മലപ്പുറം: കണ്ടെയ്ന്മെന്റ് സോണിൽ പൊലീസ് അടച്ച റോഡുകൾ ഗതാഗതത്തിന് തുറന്ന് കൊടുത്ത വാർഡ് മെമ്പർക്കെതിരെ കേസെടുത്ത് പൊലീസ്. മലപ്പുറം വാഴക്കാട് ഗ്രാമപഞ്ചായത്ത് 16ാം വാർഡ് മെമ്പറും മുസ്ലിംയൂത്ത് ലീഗ് ജില്ല നേതാവുമായ അഡ്വ. എംകെസി നൗഷാദിനെതിരെയാണ് വാഴക്കാട് പൊലീസ് കേസെടുത്തത്.

കഴിഞ്ഞ ദിവസമാണ് വാഴക്കാട് പൊലീസും സന്നദ്ധ പ്രവർത്തകരും ചേർന്ന് പഞ്ചായത്തിലെ വിവിധ പോക്കറ്റ് റോഡുകൾ അടച്ചത്. എന്നാൽ വലിയ മരക്കഷണങ്ങളും ഇലക്ട്രിക് പോസ്റ്റിന്റെയും ടെലഫോൺ പോസ്റ്റിന്റെയും ഭാഗങ്ങൾ ഉപയോഗിച്ചാണ് റോഡുകൾ അടച്ചിരുന്നത്. വലിയ വീപ്പകളിൽ മണ്ണ് നിറച്ചും റോഡുകൾ അടച്ചിരുന്നു. ഇത് രോഗികളുമായി പോയ ആമ്പുലൻസുകൾക്കുപോലും ബുദ്ധിമുട്ടുണ്ടാക്കിയ സാഹചര്യത്തിലാണ് റോഡ് തുറന്നു കൊടുത്തതെന്ന് കേസിൽ പ്രതിചേർക്കപ്പെട്ട അഡ്വ. എംകെസി നൗഷാദ് മറുനാടൻ മലയാളിയോട് പറഞ്ഞു.

റോഡുകൾ അടച്ചത് മുതൽ വലിയ പ്രതിഷേധം നാട്ടുകാരിൽ നിന്നും ഉയർന്നിരുന്നു. റോഡുകൾ അടച്ച രീതി അംഗീകരിക്കാൻ കഴിയാത്തതായിരുന്നു. അത്യാവശ്യ കാര്യങ്ങൾക്ക് ആശുപത്രിയിൽ പോകാൻ പോലും പറ്റാത്ത അവസ്ഥയിലാണ് റോഡുകൾ അടച്ചിരുന്നത്. വലിയ മരത്തടികളുപയോഗിച്ച് അടച്ച റോഡിലൂടെ ആംബുലൻസുകൾക്ക് പോലും പോകാൻ കഴിയുമായിരുന്നില്ല. ഈ സാഹചര്യത്തിലാണ് ജന പ്രതിനിധി എന്ന നിലയിൽ വിഷയത്തിൽ ഇടപെട്ടത്.

റോഡുകൾ പൂർണ്ണമായും തുറന്നുകൊടുത്തിട്ടില്ല. വലിയ ഭാരമുള്ള തടസ്സങ്ങൾ നീക്കി രോഗികൾക്കോ ആംബുലൻസ് ഡ്രൈവർമാർക്കോ താത്കാലികമായി തുറന്ന് പോകാൻ കഴിയുന്ന തരത്തിൽ റോഡിന് കുറുകെ തടസ്സം സ്ഥാപിക്കുകയാണ് ചെയ്തത്. മാത്രവുമല്ല ഇത് സംബന്ധിച്ച അറിയിപ്പും റോഡുകളിൽ സ്വന്തം നിലയിൽ സ്ഥാപിച്ചിരുന്നു. വാഴക്കാട് ടൗണിൽ നിന്നും ഗ്രാമപ്രദേശങ്ങളിലേക്ക് പോകാനുള്ള വഴി മുഴുവൻ വലിയ മരത്തടികളും അഞ്ച് പേരെങ്കിലും ഇല്ലാതെ നീക്കാൻ കഴിയാത്ത തടസ്സങ്ങളും സൃഷ്ടിച്ചതിനെതിരെ വലിയ പ്രതിഷേധം നാട്ടുകാരിൽ നിന്ന് ഉയർന്നിരുന്നു.

പലയിടത്തും രോഗികളുമായി വന്ന ആംബുലൻസുകളും മറ്റു വാഹനങ്ങളും ഈ തടസ്സങ്ങൾ നീക്കി മുന്നോട്ടുപോകാൻ കഴിയാതെ വഴിയിൽ കുടുങ്ങിയിരുന്നു. കോവിഡ് സെന്ററിൽ നിന്നുള്ള വാഹനങ്ങൾ പോലും ഇത്തരത്തിൽ പ്രയാസപ്പെട്ടു. പലപ്പോഴും വാഹനങ്ങളിൽ രോഗിയും ഡ്രൈവറും മാത്രമാണുണ്ടായിരുന്നത്. രോഗിക്ക് പുറത്തിറങ്ങാൻ കഴിയില്ല. ഡ്രൈവർക്ക് തനിച്ച് തടസ്സം നീക്കാനും കഴിയില്ല. ഈ സാഹചര്യത്തിലാണ് ഒരു ജനപ്രതിനിധി എന്ന നിലയിൽ വിഷയത്തിൽ ഇടപെട്ടത് എന്നും അഡ്വ. എംകെസി നൗഷാദ് മറുനാടൻ മലയാളിയോട് പറഞ്ഞു.

അതേ സമയം വാഴക്കാട് പഞ്ചായത്തിനെ പൂർണ കണ്ടെയിന്മെന്റ് സോണായി പ്രഖ്യാപിച്ചിട്ടും പഞ്ചായത്തിലെ റോഡുകളടക്കാൻ പഞ്ചായത്ത് അധികൃതർ തയ്യാറാകാത്തതിനെ തുടർന്നാണ് പൊലീസും സന്നദ്ധ പ്രവർത്തകരും ചേർന്ന് റോഡുകൾ അടച്ചതെന്ന് പൊലീസ് അറിയിച്ചു. റോഡ് അടച്ച ഉടൻ തന്നെ പ്രതിഷോധവുമായി ചിലർ എത്തിയിരുന്നു.

ഇതിനിടെയാണ് നൗഷാദിന്റെ നേതൃത്വത്തിൽ ഒരു റോഡ് തുറന്നത്. ഇതറിഞ്ഞ മറ്റു പ്രദേശങ്ങളിലുള്ളവരും റോഡുകൾ തുറന്നു. ഇതോടെയാണ് വാർഡ് മെമ്പർക്കെതിരെ കേസെടുത്തതെന്നും പൊലീസ് അറിയിച്ചു. തുറന്ന റോഡുകൾ പൊലീസിന്റെ നേതൃത്വത്തിൽ വീണ്ടും അടക്കുമെന്നും വാഴക്കാട് പൊലീസ് അറിയിച്ചു.ഇതിനിടെ റോഡ് അടക്കാൻ പൊലീസിനെ സഹായിച്ച സന്നദ്ധ പ്രവർത്തകരെ നൗഷാദ് ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. വാട്സ് ആപ്പിൽ ഭീഷണി സന്ദേശങ്ങൾ അയച്ചുവെന്നാണ് സന്നദ്ധ പ്രവർത്തകർ ആരോപിക്കുന്നത്.