കോഴിക്കോട്: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിക്ക് ജോലി മുസ്ലിംലീഗ് ഓഫീസിലെന്ന ഞെട്ടിപ്പിക്കുന്ന വാർത്ത പുറത്തുവന്നിട്ടും മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളൊന്നും ഇതുവരെയും ഇക്കാര്യത്തിൽ യാതൊരു പ്രതിഷേധവും ഉയർത്തിയിട്ടില്ല. ഐ എൻ എൽ മാത്രമാണ് ഈ വിഷയത്തിൽ പ്രക്ഷോഭം നടത്തുമെന്ന് വ്യക്തമാക്കിയിട്ടുള്ളത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി എം വി സിദ്ദീഖ് ജോലി ചെയ്യുന്നത് മുസ്ലിം ലീഗിന്റെ സംസ്ഥാന കമ്മിറ്റി ഓഫീസിലാണെന്ന കണ്ടെത്തൽ അങ്ങേയറ്റം നടുക്കം ഉളവാക്കുന്നതാണെന്ന് ഐ എൻ എൽ സംസ്ഥാന പ്രസിഡന്റ് പ്രൊഫ. എ പി അബ്ദുൾ വഹാബ്, ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ തുടങ്ങിയവർ പറഞ്ഞു.

രാഷ്ട്രീയ ധാർമ്മികത തൊട്ടുതീണ്ടാത്ത ചെന്നിത്തലയ്ക്ക് ഒരു ദിവസം പോലും പ്രതിപക്ഷ നേതാവിന്റെ കസേരയിൽ ഇരിക്കാൻ അർഹതയില്ല. കോഴിക്കോട് ഗവ. മോഡൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ നിന്ന് എഴുപത്തി അയ്യായിരം രൂപ ശമ്പളത്തിൽ ഡെപ്യൂട്ടേഷനിൽ പോയ ഒരു അദ്ധ്യാപകനെ ലീഗ് നേതാക്കൾക്ക് പാദസേവ ചെയ്യാൻ വിട്ടുകൊടുത്തത് പ്രബുദ്ധ കേരളത്തിന് തന്നെ നാണക്കേടാണെന്ന് നേതാക്കൾ പറയുന്നു.

ബന്ധു നിയമന വിവാദത്തിൽ മന്ത്രി കെ ടി ജലീലിനെയും ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ ചെയർമാൻ എ.പി അബ്ദുൾ വഹാബിനെയും മുസ്ലിം ലീഗ് നേരത്തെ പ്രതിസന്ധിയിലാക്കിയിരുന്നു. ഇത്തരമൊരു സാഹചര്യത്തിൽ മുസ്ലീ ലീഗിനെതിരെ ശക്തമായ ആരോപണങ്ങളുമായാണ് ഐഎൻഎല്ലിന്റെയും വരവ്. യുഡിഎഫ് സർക്കാറിന്റെ കാലത്ത് പുനഃസംഘടിപ്പിക്കപ്പട്ട സംസ്ഥാന വഖഫ് ബോർഡിന്റെ അംഗത്വവുമായി ബന്ധപ്പെട്ട് വൻ അട്ടിമറി നടന്നതായും ഐ എൻ എൽ നേതാക്കളായ എം കെ അബ്ദുൾ അസീസ്, സി പി നാസർ കോയ തങ്ങൾ തുടങ്ങിയവർ ആരോപിച്ചു.

സർക്കാറിനോട് അടുപ്പമുള്ളവരെ തിരുകിക്കയറ്റാൻ അംഗത്വ മാനദണ്ഡങ്ങളിൽ അട്ടിമറി നടത്തിയതായിട്ടാണ് മനസ്സിലാവുന്നത്. നിലവിൽ വഖഫ് ബോർഡ് ചെയർമാനായ റഷീദലി ശിഹാബ് തങ്ങളെയും അംഗമായ ടി പി അബ്ദുള്ളക്കോയ മദനിയെയും ഷിയ, സുന്നി വിഭാഗങ്ങൾക്കുള്ള സംവരണ കാറ്റഗറിയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവരിൽ ആരാണ് സുന്നിയെന്നും ആരാണ് ഷിയയെന്നും ഇതുവരെ വ്യക്തമാക്കപ്പെട്ടിട്ടില്ല. ഏത് കാറ്റഗറിയിലാണുൾപ്പെട്ടതെന്ന് വ്യക്തമാക്കുന്ന സത്യവാങ്മൂലം അംഗങ്ങളിൽ നിന്ന് വാങ്ങണമെന്ന നിബന്ധനയുണ്ടെങ്കിലും അന്നത്തെ സർക്കാർ അതും പാലിച്ചിട്ടില്ല. നിശ്ചിത സമയത്തിനകം സത്യവാങ്മൂലം സമർപ്പിക്കാത്തവരുടെ അംഗത്വം അസാധുവാകുമെന്നിരിക്കെ ഗുരുതരമായ വീഴ്ചയാണ് സർക്കാറിന്റെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്. പാണക്കാട് കൊടപ്പനക്കൽ കുടുംബത്തിലെ ഒരംഗത്വത്തെ ഷിയാ വിഭാഗത്തിനായി മാറ്റിവെക്കപ്പെട്ട ക്വാട്ടയിൽ ഉൾപ്പെടുത്തേണ്ട യാതൊരു ആവശ്യവുമില്ലെന്നിരിക്കെ ഇത് അംഗത്വ മാനദണ്ഡത്തിൽ നടത്തിയ വൻ തിരിമറിയും ഭൂരിപക്ഷം വരുന്ന സുന്നി വിശ്വാസ സമൂഹത്തോടും പാണക്കാട് കുടുംബത്തോടും കാണിച്ച കടുത്ത വഞ്ചനയുമാണ്. ഇതല്ല അബ്ദുള്ളക്കോയ മദനിയെയാണ് ഷിയാ വിഭാഗത്തിൽ ഉൾപ്പെടുത്തിയതെങ്കിൽ അബ്ദുള്ളക്കോയ മദനി ഷിയാ വിഭാഗത്തിൽ നിന്നാണോ വരുന്നതെന്ന് മുജാഹിദുകളും വ്യക്തമാക്കണം. അന്നത്തെ വഖഫ് കാര്യ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുടെ കാർമ്മികത്വത്തിലാണ് ഇതെല്ലാം നടന്നതെന്നിരിക്കെ സർക്കാറിന്റെ അറിവോടും അനുമതിയോടും കൂടിയാണോ ഇത് സംഭവിച്ചതെന്ന് യു ഡി എഫ് സർക്കാറിനെ നയിച്ച അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വ്യക്തമാക്കണമെന്ന് ഐ എൻ എൽ നേതാക്കളായ സി പി നാസർ കോയ തങ്ങൾ, എം കെ അബ്ദുൾ അസീസ് എന്നിവർ പറഞ്ഞു.

അനർഹമായ പോസ്റ്റിൽ കടന്നുകൂടിയ റഷീദലി ശിഹാബ് തങ്ങൾ നിരവധി ആനുകൂല്യങ്ങൾ ഇതിനകം കൈപ്പറ്റിക്കഴിഞ്ഞിട്ടുണ്ട്. സ്ഥാനം രാജിവെച്ചൊഴിയാൻ അദ്ദേഹം മാന്യത കാട്ടണമെന്നും ഐ എൻ എൽ നേതാക്കൾ പറയുന്നു. ഇതേ സമയം സംവരണം അട്ടിമറിക്കപ്പെട്ടിട്ടില്ലെന്ന് മുസ്ലിം ലീഗ് നേതാക്കൾ പറയുന്നു. ഷിയാ, സുന്നി ഇസ്ലാമിക ദൈവശാസ്ത്രത്തിൽ അംഗീകൃത പാണ്ഡിത്യമുള്ള മുസ്ലിം പണ്ഡിതൻ എന്ന് മാത്രമെ ഉത്തരവിൽ പറയുന്നുള്ളു. അല്ലാതെ ഷിയ വിഭാഗത്തിനുള്ള സംവരണ കാറ്റഗറിയല്ല അതെന്നും അവർ വ്യക്തമാക്കുന്നു. ഏതായാലും മുസ്ലിം ലീഗിനെതിരെ നിരന്തരം ആരോപണങ്ങളുമായി മുന്നോട്ട് വരികയാണ് ഐ എൻ എൽ. എന്നാൽ നേരത്തെ വന്ന പ്രതിപക്ഷ നേതാവിന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയെക്കുറിച്ചുള്ള ആരോപണം പോലും കാര്യമായി ചർച്ച ചെയ്യപ്പെടാത്തതിൽ ഐ എൻ എൽ നേതാക്കൾ നിരാശരാണ്.

രേഖകൾ പ്രകാരം സിദ്ദിഖ് പ്രതിപക്ഷ നേതാവിന്റെ തിരുവനന്തപുരത്തെ ഓഫീസിലാണ് ജോലി ചെയ്യുന്നത്. പ്രതിപക്ഷ നേതാവ് തിരുവനന്തപുരത്തുള്ള ദിവസങ്ങളിൽ സിദ്ദിഖ് അദ്ദേഹത്തിന്റെ ഓഫീസിലോ സഭാ പരിസരത്തോ ഉണ്ടാകണം എന്നാണ് നിബന്ധന. എന്നാൽ രമേശ് ചെന്നിത്തല തിരുവനന്തപുരത്തുള്ള സമയങ്ങളിലെല്ലാം സിദ്ദിഖുള്ളത് കോഴിക്കോട് ലീഗ് ഹൗസിലാണ്. യുഡിഎഫ് സർക്കാരിന്റെ കാലത്ത് മന്ത്രിയുടെ സ്റ്റാഫിലുണ്ടായിരുന്ന സിദ്ദീഖ് ഭരണം മാറിയപ്പോഴും ഡെപ്യൂട്ടേഷനിൽ തുടരുകയായിരുന്നു.
ഈ വിഷയത്തിലും പുതുതായി ഉയർത്തിക്കൊണ്ടുവന്ന വഖഫ് ബോർഡ് വിഷയത്തിലും പ്രതിഷേധം ശക്തമാക്കാൻ തന്നെയാണ് ഐ എൻ എൽ തീരുമാനം.