ലോകാവസാനത്തെക്കുറിച്ചും മഹാദുരന്തങ്ങളെക്കുറിച്ചുമുള്ള നിരവധി പ്രവചനങ്ങൾ നാമേറെ കേട്ടിട്ടുണ്ട്. ഇപ്പോഴിതാ പുതിയൊരു പ്രവചനം ഇന്ന് നമ്മെ ഭയപ്പെടുത്താനെത്തിയിരിക്കുന്നു. ഇതനുസരിച്ച് ഗ്രഹങ്ങൾ ദിശമാറി നീങ്ങി അത് വൻ പ്രകൃതി ദുരന്തങ്ങൾക്ക് വഴിയൊരുക്കുമെന്നാണ് മുന്നറിയിപ്പ്. ഇതിനെ തുടർന്ന് ഇന്ന് മുതൽ ഒരാഴ്ചക്കാലം ലോകത്ത് പലയിടത്തും സുനാമികളും ഉഗ്രൻ ഭൂകമ്പങ്ങളും ഉണ്ടായേക്കാമെന്നാണ് മുന്നറിയിപ്പ്. ഇത്തരത്തിലുള്ള അസാധാരണമായ ഒരു പ്രവചനത്തിൽ ഭയന്നിരിക്കുകാണ് ലോകമിപ്പോൾ. സെൽഫ് സ്‌റ്റൈൽഡ് ഭൂകമ്പ പ്രവാചകനാണീ ഞെട്ടിപ്പിക്കുന്ന പ്രവചനം നടത്തിയിരിക്കുന്നത്. ഇതുപ്രകാരം എട്ട് മാഗ്‌നിറ്റിയൂഡിലോ അതിലധികമോ ശക്തിയുള്ള ഭൂകമ്പങ്ങൾ ഉണ്ടാകുമെന്നാണ് സൂചന. മാർച്ച് 4നകം ഇവ അരങ്ങേറി ഇവിടെ സർവനാശമുണ്ടാകുമെന്നാണ് പ്രവചനം.

ക്വാക്ക് മിസ്റ്റിക്കായ ഫ്രാങ്ക് ഹൂഗർബീറ്റ്സാണ് ഈ പ്രധാനപ്പെട്ട ഭൂകമ്പ മുന്നറിയിപ്പ് ഓൺലൈനിലൂടെ നടത്തിയിരിക്കുന്നത്. നെതർലാൻഡ്സ് കേന്ദ്രീകരിച്ചാണ് ഹൂഗർബീറ്റ്സ് പ്രവർത്തിക്കുന്നത്. ഭൂമിയുമായുള്ള പ്ലാനറ്ററി അലൈന്മെന്റുകളെ അടിസ്ഥാനമാക്കി ശാസ്ത്രീയമായി അംഗീകാരം നേടിയിട്ടില്ലാത്ത വഴിയിലൂടെയാണ് അദ്ദേഹം ഭൂകമ്പ പ്രവചനങ്ങൾ നടത്തുന്നത്. തന്റെ വെബ്സൈറ്റായ ditrianum.org ലൂടെയാണ് അദ്ദേഹം ഇത് സംബന്ധിച്ച മുന്നറിയിപ്പ് ഫെബ്രുവരി അവസാന ആഴ്ച പുറപ്പെടുവിച്ചിരിക്കുന്നത്.. അതനുസരിച്ച് മാർച്ച് ആദ്യ വാരത്തിൽ സെസ്മിക് ആക്ടിവിറ്റികൾ ശക്തമാകുമെന്നും അക്കാരണത്താൽ മാർച്ച് 4ന് മഹാഭൂകമ്പമുണ്ടാകാനുള്ള സാധ്യതയേറെയാണെന്നുമാണ് അദ്ദേഹം കടുത്ത മുന്നറിയിപ്പേകുന്നത്.

ഗ്രഹങ്ങളുടെയും ചന്ദ്രന്റെയും സ്ഥാനങ്ങളിൽ വരുന്ന മാറ്റങ്ങൾ ഭൂമിയിലെ ടെക്ടോണിക് ഫലകങ്ങളുടെ ചലനങ്ങൾക്ക് വഴിയൊരുക്കുകയും അത് ഭൂകമ്പതത്തിന് കാരണമാകുമെന്നുമാണ് അദ്ദേഹം പ്രവചിച്ചിരിക്കുന്നത്. ഇത്തരത്തിൽ ഫെബ്രുവരി 24 മുതൽ സെസ്മിക് ആക്ടിവിറ്റികൾ ശക്തിപ്പെടാൻ തുടങ്ങിയിട്ടുണ്ടെന്നും അത് കടുത്ത ഭൂചലനത്തിലേക്ക് വൈകാതെ നയിക്കുമെന്നും അദ്ദേഹം വിശദീകരിക്കുന്നു. ഫെബ്രുവരി 24ന് ശുക്രന്റെയും മാർസിന്റെയും പ്ലാനറ്ററി അലൈന്മെന്റുകളിൽ മാറ്റം വരുന്നുണ്ടെന്നും ഭൂമി ഈ അലൈന്മെൻരുകളുമായി വളരെ അടുത്തതായതിനാൽ ഇത് ഭൂമിയിൽ ഭൂകമ്പങ്ങൾ പോലുള്ള കടുത്ത മാറ്റങ്ങൾക്ക് വഴിയൊരുക്കുമെന്നും അദ്ദേഹം സമർത്ഥിക്കുന്നു.

2015 ഡിസംബറിൽ ഇത്തരത്തിലുള്ള പ്രവചനം നടത്തി അദ്ദേഹം വഷളായിരുന്നു. എട്ട് മാഗ്‌നിറ്റിയൂഡിലുള്ള ഭൂകമ്പം ആ മാസം 11നോ 12നോ അരങ്ങേറുമെന്നായിരുന്നു അദ്ദേഹം പ്രവചിച്ചിരുന്നെങ്കിലും ഒന്നും നടന്നിരുന്നില്ല. 2015 മെയ്‌ 25ന് കാലിഫോർണിയയിൽ വമ്പൻ ഭൂകമ്പമുണ്ടാകുമെന്ന് അദ്ദേഹം പ്രവചിച്ചെങ്കിലും അതും നടന്നിരുന്നില്ല. എന്നാൽ ഇതുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾ തുടരാൻ തന്റെ യൂട്യൂബ് ചാനനലിലൂടെ അദ്ദേഹം ഡൊണേഷൻ ചോദിക്കുന്നുണ്ട്. നിരവധി ഓൺലൈൻ സപ്പോർട്ടർമാരും അദ്ദേഹത്തിനുണ്ട്.