ർധിച്ചുവരുന്ന വിധവകളുടെയും വിവാഹമോചിതരുടെയും എണ്ണം കുറയ്ക്കുന്നതിന് വീണ്ടും വിവാഹത്തിന് താത്പര്യമുള്ളവരുടെ വാട്‌സാപ്പ് ഗ്രൂപ്പിന് സൗദി അറേബ്യയിലെ വിവാഹ ഏജന്റുമാർ തുടക്കം കുറിച്ചു. പോളിഗാമി എന്ന പേരിലുള്ള വാട്‌സാപ്പ് ഗ്രൂപ്പിൽ വീണ്ടും വിവാഹം ചെയ്യാൻ താത്പര്യമുള്ള പുരുഷന്മാർക്കും വിധവകളും വിവാഹമോചിതകളുമായ സ്ത്രീകൾക്കും ചേരാനാകും. അവസരം തേടി ഇതിനകം വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമായത് 900 സ്ത്രീകളാണ്.

ഒരു ഭാര്യയുള്ള യുവാക്കളോട് ഒരാളെക്കൂടി പങ്കാളിയാക്കാനാണ് വിവാഹ ഏജന്റുമാർ ആവശ്യപ്പെടുന്നത്. പങ്കാളികളില്ലാതെ ജീവിതം വഴിമുട്ടിയ സൗദിയിലെ യുവതികളെ സഹായിക്കുന്നതിനുവേണ്ടിയാണിതെന്നും അവർ പറയുന്നു. മെക്കയുൾപ്പെടെയുള്ള നഗരങ്ങളിൽ വിവാഹമോചനങ്ങളുടെ എണ്ണം കൂടുന്നുവെന്നുകണ്ടാണ് അധികൃതർ ബഹുഭാര്യാത്വത്തെ പ്രോത്സാഹിപ്പിക്കാൻ രംഗത്തുവന്നത്.

വാട്‌സാപ്പ് ഗ്രൂപ്പിൽ ചേർന്നവരിൽ വിവാഹമോചിതരും വിധവകളും മാത്രമല്ല, ഇതുവരെ വിവാഹം ചെയ്യാത്ത യുവതികളുമുണ്ട്. രണ്ടാമത്തെയോ മൂന്നാമത്തെയോ നാലാമത്തെയോ ഭാര്യയാകുന്നതിൽ കുഴപ്പമില്ലെന്ന് പറഞ്ഞുകൊണ്ടാണ് അവരിലേറെപ്പേരും എത്തുന്നത്. സൗദിക്ക് പുറമെ, യെമൻ, മൊറോക്കോ, സിറിയ, ഫലസ്തീൻ, ഈജിപ്ത്, നൈജീരിയ, ബംഗ്ലാദേശ്, ചൈന, പാക്കിസ്ഥാൻ എന്നിവിടങ്ങളിൽനിന്നുള്ളവരും ഈ ഗ്രൂപ്പിൽ അംഗങ്ങളാണ്. സൗദിയിൽനിന്നുള്ള യുവതികളിൽ ചിലർ ഏത് ഗോത്രത്തിൽനിന്നാണ് വരുന്നതെന്ന കാര്യവും സ്റ്റാറ്റസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

55 വയസ്സുമുതൽ 18 വയസ്സുവരെയുള്ളവർ ഗ്രൂപ്പിൽ ചേർന്നിട്ടുണ്ട്. ചില യുവതികൾ അവരുടെ അഴകളവുകളെക്കുറിച്ചുള്ള വിവരങ്ങളും നൽകിയിട്ടുണ്ട്. ആരെങ്കിലും താത്പര്യം പ്രകടിപ്പിച്ച് വരികയാണെങ്കിൽ അവരെ വിവാഹ ഏജന്റുമാർ വിവരമറിയുക്കുകയും വിവാഹത്തിനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്യും. വിവാഹം കഴിക്കാൻ തയ്യാറാകുന്നവർ പാലിക്കേണ്ട ഡിമാന്റുകളും യുവതികൾ വാട്‌സാപ്പിലൂടെ കൈമാറുന്നുണ്ട്. തന്റെ എട്ടുമക്കളെ ഏറ്റെടുക്കണമെന്നതാണ് വിധവയായ ഒരു സ്ത്രീ മുന്നോട്ടുവച്ച ആവശ്യം.