കൽപറ്റ: നിർദ്ദിഷ്ട വയനാട് മെഡിക്കൽ കോളേജ് ഭൂമിയിൽ നിന്ന് കാർഷിക വിളകൾ മോഷണം പോയ സംഭവത്തിൽ കമ്പളക്കാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വയനാട് മെഡിക്കൽ കോളേജിന് വേണ്ടി സർക്കാർ ഏറ്റെടുത്ത വൈത്തിരി താലൂക്കിലെ കോട്ടത്തറി വില്ലേജിൽ മചക്കിമലയിലെ ബ്ലോക്ക് 11ൽപെട്ട റീസർവ്വെ നമ്പർ 229/1, 224/1,228 എന്നിവയിൽപെട്ട 50 ഏക്കർ വരുന്ന സ്ഥലത്തെ ലക്ഷക്കണക്കിന് രൂപ വിലവരുന്ന കാപ്പിയാണ് മോഷണം പോയത്. ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ചന്ദ്രപ്രഭാ സ്മാരക ട്രസ്റ്റാണ് 50 ഏക്കർ വരുന്ന സംഥലം സർക്കാർ മെഡിക്കൽ കോളേജ് നിർമ്മിക്കുന്നതിനായി സർക്കാറിന് വിട്ട് കൊടുത്തത്.

വയനാട്ടിൽ സർക്കാർ മെഡിക്കൽ കോളേജിന് വേണ്ടി ചന്ദ്രപ്രഭാ സ്മാരക ട്രസ്റ്റ് വിട്ട് നൽകിയ 50ഏക്കർ സഥലത്ത് നിന്ന് കോടിക്കണക്കിന് രൂപയുടെ തടിയും കാപ്പിയും കുരുമുളകും നേരത്തെയും കടത്തിക്കൊണ്ട് പോയിരുന്നു. ബന്ധപ്പെട്ട വകുപ്പുകളും ഉദ്യോഗസ്ഥരുമറിഞ്ഞാണ് ഈ പകൽകൊള്ള നടക്കുന്നത്. സർക്കാർ ഏജൻസികൾ ആരും തന്നെ ഇവിടുന്നുള്ള ആദായമെടുത്തതായി പറയുന്നുമില്ല. കഴിഞ്ഞ യു ഡി എഫ് സർക്കാറിന്റെ കാലത്താണ് വയനാട്ടിൽ മെഡിക്കൽ കോളേജ് എന്ന ആവശ്യത്തിനായി ചന്ദ്രപ്രഭാ സ്മാരക ട്രസ്റ്റ് 50 ഏക്കർ വരുന്ന ഭൂമി സർക്കറിന് വിട്ട് നൽകിയത്. അന്ന് മുതൽ ഇന്നോളം വരെ ആ ഭൂമിയിൽ നിന്നുള്ള യാതൊരുവിധത്തിലുമുള്ള വരുമാനവും സർക്കാർ എടുത്തിട്ടില്ലെന്ന് കളക്ടറും, ആരോഗ്യവകുപ്പും, റവന്യൂ വകുപ്പും, നിർമ്മാണ കമ്പനിയും വ്യക്തമാക്കുന്നു.

സ്ഥലത്തിന്റെ വിലയേക്കാൾ വരുന്ന സംഖ്യയുടെ മരമാണ് സർക്കർ ഈ സ്ഥലം ഏറ്റടുത്തന്ന് മുതൽ ഇവിടെ നിന്ന് കടത്തിക്കൊണ്ട് പോയത്. ഈ സ്ഥലം സർക്കാറിന് വിട്ട് നൽകുന്ന സമയത്ത് തന്നെ ഇത് സംബന്ധിച്ച് നിരവധി ആരോപണങ്ങളുയർന്നിരുന്നു. അതിൽ പ്രധാനപ്പെട്ടതും കോടികൾ വിലവരുന്ന സ്ഥലത്തെ മരങ്ങളെ കുറിച്ച് തന്നെയായിരുന്നു. ഇത്രയും സംഖ്യക്കുള്ള മരങ്ങൾ യാതൊരു പരിസ്ഥിതി നിയമങ്ങളെയും വകവെക്കാതെ ഇവിടെ നിന്ന് കടത്താനുള്ള ഏക മാർഗമാണ് സ്ഥലം സർക്കാറിന് വിട്ട് നൽകുക എന്നത്. അതിലപ്പുറം വയനാട്ടിൽ മെഡിക്കൽ കോളേജുണ്ടാക്കാനുള്ള ആത്മാർത്ഥതയല്ലിതെന്നും അന്ന് ഉയർന്നിരുന്ന പ്രധാന ആരോപണമാണ്. സ്ഥലം വിട്ട് നൽകി രണ്ട് വർഷങ്ങൾക്കിപ്പുറവും അവിടെയൊരു ഒരു ബോർഡല്ലാതെ യാതൊരുവിധ നിർമ്മാണ പ്രവർത്തനവും നടന്നിട്ടില്ല. ഒച്ചിഴയും വേഗത്തിലാണ് പ്രവർത്തനങ്ങൾ നടക്കുന്നത്. കഴിഞ്ഞ സർക്കാറും ഇപ്പോഴത്തെ സർക്കാറും മാറിമാറി തറക്കല്ലിട്ടിട്ടും കെട്ടിടത്തിന്റെ നിർമ്മാണ മാത്രം നടന്നിട്ടില്ല. കഴിഞ്ഞ രണ്ട് ദിവസങ്ങളായി വയനാട്ടിൽ കോൺഗ്രസും സി പി എമ്മും മാറിമാറി തങ്ങളാണ് വയനാടിനെ വികസനക്കുതിപ്പിലേക്ക് കൊണ്ട് പോകുന്നതെന്ന് വാർത്താ സമ്മേളനങ്ങൾ നടത്തുന്നുണ്ട്. അവരാരും തന്നെയെന്നാൽ വയനാട്ടിലെ സർക്കാർ മെഡിക്കൽ കോളേജിന്റെ കാര്യത്തിൽ ഒന്നും മിണ്ടിയിട്ടില്ല. പക്ഷേ ശ്രീചിത്തിര മെഡിക്കൽ സെന്റിറിന്റെ കാര്യത്തിൽ ഇരുകൂട്ടരും പരസ്പരം വായിട്ടലക്കുന്നുമുണ്ട്.

അതേ സമയം സംഭവത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ബിജെപി യും എൻഡിഎയും സമരപരിപാടകളുമായി മുന്നോട്ട് പോകാനാണ് നീക്കം. സർക്കാർ മെഡിക്കൽകോളേജിന്റെ പേരിൽ ഇടതുവലതുമുന്നണികൾ അറിഞ്ഞുള്ള കൊള്ളയാണ് നടക്കുന്നതെന്ന് ബിജെപി വയനാട് ജില്ലാ പ്രസിഡണ്ട് സജി ശങ്കർ മറുനാടനോട് പറഞ്ഞു. സർക്കാറിന് കൈമാറിയ സ്ഥലത്ത് നിന്നും മരവും കാപ്പിയും കുരുമുളകുമെല്ലാം കാണാതാകുന്നത് ബദ്ധപ്പെട്ടവർ അറിയാതെയാണെന്ന് പറഞ്ഞാൽ വിശ്വസിക്കില്ല. സംഭവത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ബിജെപി വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് സമരം നടത്തും. കുറ്റക്കാർക്കെതിരെ നടപടിയെടുത്ത് എത്രയും പെട്ടെന്ന് വയനാട് സർക്കാർ മെഡിക്കൽ കോളേജിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കണം. സജി ശങ്കർ മറുനാടനോട് പറഞ്ഞു.

കഴിഞ്ഞ സർക്കാറിന്റെ കാലത്ത് 41 കോടി രൂപ നബർഡ് വയനാട് മെഡിക്കൽ കോളേജിന് വേണ്ടി അനുവദിച്ചിരുന്നു. ഇതുപയോഗപ്പെടുത്തി നിർമ്മാണം തുടങ്ങുമെന്നായിരുന്ന രണ്ടാമത് നിർമ്മാണ പ്രവർത്തികൾക്ക് തറക്കല്ലിട്ടപ്പോൾ പറഞ്ഞിരുന്നത്. ഈ സർക്കാറിന്റെ ആദ്യ ബജറ്റിൽ മെഡിക്കൽ കോളേജിന് വേണ്ടി തുകയനുവദിക്കുകയും ചെയതിരുന്നില്ല.