പാലക്കാട്: നിയമസഭയിലെ അത്യപൂർവ്വ ഫോട്ടോ പോസ്റ്റ് ചെയ്യുകയാണ് വിടി ബൽറാം എംഎൽഎ. ഈ ഫോട്ടോ പോസ്റ്റ് ചെയ്ത കോൺഗ്രസിലെ യുവ തുർക്കി ഒന്നും കുറിക്കുന്നില്ല. പടം കണ്ട് എല്ലാം മനസ്സിലാക്കാനാൻ ആഹ്വാനം ചെയ്യുന്ന തരത്തിലാണ് സോഷ്യൽ മീഡിയയിലെ ബൽറാമിന്റെ ഇടപെടൽ. നിയമസഭയിൽ സംസാരിക്കുന്നത് പാലക്കാടിലെ ഷൊർണ്ണൂരിലെ എംഎൽഎയായ പികെ ശശി. പിന്നിൽ കുശലം പറയുന്നത് എൻസിപിയുടെ എകെ ശശീന്ദ്രൻ മന്ത്രിയും തൊട്ടടുത്തുകൊല്ലത്തെ സിപിഎം ജനപ്രതിനിധിയും നടനും എംഎൽഎയുമായ മുകേഷും. മുകേഷിനെതിരെ മീ ടൂ കാമ്പൈനിൽ ആരോപണമുയർന്ന ശേഷമുള്ള ബൽറാമിന്റെ മൗനം ഭജിക്കുന്ന ഈ ഇടപെടൽ സോഷ്യൽ മീഡിയ വൈറലാക്കുകയാണ്.

ബൽറാമിന്റെ അതിബുദ്ധി നിറഞ്ഞ ഈ കമന്റിലെ രാഷ്ട്രീയം സോഷ്യൽ മീഡിയ തിരിച്ചറിയുന്നുണ്ട്. അതുകൊണ്ട് തന്നെ ലൈക്കും കമന്റും ദിനംപ്രതി കൂടുകയാണ്. ഇവന്മാർക്ക് എന്ന കന്നിമാസം ആണോ എന്നാണ് ഒരാളുടെ കമന്റ്. ലേ മുകേഷ്-- അന്തസ്സ് വേണമെടി അന്തസ്സ് . 19 കൊല്ലങ്ങൾ മുന്നേയുള്ള പീഡനശ്രമം ഇന്ന് പട്ടാപ്പകൽ വിളിച്ച് പറയാൻ അന്തസ്സില്ലാത്തവർക്കേ കഴിയൂ... എന്നൊരു മറ്റൊരു കമന്റ്. ഓൾ കേരള കമ്മ്യൂണിസ്റ്റ് ആരോഗ്യം അസോസിയേഷൻ ... എല്ലാവരും ഉറങ്ങാതെ ഉള്ള പോരാട്ടത്തിൽ ആണ് സഹോദരനെ .... ഇങ്ങനെയൊക്കെ പോകുന്നു കമന്റുകൾ. മുകേഷ് മീ ടൂ കാമ്പൈനിൽ കുടുങ്ങിയ ശേഷമാണ് സോഷ്യൽ മീഡിയയിൽ ബൽറാമിന്റെ ഫോട്ടോ പോസ്റ്റിങ്ങും ചർച്ചകളും എത്തുന്നത്. ഏതായാലും ഇടതു പക്ഷത്തെ പീഡന ആരോപണം നേരിട്ടവരെ ഒരു ഫ്രെയിമിൽ എത്തിക്കുകയായിരുന്നു ബൽറാം ചെയ്തത്. ഒന്നും മിണ്ടാതെ നിയമസഭയിലെ സഹ എംഎൽഎമാരെ പ്രതിക്കൂട്ടിൽ നിർത്തി തന്റെ നിലപാട് വിശദീകരിക്കുകയാണ് ബൽറാം. തന്റെ മനസ്സ് ഇരയ്‌ക്കൊപ്പമാണെന്ന വാദമാണ് ബൽറാം ഉയർത്തുന്നതും.

പൂച്ച കുട്ടികൾ ഒരു ഫ്രെമിൽ......, CPMന്റെ പ്രമുഖരായ മൂന്ന് കോഴികൾ..., സാക്ഷാൽ AKGയ്ക്ക് ഈകാഴ്ച കാണാൻ കഴിയാതെപോയി എന്നുള്ളത് മാത്രമാണ് CPMന്റെ ഇന്നത്തെ ഏറ്റവുംവലിയ നഷ്ടം...., അർഹതയ്ക്കുള്ള അംഗീകാരം കിട്ടിയ (മഹത് )വ്യക്തികൾ...! ഇങ്ങനെയെല്ലാം തമാശ കമന്റുകളുമായി ബൽറാമിന്റെ ഫോട്ടോ ആഘോഷമാക്കുകയാണ് സൈബർ പോരാളികളായ കോൺഗ്രസുകാർ. നേരത്തെ എകെജിയുമായി ബന്ധപ്പെട്ട പോസ്റ്റിൽ ബൽറാമിനെ സൈബർ സഖാക്കൾ കടന്നാക്രമിച്ചിരുന്നു. ഈ പോസ്റ്റിലും ഇതിനെ വിമർശന രൂപേണ ചർച്ചയാക്കാൻ സൈബർ ഇടത്തിലെ കോൺഗ്രസുകാർ ശ്രമിക്കുന്നുവെന്നതും ശ്രദ്ധേയമാണ്. ഏതായാലും മീ ടു കാമ്പൈനിൽ സിപിഎം എംഎൽഎ കുടുങ്ങുമ്പോൾ സൈബർ ഇടപെടലിലൂടെ അത് ചർച്ചയാക്കിയുള്ള നേട്ടമാണ് ബൽറാമും ഫാൻസും സോഷ്യൽ മീഡിയയിൽ ലക്ഷ്യമിടുന്നത്. ഇതിനെ പ്രതിരോധിക്കാൻ സൈബർ സഖാക്കൾക്കും കഴിയുന്നില്ല.

ഷൊർണ്ണൂരിൽ വനിതാ ഡിവൈഎഫ് ഐ നേതാവ് നൽകിയ പീഡന പരാതിയിൽ എംഎൽഎ പികെ ശശി കുടുങ്ങിയിരുന്നു. സിപിഎം ഇക്കാര്യത്തിൽ അന്വേഷണം നടത്തുകയാണ്. ശശിയെ കുറ്റക്കാരനെന്ന് അന്വേഷണ സമിതി കണ്ടെത്തിയെങ്കിലും വിശ്വസ്തനായ നേതാവിനെ കൈവിടാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയ്യാറല്ലെന്നാണ് സൂചന. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ശശിക്കൊപ്പമാണ്. അതുകൊണ്ട് തന്നെ അന്വേഷണ സമിതി റിപ്പോർട്ട് ശശിയെ ബാധിക്കില്ലെന്നും സൂചനയുണ്ട്. അതിനിടെ ഒത്തുതീർപ്പിനും ശ്രമം സജീവം. പൊലീസിൽ പരാതി എത്താതെ എല്ലാം ഒതുക്കാനാണ് നീക്കം. ഈ സാഹചര്യത്തിലാണ് മീ ടുവിൽ കുടുങ്ങിയ ശശിയ്‌ക്കൊപ്പം മുകേഷും ശശീന്ദരനും ഉള്ള ചിത്രം ചർച്ചയാകുന്നത്.

ഹണിട്രാപ്പിൽ കുടുങ്ങി രാജിവച്ച മന്ത്രിയാണ് ശശീന്ദ്രൻ. അതിവേഗം മന്ത്രിസഭയിൽ എൻസിപി നേതാവിനെ പിണറായി തിരിച്ചെടുക്കുകയും ചെയ്തു. തേൻ കണിയിൽ ഒത്തുതീർപ്പ് സാധ്യമാക്കിയാണ് ശശീന്ദ്രൻ കേസും നൂലാമാലകളും ഒഴിവാക്കിയത്. പുറത്തു വന്ന പൂച്ചക്കുട്ടി ഓഡിയോയിലെ ശബ്ദ പരിശോധന പോലും പൊലീസ് നടത്തിയില്ല. ഇത് ഏറെ വിവാദമായിരുന്നു. സിപിഎമ്മിന് ശശീന്ദ്രനുള്ള അടുപ്പമായിരുന്നു ഇവിടേയും ചർച്ചയായത്. അതുകൊണ്ട് മാത്രമാണ് കേസിൽ നിന്ന് ശശീന്ദ്രൻ ഊരിയതെന്ന വാദവും സജീവമാണ്. ഇപ്പോഴിതാ മുകേഷും പീഡന സ്വഭാവമുള്ള മീ ടു കാമ്പൈനിൽ കുടങ്ങി. അങ്ങനെ മൂന്ന് പേരേയും ഒറ്റ ഫ്രെയിമിലേക്ക് ഒതുക്കുകയാണ് ബൽറാം. ചിത്രം മാത്രം ധാരാളം,പൂച്ചകുട്ടികൾ വിൽപ്പനക്ക് എന്നാണ് ഇതിന് താഴെയുള്ള ഒരു കമന്റ്. ഒറ്റ ഫ്രെയിമിൽ..... എന്ന് ക്യാപ്ഷൻ ഇട്ടിരുന്നേൽ പൊളിച്ചേനെ എന്നും മൂന്നാളും ഒരു ഫ്രെയിമിൽ എങ്ങിനെ ഒപ്പിച്ചു ബൽറാമേ ??എന്ന ചോദ്യവും കമന്റുകളായെത്തുന്നു.

അതിനിടെ സോളാറിൽ കുടുങ്ങിയ കോൺഗ്രസുകാരുടെ ചിത്രവും വാർത്തയുമെല്ലാം ഇട്ട് പ്രതിരോധിക്കാൻ സൈബർ സഖാക്കളും ഉണ്ട്. എങ്കിലും സജീവമായി സൈബർ സഖാക്കൾ ആരും മീ ടുവിൽ കുടുങ്ങിയ മുകേഷിനേയോ മറ്റ് ആരോപണ വിധേയരേയും രക്ഷിക്കാൻ രംഗത്ത് വരുന്നില്ലെന്നതും ശ്രദ്ധേയമാണ്.