- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാട്ടർ അഥോറിറ്റിയുടെ ഭൂമി സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനത്തിന് നൽകാൻ നീക്കം; ജീവനക്കാർക്കായി 20 വർഷം മുൻപ് പണിത് ഉപയോഗ ശൂന്യമായ കെട്ടിടവും 10 സെന്റ് സ്ഥലവും വിട്ടു നൽകുന്നത് പാർട്ടി സമ്മർദ്ദത്താൽ; ഭരണത്തണലിൽ സിപിഎം പൊതുമുതൽ വെട്ടിപിടിക്കുമ്പോൾ
കോഴിക്കോട്: വടകര നഗരത്തിന്റെ കണ്ണായ സ്ഥലത്തുള്ള വാട്ടർ അഥോറിറ്റിയുടെ ഉപയോഗശൂന്യമായ കെട്ടിടവും ചുറ്റുമുള്ള 10 സെന്റ് സ്ഥലവും സി പി എം നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനത്തിന് നൽകാൻ നീക്കം. ജില്ലാ ആശുപത്രി റോഡിൽ സ്ഥിതിചെയ്യുന്ന ഭൂമിയാണ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ സഹകരണ സ്ഥാപനത്തിന് വിട്ടുനൽകാൻ തീരുമാനിച്ചിരിക്കുന്നത്.
വടകരയിലെ സി പി എം നേതൃത്വത്തിന്റെ സമ്മർദ്ദമാണ് ഭൂമി കൈമാറാൻ വകുപ്പ് തീരുമാനമെടുക്കാൻ കാരണമെന്നാണ് ഈ നീക്കത്തെ എതിർക്കുന്ന ഉദ്യോഗസ്ഥർ ആരോപിക്കുന്നത്. വിഷയത്തിൽ വകുപ്പ് അന്തിമതീരുമാനത്തിലെത്തിയിരിക്കുന്നതിനാൽ അധികം വൈകാതെ ഭൂമി വട്ടർ അഥോറിറ്റിക്ക് നഷ്ടമാവും. ജല അതോറിറ്റയിലെ എഞ്ചിനിയറിങ് ജീവനക്കാർക്കായി 20 വർഷം മുൻപ് പണിതതും വർഷങ്ങളായി ഉപേക്ഷിക്കപ്പെട്ടതുമായ കെട്ടിടം സ്ഥിതിചെയ്യുന്ന ഭൂമിയാണ് മാനദണ്ഡങ്ങളെല്ലാം കാറ്റിൽപ്പറത്തി കൈമാറാൻ നീക്കം നടക്കുന്നത്.
സമാനമായ രീതിയിൽ കോഴിക്കോട് നഗരത്തിൽ വാട്ടർ അഥോറിറ്റിയുടെ ഭൂമി താൽക്കാലികമായി കളിപ്പൊയ്ക നിർമ്മാണ പദ്ധതിക്കായി വിനോദസഞ്ചാര വകുപ്പിന് നൽകിയതും പാവങ്ങാട്ടുള്ള മറ്റൊരു ഭൂമി കെ എസ് ആർ ടി സിക്കായി നൽകിയതുമെല്ലാം തിരിച്ചുലഭിക്കാതെ കിടക്കുന്നതിനിടയിലാണ് സർക്കാരിന് കീഴിൽപോലുമല്ലാത്ത സ്വകാര്യ വ്യക്തികൾക്കുകൂടി പ്രമുഖ്യമുള്ള സഹകരണ സ്ഥാപനത്തിന് നൽകുന്നത്.
വകുപ്പിന് കീഴിൽ സംസ്ഥാനത്ത് പലയിടങ്ങളിലായി ഇത്തരത്തിൽ ഭൂമി അന്യാധീനപ്പെട്ടു കിടക്കേയാണ് വീണ്ടും ഉദ്യോഗസ്ഥ ഒത്താശയോടെ ഭൂമി കൈമാറാൻ തീരുമാനിച്ചിരിക്കുന്നത്. ഒരു വിഭാഗം ഉദ്യോഗസ്ഥർ ഈ നീക്കത്തെ തുടക്കം മുതൽ ചെറുത്തുനിന്നിരുന്നെങ്കിലും അവയെല്ലാം തട്ടിമാറ്റിയാണ് ഭരണ സ്വാധീനം ഉപയോഗിച്ച് എൽ ഡി എഫിലെ വല്ല്യേട്ടനായ സി പി എമ്മിന്റെ വടകരയിലെ നേതൃത്വത്തിനു കീഴിലുള്ള സഹകരണ സ്ഥാപനത്തിന് ഭൂമി നൽകാൻ തീരുമാനിച്ചിരിക്കുന്നത്.
മുൻപ് നൽകിയ ഭൂമികൾ പലതും ജല അഥോറിറ്റിക്ക് തിരികേ ലഭിക്കാൻ കേസും കൂട്ടവുമെല്ലാമായി നീങ്ങുന്നതിനിടയിലാണ് ഇത്തരം സാഹചര്യം ഈ ഭൂമിക്കും വന്നുഭവിക്കുമെന്ന് മുൻകൂട്ടി മനസ്സിലാക്കി ഒരുകൂട്ടം ഉദ്യോഗസ്ഥർ ഈ നീക്കത്തിന് തടയിടാൻ ശ്രമിച്ചത്.
സർക്കാരിന്റെ ഭൂമി ഇത്തരത്തിൽ അന്യാധീനപ്പെടുന്നത് തടയാൻ ശക്തമായ നിയമങ്ങളും മാനദണ്ഡങ്ങളും നിലനിൽക്കേയാണ് പരസ്യം നൽകിയാൽ കൂടുതൽ തുക നൽകി പാട്ടത്തിനെടുക്കാൻ ആളുകൾ എത്തുമെന്നു ഉറപ്പുള്ള ഭൂമി മാലോകരറിയാതെ സഹകരണ സ്ഥാപനത്തിന് കൈമാറാൻ ശ്രമിക്കുന്നത്. ആൾതാമസമില്ലാത്തതിനാൽ കാടുമൂടി കിടക്കുന്ന കെട്ടിടവും വളപ്പും നന്നാക്കിയെടുക്കാനോ, വകുപ്പിന്റെ തന്നെ ഓഫിസോ, അനുബന്ധ സ്ഥാപനങ്ങളോ നിർമ്മിക്കാനോ ഇതുവരെ ഉപയോഗിക്കാതെ കിടക്കുകയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ