കോഴിക്കോട്: സർക്കാർ കണക്കിൽ കേരളത്തിൽ 93 കോടി രൂപയുടെ ആസ്തിയുണ്ട് എൻസിപിയുടെ കുട്ടനാട് എംഎൽഎ തോമസ് ചാണ്ടിക്ക്. ദുബായിൽ വലിയ സ്‌കൂൾ ശൃംഖലയുടെ ഉടമ കൂടിയായിരുന്നു അദ്ദേഹം. എന്നിട്ടും കഴിഞ്ഞ സർക്കാറിന്റെ കാലത്ത് സ്വന്തം പോക്കറ്റിലേക്ക് പണം എടുക്കാനുള്ള അവസരം അദ്ദേഹം പാഴാക്കിയില്ല. കാൻസർ ചികിത്സയ്ക്കായി വിദേശത്ത് പോയതിന് രണ്ട് കോടിയോളം രൂപ സർക്കാർ ഖജനാവിൽ നിന്നും തോമസ് ചാണ്ടി ചെലവിട്ടിരുന്നു. സ്വന്തം പോക്കറ്റിൽ നിന്നും കോടികൾ ചെലവിടാൻ സാധിക്കുമായിരുന്നിട്ടും ഖജനാവിന് അധികബാധ്യത വരുത്തിയ എംഎൽഎക്കെതിരെ കടുത്ത പ്രതിഷേധവും ഉയർന്നിരുന്നു. ഇങ്ങനെ പൊതുഖജനാവിൽ നിന്നു പണം ധൂർത്തടിക്കുന്ന തോമസ് ചാണ്ടിയെ പോലുള്ളവർക്ക് നാണിക്കാൻ വക നൽകുന്നതാണ് കോഴിക്കോട് മേയർ സ്ഥാനത്തു നിന്നും പടിയിറങ്ങിയ വികെസി മമ്മദ് കോയയുടെ തീരമാനം.

അപൂർവ്വമായൊരു മാതൃക സൃഷ്ടിച്ചാണ് വികെസി മമ്മദ് കോയ കോഴിക്കോട് മേയർ സ്ഥാനം ഒഴിഞ്ഞത്. ആറു മാസം മേയറായി പ്രവർത്തിച്ച അദ്ദേഹം ഇതുപ്രകാരമുള്ള ഒരു ആനുകൂല്യവും വാങ്ങാതെയാണ് മേയർ സ്ഥാനം ഒഴിഞ്ഞത്. പണത്തിന് പിന്നാലെ പായുന്ന പൊതുപ്രവർത്തകർക്ക് ഒരു അനുകരണീയ മാതൃക കൂടിയാണ് വികെസിയുടെ പ്രവൃത്തി. മേയറായിരുന്ന കാലയളവിലെ ഓണറ്റോറിയം, വാഹനം, ഡീസൽചെലവ്, സിറ്റിങ് ഫീസ് എന്നിവയൊന്നും അദ്ദേഹം കൈപ്പറ്റിയില്ല. യോഗങ്ങൾക്കുള്ള ചായയുടെ പൈസ പോലും കോർപറേഷൻ ഫണ്ടിൽനിന്ന് ഇതുവരെ നൽകേണ്ടിവന്നിട്ടില്ല. ഇക്കാര്യം കോർപ്പറേഷൻ സെക്രട്ടറി ടി പി സതീശനും വ്യക്തമാക്കുന്നു.

കേരളത്തിലെ തന്നെ വൻകിട വ്യവസായിമാരിൽ ഒരാളായ വികെസി സർക്കാർ ഖജനാവിന് ബുദ്ധിമുട്ടുണ്ടാക്കാത്ത വിധത്തിലാണ് തന്റെ ചുമതലകൾ നിർവഹിച്ചിരുന്നത്. സ്വന്തം കാറിൽ സ്വന്തം നിലക്ക് ഇന്ധനം നിറച്ചാണ് അദ്ദേഹം യാത്രചെയ്തിരുന്നത്. വികെസിയുടെ മാതൃക എല്ലാവരുടെയും പ്രശംസ നേടാൻ ഇടയാക്കിയിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ അടക്കം വികെസിയെ അഭിനന്ദിച്ച് നിരവധി പേർ രംഗത്തെത്തി. കോഴിക്കോട്് കോർപ്പറേഷൻ ഭരണം നിലനിർത്താൻ വികെസിയെ രംഗത്തിറക്കിയ സിപിഐ(എം) നേതൃത്വം അദ്ദേഹത്തെ ബേപ്പൂർ മണ്ഡലം നിലനിർത്താൻ വേണ്ടിയാണ് നിയമസഭയിലേക്ക് മത്സരിപ്പിച്ചത്. മന്ത്രിസ്ഥാനം ലഭിക്കുമെന്ന് കരുതിയിരുന്നെങ്കിലും അദ്ദേഹത്തിന് സ്ഥാനം ലഭിച്ചില്ല.

കോഴിക്കോട് കോർപ്പറേഷൻ മേയറായിക്കേ സാധാരണക്കാർക്ക് ബുദ്ധിമുട്ടില്ലാതെ കാര്യങ്ങൾ എളുപ്പത്തിൽ സാധിച്ചുനൽകുന്നതിന് പ്രത്യേകം ശ്രദ്ധിച്ചിരുന്നു വികെസി മമ്മദ് കോയ. ഇതിനായി പൗരാവകാശരേഖ വിപുലമാക്കി പ്രസിദ്ധീകരിച്ചു. മാലിന്യസംസ്‌കരണം, തെരുവു വിളക്കുകൾ എന്നിവക്കുവേണ്ടി തുടക്കത്തിലേ നടപടി സ്വീകരിച്ചു. കോർപറേഷനിൽ പശ്ചാത്തല സൗകര്യങ്ങൾ ഒരുക്കാനും നടപടിയെടുത്തുവരുകയായിരുന്നു. കോർപറേഷനിൽ ആവശ്യത്തിന് കമ്പ്യൂട്ടർ ഇല്ലാത്തതിനാൽ ജീവനക്കാർ ബുദ്ധിമുട്ടുന്ന അവസ്ഥ പരിഹരിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു.

കോർപറേഷൻ ഭരണത്തിലെ എല്ലാ പ്രശ്‌നങ്ങളും തനിക്കറിയാം. പുതിയ സർക്കാറിൽ സമ്മർദം ചെലുത്താൻ കഴിയും. ബേപ്പൂരിൽനിന്ന് എംഎ‍ൽഎ ആയി തെരഞ്ഞെടുക്കപ്പെട്ട വി.കെ.സി വെള്ളിയാഴ്ചയാണ് മേയർസ്ഥാനത്തുനിന്ന് വിടവാങ്ങിയത്. രണ്ടാം തവണയാണ് എംഎ‍ൽഎ ആയത്. കൂട്ടായ്മയുടെ വിജയമാണ് കോഴിക്കോട് കോർപ്പറേഷനിൽ ആറുമാസമുണ്ടായ നേട്ടങ്ങളെന്ന് പറഞ്ഞാണ് അദ്ദേഹം മേയർ സ്ഥാനത്തു നിന്നും വിടപറഞ്ഞത്. ഇനി തനിക്ക് പകരം മേയറായി വരുന്നവരും ഇത് തുടരണമെന്നും കോഴിക്കോട് കോർപ്പറേഷൻ കൗൺസിലിൽ നടത്തിയ യാത്രയയപ്പ് യോഗത്തിൽ ആവശ്യപ്പെട്ടു. സംസ്ഥാന ഭരണത്തിൽ സ്വാധീനം ചെലുത്താവുന്ന ആളെന്ന നിലയിൽ കോർപ്പറേഷൻ നേരിടുന്ന പ്രയാസങ്ങൾ പരിഹരിക്കാൻ ശ്രമിക്കുമെന്ന് വി.കെ.സി പറഞ്ഞു.

തനിച്ച് എനിക്കൊന്നും ചെയ്യാനാകില്ല. ഒരു മുന്നണിയുടെ ഭാഗമായാണ് ഞാൻ മേയറായതും എം.എൽ.ആയതും. അതിൽ കൂടുതൽ എന്തെങ്കിലും ആകുമെന്ന് താൻ ചിന്തിക്കുന്നില്ലെന്നും പാർട്ടി ആവശ്യപ്പെടുന്നത് പോലെ പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൂട്ടായ്മയിലൂടെയാണ് കോർപ്പറേഷനിൽ പ്രവർത്തിച്ചത്. തനിക്കെതിരെ പറഞ്ഞതിനെയൊക്കെ തമാശായാണ് എടുത്തത്. എന്നാൽ തീരുമാനങ്ങളെല്ലാം കൂട്ടായാണ് എടുത്തത്. വിഭാഗീയതകൊണ്ട് ഒന്നും ചെയ്യാനാകില്ല. തനിക്ക് കോഴിക്കോടിനായി പലതും ചെയ്യാൻ കഴിയും. കോഴിക്കോടിന്റെ വികസനത്തിനായി ഉണ്ടാക്കിയ കൺസെൽട്ടൻസി കമ്മിറ്റിയിൽ എംഎൽഎ എന്ന നിലയിലും മുൻ മേയർ എന്ന നിലയിലും പങ്കെടുക്കാൻ തനിക്ക് കഴിയുമെന്നും വികെസി വിടവാങ്ങൽ പ്രസംഗത്തിൽ പറഞ്ഞിരുന്നു.