- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മരാർജിഭവനിലെ വീഡിയോയിൽ കുടുങ്ങിയ ഐപി ബിനുവിനെ ലോക്കൽ സെക്രട്ടറിയാക്കി; ബിജെപി ഓഫീസ് തകർത്ത മറ്റൊരു പ്രതി പ്രജിൻ കൃഷ്ണയ്ക്കും ഒരു ചുക്കും സംഭവിച്ചില്ല; ടിപിയെ കൊന്ന കുഞ്ഞനന്തൻ രക്തസാക്ഷി; രാഹുലിന്റെ കസേരയിൽ വാഴ വച്ചവർക്കും പ്രതീക്ഷ പാർട്ടിയിലെ ഉയർച്ച തന്നെ; വയനാട്ടിലേത് കുറ്റം ചെയ്തുവെന്ന് തെളിഞ്ഞവരെ സിപിഎം സംരക്ഷിക്കുന്നതിന്റെ ബാക്കി പത്രം
തിരുവനന്തപുരം: രാഹുൽ ഗാന്ധിയുടെ ഓഫീസിന് നേരെ നടന്ന അക്രമത്തെ അപലപിച്ച് എസ്എഫ്ഐ ദേശീയ അധ്യക്ഷൻ വി.പി സാനു രംഗത്തു വന്നു കഴിഞ്ഞു. ബഫർ സോൺ വിഷയത്തിൽ പ്രതിഷേധം സ്വാഭാവികമാണ്. എന്നാൽ അതിന്റെ പേരിൽ എംപി ഓഫീസിൽ നടന്നത് അംഗീകരിക്കാൻ കഴിയില്ല. സംഭവിക്കാൻ പാടില്ലാത്ത കാര്യമാണ് നടന്നതെന്നും സാനു പറഞ്ഞു. സിപിഎമ്മും ഡിവൈഎഫ് ഐയും എല്ലാം ശക്തമായി പ്രതിഷേധിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയനും അപലപിച്ചു. എസ് എഫ് ഐക്കാരെല്ലാം ജയിലിലേക്ക് പോവുകയാണ്. ഇവർ ജയിലിൽ നിന്ന് തിരിച്ചെത്തിയാൽ എന്തു സംഭവിക്കുമെന്നാണ് ഉയരുന്ന ചോദ്യം. ഒന്നും സംഭവിക്കില്ലെന്നതാണ് വസ്തുത.
പാർട്ടി ഓഫീസുകളും നേതാക്കളുടെ ഓഫീസുകളും പരസ്പരം ആക്രമിക്കരുതെന്ന പൊതു ധാരണ കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾക്കിടയിൽ ഉണ്ടായിരുന്നു. വർഷങ്ങൾക്ക് മുമ്പ് നടന്ന ബിജെപി ഓഫീസ് ആക്രമണമാണ് ഇത്തരമൊരു ചർച്ചയിലേക്ക് കാര്യങ്ങളെത്തിച്ചത്. ബിജെപിയുടെ സംസ്ഥാന കമ്മറ്റി ഓഫീസാണ് ചിലർ അടിച്ചു തകർത്തത്. അതിന് ശേഷം സ്വപ്‌നാ സുരേഷിന്റെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് കെപിസിസി ഓഫീസിലേക്കും സിപിഎമ്മുകാർ ഇരച്ചു കയറി. ഇതിനെ എല്ലാം മറികടക്കുന്നതായി എസ് എഫ് ഐയുടെ പരാക്രമം. അതിസാഹസികമായി സൺഷെയ്ഡിൽ കയറിയാണ് ഓഫീസിന്റെ ജനൽ വാതിലിൽ എത്തിയത്. അത് തകർത്ത് അകത്തു കയറി. എല്ലാം ആലോചിച്ചുറപ്പിച്ചതു പോലെ. ആരോ വ്യക്തമായ നിർദ്ദേശം നൽകിയിരുന്നുവെന്ന് സാരം.
2017ലായിരുന്നു ബിജെപി ഓഫീസ് ആക്രമണം. അന്ന് തിരുവനന്തപുരത്ത് ബിജെപി-സിപിഎം സംഘർഷം പലയിടത്തും നടക്കുകയായിരുന്നു. ഇതിന് പിന്നാലെയായിരുന്നു ബിജെപി സംസ്ഥാന കമ്മറ്റി ഓഫീസിലേക്ക് അക്രമം നടത്തിയത്. സിസിടിവി ദൃശ്യങ്ങളിൽ പ്രതികൾ ആരെന്ന് വ്യക്തമായിരുന്നു. അന്ന് കുന്നുകുഴി കൗൺസിലറായിരുന്ന ഐപി ബിനുവും അന്ന് എസ് എഫ് ഐ ജില്ലാ സെക്രട്ടറിയായ പ്രജിൻ കൃഷ്ണയും. അന്നും ബിജെപി ഓഫീസ് ആക്രമണത്തെ സിപിഎം അപലപിച്ചു. ബിനുവിനേയും പ്രജിൻ കൃഷ്ണയേയും സസ്‌പെന്റ് ചെയ്തു. വിഡീയോ ദൃശ്യങ്ങളിൽ ഇരുവരും അക്രം നടത്തിയെന്ന് വ്യക്തമായിരുന്നു.
പക്ഷേ അതവിടെ തീർന്നു. ജയിലിൽ നിന്ന് ഇറങ്ങിയ ഐപി ബിനുവും പ്രജിനും ഇന്ന് തിരുവനന്തപുരത്തെ പ്രധാന സിപിഎം നേതാക്കളാണ്. ജനറൽ ആശുപത്രി ലോക്കൽ കമ്മറ്റി തന്നെ ഐപി ബിനുവിനെ സിപിഎം ഏൽപ്പിച്ചുവെന്നതാണ് വസ്തുത. അതുകൊണ്ട് തന്നെ രാഹുൽ ഗാന്ധിയുടെ ഓഫീസിലേക്ക് ഇരച്ചു കയറിയ എസ് എഫ് ഐക്കാർക്കും വലിയ പ്രശ്‌നമൊന്നും സിപിഎമ്മിൽ ഭാവിയിലുണ്ടാകില്ല. കുട്ടികളായതു കൊണ്ടു തന്നെ പൊറുത്തുവെന്ന് പറഞ്ഞ് എസ് എഫ് ഐയുടെ താക്കോൽ സ്ഥാനം പോലും ഇവർക്ക് നൽകും.
ടിപിയെ കൊന്ന കേസിൽ കോടതി കുറ്റക്കാരനായി കണ്ട കുഞ്ഞനന്തനെ പോലും ന്യായീകരിക്കുന്ന പാർട്ടിയാണ് സിപിഎം. കുഞ്ഞനന്തന്റെ മരണത്തെ രക്തസാക്ഷിത്വം പോലെ അവർ കൊണ്ടാടി. ചരമ വാർഷികം ആചരിക്കാൻ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തന്നെ എത്തി. അങ്ങനെ ബിജെപി ഓഫീസ് ആക്രമിച്ച ഐപി ബിനുവിനേയും ടിപിയെ കൊന്ന ചന്ദ്രശേഖരനേയും അംഗീകരിച്ച സിപിഎം രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണത്തിൽ ഇപ്പോൾ പറയുന്നതെല്ലാം കള്ളമാണെന്ന് കോൺഗ്രസുകാർ ആരോപിക്കുന്നു.
ഐപി ബിനുവിനൊപ്പം ബിജെപി ഓഫീസ് അടിച്ചു തകർക്കാൻ ഉണ്ടായിരുന്ന പ്രജിൻ കൃഷ്ണ പിന്നീട് പട്ടികജാതി ഫണ്ട് തട്ടിപ്പിലും ആരോപണ വിധേയനായി. ഈ സംഭവത്തിൽ വേണ്ട അന്വേഷണം പോലും നടന്നില്ല. പ്രജിനും ഇപ്പോൾ സിപിഎമ്മിന്റെ നേതൃത്വത്തിന്റെ പ്രിയപ്പെട്ട യുവ നേതാക്കളിൽ ഒരാളാണ്. ഐപി ബിനുവും പ്രജിനും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പോലും സാധ്യതയുണ്ടെന്നാണ് സിപിഎം നേതൃത്വം പോലും പറയുന്നത്. രാഹുൽ ഗാന്ധിയുടെ ഓഫീസിൽ നടന്നത് ഇതിലും വലിയ അക്രമമായിരുന്നു. രാഹുലിനന്റെ കസേരയിൽ വാഴ വച്ചവർ മഹാത്മാ ഗാന്ധിയുടെ ഫോട്ടോയും തകർത്തു.
രാഹുൽ ഗാന്ധിയുടെ ഓഫീസ് അടിച്ചുതകർത്ത സംഭവത്തിന്റെ പശ്ചാത്തലത്തിൽ എസ്.എഫ്.ഐ. നേതൃത്വത്തെ സിപിഎം. എ.കെ.ജി സെന്ററിലേക്ക് വിളിച്ചുവരുത്തിയിരുന്നു. എസ്.എഫ്.ഐ. അഖിലേന്ത്യാ പ്രസിഡന്റ് വി.പി.സാനു, സംസ്ഥാന പ്രസിഡന്റ് കെ.അനുശ്രീ എന്നിവരെയാണ് സിപിഎം. നേതൃത്വം വിളിച്ചുവരുത്തിയത്. വയനാട്ടിലെ സംഭവത്തിൽ എസ്.എഫ്.ഐ.യിൽനിന്ന് വിശദീകരണം തേടാൻ സിപിഎം. കഴിഞ്ഞദിവസം തന്നെ തീരുമാനിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇരുനേതാക്കളെയും ശനിയാഴ്ച രാവിലെ എ.കെ.ജി. സെന്ററിലേക്ക് വിളിച്ചുവരുത്തിയത്.
വയനാട്ടിലെ അക്രമസംഭവത്തിൽ തെറ്റുകാർക്കെതിരേ നടപടിയുണ്ടാകുമെന്ന് സാനു പറഞ്ഞു. സംസ്ഥാന കമ്മിറ്റിയുടെ അനുവാദത്തോടെയല്ല എസ്.എഫ്.ഐ. പ്രവർത്തകർ മാർച്ച് നടത്തിയത്. ബഫർസോൺ വിഷയത്തിൽ എസ്.എഫ്.ഐ ഇടപെടും. എന്നാൽ അക്കാര്യത്തിൽ എംപി.യുടെ ഓഫീസിലേക്ക് മാർച്ച് നടത്തിയതിൽ യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.
കൃത്യമായ നിർദ്ദേശമോ അനുവാദമോ ഇല്ലാതെ നടത്തിയ മാർച്ചായിരുന്നു. അതിന്റെ ഭാഗമായി അനിഷ്ട സംഭവങ്ങളും ഉണ്ടായി. സംഭവിക്കാൻ പാടില്ലാത്ത കാര്യങ്ങളാണ് സംഭവിച്ചത്. അതിനെ ഇന്നലെ തന്നെ എസ്.എഫ്.ഐ. ശക്തമായ ഭാഷയിൽ അപലപിച്ചിരുന്നു. എന്താണ് അവിടെ സംഭവിച്ചതെന്ന് പരിശോധിച്ച് തെറ്റുകാർക്കെതിരേ നടപടിയെടുക്കുമെന്നും വി.പി. സാനു കൂട്ടിച്ചേർത്തു.
മറുനാടന് മലയാളി ബ്യൂറോ