമ്മിഷന്റെ ഓഫിസ് സംവിധാനം.
മുഖമന്ത്രിയടക്കമുള്ള മന്ത്രിസഭാംഗങ്ങൾക്കും സ്പീക്കർക്കും എതിരെ മൊഴി നൽകാൻ സ്വർണക്കടത്തു കേസിലെ പ്രതികളെ ഇഡി ഉദ്യോഗസ്ഥർ നിർബന്ധിച്ചെന്ന പ്രതികളുടെ മൊഴികളുടെ അടിസ്ഥാനത്തിലാണു സർക്കാർ കമ്മിഷനെ നിയോഗിച്ചത്. 1952 ലെ കമ്മിഷൻസ് ഓഫ് എൻക്വയറി ആക്ടിനു വിരുദ്ധമാണു ഈ തീരുമാനമെന്നാണ് പൊതു വിലയിരുത്തൽ.
ഇതേ കേസിൽ ഇഡി ഉദ്യോഗസ്ഥർക്കെതിരെ ക്രൈം ബ്രാഞ്ച് രജിസ്റ്റർ ചെയ്ത എഫ്‌ഐആറുകളും ഹൈക്കോടതി റദ്ദാക്കിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ