ന്യൂയോർക്ക്: ബ്രിട്ടനിൽ കഴിഞ്ഞിരുന്ന മുൻ റഷ്യൻ ചാരനെതിരെ രാസായുധം പ്രയോഗിച്ച സംഭവവുമായി ബന്ധപ്പെട്ടു റഷ്യയ്‌ക്കെതിരെ യുഎസിന്റെയും സഖ്യകക്ഷികളുടെയും സംഘടിത നീക്കത്തിനെ ചെറുക്കാനുറച്ച് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുട്ടിൻ. അമേരിക്ക അടക്കമുള്ള വമ്പൻ രാജ്യങ്ങൾക്ക് പണി കൊടുക്കുമെന്നാണ് പുട്ടിന്റെ പ്രഖ്യാപനം. ഇതിനെ എന്തുവില കൊടുത്തും ചെറുക്കുമെന്ന് പശ്ചാത്യരാജ്യങ്ങളും പറയുന്നു. നേരത്തെ സിറിയയിലും മറ്റും അമേരിക്കയും റഷ്യയും രണ്ടു വഴിക്ക് നീങ്ങിയത് ലോകത്തെ ആശങ്കയിലാക്കിയിരുന്നു. പശ്ചിമേഷ്യയിലെ സംഘർഷം യുദ്ധസമാനമായ സഹാചര്യമുണ്ടാക്കുമെന്ന വിലയിരുത്തലുമുണ്ടായി. ഈ സാധ്യതയാണ് വീണ്ടുമെത്തുന്നത്. റഷ്യയ്‌ക്കെതിരെ പശ്ചാത്യരാജ്യങ്ങളെടുക്കുന്ന നടപടി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് കാര്യങ്ങളെത്തിക്കുമെന്നാണ് വിലയിരുത്തൽ.

ബ്രിട്ടനിൽ റഷ്യൻ ചാരൻ ആക്രമിക്കപ്പെട്ട സംഭവത്തിൽ യൂറോപ്യൻ യൂണിയനും ബ്രിട്ടനും നിലവിൽ റഷ്യയുമായി ശീതസമരത്തിലാണ്. ഇതിന്റെ തുടർച്ചയാണു യുഎസിന്റെ നടപടിയും. നേരത്തെ, യൂറോപ്യൻ യൂണിയനിൽ അംഗങ്ങളായ 14 രാജ്യങ്ങൾ ചേർന്നു മുപ്പതിലധികം റഷ്യൻ നയതന്ത്രജ്ഞരെ പുറത്താക്കി. ഇതിന് പിന്നാലെ യു.എൻ. ആസ്ഥാനത്തേക്കു നിയോഗിച്ച 12 ഉദ്യോഗസ്ഥർ അടക്കം 60 റഷ്യൻ നയതന്ത്ര ഉദ്യോഗസ്ഥരെയാണു അമേരിക്ക പുറത്താക്കുന്നത്. പുറത്താക്കപ്പെട്ട ഉദ്യോഗസ്ഥർക്കു രാജ്യം വിടാൻ ഏഴു ദിവസത്തെ സാവകാശം അനുവദിച്ചിട്ടുണ്ട്. അതേസമയം, പുറത്താക്കപ്പെട്ടവരുടെ പേരുവിവരങ്ങൾ യു.എസ്. രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്. സിയാറ്റിലിലെ റഷ്യൻ കോൺസുലേറ്റ് ഏപ്രിൽ രണ്ടിനകം പൂട്ടാൻ അമേരിക്ക നിർദ്ദേശിച്ചു. അമേരിക്കയ്ക്കു പിന്നാലെ ബ്രിട്ടന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് 19 രാജ്യങ്ങളും നയതന്ത്രജ്ഞരെ പുറത്താക്കി. യൂറാപ്യൻ യൂണിയനും അംബാസഡർമാരെ പിൻവലിച്ചു.

കാനഡ, യുക്രൈൻ, ലിത്വാനിയ തുടങ്ങിയ രാജ്യങ്ങളും റഷ്യക്കെതിരേ രംഗത്തുണ്ട്. തക്കസമയത്ത് മറുപടി നൽകുമെന്നു റഷ്യ പ്രതികരിച്ചു. റഷ്യ- അമേരിക്ക ബന്ധത്തിൽ ആഴമേറിയ വിള്ളൽ വീണതായി അമേരിക്കയിലെ റഷ്യൻ അംബാസഡർ സെർജി കിസ്ലക് വ്യക്തമാക്കി. നയതന്ത്ര പരിരക്ഷയുടെ തണലിൽ യു.എസിൽ ചാരവൃത്തിയിൽ ഏർപ്പെട്ടിരുന്നവരാണു പുറത്താക്കപ്പെട്ട 60 റഷ്യൻ ഉദ്യോഗസ്ഥരുമെന്ന് വൈറ്റ് ഹൗസ് സെക്രട്ടറി സാറ സാൻഡേഴ്സ് അറിയിച്ചു. റഷ്യക്കെതിരായ നടപടികളുടെ തുടക്കം മാത്രമാണിതെന്ന് അമേരിക്കയുടെ യു.എൻ. അംബാസഡർ നിക്കി ഹാലി പറഞ്ഞു. സിറിയയിലെ അക്രമം, യുക്രൈനിലെ നിയമവിരുദ്ധ പ്രവർത്തനം, സഖ്യരാജ്യങ്ങൾക്കെതിരേ അതിർത്തിയിൽ ഉയർത്തുന്ന ഭീഷണി എന്നിവയ്ക്കെതിരേ കടുത്ത നടപടിയുണ്ടാകുമെന്ന് അവർ മുന്നറിയിപ്പു നൽകി. ഇതെല്ലാം മൂന്നാം ലോകമഹായുദ്ധത്തിലേക്ക് കാര്യങ്ങളെത്തുന്നതിന്റെ സൂചനയായി വിലയിരുത്തപ്പെടുന്നു. റഷ്യയ്‌ക്കൊപ്പം ചൈനയും അമേരിക്കൻ വിരുദ്ധ ചേരിയിൽ നിലയുറപ്പിക്കുമെന്നാണ് വിലയിരുത്തൽ.

ദക്ഷിണ ഇംഗ്ലണ്ടിലെ സോൾസ്ബ്രിയിൽ മുൻ റഷ്യൻ ചാരൻ സെർഗെയ് സ്‌ക്രീപലിനും മകൾ യൂലിയയ്ക്കുമെതിരെയുണ്ടായ വധശ്രമത്തിൽ പങ്കില്ലെന്നാണു റഷ്യയുടെ നിലപാട്. സാലിസ്‌ബറി ജില്ലാ ആശുപത്രിയിൽ കഴിയുന്ന ഇരുവരും ഇതുവരെ ബോധം വീണ്ടെടുത്തിട്ടില്ല. ചാരവൃത്തിയുടെ പേരിൽ സ്‌ക്രീപൽ റഷ്യയിൽ തടവുശിക്ഷ അനുഭവിച്ചിരുന്നു. ഇദ്ദേഹം റഷ്യൻ പൗരനുമാണ്. എന്നാൽ നിരോധിത രാസായുധം പ്രയോഗിച്ചതിനു പിന്നിൽ റഷ്യയായിരിക്കാനാണു സാധ്യതയെന്ന് കഴിഞ്ഞയാഴ്ച ചേർന്ന 14 യൂറോപ്യൻ യൂണിയൻ വിദേശകാര്യമന്ത്രിമാരുടെ യോഗം അഭിപ്രായപ്പെട്ടിരുന്നു. തുടർന്നാണു ബ്രിട്ടനുള്ള പിന്തുണയായി നയതന്ത്രപ്രതിനിധികളെ പുറത്താക്കൽ. 60 റഷ്യൻ നയതന്ത്രജ്ഞരെ പുറത്താക്കിയ യുഎസ് നടപടി ശീതയുദ്ധകാലത്തിനുശേഷം റഷ്യയ്‌ക്കെതിരെ നടക്കുന്ന ഏറ്റവും വലിയ നീക്കമാണ്.

മുൻ ചാരനെതിരെ ആക്രമണം നടത്തിയതു റഷ്യയാണെന്നു ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ബോറീസ് ജോൺസൺ ആരോപിച്ചതോടെയാണു തർക്കങ്ങൾക്കു തുടക്കം. സ്‌ക്രിപലിന്റെ മകൾ യൂലിയയ്ക്കു റഷ്യൻ ഉദ്യോഗസ്ഥനുമായുള്ള ബന്ധം പുറത്തുവിട്ടാണു റഷ്യയെ ലോകത്തിനു മുന്നിൽ പ്രതിക്കൂട്ടിലാക്കാൻ ബ്രിട്ടൻ നീക്കം നടത്തിയത്. വിഷം ഇയാൾ നൽകിയതാണെന്നും അതു റഷ്യയിൽ തയാറാക്കിയതാണെന്നും ആരോപണം ഉയർന്നു. 18 രാജ്യങ്ങളുടെ പിന്തുണ തങ്ങൾക്കു ലഭിച്ചതായി പ്രധാനമന്ത്രി തെരേസാ മെയ്‌ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് അമേരിക്കൻ നടപടിയെത്തിയത്. വ്ളാഡിമിർ പുടിനുമായും റഷ്യയുമായും അടുത്ത ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന വ്യക്തിയായ ഡോണൾഡ് ട്രംപ്, പ്രസിഡന്റായി സ്ഥാനമേറ്റശേഷം റഷ്യയ്ക്കെതിരെ സ്വീകരിക്കുന്ന ഏറ്റവും കടുത്ത നടപടിയാണ് ഇത്. റഷ്യൻ പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട പുടിനെ കഴിഞ്ഞയാഴ്ച ഫോണിൽ വിളിച്ച ട്രംപ് അഭിനന്ദനം അറിയിച്ചിരുന്നു.

മാർച്ച് നാലിനാണ് സെർഗെയേയും റഷ്യയിൽനിന്നെത്തിയ മകൾ യൂലിയയെയും ബ്രിട്ടനിലെ സാലിസ്‌ബറിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. നോവിചോക്ക് എന്ന രാസവസ്തുവാണ് ഇവർക്കുമേൽ പ്രയോഗിച്ചത്. റഷ്യൻ നിർമ്മിത രാസവസ്തുവാണിത്. ഇതുപ്രയോഗിച്ചത് റഷ്യയാണെന്നാണ് ബ്രിട്ടന്റെ ആരോപണം. എന്നാൽ, റഷ്യൻ പൗരയായ യൂലിയയെ കൊലപ്പെടുത്താൻ ശ്രമിച്ചുവെന്ന് പറഞ്ഞ് റഷ്യ വെള്ളിയാഴ്ച അന്വേഷണം തുടങ്ങി. അതിനുപിന്നാലെയാണ് നയതന്ത്രജ്ഞരെ പുറത്താക്കിയത്. ബ്രിട്ടന്റെ പ്രകോപനത്തിനുള്ള മറുപടിയാണിതെന്ന് റഷ്യൻ വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

ബ്രിട്ടൻ സ്വീകരിച്ചതിനെക്കാൾ കടുത്തതാണ് തങ്ങളുടെ നടപടിയെന്ന് റഷ്യ സമ്മതിച്ചു. എന്നാൽ, ബ്രിട്ടൻ അത് അർഹിക്കുന്നുവെന്ന് വിദേശകാര്യമന്ത്രാലയം പറഞ്ഞു. സൗഹൃദത്തിന് നിരക്കാത്ത നടപടികൾ ബ്രിട്ടനിൽനിന്ന് ഇനിയുമുണ്ടായാൽ അതിന് മറുപടിനൽകാൻ റഷ്യ മടിക്കില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.