തിരുവനന്തപുരം: നഗരത്തിൽ സിനിമാ രംഗങ്ങളെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ കാർ ചേസ്, ഒടുവിൽ അമ്പത് പൊലീസുകാർ ചേർന്ന് പ്രതി ഒളിക്കുന്ന വീടു വളഞ്ഞു.. ഒരു ജനൽചില്ല് തല്ലിപ്പൊട്ടിച്ച് ഒളിഞ്ഞു നോക്കുന്ന പൊലീസുകാരൻ. ഒടുവിൽ എല്ലാവരെയും വെട്ടിച്ച് പ്രതി സമർത്ഥമായി മുങ്ങുന്നു... ഈ രംഗങ്ങളെല്ലാം ചിത്രീകരിക്കാൻ ചാനൽ ക്യാമറകളും. ഒടുവിൽ ചാനൽ ക്യാമറകൾക്ക് മുമ്പിൽ കാര്യങ്ങൾ വിശദീകരിച്ച ഉദ്യോഗസ്ഥൻ പതിയെ പിൻവാങ്ങുന്നു. വീട്ടിൽ നിന്നും രക്ഷപെട്ട പ്രതി നഗരം വിട്ടോ എന്ന് അന്വേഷിക്കാൻ പോലും തയ്യാറാകാതെ പൊലീസിന്റെ നാടകമായിരുന്നു കഴിഞ്ഞ ദിവസം അരങ്ങേറിയത്. റിട്ട. എസ്‌പിയുടെ മകനാണ് ക്രിമിനൽ കേസ് പ്രതിയെന്നതു കൊണ്ട്് തന്നെ പൊലീസ് ആസൂത്രിതമായി നാടകം കളിച്ചാണ് നിഖിലിനെ രക്ഷപെടുത്തിയത്.

അമ്പത് പൊലീസുകാർ പോയിട്ടും ഒരു പ്രതിയെ പിടിക്കാൻ സാധിക്കാത്തത് വകുപ്പിന് മൊത്തത്തിൽ നാണക്കേടായിരുന്നു. ഇതോടെയാണ് പൊലീസ് ഒത്തുകളിച്ചെന്ന ആരോപണം ശക്തമായത്. റിട്ട. എസ്‌പി കെബി ബാലചന്ദ്രൻ തന്നെയാണ് മകന് രക്ഷപെടാൻ വഴിയൊരുക്കിയത്. ഇതിന് കൂട്ടത്തിൽ ചില പൊലീസുകാരും ഒത്താശ ചെയ്‌തെന്നാണ് ആക്ഷേപം. നാല് ക്രിമിനൽ കേസുകളിൽ പ്രതിയാണ് നിഖിൽ.

നിഖിലിനെ പിടിച്ചാൽ അവിടെവച്ചു പിടിച്ചാൽ അക്രമമോ കൊലപാതകമോ വരെ നടന്നേക്കാവുന്ന അവസ്ഥയാണ് ഉണ്ടായിരുന്നതെന്നാണു പ്രതിയെ പിടിക്കാൻ പോയ ഉദ്യോഗസ്ഥർ മേലുദ്യോഗസ്ഥരെ ധരിപ്പിച്ചത്. സേനയ്ക്കാകെ നാണക്കേടുണ്ടാക്കിയ കഥ ഉന്നത ഉദ്യോഗസ്ഥർ വിശ്വസിച്ചിട്ടില്ല. പ്രതിയെ പിടിക്കാൻ പോയ സംഘത്തിലെ ഉദ്യോഗസ്ഥരെയാകെ മാറ്റി പുതിയ സംഘത്തെ സിറ്റി പൊലീസ് കമ്മിഷണർ നിയോഗിച്ചു. പുതിയ കമ്മീഷണർ ചാർജ്ജെടുത്തതോടെയാണ് നിഖിലിനെതിരെ കർശന നടപടി ഉണ്ടായത്.

മ്യൂസിയം സ്റ്റേഷനിലെ മൂന്നു കേസുകളിലും മെഡിക്കൽ കോളജ് സ്റ്റേഷനിലെ ഒരു കേസിലും നിഖിൽ പ്രതിയാണ്. ഇയാളെ പിടികൂടാതെ വിടുന്നതായിരുന്നു പൊലീസിന്റെ ഇതുവരെയുള്ള പരിപാടി. പ്രതിക്കെതിരെ മറ്റു പലരും നേരത്തെ പേരൂർക്കട സ്റ്റേഷനിൽ പരാതി നൽകിയിരുന്നെങ്കിലും ഒന്നിലും കേസ് രജിസ്റ്റർ ചെയ്യാതെ പരാതിക്കാരെ പിന്തിരിപ്പിക്കുന്നതായിരുന്നു സ്റ്റേഷനിലെ രീതി. എന്നാൽ കമ്മിഷണർ ശക്തമായ നിർദ്ദേശം നൽകിയതോടെ ഞായറാഴ്ച പ്രതിയെ പിടിക്കാൻ മ്യൂസിയം എസ്‌ഐ: ശ്രീകാന്തിന്റെ നേതൃത്വത്തിലുള്ള സംഘം തീരുമാനിക്കുകയായിരുന്നു.

കേശവദാസപുരം മുതൽ പ്രതിയുടെ കാറിനെ പൊലീസ് പിന്തുടർന്നു. ഇതിനിടെ വഴിയിൽ കണ്ട വാഹനങ്ങൾ ഇടിച്ചു തെറിപ്പിച്ചു പ്രതി മുന്നേറിയതോടെ വയർലസ് സന്ദേശവും നൽകി. എന്നിട്ടും പൊലീസിനു പിടിക്കാനായില്ല. കാർ വഴിയിൽ ഉപേക്ഷിച്ചു വീട്ടിലേക്കു കടന്നുവെന്നാണു പൊലീസ് പറയുന്നത്. ഒടുവിൽ നിഖിൽ സുഖമായി വീട്ടിലെത്തിയതോടെ ഇയാളെ പിടിക്കാൻ കന്റോൺമെന്റ് എസി: സുരേഷ് കുമാർ, പേരൂർക്കട സിഐ: സുരേഷ് ബാബു, എസ്‌ഐ: സൈജുനാഥ് എന്നിവരുടെ നേതൃത്വത്തിൽ ഇരുപതോളം പൊലീസുകാർ മ്യൂസിയം, പേരൂർക്കട സ്റ്റേഷനുകളിൽ നിന്നെത്തി.

ഇതിനിടെ പ്രതി ജനാലച്ചില്ല് പൊട്ടിച്ചെന്നും വാളെടുത്തു ഭീഷണിപ്പെടുത്തിയെന്നും പൊലീസ് പറയുന്നു. മാത്രമല്ല, പ്രതിയെ അറസ്റ്റ് ചെയ്താൽ തങ്ങൾ ആത്മഹത്യ ചെയ്യുമെന്നു വീട്ടിലുള്ള ബന്ധുക്കളും ഭീഷണിപ്പെടുത്തി. എന്നാൽ മണിക്കൂറിലേറെ പിന്തടുർന്നു കണ്ടെത്തിയ പ്രതിയെ പിടിക്കാൻ ഒരു മുൻകരുതലും ഇല്ലാതെ കയ്യുംവീശിയാണു റിട്ട. എസ്‌പിയുടെ വീട്ടിൽ പൊലീസുകാർ പാഞ്ഞെത്തിയത്. വാളെടുത്തു വീശിയാലോ എന്തെങ്കിലുമെടുത്ത് എറിഞ്ഞാലോ തടുക്കാൻ ഒരു ഷീൽഡ് പോലും ആരുടെയും കയ്യിലില്ലായിരുന്നുവെന്നു സ്‌പെഷൽ ബ്രാഞ്ച് അധികൃതർ പറഞ്ഞു.

ഇതിനിടെ ബാലചന്ദ്രൻ ഇടപെട്ട് അഭിഭാഷകനുമായി സംസാരിച്ച ശേഷം കീഴടങ്ങാമെന്ന് അറിയിച്ചത്രെ. ആ സമയം വീടിന്റെ പിൻഭാഗത്തും വശങ്ങളിലും പൊലീസ് നിരീക്ഷണമുണ്ടായിരുന്നു. എന്നാൽ തങ്ങൾ ബന്ധുക്കളുമായി സംസാരിക്കുന്നതിനിടെ പ്രതി വെന്റിലേറ്ററിന്റെ കമ്പി വളച്ചു രക്ഷപ്പെട്ടുവെന്ന കഥയാണു പൊലീസ് പറയുന്നത്. എന്നാൽ, റിട്ട. എസ്‌പിയുടെ മകനെ വീട്ടിൽ കയറി അറസ്റ്റ് ചെയ്യുന്നത് ഒഴിവാക്കാൻ പിടിക്കാൻ പോയ സംഘത്തിലെ ഉദ്യോഗസ്ഥരെ പല ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരും ബന്ധപ്പെട്ടിരുന്നതായി സംഘത്തിലുള്ളവർ സമ്മതിച്ചു. ഇവരുടെ ഇടപെടൽമൂലം സഹികെട്ടാണു പ്രതിക്കു വേണ്ടി സംഘം കണ്ണടച്ചത്. ഇക്കാര്യം സ്‌പെഷൽ ബ്രാഞ്ചും സ്ഥിരീകരിച്ചിട്ടുണ്ട്. ഒരു സാധാരണക്കാരനായിരുന്നു കേസിലെ പ്രതിയെങ്കിൽ ഒരിക്കലും രക്ഷപ്പെടില്ലായിരുന്നു.

അതിനിടെ പ്രതിയെ മൂന്ന് ദിവസത്തിനകം പിടികൂടുമെന്നാണ് സിറ്റി പൊലീസ് കമ്മിഷണർ എച്ച്. വെങ്കിടേഷ് പറഞ്ഞത്. ഇതിനായി കൺട്രോൾ റൂം എസി പ്രമോദിന്റെ നേതൃത്വത്തിൽ കമ്മിഷണറുടെ സ്‌ക്വാഡിൽപ്പെട്ട പൊലീസുകാരെ ഉൾപ്പെടുത്തി പുതിയ സംഘം രൂപീകരിച്ചു. ഇയാളെ ഗുണ്ടാവിരുദ്ധ നിയമപ്രകാരം ആറു മാസത്തേക്കു കരുതൽ തടങ്കലിൽ ആക്കാനും നിർദേശിച്ചിട്ടുണ്ട്. നിഖിൽ ബംഗളുരുവിലേക്ക് കടന്നതായി പ്രത്യേകസംഘം പറഞ്ഞു. നാലുസംഘങ്ങളായി തിരിഞ്ഞാണ് നിഖിലിനുവേണ്ടി തിരിച്ചിൽ ആരംഭിച്ചിരിക്കുന്നത്. ഇയാളുടെ മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. നിഖിലുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നെയ്യാറ്റിൻകരയിലെ ബന്ധുവീട്ടിൽ പൊലീസ് തെരച്ചിൽ നടത്തി.

അതേസമയം എന്റെ മകൻ മാവോയിസ്റ്റല്ല, തീവ്രവാദിയല്ല. അവൻ ആരെയും ഉപദ്രവിച്ചിട്ടില്ല. നിരപരാധിയായ നിഖിലിനെ കള്ളക്കേസിൽ കുടുക്കി പൊലീസ് അറസ്റ്റ് ചെയ്യാൻ ശ്രമിക്കുകയാണ് മുൻ എസ്‌പി: കെ.ബി. ബാലചന്ദ്രൻ പറഞ്ഞു. വീട്ടിലെ ഷോ കേസിലിരുന്ന ഫാൻസി വാളാണ് കൊലക്കത്തിയായി പൊലീസ് മാദ്ധ്യമങ്ങളുടെ മുന്നിൽ പ്രദർശിപ്പിച്ചത്. എൻജിനീയറിങ് വിദ്യാർത്ഥിയായ എന്റെ മകളെ പൊലീസ് അറസ്റ്റ് ചെയ്തു. അവൾ ചെയ്ത തെറ്റെന്താണെന്നു അറസ്റ്റ് ചെയ്തവർക്കു പോലും അറിയില്ല. നിഖിൽ ഒളിവിൽ താമസിക്കുന്നുവെന്നാരോപിച്ച് ഒരു സംഘം പൊലീസുകാർ വീട്ടിലെത്തുകയായിരുന്നു. മകൻ അകത്തില്ലെന്നു പറഞ്ഞിട്ടും അവർ വിശ്വസിച്ചില്ല ബാലചന്ദ്രന്റെ ഭാര്യ ഷൈലജ ഡി.ജി.പി: ടി.പി. സെൻകുമാറിനു നൽകിയ പരാതിയിൽ പറയുന്നു.

മകൻ കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ പൊലീസിന്റെ മുന്നിൽ എത്തിക്കാനുള്ള ധൈര്യമുണ്ട്. തന്നെയും മകളെയും പൊലീസുകാർ ഉപദ്രവിക്കുമെന്നുള്ള ഭയംമൂത്താണ് വീടിനുള്ളിൽതന്നെ ഇരുന്നത്. ഇതിനിടയിൽ ചില പൊലീസുകാർ വീടിന്റെ വെന്റിലേറ്ററും ജനലുകളും അടിച്ചുതകർത്തു. മകനില്ലെന്നു പറഞ്ഞിട്ടും വീടിനകത്തുകയറിയ അവർ ചുവർ അലമാരയിൽ സൂട്ട്‌കേസിൽ സൂക്ഷിച്ചിരുന്ന രണ്ടുപവന്റെ സ്വർണ മുത്തുമാല എടുത്തുകൊണ്ടുപോയി. തങ്ങൾക്കെതിരെ എടുത്ത കള്ളക്കേസ് പിൻവലിക്കണമെന്നും അവർ ഡി.ജി.പിക്കു നൽകിയ പരാതിയിൽ പറയുന്നു. തുടർന്ന് സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കമ്മിഷണർ സ്പർജൻ കുമാറിനു ഡി.ജി.പി. നിർദ്ദേശം നൽകി.