തിരുവനന്തപുരം: ഇനി നാലരവർഷം സർവ്വീസിൽ ജേക്കബ് തോമസിന് മിച്ചമുണ്ട്. അതിനിടയിൽ അഴിമതിക്കാരായ രാഷ്ട്രീയക്കാർക്കെതിരെ നടപടി ഉറപ്പുവരുത്തുമെന്നാണ് ജേക്കബ് തോമസിന്റെ ഉറപ്പ്. മുഖ്യമന്ത്രി പിണറായി വിജയനും അഴിമതിക്കെതിരായ പോരാട്ടത്തിൽ ഒപ്പമുള്ളതിനാൽ ജേക്കബ് തോമസിന് ആശങ്കയുമില്ല. മുൻ മന്ത്രിമാരായ കെഎം മാണിയും കെ ബാബുവും വിജിലൻസ് കേസിൽ കുടുങ്ങി. ഇവർക്കെതിരെ എത്രയും വേഗത്തിൽ കുറ്റപത്രമാണ് ജേക്കബ് തോമസ് ലക്ഷ്യമിടുന്നത്. അതിനിടെ ഹിറ്റ് ലിസ്റ്റിൽ അടുത്തതായി മുൻ മന്ത്രിമാരായ വി എസ്. ശിവകുമാറും സി.എൻ. ബാലകൃഷ്ണനും സൂചനകളും പുറത്തുവരുന്നു. അഴിമതിക്കാരെ രക്ഷിക്കാൻ ഇടത് സർക്കാരിലെ ആരും ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്തിയാണ് നീക്കം.

അഴിമതി ആരോപണങ്ങളുമായി ബന്ധപ്പെട്ട് വിജിലൻസിന്റെ ആദ്യ പട്ടികയിൽ ഏഴുപേരാണ് ഉള്ളത്. അതിൽ ഉടൻ തന്നെ നടപടികൾ പ്രതീക്ഷിക്കുന്നത് ശിവകുമാറിനും സി.എൻ. ബാലകൃഷ്ണനും എതിരായാണ്. അങ്ങനെ കോൺഗ്രസിലെ ഐ ഗ്രൂപ്പിനേയും പ്രതിസന്ധിയിലാക്കുകയാണ് വിജിലൻസ്. വിജിലൻസിന്റെ ആദ്യപട്ടികയിൽ കെ. ബാബുവിനെക്കൂടാതെയുള്ളത് ശിവകുമാർ, സി.എൻ. ബാലകൃഷ്ണൻ, കെ.പി. മോഹനൻ, അടൂർ പ്രകാശ്, അനൂപ് ജേക്കബ്, ഷിബു ബേബി ജോൺ എന്നിവരാണ്. ഇവർക്കൊപ്പം ഇപ്പോൾ പരാതിലഭിച്ച ബെന്നിബഹനാനും പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബെന്നിക്കെതിരായ പരാതിയും ബാബുവിനെതിരായ ആരോപണത്തോടൊപ്പമാണ് പരിഗണിക്കുന്നത്. അതിൽ അന്വേഷണം തുടങ്ങി കഴിഞ്ഞു.

അടുത്തഘട്ടം എന്ന നിലയിൽ വിജിലൻസ് കൂടുതൽ ശ്രദ്ധചെലുത്താൻ പോകുന്നത് ശിവകുമാറിനും ബാലകൃഷ്ണനും എതിരായ കേസുകളായിരിക്കും. അതിന് തൊട്ടുപുറകെത്തന്നെ മറ്റുള്ളവർക്കെതിരെയും നടപടികൾ ഉണ്ടാകും. യു.ഡി.എഫ് സർക്കാർ അധികാരത്തിലുള്ളപ്പോൾ തന്നെ ശിവകുമാറിനും സി.എൻ. ബാലകൃഷ്ണനുമെതിരെ നിരവധി പരാതികൾ ഉയർന്നിരുന്നു. ശിവകുമാർ കൈകാര്യം ചെയ്തിരുന്ന ആരോഗ്യഗതാഗതദേവസ്വംവകുപ്പുകളിൽ നടന്ന ക്രമക്കേടുകളാണ് സിഎൻ ബാലകൃഷ്ണന് പ്രശ്‌നം ആകുക. ശിവകുമാറിനെതിരെയുള്ള പരാതികൾ സംബന്ധിച്ച് പ്രാഥമികാന്വേഷണം പൂർത്തിയായതാണ് അറിവ്. ഉടൻ തന്നെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് നടപടികൾക്ക് വേഗം കൂടുമെന്നാണ് സൂചന.

ഇത് കഴിഞ്ഞാലുടൻ ഷിബു ബേബിജോണിനും കെ.പി. മോഹനനും അനൂപ് ജേക്കബിനും പിടിവിഴും. അടൂർ പ്രകാശിനെതിരെ ഇപ്പോൾ തന്നെ അന്വേഷണം നടക്കുന്നുണ്ട്. അവസാനമായി ഉമ്മൻ ചാണ്ടിയിലേക്ക് കാര്യങ്ങളെത്തുമെന്നാണ് സൂചന. ബാർ കോഴയിൽ കെ ബാബുവുമായി ബന്ധപ്പെട്ട അന്വേഷണം ഉമ്മൻ ചാണ്ടിയിലേക്ക് നീട്ടിയെടുക്കും. ബെന്നി ബഹന്നാനെതിരെ അന്വേഷണം നടത്തുന്നതും ഉമ്മൻ ചാണ്ടിയെ ലക്ഷ്യമിട്ടാണ്. രമേശ് ചെന്നിത്തലയ്ക്ക് എതിരെ ഹരിപ്പാട്ടെ മെഡിക്കൽ കോളേജ് വിഷയം ഉയർത്തികൊണ്ടു വരാനും നീക്കമുണ്ട്. മുൻ മന്ത്രിമാർക്കെതിരെ നടപടികളെടുത്താൽ അത് ഭരണത്തെ സുതാര്യമാക്കുമെന്ന പ്രതീക്ഷയും ജേക്കബ് തോമസിനുണ്ട്.

സരിത എസ് നായരുമായി പണമിടപാട് നടത്തിയെന്ന് ആരോപിക്കുന്ന രാഷ്ട്രീയക്കാരെല്ലാം ജേക്കബ് തോമസിന്റെ നിരീക്ഷണത്തിലാണ്. സോളാർ ഇടപാടും അഴിമതിയെന്ന നിഗമനത്തിലാണ് ജേക്കബ് തോമസ്. ഔദ്യോഗിക സ്ഥാപനങ്ങൾ ദുരുപയോഗപ്പെടുത്തിയാണ് സരിതക്ക് കോടികൾ സമ്പാദിക്കാൻ നേതാക്കൾ അസരമുണ്ടാക്കിയത്. അതുകൊണ്ട് തന്നെ അവരെ കുടുക്കാനുള്ള പുറപ്പാടിലാണ് വിജിലൻസ് ഡയറക്ടർ. ഇതിന്റെ ഭാഗമായി വിവാദ സോളാർ കേസിലെ കോടികളുടെ സാമ്പത്തിക ഇടപാട് സംബന്ധിച്ച ജേക്കബ് തോംസിന്റെ രഹസ്യാന്വേഷണം തുടരുകയാണ്. സോളാർ ഇടപാടിൽ മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, ബന്നി ബഹന്നാൻ, ആര്യാടൻ മുഹമ്മദ് തുടങ്ങി യുഡിഎഫിലെ നിരവധി പ്രമുഖർക്ക് കോടികൾ കോഴ നൽകിയിരുന്നതായി പ്രതി സരിത എസ് നായർ വെളിപ്പെടുത്തിയിരുന്നു.

അതിനിടെ കോടികളുടെ അഴിമതി ആരോപണങ്ങളിൽ പെട്ട മുന്മന്ത്രി കെ. ബാബുവിനെ സംരക്ഷിച്ച വിജിലൻസ് എസ്‌പി ആർ. നിശാന്തിനിയും കുടുങ്ങിയേക്കും. ബാബുവിന് എതിരായ പരാതിയിൽ, കോടതി നിർദ്ദേശിച്ചിട്ടും അന്വേഷണം നടത്താതിരുന്നതാണ് നിശാന്തിനിക്ക് വിനയാകുക. അവർക്കെതിരെ നടപടിവന്നേക്കും. ബാബുവിന്റെ അനധികൃത സ്വത്തിനെതിരേ കിട്ടിയ പരാതി അന്വേഷിച്ച് റിപ്പോർട്ടു നൽകാൻ വിജിലൻസ് കോടതി, കൊച്ചി റേഞ്ച് വിജിലൻസ് എസ്‌പി: ആർ. നിശാന്തിനിയോടു നിർദ്ദേശിച്ചിരുന്നു. സംഘടനയുടെ ലറ്റർപാഡിൽ കിട്ടിയ പരാതിയിൽ ജൂലൈവരെ അന്വേഷണം നടത്തിയില്ല. സർക്കാർ മാറി, വിജിലൻസ് ഡയറക്ടറായി ജേക്കബ് തോമസ് ചുമതലയേറ്റശേഷം പഴയ ഫയലുകൾ പഠിച്ചപ്പോഴാണ് കോടതി നിർദ്ദേശം വന്നിട്ടും നടപടിയുണ്ടായില്ലെന്ന് കണ്ടെത്തിയത്. തുടർന്ന്, പരാതിയിൽ രഹസ്യാന്വേഷണം നടത്തി പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കാൻ സ്‌പെഷ്യൽ സെല്ലിനെ ചുമതലപ്പെടുത്തി. പരാതിയിൽ കഴമ്പുണ്ടെന്നായിരുന്നു എസ്‌പി: വി. എൻ. ശശിധരന്റെ റിപ്പോർട്ട്. തുടർന്നാണ് ബാബുവിനും ബിനാമികൾക്കും എതിരേ കേസെടുത്തത്.

തൃപ്പൂണിത്തുറയിൽനിന്ന് പ്രതികരണ വേദി, സേവ് കോൺഗ്രസ് ഫോറം എന്നിവയാണ് ബാബുവിന്റെ അനധികൃത സ്വത്തിനെക്കുറിച്ച് പരാതി നൽകിയിരുന്നത്. ഫെബ്രുവരിയിൽ കോടതി നടപടി നിർദ്ദേശിച്ചിട്ട്, ജൂലൈവരെ ഫയൽ പൂഴ്‌ത്തിവച്ചതിനാണ് എസ്‌പി: നിശാന്തിനിക്കെതിരേ നടപടി സാധ്യത. ഇങ്ങനെ സർവ്വമേഖലയിലേക്കും അന്വേഷണം വ്യാപിപ്പിക്കാനാണ് ജേക്കബ് തോമസിന്റെ പദ്ധതി.