ടെഹ്‌റാൻ: ലോകമാകമാനം വിവിധ ഇടങ്ങളിൽ ഏത് നിമിഷവും യുദ്ധം പൊട്ടിപ്പുറപ്പെടാനുള്ള കടുത്ത സാഹചര്യങ്ങളാണ് സംജാതമായിക്കൊണ്ടിരിക്കുന്നതെന്ന് ഏറ്റവും പുതിയ റിപ്പോർട്ടുകൾ മുന്നറിയിപ്പേകുന്നു. സൗദിയും ഇറാനും തമ്മിൽ വളർന്ന് വരുന്ന ശത്രുത കാരണം മിഡിൽ ഈസ്റ്റിൽ കടുത്ത യുദ്ധം ഏത് നിമിഷവും ആരംഭിച്ചേക്കാം.

സൗദിയുടെയും യൂറോപ്പിന്റെയും ഭീഷണി നേരിടുന്നതിനായി 1200 മൈൽ റേഞ്ചുള്ള മിസൈൽ പരീക്ഷണത്തിനാണ് ഇറാൻ ഇപ്പോൾ ഒരുങ്ങിപ്പുറപ്പെട്ടിരിക്കുന്നത്. സൗദിക്ക് പുറമെ തങ്ങളെ എതിർക്കുന്ന ചില യൂറോപ്യൻരാജ്യങ്ങൾക്കുള്ള ശക്തമായ താക്കീതുമാണ് ഈ മിസൈൽ പ്രഖ്യാപനത്തിലൂടെ ഇറാൻ നൽകിയിരിക്കുന്നത്. അതായത് യൂറോപ്യൻ ഭൂഖണ്ഡത്തിൽ വരെ അനായാസം എത്താൻ സാധിക്കുന്ന തരത്തിലുള്ള പുതിയ മിസൈലുകളാണ് ഇറാൻ നിർമ്മിക്കുന്നത്.

യുദ്ധ ഭീഷണി നിലനിൽക്കുന്ന മറ്റൊരു പ്രദേശമാണ് കൊറിയൻ പെനിൻസുല. ഇവിടെ ഉത്തരകൊറിയ നടത്തുന്ന മിസൈൽ -ആണവപരീക്ഷണങ്ങളാണ് ലോകത്തിന് തന്നെ ഭീഷണിയായി മാറിയിരിക്കുന്നത്. അമേരിക്കയടക്കമുള്ള ലോകരാജ്യങ്ങളും യുഎന്നും നിരവധി തവണ വിലക്കിയിട്ടുണം ഉപരോധങ്ങൾ ഏർപ്പെടുത്തിയിട്ടും ഉത്തരകൊറിയൻ നേതാവ് കിം ജോൻഗ് ഉൻ എന്ന സ്വേച്ഛാധിപതി ആയുധ പരീക്ഷണങ്ങളുമായി മുന്നോട്ട് പോവുകയാണ്.

കഴിഞ്ഞ ദിവസം നടത്തിയ കടുത്ത ആണവപരീക്ഷണം ഇവിടുത്തെ യുദ്ധഭീതി ഉയർത്തിയിരിക്കുകയാണ്. ഈ ആണവസ്ഫോടനത്തിന്റെ ആഘാതത്തിൽ ചില കെട്ടിടങ്ങൾ തകരുകയും നിരവധി പേർ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. ലോകം നീങ്ങുന്നത് കൂടുതൽ അശാന്തിയിലേക്ക് തന്നെയാണെന്നാണ് ഈ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

മിസൈലുകളുടെ റേഞ്ച് വർധിപ്പിക്കാനൊരുങ്ങി ഇറാൻ

ഇറാൻ അതിന്റെ മിസൈലുകളുടെ റേഞ്ച് വർധിപ്പിക്കാൻ പോവുകയാണെന്ന ഭീഷണി മുഴക്കിയിരിക്കുന്നത് ഇവിടുത്തെ റെവല്യൂഷണറി ഗാർഡ്സിന്റെ ഡെപ്യൂട്ടിയായ ബ്രിഗേഡിയർ ജനറൽ ഹൊസെയിൻ സലാമിയാണ്. അതായത് മിസൈലുകളുടെ റേഞ്ച് 1200 മൈലിൽ അധികം വർധിപ്പിക്കുമെന്നാണ് അദ്ദേഹം മുന്നറിയിപ്പേകുന്നത്. ഇതിലൂടെ സൗദി തങ്ങൾക്കെതിരെ ഉയർത്തുന്ന ഭീഷണി നേരിടാനാവുമെന്നും അദ്ദേഹം സൂചനയേകുന്നു. ഇതിന് പുറമെ ഇത്തരം മിസൈലുകൾക്ക് യൂറോപ്യൻ ഭൂഖണ്ഡം വരെ ചെന്നെത്താനാവുമെന്നും അദ്ദേഹം ചില യൂറോപ്യൻ രാജ്യങ്ങൾക്കും മുന്നറിയിപ്പേകുന്നുണ്ട്.

തങ്ങൾ നിലവിൽ മിസൈലുകളുടെ പരിധി ചുരുങ്ങിയ റേഞ്ചിൽ ഒതുക്കിയിരിക്കുന്നത് സാങ്കേതികവിദ്യയുടെ കുറവ് കൊണ്ടല്ലെന്ന് മറിച്ച് നയതന്ത്രപരമായ പ്രമാണത്തെ അടിസ്ഥാനമാക്കിയാണ് ഈ നിയന്ത്രണമെന്ന് ചില രാജ്യങ്ങൾ മനസിലാക്കണമെന്നുമാണ് അദ്ദേഹം മുന്നറിയിപ്പേകിയിരിക്കുന്നത്. യൂറോപ്പ് തങ്ങൾക്ക് ഒരു ഭീഷണിയായി മാറിയിട്ടില്ലെന്നും അതിനാലാണ് മിസൈലുകളുടെ റേഞ്ച് ഇതുവരെ വർധിപ്പിക്കാതിരുന്നതെന്നും എന്നാൽ യൂറോപ്പ് ഇറാന് നേരെ ഭീഷണി ഉയർത്തുന്ന സന്ദർഭം വന്നാൽ മിസൈലുകളുടെ റേഞ്ച് വർധിപ്പിക്കുമെന്നും കഴിഞ്ഞ മാസം ജനറൽ മുഹമ്മദ് അലി ജഫാരിയും മുന്നറിയിപ്പേകിയിരുന്നു.

ഇറാന്റെ ബാലിസ്റ്റിക് മിസൈൽ പ്രോഗ്രാമിനെക്കുറിച്ച് ഫ്രാൻസ് വിട്ട് വീഴ്ചയില്ലാത്ത പ്രതികരണം നടത്തിയതിന് ശേഷമാണ് പുതിയ മിസൈൽ പദ്ധതിയെക്കുറിച്ച് ഇറാൻ വെളിപ്പെടുത്തിയിരിക്കുന്നതെന്നത് ഗൗരവമർഹിക്കുന്നു.എന്നാൽ തങ്ങളുടെ മിസൈൽ പ്രോഗ്രാം പ്രതിരോധത്തിൽ അധിഷ്ഠിതമാണെന്നും ആരെയും ആക്രമിക്കാനല്ലെന്നുമാണ് ഇറാൻ ആവർത്തിച്ച് വ്യക്തമാക്കുന്നത്.

ഉത്തരകൊറിയയുടെ ആണവപരീക്ഷണത്തിന്റെ ആഘാതത്തിൽ കെട്ടിടങ്ങൾ തകർന്ന് നിരവധി മരണങ്ങൾ

ഉത്തരകൊറിയൻ സ്വേച്ഛാധിപതി കിം ജോൻഗ് ഉന്നിന്റെ ധിക്കാരപൂർണമായ ആണവപരീക്ഷണത്തിന്റെ ആഘാതത്തിൽ കെട്ടിടങ്ങൾ തകർന്ന് നോർത്ത് ഹാംഗ്യോൻഗ് പ്രവിശ്യയിൽ ഡസനോളം പേർ കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ട്.

ഇതിന് പുറമെ 150 ഓളം പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. പുൻഗ്യെ റി യിലെ ന്യൂക്ലിയൽ ബേസിനടുത്തുള്ള വീടുകളും സ്‌കൂളിനും ആണവപരീക്ഷണത്തെ തുടർന്നുണ്ടായ 6.3 മാഗ്‌നിറ്റിയൂഡിലുള്ള ഭൂകമ്പത്തിൽ കേട് പാടുകൾ പറ്റിയിട്ടുണ്ട്. ഇതിന്റെ പ്രകമ്പനം എട്ട് മിനുറ്റോളം നീണ്ട് നിന്നിരുന്നുവെന്നാണ് റിപ്പോർട്ട്. സമീപഗ്രാമത്തിലെ കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

ഇത്രയും കടുത്ത ആണവപരീക്ഷണം നടത്തുന്നത് പ്രദേശവാസികളെ മുൻകൂട്ടി അറിയിച്ചിരുന്നില്ലെന്നും ആരോപണമുയരുന്നുണ്ട്. ഭൂകമ്പം നടക്കുമ്പോൾ ഇതൊന്നുമറിയാതെ ക്ലാസ്റൂമുകളിലിരുന്ന കുട്ടികൾക്കാണ് പരുക്കേറ്റിരിക്കുന്നത്. പരീക്ഷണത്തെ തുടർന്നുണ്ടായ റേഡിയേഷനിൽ തളർന്ന നിരവധി സൈനികരെ ആശുപത്രികളിലാക്കിയിരുന്നു. ഇവിടുത്തെ കൃഷിയിടങ്ങളിൽ പണിയെടുത്തിരുന്നവരെയും ആണവപരീക്ഷണം ബാധിച്ചിട്ടുണ്ട്.