ലണ്ടൻ: ഇന്ത്യൻ വംശജനായ മുൻ വിദ്യാർത്ഥിയുടെ പരാതിയിൽ കോടതി നടപടികൾ നേരിട്ട് ബ്രിട്ടനിലെ ലോക പ്രശസ്തമായ ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റി. യൂണിവേഴ്‌സിറ്റിയിലെ മോശം അധ്യയനം മൂലം തന്റെ തൊഴിൽ സാധ്യതകൾ നഷ്ടമായെന്ന് ആരോപിച്ച് ഫെയ്‌സ് സിദ്ദിഖി എന്ന 38കാരനാണ് കോടതിയെ സമീപിച്ചത്.

ഓക്‌സ്ഫഡിന്റെ കീഴിലുള്ള ബ്രസ്‌നോസ് കോളജിൽ 1999-2000 അധ്യയന വർഷത്തിൽ മോഡേൺ ഹിസ്റ്ററി പഠിച്ച സിദ്ദിഖിക്ക് സെക്കൻഡ് ക്ലാസ് മാത്രമാണു ലഭിച്ചത്. തനിക്ക് ലഭിച്ച അധ്യയനം മോശവും വിരസുമായിരുന്നുവെന്നും അതിനാൽ അഭിഭാഷകനെന്ന നിലയിൽ മികച്ച വരുമാനം നേടാനാകുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സിദ്ദിഖി കോടതിയെ സമീപിച്ചത്.

സിദ്ദിഖിയുടെ പരാതി തള്ളണമെന്ന് ആവശ്യപ്പെട്ട് ഓക്‌സ്ഫഡ് അധികൃതർ ലണ്ടൻ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഇതു തള്ളപ്പെട്ടു. പരാതി നിലനിൽക്കുന്നതാണെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതിയുടെ വിധി.

മോഡേൺ ഹിസ്റ്ററി കോഴ്‌സിന്റെ ഭാഗമായി ഇന്ത്യയുടെ സമ്രാജ്യത്വ ചരിത്രം എന്ന പ്രത്യേക വിഷയവും സിദ്ദിഖിക്കു പഠിക്കേണ്ടിയിരുന്നു. ഈ വിഷയം പഠിപ്പിക്കുന്നതിൽ കോളജ് അധികൃതരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്ന് അദ്ദേഹം ആരോപിക്കുന്നു. താൻ പഠിച്ചിരുന്ന സമയത്ത് ഈ വിഷയം പഠിപ്പിച്ചിരുന്ന ഏഴ് അദ്ധ്യാപകരിൽ നാലു പേരും അവധിയിലായിരുന്നുവെന്നും സിദ്ദിഖി ചൂണ്ടിക്കാട്ടി. അതിനാലാണ് തനിക്ക് മാർക്ക് കുറഞ്ഞത്. നല്ല രീതിയിൽ പഠിപ്പിച്ചിരുന്നെങ്കിൽ ഉയർന്ന മാർക്കു നേടാനാകുമായിരുന്നെന്നും അന്താരാഷ്ട്ര വാണിജ്യ അഭിഭാഷകനെന്ന നിലയിൽ മികച്ച കരിയർ സ്വന്തമാക്കാൻ കഴിയുമായിരുന്നുവെന്നും ഇദ്ദേഹം പറയുന്നു.

കോളജിൽ പഠിപ്പിച്ചിരുന്ന ഡേവിഡ് വാഷ്ബ്രൂക് എന്ന അദ്ധ്യാപകന്റെ പഠിപ്പിക്കൽ വിരതയാർന്നതായിരുന്നുവെന്നും സിദ്ദിഖി ആരോപിച്ചു. എന്നാൽ ഇതിനു കാരണം മറ്റ് അദ്ധ്യാപകർ അവധിയിലായിരുന്നതിനാൽ അദ്ദേഹത്തിനുണ്ടായിരുന്ന സമ്മർദമാണ്. അദ്ധ്യാപകനെതിരായല്ല തന്റെ കേസ് എന്നും മോശം പഠിപ്പിക്കലിന് വഴിയൊരുക്കിയ യൂണിവേഴ്‌സിറ്റിക്കെതിരേയാണെന്നും സിദ്ദിഖി കൂട്ടിച്ചേർക്കുന്നു.