കൽപറ്റ: വയനാട് യെത്തീംഖായനിലെ പ്രായപൂർത്തിയാകാത്ത ഏഴു പെൺകുട്ടികൾക്കു പരിസരവാസികളായ ആറു യുവാക്കളിൽനിന്നു നേരിടേണ്ടിവന്നത് മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരതകളാണ്. യത്തീംഖാനക്ക് സമീപമുള്ള കടയിലെ കച്ചവടക്കാരും സുഹൃത്തുക്കളും ചേർന്നാണ് പുറംലോകം അറിഞ്ഞാൽ ഞെട്ടിപ്പോകുന്ന ക്രൂരതകൾക്ക് പെൺകുട്ടികളെ വിധേയമാക്കിയത്.

പൈസ വാങ്ങാതെ മിഠായി നല്കിക്കൊണ്ടാണ് പെൺകുട്ടികളുമായി യുവാക്കൾ സൗഹൃദത്തിലായത്. തങ്ങളെ കടയ്ക്കുള്ളിൽ കയറ്റി വാതിലടച്ച് കുറ്റിയിട്ടശേഷമായിരുന്നു പീഡനങ്ങൾ. നിർബന്ധിച്ച് എന്തോ ദ്രാവകം കുടിപ്പിച്ചപ്പോൾ ഒച്ചവച്ച കുട്ടികളുടെ വായപൊത്തിപ്പിടിച്ച് വസ്ത്രങ്ങൾ ഊരിമാറ്റി പീഡനത്തിനിരയാക്കുകയായിരുന്നു. നഗ്നചിത്രങ്ങളെടുത്തശേഷം ഇതു കാട്ടി രണ്ടുമാസത്തോളം യുവാക്കൾ പീഡനം തുടരുയായിരുന്നു. പെൺകുട്ടികളെ സന്ദർശിച്ച പി.കെ. ശ്രീമതി എംപിയോടാണ് കുട്ടികൾ തങ്ങൾക്കു നേരിടേണ്ടിവന്ന ക്രൂരാനുഭവങ്ങൾ തുറന്നു പറഞ്ഞത്.

പി.കെ. ശ്രീമതി എംപിക്ക് മുമ്പാകെയുള്ള കുട്ടികളുടെ വെളിപ്പെടുത്തൽ ഇങ്ങനെ:

ട്യൂഷൻ ക്ലാസ് കഴിഞ്ഞ് മിഠായി വാങ്ങാൻ കടയിൽ പോയിരുന്നു. അവർ ഞങ്ങൾക്ക് പലപ്പോഴും പൈസ വാങ്ങാതെ മിഠായി തരാറുണ്ടായിരുന്നു. ഒരു ദിവസം ബ്ലാക്ക് ബ്യൂട്ടി എന്ന് എല്ലാവരും വിളിക്കുന്ന കറുത്ത് തടിയച്ചയാൾ എന്നെ ബലംപ്രയോഗിച്ച് കൈപിടിച്ച് വലിച്ചകത്ത് കയറ്റി. പിറകെ എന്റെ കൂട്ടുകാരികളും എത്തി. അയാളുടെ പിന്നാലെ വേറെ നാലുപേർ കൂടി കട മുറിയിലെത്തി. എല്ലാവരും എത്തിയതും അവർ വാതിലടച്ച് കുറ്റിയിട്ടു. പിന്നെ എന്തോ ഒരു ദ്രാവകം നിർബന്ധിച്ച് ഞങ്ങളെ കുടിപ്പിച്ചു. പിന്നെ വസ്ത്രങ്ങൾ ഊരിപ്പിച്ചു. പിന്നെ എന്തൊക്കെയോ ചെയ്തു. ഒച്ചവച്ചപ്പോൾ വായ പൊത്തിപ്പിടിച്ചു. ഭീഷണിപ്പെടുത്തി. അവർ ഞങ്ങളെ മാറിമാറി എന്തെല്ലാമോ ചെയ്തു. പിന്നെ ഉടുപ്പൊന്നുമില്ലാതെ ഞങ്ങളുടെ ചിത്രങ്ങൾ എടുത്തു. ഈ ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തിക്കൊണ്ട് പലതവണ ഞങ്ങളെ ഇതുപോലെയൊക്കെ ചെയ്തു.

പുറത്തു പറഞ്ഞാൽ കൊന്നുകളയുമെന്നായിരുന്നു ഭീഷണി. നാട്ടുകാരും വീട്ടുകാരുമെല്ലാം ഞങ്ങളുടെ ഉടുപ്പിടാത്ത പടം കാണുമെന്ന് പേടിച്ചാണ് അവര് വിളിക്കുമ്പോഴൊക്കെ പോയതെന്നും പീഡനത്തിനിരയായ കുട്ടികൾ പികെ ശ്രീമതി യോട് വെളിപ്പെടുത്തി.

സ്‌കൂളിന് നേരെ മുമ്പിലുള്ള രണ്ട് ചായക്കടകൾ കേന്ദ്രീകരിച്ചാണ് പീഡനസംഘം തമ്പടിച്ചത്. കഴിഞ്ഞ രണ്ടുമാസമായി മൊബൈലിൽ പകർത്തിയ ചിത്രങ്ങൾ കാണിച്ച് പീഡനം തുടരുകയായിരുന്നു. ഭയം കാരണം കുട്ടികൾ ആരോടും ഒന്നും പറയാതിരുന്നത് പീഡനവീരന്മാർക്ക് ഗുണമായി. ഇതിനിടെ ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഒരു പെൺകുട്ടി കടയിൽ നിന്ന് ഇറങ്ങിവരുന്നത് യത്തീംഖാനയിലെ സെക്യൂരിറ്റി ജീവനക്കാരൻ കണ്ടു. അദ്ദേഹം അധികൃതരെ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ സ്ഥാപനത്തിൽ നടത്തിയ കൗൺസിലിംഗിലാണ് പീഡനത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. യതീംഖാന അഡ്‌മിനിസ്ട്രേറ്റർ പൊലീസിൽ പരാതി നൽകിയതോടെയാണ് ആറു പ്രതികളും വലയിലാകുന്നത്.

പീഡനത്തിനിരയായ പെൺകുട്ടികളിൽ ഏറെക്കുറെ എല്ലാവരും സാമ്പത്തികശേഷിയില്ലാത്ത കുടുംബങ്ങളിൽ നിന്നുള്ളവരാണ്. പലരും മാതാവോ പിതാവോ നഷ്ടപ്പെട്ടവരാണ്. അച്ഛനും അമ്മയും നഷ്ടപ്പെട്ടവരുമുണ്ട്. ഇത്തരം അരക്ഷിതാവസ്ഥയിൽ നിന്നാണ് കുട്ടികൾ ചൂഷണമാണെന്നറിയാതെ പ്രതികളുടെ വലയിൽ കുടുങ്ങിയത്. തങ്ങളെ ലൈംഗികമായി ചൂഷണം ചെയ്യുകയാണെന്ന് പോലും മനസ്സിലാക്കാൻ കുട്ടികൾക്ക് കഴിഞ്ഞിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥരും വ്യക്തമാക്കുന്നു. സംഘടിതമായാണ് പ്രതികൾ കുട്ടികളെ ഉപദ്രവിച്ചതെന്ന് അവരുടെ വാക്കുകളിലൂടെ വ്യക്തമാണെന്ന് പി.കെ. ശ്രീമതി എംപി പറഞ്ഞു.