ത്തർപ്രദേശ് തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപി വൻ വിജയം നേടിയിരുന്നു. ഇതിനു പിന്നാലെയാണ് ബിജെപിക്കെതിരേ ആരോപണവുമായി പ്രതിപക്ഷ പാർട്ടികളും രംഗത്തെത്തിയിരിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപി വിജയം നേടിയ ഉത്തർപ്രദേശിൽ വോട്ടെണ്ണലിൽ വ്യാപക ക്രമക്കേട് നടന്നതായി ആരോപണം. സഹാറൻപൂരിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച ശബാനായാണ് പരാതി ഉന്നയിച്ചത്. ഒറ്റ വോട്ടു പോലും ലഭിക്കാതിരുന്ന ശബാന ഇലക്ട്രോണിക് വോട്ടിങ് മെഷീൻ നടത്തുന്ന വോട്ടെണ്ണൽ വിശ്വസനീയമല്ലെന്നാണ് പറയുന്നത്.

'ചുരുങ്ങിയത് എന്റെ കുടുംബക്കാരെങ്കിലും എനിക്ക് വോട്ടു ചെയ്തിട്ടുണ്ട്. പിന്നെങ്ങനെയാണ് എനിക്ക് പൂജ്യം വോട്ട് കിട്ടുക. എന്റെ വോട്ട് എവിടെപ്പോയി?' ശബാന ചോദിക്കുന്നു. 'കുടുംബത്തിൽ നിന്നും ചുരുങ്ങിയത് മൂന്ന് വോട്ടുകൾ ഞങ്ങൾക്ക് ലഭിക്കേണ്ടതാണ്. മൊത്തം 900 വോട്ടുകൾ കിട്ടേണ്ടതായിരുന്നു. വോട്ടിങ് മെഷീൻ ആകെ പ്രശ്‌നമാണ്'- ശബാനയുടെ ഭർത്താവ് പറഞ്ഞു.

ഇതേ തുടർന്നാണ് ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിൽ ബിജെപി കൃത്രിമം കാണിച്ചെന്ന ആരോപണവുമായി ബിഎസ്‌പി നേതാവ് മായാവതിയും രംഗത്തെത്തി. വോട്ടിങ് യന്ത്രത്തിൽ കൃത്രിമം കാട്ടിയാണ് 2017 നിയമസഭാ തിരഞ്ഞെടുപ്പിൽ അവർ അധികാരം പിടിച്ചെടുത്തത്. തദ്ദേശ തിരഞ്ഞെടുപ്പിലും അവർ അത് ആവർത്തിച്ചു. എന്നാൽ, നമ്മളെ പരാജയപ്പെടുത്തുവാൻ അവർക്ക് കഴിഞ്ഞിട്ടില്ല. നമ്മൾ രണ്ടാം സ്ഥാനത്തുണ്ടെന്നും മായാവതി പറഞ്ഞു. ബിജെപി നേതാക്കൾ ഭരണഘടനയിൽ വിശ്വസിക്കുന്നുണ്ടെങ്കിൽ തിരഞ്ഞെടുപ്പുകളിൽ നിന്ന് ഇലക്ട്രോണിക് വോട്ടിങ് യന്ത്രം ഒഴിവാക്കി ബാലറ്റ് പേപ്പർ സംവിധാനം മടക്കി കൊണ്ടുവരാൻ ബിജെപിയെ വെല്ലുവിളിക്കുന്നതായും മായാവതി പറഞ്ഞു.

നേരത്തെ പല വോട്ടർമാരുടെ പേരുകളും സഹാറൻപൂരിലെ വോട്ടേഴ്സ് ലിസ്റ്റിൽ നിന്നും അപ്രത്യക്ഷമായിരുന്നു. തെരഞ്ഞെടുപ്പ് നടന്ന ദിവസങ്ങളിൽ മീററ്റ്, സഹാറൻപൂർ തുടങ്ങിയ സ്ഥലങ്ങളിലെ വോട്ടിങ് മെഷീനുകൾ കേടാണെന്ന വ്യാപക പരാതിയും ഉയർന്നിരുന്നു. എല്ലാ വോട്ടുകളെയും ബിജെപി വോട്ടുകളായി മാറ്റിമറിക്കുന്ന യുപി പോളിങ് ബൂത്തുകളിലെ വോട്ടിങ് മെഷീനുകളെപ്പറ്റി വിശദമായ അന്വേഷണം നടത്തണമെന്ന് ആം ആദ്മി പാർട്ടി നേതാവ് അതിഷി മാർലേന തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്.