ഷ്യൻ പ്രസിഡന്റ് വ്ളാദിമെർ പുട്ടിൻ കഴിഞ്ഞ ദിവസങ്ങളിൽ ബ്രിട്ടന് നേരെ നടത്തിയ പ്രകോപനപരമായ നീക്കങ്ങൾക്ക് അതേ നാണയത്തിൽ തിരിച്ചടി നൽകാനെന്നോണം ബ്രിട്ടനും രണ്ടും കൽപിച്ച് മുന്നിട്ടിറങ്ങിയെന്നാണ് പുതിയ റിപ്പോർട്ട്. ഇതിന്റെ ഭാഗമായി ബ്രിട്ടീഷ് പട്ടാളം എസ്റ്റോണിയൻ അതിർത്തിയിലേക്ക് സർവ സന്നാഹങ്ങളുമായി നീങ്ങിത്തുടങ്ങിയിട്ടുണ്ട്. ഇതിന് പുറമെ റഷ്യയെ ലക്ഷ്യം വച്ച് വമ്പൻ ആയുധ ശേഖരങ്ങളും യുദ്ധവിമാനങ്ങളും ബ്രിട്ടൻ വിന്യസിച്ചിട്ടുമുണ്ട്. സമീപദിവസങ്ങളിലായി സിറിയയിലേക്ക് പോകുന്ന വമ്പൻ കപ്പൽപ്പട ബ്രിട്ടൻ സമുദ്രാർത്തിയിലൂടെ കടുത്ത പ്രകോപനമുയർക്കൊണ്ടായിരുന്നു കടന്ന് പോയിരുന്നത്. ഇതിന് പുറമെ റഷ്യൻ വിമാനങ്ങൾ രണ്ട് പ്രാവശ്യം യുകെയുടെ വ്യോമാതിർത്തിയെ തൊട്ടു തൊട്ടില്ലെന്ന മട്ടിൽ ഭീഷണി മുഴക്കി പറന്നതും ബ്രിട്ടനെ ചൊടിപ്പിച്ചിട്ടുണ്ട്. ഇതിനുള്ള പ്രതികരണമെന്ന നിലയിലാണ് ബ്രിട്ടൻ റഷ്യയ്ക്ക് നേരെ പുതിയ പടയൊരുക്കം നടത്തുന്നത്.

പുതിയ നീക്കത്തിന്റെ ഭാഗമായി ബ്രിട്ടൻ 800 ട്രൂപ്പുകളെയും ടാങ്കുകളെയും ഡ്രോണുകളെയും എസ്റ്റോണിയയിലേക്ക് അയച്ചിട്ടുണ്ട്. ശീതയുദ്ധത്തിന് ശേഷം റഷ്യയുടെ അതിർത്തിയിൽ നടത്തുന്ന ഏറ്റവും വലിയ സൈനിക നീക്കത്തിന്റെ ഭാഗമായിട്ടാണ് ബ്രിട്ടീഷ് പട ഇറങ്ങിത്തിരിച്ചിരിക്കുന്നത്. എസ്റ്റോണിയയിലേക്ക് അയച്ചിരിക്കുന്ന ബ്രിട്ടീഷ് സൈനികർക്കൊപ്പം ഡെന്മാർക്ക്, ഫ്രാൻസ് എന്നീ രാജ്യങ്ങളുടെ സൈനികരും ചേരുമെന്നാണ് ബ്രിട്ടന്റെ ഡിഫെൻസ് സെക്രട്ടറിയായ മൈക്കൽ ഫാലൻ വിശദമാക്കിയിരിക്കുന്നത്. സാത്താൻ 2 എന്ന ഏറ്റവും ശക്തിയേറിയ ആണവമിസൈലിന്റെ ചിത്രങ്ങൾ കഴിഞ്ഞ ദിവസം ബ്രിട്ടനെ വെല്ലുവിളിക്കാനെന്ന വണ്ണം റഷ്യ പുറത്ത് വിട്ടതും ബ്രിട്ടനെ പ്രകോപിതരാക്കിയിട്ടുണ്ടെന്നാണ് സൂചന. ഇന്നലെ റഷ്യയിലെയും സമീപത്തെ ആറ് രാജ്യങ്ങളിലെയും 130 മിലിട്ടറി സെന്ററുകളിൽ ഹൈ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പാശ്ചാത്യരാജ്യങ്ങളിൽ നിന്നുള്ള ആക്രമണ ഭീഷണി ശക്തമായിരിക്കെ ഇതിനെതിരെ സൈനികർ ഒരുങ്ങിയിരിക്കണമെന്നും റഷ്യ ഉത്തരവിട്ടിട്ടുണ്ട്.

യൂറോപ്പിൽ നിന്നുള്ള അഭ്യർത്ഥന മാനിച്ച് യുഎസ് 4000 ട്രൂപ്പുകളുള്ള നാല് ബാറ്റിൽ ഗ്രൂപ്പുകളെ റഷ്യയ്ക്കെതിരെ സജ്ജമാക്കിയിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്. 2014 റഷ്യ ക്രിമിയയിൽ കടന്ന് കയറിയത് പോലെ യൂറോപ്പിലെ മുൻ സോവിയറ്റ് രാജ്യങ്ങളോട് ഇപ്പോൾ പെരുമാറുമെന്ന നാറ്റോയുടെ മുന്നറിയിപ്പാണ് യുഎസിനെ ഇതിന് പ്രേരിപ്പിച്ചിരിക്കുന്നത്. യുഎസ്, ജർമനി, ബ്രിട്ടൻ, കാനഡ എന്നിവർ നയിക്കുന്ന ഈ നാല് ബാറ്റിൽ ഗ്രൂപ്പുകളിൽ ഫ്രാൻസ് , ഡെന്മാർക്ക്, ഇറ്റലി, മറ്റ് സഖ്യരാജ്യങ്ങൾ തുടങ്ങിയവ വരും ദിവസങ്ങളിൽ ചേരുമെന്നാണ് സൂചന. ഇതിനൊപ്പം പോളണ്ട്, ലിത്വാനിയ, എസ്റ്റോണിയ, ലാത്വിയ തുടങ്ങിയ രാജ്യങ്ങളും അണിനിരക്കും. വിവിധ തരത്തിലുള്ള ആയുധങ്ങളും വെടിക്കോപ്പുകളും സൈനികരെയുമാണ് വിവിധ രാജ്യങ്ങൾ ഈ സംയുക്ത സേനയിൽ അണിനിരത്തുന്നത്.

ശീതയുദ്ധത്തിന് ശേഷം റഷ്യയും പാശ്ചാത്യ രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഏറ്റവും കൂടുതൽ വഷളായ സാഹചര്യത്തിലാണ് കടുത്ത യുദ്ധത്തിനുള്ള സാധ്യതകൾ ശക്തമായിരിക്കുന്നത്. സിറിയൻ പ്രശ്നത്തിൽ റഷ്യയുടെ ഇടപെടലിനെതിരെയാണ് അമേരിക്കയും പാശ്ചാത്യ രാജ്യങ്ങളും റഷ്യയ്ക്കെതിരെ ശക്തമായി രംഗത്തിറങ്ങിയിരിക്കുന്നത്. യുദ്ധത്തിനുള്ള മുന്നൊരുക്കമെന്നോണം തങ്ങളുടെ ഒഫീഷ്യലുകളോടും ബന്ധുക്കളോടും സാധ്യമായ വേഗത്തിൽ വിദേശരാജ്യങ്ങൽ നിന്നും മടങ്ങാനും റഷ്യ ദിവസങ്ങൾക്ക് മുമ്പ് നിർദ്ദേശിച്ചിരുന്നു. ഇതിന് പുറമെ ബോംബുകളിൽ നിന്നും രക്ഷപ്പെടുന്നതിന് ഏറ്റവും അടുത്തുള്ള ബങ്കറുകൾ മുൻകൂട്ടി കണ്ടെത്താനും റഷ്യ നിർദ്ദേശിച്ചിട്ടുണ്ട്. 40 മില്യൺ പേരെ ഭാഗഭാക്കാക്കി റഷ്യ ഒരു മോക് ഡ്രിൽ സംഘടിപ്പിച്ചതും ഇതിന്റെ ഭാഗമായിട്ടാണ്. കടുത്ത യുദ്ധമുണ്ടായാൽ അതിൽ നിന്നും രക്ഷപ്പെടുന്നതിന് ജനങ്ങളെ പരിശീലിപ്പിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഈ അഭ്യാസം. പൂർണമായ തോതിലുള്ളതും സർവസന്നാഹങ്ങളോട് കൂടിയതുമായ ബ്രിട്ടീഷ് ബറ്റാലിയനെ എസ്റ്റോണിയയിൽ അടുത്ത വർഷം വിന്യസിക്കുമെന്നാണ് ബ്രസൽസിലെ നാറ്റോ ആസ്ഥാനത്ത് വച്ച് ഇന്നലെ മൈക്കൽ ഫാലൻ സ്ഥിരീകരിച്ചിരിക്കുന്നത്.