മലപ്പുറം/മാനന്തവാടി: വയനാട് ഡിഎംഒ ഡോ.പി.വി ശശിധര(50)ന്റെ മരണം ആത്മഹത്യയെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്ത മഞ്ചേരി മെഡിക്കൽ കോളേജ് ഡോക്ടർമാരാണ് ഇക്കാര്യം അറിയിച്ചത്. എന്നാൽ ആത്മഹത്യയിലേക്ക് നയിച്ച കാരണം വ്യക്തമല്ല. ആത്മഹത്യാ പ്രേരണ നടന്നിട്ടുണ്ടോയെന്ന് പാണ്ടിക്കാട് പൊലീസ് അന്വേഷിച്ചു വരികയാണ്. അതേസമയം സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ രംഗത്തെത്തിയിട്ടുണ്ട്. മരണ കാരണം സംബന്ധിച്ച് സുഹൃത്തുക്കളിൽ നിന്നും ഡി.എം.ഒയുടെ അടുപ്പക്കാരിൽ നിന്നും വ്യത്യസ്ത വിവരങ്ങളാണ് ലഭ്യമാകുന്നത്.

എന്നാൽ എല്ലാ പ്രതിസന്ധിഘട്ടങ്ങളെയും നിസാരമായി തരണം ചെയ്യുന്ന പ്രകൃതമാണ് ഡോക്ടർ ശശിധരനുള്ളതെന്ന് സഹപ്രവർത്തകർ പറയുന്നു. ഗുരുതരമായ പ്രശ്‌നം ഡി.എം.ഒയെ കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി അലട്ടിയിരുന്നതായും പറയപ്പെടുന്നു. തിങ്കളാഴ്ച പുലർച്ചെ അഞ്ചരയോടെ ശശിധരൻ വയനാട് ഡി.എം.ഒ ഓഫീസിലേക്ക് പുറപ്പെട്ടിരുന്നു. എന്നാൽ ഇവിടെ എത്താതിരിക്കുകയും മൊബൈൽ ഫോൺ ഓഫാവുകയും ചെയ്ത സാഹചര്യത്തിൽ മാനന്തവാടി പൊലീസ് സ്‌റ്റേഷനിൽ ഡെപ്യൂട്ടി ഡി.എം.ഒ പരാതി നൽകിയിരുന്നു.

ഇതേതുടർന്ന് മിസ്സിംങ് കേസ് രജിസ്റ്റർ ചെയ്ത് ഡി.എം.ഒക്കു വേണ്ടിയുള്ള തിരച്ചിൽ നടത്തുന്നതിനിടെയായിരുന്നു സൈബർ സെല്ലിന്റെ സഹായത്തോടെ വീട് സ്ഥിതി ചെയ്യുന്ന പന്തല്ലൂർ മുടിക്കോട് അദ്ദേഹം ഉണ്ടെന്ന് കണ്ടെത്തിയത്. തുടർന്ന് പൊലീസും ഉദ്യോഗസ്ഥരും എത്തി വീടിനുസമീപത്തെ ക്ലിനിക്കിനുള്ളിൽ പരിശോധന നടത്തിയപ്പോഴായിരുന്നു പരിശോധനാ മുറിയിൽ ഫാനിൽ തുങ്ങിയ നിലയിൽ കണ്ടത്. അര ദിവസത്തിലധികം പഴക്കം തോന്നും വിധമായിരുന്നു ബോഡി കണ്ടെത്തിയത്. പൊലീസ് ഇൻക്വസ്റ്റിൽ മരണം ആത്മഹത്യയാണെന്ന് നിഗമനത്തിലെത്തിയിരുന്നു.

മാനന്തവാടി ജില്ലാ ആശുപത്രിയിലെ സ്വീപ്പർ നിയമനവുമായി ബന്ധപ്പെ്ട്ട് അദ്ദേഹത്തിന് ചില മാനസിക സമ്മർദം ഉണ്ടായിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ഏതാനും മാസങ്ങളായി ഇവിടെ 24 സ്വീപ്പർ തസ്തികകൾ ഒഴിഞ്ഞു കിടക്കുന്നു. ഇതിലേക്ക് നിയമനം നടത്തുന്നതിനുള്ള നടപടിക്രമങ്ങൾ നടന്നു വരികയാണ്. നിയമനത്തിലെ രാഷ്ട്രീയ ഇടപെടൽ ഡി.എം.ഒ ചോദ്യം ചെയ്തിരുന്നതായും ഇതിനു തൊട്ടു പിന്നാലെ ആരോഗ്യ മന്ത്രി വിളിച്ച് ശാസിച്ചിരുന്നതായും ഇതിൽ കടുത്ത മാനസിക പ്രയാസം അനുഭവപ്പെട്ടിരുന്നതായും ശശിധരന്റെ അടുപ്പക്കാർ പറയുന്നു. എന്നാൽ ഇത്തരത്തിലുള്ള പ്രശ്‌നങ്ങൾ നിസാരമായി കൈകാര്യം ചെയ്യാറാണ് പതിവെന്നും വെള്ളിയാഴ്ച പോകും വരെ യാതൊരു പ്രശ്‌നവും അദ്ദേഹം പറഞ്ഞിരുന്നില്ലെന്ന് മറ്റു ജീവനക്കാർ പറയുന്നു.

അതേസമയം, കുടുംബ പ്രശ്‌നമാകാം മരണത്തിലേക്ക് നയിച്ചതെന്ന് നാട്ടുകാരായ ചിലർ പറയുന്നു. ക്ലിനിക്കുമായി ബന്ധപ്പെട്ട ഒരു സംഭവത്തിൽ ഈയിടെയായി കുടുംബവുമായി ചിലപ്രശ്‌നങ്ങൾ നിലനിന്നിരുന്നതായും ഭാര്യയുമായി പലപ്പോഴും സ്വരച്ചേർച്ച ഉണ്ടായിരുന്നതായും പറയപ്പെടുന്നു. സംഭവം നടക്കുന്നതിന്റെ തലേദിവസം ഭാര്യയും മക്കളും സ്വന്തം വീടായ കണ്ണൂരിലേക്ക് പോയിരുന്നു. എന്നാൽ ഓഫീസിലെയും കുടുംബത്തിലെയും പ്രശ്‌നങ്ങൾ പൊലീസ് പരിശോധിച്ചു വരികയാണ്. മരണ കാരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഇതുവരെയും കുടുംബം പരാതി നൽകിയിട്ടില്ല.

പരാതി ലഭിച്ചാൽ അന്വേഷണം തുടരുമെന്ന് പൊലീസ് അറിയിച്ചു. മൃതദേഹത്തോടൊപ്പം ലഭിച്ച കുറിപ്പിൽ തന്റെ മരണത്തിൽ മറ്റാർക്കും ഉത്തരവാദിത്വമില്ലെന്ന് എഴുതിയിട്ടുണ്ട്. മൃതദേഹം മുടിക്കോടും മാനന്തവാടിയിലും ജന്മസ്ഥലമായ പയ്യന്നൂരിലും പൊതുദർശനത്തിനു വെയ്ക്കണമെന്നും കഴിയുമെങ്കിൽ പോസ്റ്റുമോർട്ടം ഒഴിവാക്കി ബോഡി മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾക്ക് പഠനത്തിനായി വിട്ടുനൽകണമെന്നും ഡി.എം.ഒ ഓഫീസിൽ തന്റെ ഫോട്ടോ ഫ്രെയിം ചെയ്തു വെയ്ക്കണമെന്നും ആത്മഹത്യാ കുറിപ്പിൽ പറയുന്നുണ്ട്. സ്ഥാനക്കയറ്റം ലഭിച്ച് കഴിഞ്ഞ ഒരുവർഷത്തിലധികമായി വയനാട് ഡി.എം.ഒ ആയി ജോലി ചെയ്തു വരികയായിരുന്നു.

കണ്ണൂർ സ്വദേശിയായ വയനാട് ഡി.എം.ഒ പി.വി ശശിധരൻ മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ഏറെ കാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഡോക്ടർ തന്റെ നിലപാടുകളിൽ ഏറെ പ്രശംസ പിടിച്ചു പറ്റുകയും സാധാരണക്കാരുടെ പ്രിയ ഡോക്ടറും ആവുകയും ചെയ്തിരുന്നു. മന്ത്രി ഡോ.എം.കെ മുനീറിന്റെ സഹപാഠിയാണ് ശശിധരൻ. 20 വർഷക്കാലമായി പന്തല്ലൂർ മുടിക്കോടാണ് കുടുംബവുമായി താമസിച്ചു വരുന്നത്. എന്നാൽ ഡോക്ടറുടെ ആകസ്മിക വിയോഗം ആർക്കും ഇപ്പോഴും ഉൾക്കൊള്ളാനായിട്ടില്ല. സഹപ്രവർത്തകർക്കും മുമ്പ് കൂടെ ജോലി ചെയിതിരുന്ന ജീവനക്കാർക്കുമെല്ലാം ശശിധരൻ ഡോക്ടറുടെ ഉറച്ച നിലപാടിനെകുറിച്ചും ആത്മധൈര്യത്തെ കുറിച്ചുമായിരുന്നു പറയാനുണ്ടായിരുന്നത്. ഡോക്ടറുടെ മരണത്തിലേക്ക് നയിക്കാനുണ്ടായിരുന്ന കാരണം അവ്യക്തമാണെങ്കിലും ദുരൂഹത ഒളിഞ്ഞും തെളിഞ്ഞും നിലനിൽക്കുന്നുണ്ട്.