ഹിസ്ബുൾ മുജാഹിദീൻ കമാൻഡർ ബുർഹാൻ വാനിയെ സൈന്യം കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് കാശ്മീരിൽ പൊട്ടിപ്പുറപ്പെട്ട സംഘർഷം തുടരവെ, ബുർഹാന്റെ പിൻഗാമിയെ ഹിസ്ബുൾ പ്രഖ്യാപിച്ചു. മഹമൂദ് ഗസ്സ്‌നവിയാകും ബുർഹാന്റെ പിൻഗാമിയെന്ന് ഹിസ്ബുൾ സുപ്രീം കമാൻഡർ സയ്യദ് സലാഹുദീൻ പ്രഖ്യാപിച്ചു. പാക് അധിനിവേശ കാശ്മീരിൽ ചേർന്ന കൗൺസിൽ യോഗത്തിലായിരുന്നു പ്രഖ്യാപനം.

ബുർഹാന്റെ ജീവത്യാഗം വെറുതെയാകാൻ അനുവദിക്കില്ലെന്ന് സലാഹുദീൻ പ്രഖ്യാപിച്ചു. ബുർഹാൻ ദൗത്യം പൂർത്തിയാക്കിയെന്നും ബുർഹാനെ സ്മരിക്കാൻ ഇന്ന് പാക് അധിനിവേശ കാശ്മീരിൽ റാലി സംഘടിപ്പിക്കുമെന്നും സലാഹുദീൻ പറഞ്ഞു. യുണൈറ്റഡ് ജിഹാദ് കൗൺസിലും ഹുറിയത്ത് കോൺഫറൻസിലെ സംഘടനകളും ഈ യോഗത്തിൽ പങ്കെടുക്കും.

അതിനിടെ ബുർഹാന്റെ മരണവുമായി ബന്ധപ്പെട്ട സംഘർഷങ്ങളിൽ കാശ്മീരിൽ മരിച്ചവരുടെ എണ്ണം 33 ആയി ഉയർന്നു. ചൊവ്വാഴ്ച പൊലീസ് നടത്തിയ വെടിവെപ്പിൽ 14 പേർക്ക് പരിക്കേറ്റു. ഇതിൽ നാലുപേരുടെ നില ഗുരുതരമായി തുടരുന്നു. കുപ്‌വാര ജില്ലയിലെ ക്രാൽപോരയിൽ പൊലീസ് സ്‌റ്റേഷൻ ആക്രമിച്ച ജനക്കൂട്ടം പൊലീസ് വാഹനത്തിന് തീയിട്ടു. പൊലീസുമായുള്ള ഏറ്റമുട്ടലിൽ പരിക്കേറ്റ ഒരാൾ പിന്നീട് മരിച്ചു.

ബുർഹാൻ വാനിയുടെ നാലാം ഓർമദിനത്തിൽ പങ്കെടുക്കാൻ ആയിരക്കണക്കിനാളുകളാണ് ബുർഹാന്റെ ജന്മഗ്രാമമായ ത്രാലിലേക്ക് എത്തിയത്. ത്രാലിലെ ഈദ്ഗാഹിലേക്ക് പ്രകടനമായെത്തിയ ജനങ്ങൾ വാനിയുടെ ചിത്രം പതിപ്പിച്ച പോസ്റ്ററുകളും പാക്കിസ്ഥാൻ പതാകകളും ഏന്തിയിരുന്നതായും റിപ്പോർട്ടുണ്ട്. ത്രാലിലെത്തിയവർക്ക് അവിടുത്തുകാർ ഭക്ഷണവും മറ്റുമൊരുക്കിയിരുന്നു.

ത്രാലിലെ ബുർഹാന്റെ വീടിന് മുന്നിലും പാക്കിസ്ഥാൻ പതാകകൾ ഉയർത്തിയിട്ടുണ്ടെന്ന് പ്രാദേശിക പത്രപ്രവർത്തകനായ ഷെവ്ക്കത്ത് അഹമ്മദ് പറഞ്ഞു. ദേശത്തിന്റെ അഭിമാനമെന്ന് എഴുതിയ വലിയ ബോർഡുകൾ ബുർഹാന്റെ ഖബറിനോട് ചേർന്ന് സ്ഥാപിച്ചിട്ടുമുണ്ട്.