തിരുവനന്തപുരം: പട്ടികജാതി ഫണ്ടു തട്ടിപ്പിൽ വട്ടിയൂർക്കാവ് എംഎൽഎ വികെ പ്രശാന്തിനെതിരെ ഗുരുതര ആരോപണവുമായി ബിജെപി. നേരത്തെ ഡിവൈഎഫ് ഐ നേതാവ് പ്രതിൻ സാജ് കൃഷ്ണയ്‌ക്കെതിരെ ആരോപണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്തു വന്നിരുന്നു. ഇതിന് പിന്നാലെയാണ് പ്രശാന്തിനെതിരെ ഗുരുതര ആരോപങ്ങൾ ഉയരുന്നത്.

കേന്ദ്ര സർക്കാർ കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകുന്ന പട്ടികജാതി ക്ഷേമഫണ്ട് രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് സിപിഎം നേതാക്കൾ തട്ടിയെടുക്കുകയാണെന്ന് കെ.സുരേന്ദ്രൻ ആരോപിച്ചിരുന്നു. തിരുവനന്തപുരത്തെ ഒരു എസ്.സി പ്രമോട്ടറെ സ്വാധീനിച്ച് ഡിവൈഎഫ്ഐ സംസ്ഥാന സമിതി അംഗം ഫണ്ട് തട്ടിയത് ഇതിന്റെ ഉദ്ദാഹരണമാണെന്നും സുരേന്ദ്രൻ പറഞ്ഞിരുന്നു. 2016 മുതലാണ് ഈ തട്ടിപ്പ് വ്യാപകമായത്. സിഇ പ്രമോട്ടർമാരുടെ താത്കാലിക തസ്തികയിലേയ്ക്ക് 2018 ൽ സി പി എം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ തീരുമാന പ്രകാരം നഗരസഭയിൽ ചില സി പി എം ,ഡി വൈ എഫ് ഐ പ്രവർത്തകർ കയറിക്കൂടിയെന്ന് ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വിവി രാജേഷ് ആരോപിക്കുന്നു.

ഇന്നത്തെ വട്ടിയൂർക്കാവ് എം എൽ എ ആയിരുന്നു അന്ന് മേയർ. എസ് സി കുടുംബങ്ങളുടെ പേരിൽ വ്യാജ അപേക്ഷകൾ കൊടുത്ത ശേഷം സി പി എം കാരായ ഉദ്യോഗസ്ഥരുടെയും, ഭരണ നേതൃത്വത്തിന്റെയും സഹായത്തോടെ വിവിധ ആവശ്യങ്ങർക്കായി ലക്ഷക്കണക്കിന് രൂപ അനുവദിക്കുന്നു. നഗരസഭയിൽ നിന്നും, പട്ടികജാതി വകുപ്പിൽ നിന്നും വരുന്ന ശുപാർശ പ്രകാരമാണ് ട്രഷറിയിൽ നിന്ന് പണമനുവദിയ്‌ക്കേണ്ടതെന്നും രാജേഷ് ഫെയ്‌സ് ബുക്ക് പോസ്റ്റിൽ പറയുന്നു. ട്രഷറിയിൽ കൊടുക്കുന്നത് സി പി എം, ഡി വൈ എഫ് ഐ നേതാക്കന്മാരുടെ അക്കൗണ്ട് നമ്പരായിരിക്കും. അക്കൗണ്ട് നമ്പർ പരിശോധിയ്‌ക്കേണ്ട ഉദ്യോഗസ്ഥരുടെ സഹായവും ഇടത് ഉദ്യോഗസ്ഥ സംഘടന വഴി ഇവർക്ക് ലഭിച്ചിരുന്നുവെന്നും രാജേഷ് ആരോപിക്കുന്നു.

രാജേഷിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം

എന്തുകൊണ്ട് പട്ടികജാതി പട്ടികവർഗ്ഗ ജനത ഇന്നും കേരളത്തിൽ നരകയാതനയനുഭവിക്കുന്നു?

കഴിഞ്ഞ ദിവസങ്ങളിൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത തിരുവനന്തപുരം നഗരസഭയിലെ പട്ടികജാതി ക്ഷേമ ഫണ്ട് വെട്ടിപ്പ് കേസൊരുദ്യോഗസ്ഥതലത്തിലെ അഴിമതിയായിരിക്കും എന്നാണ് ആദ്യം കരുതിയത്. എന്നാൽ വാർത്തയുടെയടിസ്ഥാനത്തിൽ അന്വേഷിച്ചപ്പോൾ കേരളത്തെത്തന്നെ നടുക്കുന്ന അഴിമതിയുടെ പ്രഭവകേന്ദ്രമായി തിരു: നഗരസഭ മാറിയെന്ന തെളിവുകൾ ലഭിച്ചത്.പട്ടികജാതി ജനതയ്ക്ക് വിവാഹ, പഠന ആവശ്യങ്ങൾക്ക് നഗരസഭ വഴി ലഭിക്കുന്ന തുക (സൗജന്യം) DYFI നേതാക്കൾ തട്ടിയെടുത്തിരിക്കുന്നു.

2016 മുതലാണ് ഈ തട്ടിപ്പ് വ്യാപകമായത്. SC പ്രമോട്ടർമാരുടെ താത്കാലിക തസ്തികയിലേയ്ക്ക് 2018 ൽ സി പി എം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ തീരുമാന പ്രകാരം നഗരസഭയിൽ ചില സി പി എം ,ഡി വൈ എഫ് ഐ പ്രവർത്തകർ കയറിക്കൂടി .ഇന്നത്തെ വട്ടിയൂർക്കാവ് എം എൽ എ ആയിരുന്നു അന്ന് മേയർ.എസ് സി കുടുംബങ്ങളുടെ പേരിൽ വ്യാജ അപേക്ഷകൾ കൊടുത്ത ശേഷം സി പി എം കാരായ ഉദ്യോഗസ്ഥരുടെയും, ഭരണ നേതൃത്വത്തിന്റെയും സഹായത്തോടെ വിവിധ ആവശ്യങ്ങർക്കായി ലക്ഷക്കണക്കിന് രൂപ അനുവദിക്കുന്നു. നഗരസഭയിൽ നിന്നും, പട്ടികജാതി വകുപ്പിൽ നിന്നും വരുന്ന ശുപാർശ പ്രകാരമാണ് ട്രഷറിയിൽ നിന്ന് പണമനുവദിയ്‌ക്കേണ്ടത് .

ട്രഷറിയിൽ കൊടുക്കുന്നത് സി പി എം, ഡി വൈ എഫ് ഐ നേതാക്കന്മാരുടെ അക്കൗണ്ട് നമ്പരായിരിക്കും. അക്കൗണ്ട് നമ്പർ പരിശോധിയ്‌ക്കേണ്ട ഉദ്യോഗസ്ഥരുടെ സഹായവും ഇടത് ഉദ്യോഗസ്ഥ സംഘടന വഴി ഇവർക്ക് ലഭിച്ചിരുന്നു. അപേക്ഷ SC ക്കാരുടെ പേരിൽ ,പണം വരേണ്ട അക്കൗണ്ട് നമ്പർ സി പി എം, ഡി വൈ എഫ ഐ നേതാക്കന്മാരുടേത് ? സാധാരണക്കാരൻ ഒരു കടലാസുമായി നഗരസഭകളിൽ വന്നാൽ ആട്ടിപ്പായിക്കുന്ന ഉദ്യോഗസ്ഥർ നിമിഷ നേരം കൊണ്ട് ഇത്തരം തട്ടിപ്പ് ഫണ്ടുകൾ പാസാക്കി നല്കുന്നു. ബിജെപി തിരു: ജില്ലാക്കമ്മിറ്റി നടത്തിയ അന്വേഷണത്തിൽ നിന്നും ഇതുവരെയായി തിരു: നഗരസഭയിൽ മാത്രം 40 അക്കൗണ്ടുകളിലായി 39 ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ട്.

ഇപ്പോഴത്തെ വട്ടിയൂർക്കാവ് എം എൽ എ മേയറായിരുന്നപ്പോൾ താത്കാലിക നിയമനം ലഭിച്ച ഈ കേസിലെ ഒരു പ്രധാന പ്രതി ( പാർട്ടി മെമ്പർ) സി പി എം ആക്ടിംങ് സെക്രട്ടറിയെ 2.7.21 ൽ വിവരമറിയിച്ച് സഹായമഭ്യർത്ഥിച്ചു. പണം വന്ന അക്കൗണ്ട് നമ്പരുകൾ സഹിതം ശ്രദ്ധയിൽപ്പെടുത്തിയിട്ടും ഇതുവരെയും പാർട്ടി അനങ്ങിയില്ലെന്ന് മാത്രമല്ല മ്യൂസിയം പൊലീസ് രജിസ്റ്റർ ചെയത 240/21 എന്ന കേസിലെ സി പി എം അനുഭാവികളായ 2 മുതൽ 10 വരെയുള്ള പ്രതികൾക്ക് മുൻകൂർ ജാമ്യം ലഭിക്കുവാനുള്ള നടപടികളാണ് സി പി എം നേതാവായ ഗവൺമെന്റ് വക്കീൽ സ്വീകരിച്ചത്. തട്ടിപ്പ് നടത്തിയ സി പി എം മെമ്പറും, ഡി വൈ എ എഫ് ഐ ബ്ലോക്ക് എക്‌സിക്യൂട്ടീവ് അംഗവുമായ മറ്റൊരു പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ നാളെ വാദം കേൾക്കുകയാണ്, ഇയാളെയും രക്ഷിക്കാനുള്ള ശ്രമം സിപിഎം കേന്ദ്രങ്ങൾ ആരംഭിച്ചു കഴിഞ്ഞു.

1. ഈ ക്രമക്കേടുകൾക്ക് നേതൃത്വം നല്കിയിരിക്കുന്നത് ഡി വൈ എഫ് ഐ സംസ്ഥാന കമ്മിറ്റിയംഗം ഉൾപ്പെടെയുള്ളവർ.
2. പട്ടികജാതിക്കാരുടെ പേരിലുള്ള പണം വന്നിരിക്കുന്നത് ഡി വൈ എഫ് ഐ നേതാവിന്റെ പിതാവിന്റെയും, മാതാവിന്റെയും പേരിലെ അക്കൗണ്ടുകളിൽ.(ഇവർ പട്ടികജാതി വിഭാഗമല്ല)
3. ഇത്തരത്തിലുള്ള തട്ടിപ്പുകൾ വർഷങ്ങളായി നടക്കുന്നു. തിരുവനന്തപുരം നഗരസഭയിൽ മാത്രമല്ല കേരളത്തിൽ എൽ ഡി എഫ് ഭരിക്കുന്ന നൂറുകണക്കിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിയമിക്കപ്പെട്ട താല്ക്കാലിക ജീവനക്കാരെ ഉപയോഗിച്ച് അവശജന വിഭാഗങ്ങൾക്ക് ലഭിയ്‌ക്കേണ്ട കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് ഇന്നും നടന്നു വരുന്നു.
4. ഈ തട്ടിപ്പിൽ ഉൾപ്പെട്ടവരിൽക്കൂടുതലും വട്ടിയൂർക്കാവ് മണ്ഡലത്തിൽ നിന്നുള്ള ഡി വൈ എഫ് ഐ , സി പി എം നേതാക്കൾ. ഇപ്പോഴത്തെ വട്ടിയൂർക്കാവ് എം എൽ എ കോർപ്പറേഷൻ മേയറായിരുന്ന സമയത്ത് താല്ക്കാലിക ജീവനക്കാരായി നിയമിക്കപ്പെട്ടവരാണ് പല പ്രതികളും, ഇനി പ്രതിയാകാനിടയുള്ളവരും, 2019 വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പിൽ ഒഴുകിയ പണവും ,ആൾബലവും ചില സംശയങ്ങൾ ജനിപ്പിക്കുന്നു.

ഇത് തിരുവനന്തപുരത്തവസാനിക്കില്ല. 500 രൂപയുടെ കിറ്റ് നല്കി പാവങ്ങളെ പറ്റിച്ചവർക്കെതിരെ നിയമ ,രാഷ്ട്രീയപ്പോരട്ടങ്ങൾ ഞങ്ങൾ ഇവിടെ ആരംഭിക്കുന്നു.