കൊറിയൻ പ്രദേശം കേന്ദ്രീകരിച്ച് മൂന്നാംലോക മഹായുദ്ധം ഇനി ഏത് നിമിഷവും പൊട്ടിപ്പുറപ്പെട്ടേയ്ക്കാമെന്ന തരത്തിലുള്ള നീക്കങ്ങളാണ് ശക്തമായിരിക്കുന്നത്. ഇതിന്റെ ഭാഗമായി രണ്ട് സൂപ്പർസോണിക്ക് യുദ്ധവിമാനങ്ങൾ ഉത്തരകൊറിയക്ക് മുകളിലൂടെ പറന്ന് മടങ്ങിയിരിക്കുകയാണ്. ഈ നീക്കത്തിലൂടെ യുദ്ധത്തിന് കാഹളം മുഴക്കിയിരിക്കുകയാണ് ട്രംപ്. ഇത്തരത്തിൽ പറക്കുന്ന വിമാനങ്ങളെ വെടിവച്ച് വീഴ്‌ത്തുമെന്ന് ഉത്തരകൊറിയൻ പ്രസിഡന്റ് കിം ജോൻഗ് ഉൻ മുന്നറിയിപ്പേകിയിട്ടും അമേരിക്ക പിന്മാറാൻ തയ്യാറാകുന്നില്ല. ഇതിന് പുറമെ യുഎസ് യുദ്ധക്കപ്പലുകളും കൊറിയൻ ദ്വീപിലേക്ക് കുതിക്കാൻ തുടങ്ങിയിട്ടുണ്ട്. പ്രകോപനമായത് സൗത്തുകൊറിയയുടെ യുദ്ധനീക്കങ്ങളും അമേരിക്കൻ യുദ്ധക്കപ്പലിന്റെ സ്ഥാനവും ഉത്തരകൊറിയ ചോർത്തിയതാണെന്നും റിപ്പോർട്ടുണ്ട്.

ഉത്തരകൊറിയ അടുത്തിടെ നടത്തിയ മിസൈൽ പരീക്ഷണങ്ങളോട് എത്തരത്തിലാണ് പ്രതികരിക്കേണ്ടതെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് നാഷണൽ സെക്യൂരിറ്റി ഉപദേശം നൽകി അൽപം കഴിഞ്ഞാണ് യുഎസ് ബോംബറുകൾ ഉത്തരകൊറിയക്ക് മേലെ കൂടി പറന്നിരിക്കുന്നതെന്നത് ഗൗരവമർഹിക്കുന്നു. ജപ്പാന്റെയും ദക്ഷിണ കൊറിയയുടെയും മിലിട്ടറി എയർക്രാഫ്റ്റുകൾക്കൊപ്പമാണ് രണ്ട് യുഎസ് ബി1 ബോംബറുകൾ ഉത്തരകൊറിയക്ക് മേൽ പറന്നിരിക്കുന്നത്. ഉത്തരകൊറിയയുടെ ന്യൂക്ലിയർ പ്രോഗ്രാമുകളുമായി ബന്ധപ്പെട്ടുള്ള ആശങ്കയും സമ്മർദവും വർധിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ഈ നീക്കം നടന്നിരിക്കുന്നതെന്നതും ഇതിന്റെ ഗൗരവം വർധിപ്പിക്കുന്നുണ്ട്.

യുഎസ് പസിഫിക്ക് കമാൻഡ് ബി1ബി ലാൻസറുകൾ ജപ്പാന്റെയും ദക്ഷിണകൊറിയയുടെയും മിലിട്ടറി എയർക്രാഫ്റ്റുകളുമായി ചേർന്ന് സംയുക്ത പരിശീലനം ഇതാദ്യമായിട്ടാണ് നടത്തുന്നത്. ദക്ഷിണ കൊറിയൻ എയർസ്‌പേസിലേക്ക് പ്രവേശിച്ചതിനെ തുടർന്ന് രണ്ട് ബോംബറുകളും എയർടുഗ്രൗണ്ട് മിസൈൽ ഡ്രില്ലുകൾ കടലിലേക്ക് നടത്തിയിരുന്നു. ദക്ഷിണ കൊറിയയുടെ കിഴക്കൻ തീരത്ത് നിന്നകന്ന ഇടത്തായിരുന്നു ഈ ഡ്രിൽ. തുടർന്ന് തെക്കോട്ട് പറക്കുകയും ദക്ഷിണ കൊറിയക്കും ചൈനക്കും ഇടയിലുള്ള സമുദ്ര ഭാഗത്തിന് മുകളിലൂടെ പറക്കുകയും ചെയ്തിരുന്നു. അനന്തരം വീണ്ടും ഡ്രിൽ തുടരുകയായിരുന്നു.

സൈനിക പ്രതിരോധം വർധിപ്പിക്കുന്നതിന്റെ ഭാഗമായി നടത്തുന്ന പതിവ് പരിശീലനമാണ് ഇന്നലെ നടത്തിയിരിക്കുന്നതെന്നാണ് സൗത്തുകൊറിയൻ മിലിട്ടറി പുതിയ നീക്കത്തെക്കുറിച്ച് പ്രതികരിച്ചിരിക്കുന്നത്. ഇതിന് പുറമെ തങ്ങളും അമേരിക്കയും തമ്മിലുള്ള്ള സഖ്യം പ്രദർശിപ്പിക്കുകയും ഇതിന്റെ ലക്ഷ്യമാണെന്ന് ദക്ഷിണ കൊറിയ വ്യക്തമാക്കുന്നു. രണ്ട് ബി1ബി ബോംബറുകൾക്കൊപ്പം സൗത്തുകൊറിയയുടെ രണ്ട് എഫ്15 കെ ഫൈറ്ററുകളും അകമ്പടി സേവിച്ചിരുന്നുവെന്നാണ് സൗത്തുകൊറിയയുടെ ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫ് ഒരു പത്രക്കുറിപ്പിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.

ഉത്തരകൊറിയ അമേരിക്കയുടെയും സഖ്യകക്ഷികളുടെയും നേർക്ക് നടത്തുന്ന ഏതൊരു വിധത്തിലുമുള്ള ആണവാക്രണത്തെയും നേരിടുന്നതിനുള്ള വിവിധ വഴികളുടെ ഭാഗമായിട്ടാണ് ഇന്നലത്തെ ശക്തിപ്രകടനമെന്നാണ് അമേരിക്ക നടത്തിയിരിക്കുന്നതെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. ഉത്തരകൊറിയയുമായുള്ള പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുള്ള നയതന്ത്രങ്ങളുടെ കാലം കഴിഞ്ഞിരിക്കുന്നുവെന്ന് കഴിഞ്ഞ ദിവസം ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇനി ഈ പ്രശ്‌നം പരിഹരിക്കുന്നതിന് ഒരൊറ്റ വഴി മാത്രമേ മുന്നിലുള്ളുവെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു. യുദ്ധം അടുത്ത് തന്നെ തുടങ്ങുമെന്നാണ് ട്രംപ് ഇതിലൂടെ സൂചന നൽകിയിരിക്കുന്നതെന്ന് അന്ന് നിരവധി പേർ മുന്നറിയിപ്പേകുകയും ചെയ്തിരുന്നു.

സൗത്തുകൊറിയയുടെ യുദ്ധതന്ത്രങ്ങൾ അടക്കമുള്ള സൈനികരേഖകളും ഉത്തരകൊറിയൻ നേതാവ് കിം ജോൻഗ് ഉന്നിനെ വധിക്കാനുള്ള നിഗൂഢ പദ്ധതികൾ ഉത്തരകൊറിയൻ ഹാക്കർമാരാണ് ഇത് ചോർത്തിയതെന്ന ആരോപണം ഉന്നയിച്ച് ദക്ഷിണ കൊറിയൻ പാർലിമെന്റംഗം റീ ഛിയാൾഹീ രംഗത്തെത്തിയിരുന്നു. സ്പാർട്ടൻ 300 എന്ന പേരിലാണ് കിമ്മിനെ വധിക്കുന്നതിന് ദക്ഷിണ കൊറിയ പദ്ധതി തയ്യാറാക്കിയിരുന്നത്. ഇതിന് പുറമെ മറ്റ് ഉത്തരകൊറിയൻ നേതാക്കളെ വധിക്കുന്നതിനും ഗുഢാലോചനം നടന്നിരുന്നു. ഇതിനെ തുടർന്ന് സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായി കിമ്മിന്റെ സഞ്ചാരങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തിരുന്നു.

ദക്ഷിണ കൊറിയയുടെ ഡിഫൻസ് ഇന്റഗ്രേറ്റഡ് ഡാറ്റാ സെന്ററിൽ നിന്നാണ് 235 ജിബി സൈനികരേഖകൾ ചോർന്നിരിക്കുന്നത്. ഇതിൽ 80 ശതമാനത്തോളം രേഖകളും ഏതെല്ലാമാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.ബ്യൂറോ 121 അഥവാ ലാസറസ് ഗ്രൂപ്പ് എന്ന ഉത്തരകൊറിയൻ ഹാക്കർമാരാണീ രേഖകൾ ചോർത്തിയിരിക്കുന്നത്. ചൊവ്വാഴ്ച രാവിലെ ട്രംപ് നാഷണൽ സെക്യൂരിറ്റി ടീമിലെ അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഉത്തരകൊറിയയുടെ കാര്യത്തിൽ എന്ത് തന്ത്രങ്ങളാണ് സ്വീകരിക്കേണ്ടിരുന്നതെന്നാണ് ഇതിൽ ചർച്ച ചെയ്തിരുന്നത്.