- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'യുവാക്കളെ തിരഞ്ഞു പിടിച്ച് അറസ്റ്റ് ചെയ്യുന്ന സർക്കാരിന്റെ നടപടിക്കെതിരെ ചുട്ട മറുപടി നൽകണം'; ന്യായമായ കാര്യങ്ങൾക്കായി ശബ്ദമുയർത്തിയില്ലെങ്കിൽ പിന്നെ ജീവിതത്തിന് എന്ത് അർത്ഥമെന്നും ലഖ്ബീർ സിങ്; കർഷക പ്രക്ഷോഭത്തിൽ പങ്കാളികളാകാൻ ആഹ്വാനം ചെയ്ത് ചെങ്കോട്ട സംഭവത്തിലെ പിടികിട്ടാപ്പുള്ളി
ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടർ റാലിക്കിടെ ഉണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഒളിവിൽ കഴിയുന്ന ഗുണ്ടാ നേതാവ് ലഖ്ബീർ സിങ് ഫേസ്‌ബുക്ക് ലൈവിൽ. പഞ്ചാബിൽ നടക്കുന്ന കർഷക റാലിയിൽ പങ്കെടുക്കണമെന്ന് ആഹ്വാനം ചെയ്താണ് ലഖ്ബീർ സിങ് രംഗത്തെത്തിയത്. യുവാക്കളെ തിരഞ്ഞു പിടിച്ച് അറസ്റ്റ് ചെയ്യുന്ന സർക്കാരിന്റെ നടപടിക്കെതിരെ ചുട്ട മറുപടി നൽകണമെന്ന് ഇയാൾ ആഹ്വാനം ചെയ്യുന്നു.
മുഖ്യമന്ത്രി അമരീന്ദർ സിംഗിന്റെ ഗ്രാമമായ ബതിന്ദയിലെ മെഹ്‌രാജിൽ ഫെബ്രുവരി 23 ന് നടക്കുന്ന റാലിയിൽ എല്ലാവരും പങ്കെടുക്കണമെന്ന അഭ്യർത്ഥനയുമായാണ് പിടികിട്ടാപ്പുള്ളിയായ ലഖ്ബീർ സിങ് ഫേസ്‌ബുക്കിൽ പ്രത്യക്ഷപ്പെട്ടത്. 'കഴിഞ്ഞ ഏഴു മാസമായി ഞങ്ങൾ പ്രക്ഷോഭം നടത്തുകയാണ്. ഇപ്പോൾ പ്രതിഷേധം അതിന്റെ ഉച്ചസ്ഥായിയിലാണ്. ഇതുമായി ബന്ധപ്പെട്ട് ഫെബ്രുവരി 23 ന് ബതിന്ദ ജില്ലയിലെ മെഹ്‌രാജ് ഗ്രാമത്തിൽ ഞങ്ങൾ ഒരു വലിയ പരിപാടി നടത്തുന്നു.'ലഖ്ബീർ സിങ് വീഡിയോയിൽ പറയുന്നു.
ന്യായമായ കാര്യങ്ങൾക്കായി ശബ്ദമുയർത്തിയില്ലെങ്കിൽ പിന്നെ ജീവിതത്തിന് എന്ത് അർത്ഥമെന്നാണ് ചോദിക്കുന്നു.ഡൽഹിയിൽ നടന്ന അക്രമവുമായി ബന്ധപ്പെട്ട് പൊലീസിന് ഇതുവരെ ലഖ്ബീർ സിങ് അറസ്റ്റ് ചെയ്യാൻ സാധിച്ചിട്ടില്ല. ഡൽഹി പൊലീസ് ഇയാളെ കാണിച്ചുതരുന്നവർക്ക് പാരിതോഷികം നൽകുമെന്നുവരെ പ്രഖ്യാപിച്ചിരുന്നു. കൊലപാതക ശ്രമം ഉൾപ്പടെയുള്ള വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
ചെങ്കോട്ടയിൽ ഉണ്ടായ അക്രമ സംഭവങ്ങളിൽ ഉൾപ്പെട്ടവരുടെ ഫോട്ടോ ഡൽഹി പൊലീസ് പുറത്തുവിട്ടിരുന്നു. ചെങ്കോട്ട ആക്രമത്തിൽ ഉൾപ്പെട്ട 200 പേരുടെ ഫോട്ടോകൾ ഡൽഹി പൊലീസ് നേരത്തെ പുറത്തുവിട്ടിരുന്നു. അതിന്റെ തുടർച്ചയായാണ് 20 പേരുടെ ഫോട്ടോ കൂടി ഡൽഹി പൊലീസ് പുറത്തുവിട്ടത്. വീഡിയോ ദൃശ്യങ്ങളിൽ നിന്നാണ് പൊലീസ് ഫോട്ടോ തയ്യാറാക്കിയത്. ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജ്ജിതമായി നടക്കുന്നതായി ഡൽഹി പൊലീസ് അറിയിച്ചു.
അതിനിടെ, കർഷക പ്രക്ഷോഭം അവസാനിപ്പിക്കുന്നതിന് പുതിയ നിർദ്ദേശങ്ങൾ മുന്നോട്ട് വെച്ച് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് രംഗത്തെത്തിയിരുന്നു. കാർഷിക നിയമങ്ങൾ നടപ്പാക്കുന്നത് രണ്ട് വർഷത്തേക്ക് നിർത്തിവെക്കണം എന്നാണ് അമരീന്ദർ സിങ് ആവശ്യപ്പെടുന്നത്. മൂന്ന് വർഷത്തേക്ക് നിയമം നടപ്പിലാക്കരുതെന്ന് കർഷകരും ഒന്നര വർഷത്തേക്ക് നടപ്പാക്കാതിരിക്കാം എന്ന് കേന്ദ്ര സർക്കാരും നിലപാടെടുത്തതോടെയാണ് ഒത്തുതീർപ്പ് എന്ന നിലയിൽ അമരീന്ദർ സിങ് രണ്ടു വർഷം കാലാവധി എന്ന ആശയം മുന്നേട്ട് വെച്ചത്. ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം തന്റെ ഒത്തുതീർപ്പ് ഫോർമുല അവതരിപ്പിച്ചത്.
‘എല്ലാ യുദ്ധവും അവസാനിച്ചേ തീരു. രണ്ടാം ലോകമഹായുദ്ധമായാലും ഇവിടെ നടക്കുന്ന കർഷകരുടെ യുദ്ധമായാലും, എല്ലാം എന്നെങ്കിലും അവസാനിച്ചല്ലേ തീരു. പക്ഷെ ആ അവസാനം ചർച്ചകളിലൂടെയായിരിക്കണം. അതല്ലാതെ മറ്റൊരു മാർഗമില്ല,' അമരീന്ദർ സിങ് പറഞ്ഞു. രാഷ്ട്രീയനേതാക്കളെ വേണ്ടെന്നാണ് കർഷക സംഘടനകൾ അറിയിച്ചിട്ടുള്ളത്. അതുകൊണ്ടാണ് അതിൽ നിന്നും മാറിനിൽക്കുന്നത്. ഈ വിഷയവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയെയോ ആഭ്യന്തര മന്ത്രിയെയോ കേന്ദ്ര സർക്കാരിനെയോ കണ്ടിട്ടില്ല. കാർഷിക നിയമങ്ങളിൽ ഭേദഗതി വരുത്തുന്നതിനെ കുറിച്ചും ഒരു നിയമമോ മറ്റോ പിൻവലിക്കുന്നതിനെ കുറിച്ചും ആലോചനകൾ നടക്കുന്നുണ്ടെന്ന് അറിഞ്ഞുവെന്നും അമരീന്ദർ സിങ് പറഞ്ഞു.
ഗ്രെറ്റ ടൂൾകിറ്റ് കേസിലെ പൊലീസിന്റെയും കേന്ദ്രത്തിന്റെയും നടപടികളെ അമരീന്ദർ സിങ് രൂക്ഷമായി വിമർശിച്ചു. കർഷകനേതാക്കളുടെയും കർഷക പ്രതിഷേധത്തെ പിന്തുണച്ച വിദേശീയരും തദ്ദേശീയരുമായ ആക്ടിവിസ്റ്റുകളുടെയും അറസ്റ്റിനെതിരെയാണ് അമരീന്ദർ സിങ് ശബ്ദമുയർത്തിയത്. അറസ്റ്റ് ചെയ്യുന്നത് വഴി കേന്ദ്രം എല്ലാവരെയും പ്രകോപിപ്പിക്കുകയാണെന്നും ടൂൾകിറ്റ് അടക്കമുള്ള കേസുകൾ സാമാന്യ ബുദ്ധിക്ക് നിരക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. ‘അറസ്റ്റ് എന്നാൽ പ്രകോപനമാണ്. സാഹചര്യങ്ങൾ മനസ്സിലാക്കി പ്രവർത്തിക്കാൻ കേന്ദ്ര സർക്കാരിന് കഴിയണം. എന്നാൽ ഇന്ന് അവർ ഈഗോയും കെട്ടിപ്പിടിച്ചിരിക്കുകയാണ്. ആ ചെറിയ സ്വീഡിഷ് പെൺകുട്ടി(ഗ്രെറ്റ് തൻബർഗ്) ഒരു പ്രസ്താവന പറഞ്ഞതിന് നിങ്ങൾ അവളെ തടവിലിടുമെന്ന് പറയുന്നു. എന്ത് ലോജിക്കാണ് അതിലുള്ളത്? ഇപ്പോൾ ദാ ആ കുട്ടികളെ (ദിഷ രവിയടക്കമുള്ളവർ) അറസ്റ്റ് ചെയ്തിരിക്കുന്നു. ഇതിൽ ആർക്ക് എന്ത് പ്രയോജനമാണുണ്ടായത്. വെറും അസംബന്ധമാണിത്. രാജ്യത്തിനകത്തെ കാര്യം പോട്ടെ, ലോകം മുഴുവനും മുന്നിലും ഇന്ത്യ ഇപ്പോൾ നാണം കെട്ടിരിക്കുകയാണ്,'അമരീന്ദർ സിങ് പറഞ്ഞു.
അതേസമയം, സമരം കൂതുതൽ ശക്തമാക്കാനാണ് കർഷക സംഘടനകളുടെ തീരുമാനം. കേരളമടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും മഹാപഞ്ചായത്തുകൾ നടത്താനാണ് കർഷക സംഘടനകളുടെ നീക്കം. ചർച്ച സംബന്ധിച്ച് കേന്ദ്രം ഇതുവരെ നിലപാട് വ്യക്തമാക്കാത്ത സാഹചര്യത്തിൽ സർക്കാരിൽനിന്ന് ഏതെങ്കിലും നീക്കുപോക്കുണ്ടെങ്കിൽ മാത്രം ചർച്ചയ്ക്ക് തയാറായാൽ മതിയെന്നാണ് സംഘടനകളുടെ തീരുമാനം. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഇന്ന് കർഷകരുമായി കൂടിക്കാഴ്ച നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ക്ഷണം ലഭിച്ചിട്ടില്ലെന്നു സംഘടനകൾ വ്യക്തമാക്കി. അതേസമയം, എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി നേതൃത്വം നൽകുന്ന കിസാൻ മഹാപഞ്ചായത്തുകൾ ഉത്തർപ്രദേശിൽ തുടരുകയാണ്.
മറുനാടന് മലയാളി ബ്യൂറോ