തിരുവനന്തപുരം: ആർട്ടിക് പോളാർ എക്സ്പെഡിഷൻ എന്നത് ലോകത്തിലെ ഏറ്റവും അതിസാഹസികമായ മത്സരങ്ങളിലൊന്ന്. മൈനസ് മുപ്പത് ഡിഗ്രി തണുപ്പിൽ ആർട്ടിക് സർക്കിളിലൂടെ സഞ്ചരിച്ച് 300 കിലോമീറ്റർ താണ്ടേണ്ടുന്ന മത്സരം. ഈ മത്സരത്തിൽ പങ്കെടുത്ത ആദ്യ ഇന്ത്യക്കാരനെന്ന ബഹുമതി ഒരു മലയാളി നേരത്തെ കൈവരിച്ചിരുന്നു. കൊല്ലം പുനലൂർ സ്വദേശിയായ നിയോഗ് കൃഷ്ണയെന്ന ഇരുപത്തേഴുകാരനാണ് ഈ സാഹസിക നേട്ടം കൈവരിച്ചത്. രക്തം കട്ട പിടിക്കുന്ന മഞ്ഞിലൂടെയുള്ള സാഹസികയാത്രക്ക് മറ്റൊരു മലയാളി കൂടി ഒരുങ്ങുകയാണ്. കോഴിക്കോട് സ്വദേശിയായ ഡോ. ബാബ് സാഗറാണ് പോളാർ യാത്ര നടത്തുന്ന രണ്ടാമത്തെ മലയാളിയാകാനുള്ള മത്സരത്തിൽ പങ്കെടുക്കാൻ ഒരുങ്ങുന്നത്.

ഇതിനായി വോട്ടിങ് പുരോഗമിക്കുമ്പോൾ രണ്ടാം സ്ഥാനത്താണ് അദ്ദേഹം. ഫിയേൽ രാവേൻ എന്ന സ്വീഡൻ കമ്പനി കഴിഞ്ഞ കുറച്ചു വർഷങ്ങളായി സംഘടിപ്പിക്കുന്ന പര്യാടനങ്ങളിൽ പ്രയാസമേറിയ യാത്രായാണിത്. മൈനസ് 30 ഡിഗ്രി തണുപ്പിലൂടെ 300 കിലോമീറ്റർ വരുന്ന ആർട്ടിക്ക് മേഖല മുറിച്ചു കടക്കുന്ന സാഹസിക പ്രകടനമാണ് ഫിയേൽരാവേൻ ആർട്ടിക് പോളാർ എക്‌സ്പിഡിഷൻ.

130 ഓളം രാജ്യങ്ങളിൽ നിന്നും 20 പേർക്കാണ് ഈ സാഹസിക യാത്രയുടെ ഭാഗം ആകുവാൻ സാധിക്കുന്നത്. ഈ രാജ്യങ്ങളെ 10 വിഭാഗങ്ങളായി തരംതിരിച്ചു ഓൺലൈൻ വോട്ടിങ് സംവിദാനം വഴി വോട്ടിങ്ങിൽ ആദ്യ സ്ഥാനത്തെത്തുന്ന പ്രതിനിധികൾക്കാണ് ആർട്ടിക്ക് ദൗത്യത്തിന് ആദ്യം അർഹത ലഭിക്കുക. ബാക്കി 10 സഞ്ചാരികളെ ജൂറിയുടെ തീരുമാനത്തിൽ തിരഞ്ഞെടുക്കപെടും. ഇന്ത്യയെ പ്രതിനിധീകരിച്ച് രണ്ടാമതായാണ് ഒരാൾ ഈ ദൗത്യത്തിൽ പങ്കാളിയാകാൻ മൽസരിക്കുന്നത്. കടുത്ത മൽസരമാണ് ആദ്യ രണ്ടുസ്ഥാനങ്ങൾക്കായി നടക്കുന്നത്. ഇപ്പോൾ രണ്ടാം സ്ഥാനത്താണ് ബാബസ് സാഗർ.

കോഴിക്കോട്ടുകാരനായ ബാബ്‌സ് സാഗർ മണാലിയിൽ ആപ്പിൽഫാം നടത്തുന്ന ആളാണ്. പർവ്വത പര്യവേഷണ കാര്യത്തിൽ മിടുക്കനായി ഇദ്ദേഹത്തിന്റെ കീഴിലാണ് പോളാറിലെത്തിയ ആദ്യ മലയാളി നിയോഗ് കൃഷ്ണയും പരിശീലനം നടത്തിയത്. നിയോഗ് ഈ യാത്രക്ക് മുമ്പ് ഒന്നര മാസം ബാബുക്ക എന്ന് പ്രിയപ്പെട്ടവർ വിൡക്കുന്ന ബാബ്‌സിനൊപ്പം പരിശീലനം നടത്തിയിരുന്നു. ഹിമാലയൻ താഴ്‌വരയിലെ തണുപ്പിൽ കിട്ടിയ ട്രെയിനിങ്ങാണ് തനിക്ക് പോളാർ യാത്രയിലും ഗുണകരമായതെന്ന് നിയോഗ് പറഞ്ഞിരുന്നു. നിയോഗിന് ശേഷം മത്സരത്തിൽ പങ്കെടുക്കാനുള്ള അവസരം തേടിയാണ് ബാബ്‌സ് സാഗർ ഓൺലൈൻവോട്ടിംഗിൽ പങ്കെടുക്കുന്ന്ത്.

തെരഞ്ഞെടുക്കപ്പെടുന്ന സാഹസികാ യാത്രാ സ്‌നേഹികളോടൊപ്പം നോർവേയിലെ മഞ്ഞുമൂടിയ പർവതങ്ങളിൽ നിന്നാണ് യാത്ര ആരംഭിക്കുന്നത്.സ്വീഡനിലെ പാല്‌സ,മഞ്ഞു മൂടിയ ടോൺ നദി തുടങ്ങി ആർട്ടിക്കിലെ വന്യതയിലൂടെയാണ് യാത്ര.പരിശീലനം ലഭിച്ച 200 ഓളം നായ്ക്കൾ വലിക്കുന്ന മഞ്ഞു വണ്ടികളിലാണ് യാത്ര. യോഗ്യത നേടിയാൽ മഞ്ഞുമൂടിയ ആർട്ടിക്കിനുമേൽ ഫിയേൽരാവേൻ ആർട്ടിക് പോളാർ എക്‌സ്പിഡിഷനിൽ ഇന്ത്യയുടെ മൂവർണ്ണ പതാക പാറിക്കുന്ന രണ്ടാമത്തെ മലയാളിയാകും ബാബ്‌സ് സാഗർ.

എല്ലാവരും ഒരു മിനിറ്റ് മാറ്റി വച്ചു ബാബുക്കക്ക് വേണ്ടി വോട്ട് ചെയ്യണം, മാത്രമല്ല മാക്‌സിമം ഷെയർ ചെയ്തു കൂടുതൽ ആളുകളിൽ എത്തിക്കുകയും വേണം. അതി ശൈത്യം കാരണം മനുഷ്യവാസം പോലും സാധ്യമല്ലാത്ത നോർത്ത് പോളിൽ രണ്ടാമതായി ഒരു മലയാളി ത്രിവർണ പതാക പാറിക്കുന്നതു കാണാൻ കാത്തിരിക്കാം. ഇന്ന് വോട്ടിങ് തുടങ്ങി 15 ദിവസം പിന്നിടുകയാണ്. 15 ദിവസം പിന്നിടുമ്പോൾ ഫിയൽ രാവൻ പോളാർ എക്‌സ്‌പെഡിഷന്റെ വോട്ടിങ് നിലയിൽ ബാബ്‌സ് പിന്നിൽ നിൽക്കുകയാണ്. അതുകൊണ്ട് വോട്ടഭ്യർത്ഥിച്ചു കൊണ്ട് ബാബ്‌സ് സാഗർ ഫേസ്‌ബുക്കിൽ കുറിച്ചിട്ടുണ്ട്. അദ്ദേഹം വോട്ടഭ്യർത്ഥിച്ചു കൊണ്ട് കുറിച്ചത് ഇങ്ങനെയാണ്:

വളരെ പിന്നിലായിരുന്ന പാക്കിസ്ഥാനി സുഹൃത്തും ആന്ധ്രക്കാരനായ സുഹൃത്തും ഒറ്റ രാത്രി കൊണ്ട് പതിനായിരക്കണക്കിന് വോട്ട് പിടിക്കുന്ന അത്ഭുതങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്.. പലരും പണം നൽകിയാൽ പതിനായിരക്കണക്കിന് വോട്ടുകൾ നൽകാം എന്ന പ്രലോഭനങ്ങളുമായി സമീപിച്ചെങ്കിലും നേരായ മാർഗത്തിലൂടെ മാത്രമുള്ള വിജയത്തിന് മാത്രമേ മാധുര്യമുള്ളു എന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് ഞാൻ.... വിജയമായാലും തോൽവിയായാലും അത് സത്യത്തിന്റെ മാർഗത്തിലൂടെ മാത്രം...ഒരു സഞ്ചാരിയുടെ വഴിയെ.....സഞ്ചാരം സത്യമാണ്......ഒരു കാര്യം ഞാനുറപ്പ് നൽകുന്നു.... വിജയിച്ചാൽ കുറച്ച് നല്ല യാത്രാ വിവരണവും ചിത്രങ്ങളുമായി ഞാൻ നിങ്ങളുടെ മുൻപിൽ വരും.ഇനി എല്ലാം നിങ്ങൾ സഞ്ചാരികളുടെ കയ്യിലാണ്......ഒപ്പമുണ്ടാകും എന്ന് വിശ്വസിക്കുന്നു...

കോടികൾ ചെലവ് വരുന്ന ഒരു സഞ്ചാരമാണ് പോളാർ യാത്ര. അവിടെപ്പോകുമ്പോൾ ഉപയോഗിക്കുന്ന ഒരു ജാക്കറ്റിന് പോലും ലക്ഷങ്ങൾ വിലയുണടെന്നിരിക്കേ ഈ വോട്ടിങ്ങിൽ വിജയിച്ചാൽ ഈ യാത്ര സൗജന്യമാകും. ബാബ്‌സ് സാഗറിനെ ഒന്നാം സ്ഥാനത്തെത്തിക്കാൻ വാർത്തക്കൊപ്പം കൊടുത്തിരിക്കുന്ന ലിങ്കിൽ വോട്ടു ചെയ്യുക.