ടെൽ അവീവ്: ചരിത്രത്തിൽ ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഇസ്രയേൽ സന്ദർശിക്കുന്നത്. ജറുസലേമിൽ എത്തിയ മോദിക്ക് ലഭിച്ചത് ഊഷ്മള സ്വീകരണമാണ്. ഇസ്രയേൽ പ്രധാനമന്ത്രി പ്രോട്ടോക്കോൾ മറികടന്ന് നേരിട്ടെത്തി സ്വീകരിച്ചു എന്നത് മാത്രം മതി ഇന്ത്യൻ പ്രധാനമന്ത്രി എത്രത്തോളം പ്രിയങ്കരനാണെന്ന് അറിയാൻ. മോദിയെ സ്വീകരിക്കാൻ വൻ ഒരുക്കങ്ങളാണ് ഇസ്രയേൽ ഭരണകൂടം നടത്തിയിരിക്കുന്നത്. പ്രോട്ടോകോൾ മറികടന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ടെൽ അവീവ് വിമാനത്താവളത്തിൽ മോദിയെ സ്വീകരിക്കാൻ നേരിട്ടെത്തി.

ഇന്ത്യയുടെ ദേശീയഗാനം മുഴക്കിയാണ് ഇസ്രയേൽ നരേന്ദ്ര മോദിയെ സ്വീകരിച്ചത്. ''ഇസ്രയേൽ സന്ദർശിക്കുന്ന ആദ്യ പ്രധാനമന്ത്രിയാണ് താങ്കൾ. ഒരു യഥാർഥ സുഹൃത്ത്. ഞങ്ങൾ ഇന്ത്യയെ സ്നേഹിക്കുന്നു'' മോദിക്ക് സ്വാഗതം പറഞ്ഞുകൊണ്ട് നെതന്യാഹു പറഞ്ഞു. ഇസ്രയേൽ തനിക്ക് നൽകിയ സ്വീകരണത്തിന് നരേന്ദ്ര മോദി നന്ദി പറഞ്ഞു.

70 കൊല്ലമായി ഞങ്ങൾ നിങ്ങളെ കാത്തിരിക്കുക ആയിരുന്നു എന്ന് പറഞ്ഞാണ് നെതന്യാഹു മോദിയെ സ്വീകരിച്ചത്. അദ്ദേഹം ഹിന്ദിയിൽ സ്വാഗതമോതി മോദിയെ കെട്ടിപ്പിടിച്ചു. അമേരിക്കൻ പ്രസിഡന്റിനും മാർപ്പാപ്പയ്ക്കും മാത്രമാണ് ഇത്തരമൊരു അംഗീകാരം നൽകാറുള്ളത്. പ്രിയ സുഹൃത്തിനെ സ്വാഗതം ചെയ്യുന്നുവെന്ന് നെതന്യാഹു ഹിന്ദിയിൽ പറഞ്ഞു. ഇവിടെയെത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ഹീബ്രൂ ഭാഷയിൽ മോദി മറുപടി നൽകി.

മോദിയെ ഇന്ത്യയുടെ മഹാനായ നേതാവെന്നും ലോകനേതാവെന്നും വിശേഷിപ്പിച്ച നെതന്യാഹു, ഇന്ത്യൻ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനായി ഇസ്രയേൽ കാത്തിരിക്കാൻ തുടങ്ങിയിട്ട് 70 വർഷമായെന്നും ഓർമിച്ചു. ഇസ്രയേൽ പ്രധാനമന്ത്രി ഇതുവരെ വിമാനത്താവളത്തിൽ നേരിട്ടെത്തി സ്വീകരിച്ചിട്ടുള്ളതു യുഎസ് പ്രസിഡന്റിനെയും മാർപാപ്പയെയും മാത്രമാണ്.

ഇസ്രയേൽ നേതൃനിരയിലെ എല്ലാ പ്രമുഖരും മോദിയെ സ്വീകരിക്കാൻ നെതന്യാഹുവിനൊപ്പമെത്തിയിരുന്നു. ഇരു നേതാക്കളും ഉപചാര വാക്കുകളോടെ മൂന്നുതവണ ആലിംഗനം ചെയ്തു. ഇന്ത്യ ഇസ്രയേൽ ബന്ധത്തിന്റെ കാര്യത്തിൽ ആകാശമാണ് അതിരെന്നു മോദി മുൻപൊരിക്കൽ പറഞ്ഞത് ചൂണ്ടിക്കാട്ടിയ നെതന്യാഹു, ഇപ്പോൾ ആ ബന്ധം ആകാശത്തിന്റെ അതിരും കടന്നെന്നു പറഞ്ഞു. ഇന്ത്യ ഇസ്രയേൽ ബഹിരാകാശ സഹകരണ പദ്ധതികളെയാണ് അദ്ദേഹം ഉദ്ദേശിച്ചത്.

ഹീബ്രുവിൽ നമസ്‌കാരം പറഞ്ഞാണു മോദി ഹ്രസ്വമായ പ്രസംഗം തുടങ്ങിയത്. എല്ലാ മേഖലകളിലും ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനും ഭീകരതയ്‌ക്കെതിരെ സംയുക്ത പോരാട്ടം നടത്തുന്നതിനും മുൻഗണന നൽകുമെന്ന് ഇരുനേതാക്കളും പ്രഖ്യാപിച്ചു. ജറുസലമിൽനിന്ന് 56 കിലോമീറ്റർ അകലെ മോഷവ് മിഷ്മർ ഹാഷിവയിലെ ഡെൻസിഗർ സസ്യോദ്യാനം നെതന്യാഹുവിനൊപ്പം മോദി സന്ദർശിച്ചു.

കൃഷി മന്ത്രി യൂറി ഏറിയലും ഒപ്പമുണ്ടായിരുന്നു. കാർഷികരംഗത്തെ സാങ്കേതിക വികസന പദ്ധതികളിൽ കൂടുതൽ സഹകരണത്തിനുള്ള സൂചനയായാണ് മോദിയുടെ ഡെൻസിഗർ സന്ദർശനം വിലയിരുത്തപ്പെടുന്നത്. ടെൽ അവീവ്ന്മ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചരിത്രസന്ദർശനത്തിനുള്ള ആദരസൂചകമായി പൂവിനു മോദിയുടെ പേരു നൽകി ഇസ്രയേൽ. പരക്കെ കാണപ്പെടുന്ന 'ഇസ്രയേലി ക്രിസാന്തമം' ഇനത്തിലുള്ള പൂവാണ് ഇനിമുതൽ മോദിയുടെ പേരിൽ അറിയപ്പെടുക. പ്രധാനമന്ത്രി നെതന്യാഹുവിനു മോദിയെക്കുറിച്ചു പറയാനേ നേരമുള്ളൂവെന്നു പറഞ്ഞു വാർത്താ വിതരണ മന്ത്രി ആയൂബ് കാറ അദ്ദേഹത്തെ പരിചയപ്പെട്ടതും ശ്രദ്ധേയമായി.

മൂന്ന് ദിവസത്തെ സന്ദർശനത്തിനാണ് മോദി ഇസ്രയേലിൽ എത്തിയിരിക്കുന്നത്. ഇസ്രയേലുമായി നയതന്ത്ര ബന്ധം സ്ഥാപിച്ചതിന്റെ 25-ാം വാർഷികത്തിലാണ് മോദിയുടെ സന്ദർശനം. ആയുധ കച്ചവടമാണ് മോദിയുടെ പ്രധാന ലക്ഷ്യം. ഇന്ത്യ ഏറ്റവും കൂടുതൽ ആയുധങ്ങൾ വാങ്ങുന്ന രാജ്യങ്ങളിലൊന്നാണ് ഇസ്രയേൽ. അമേരിക്കയും റഷ്യയും കഴിഞ്ഞാൽ ഇസ്രയേലിൽ നിന്നാണ് ഇന്ത്യ ഏറ്റവും കൂടുതൽ ആയുധം ഇറക്കുമതി ചെയ്യുന്നത്.

ഇസ്രയേലിനോടുള്ള ഇന്ത്യയുടെ സമീപനത്തിൽ നയപരമായി സ്വീകരിക്കാൻ പോകുന്ന മാറ്റത്തിന്റെ പരസ്യപ്രഖ്യാപനമായി ഈ സന്ദർശനത്തെ കാണുന്നവരുണ്ട്. ഇന്ത്യ-ഇസ്രയേൽ ബന്ധത്തിന്റെ ഇരുപത്തഞ്ചാം വാർഷികവേളയാണ് മോദി സന്ദർശനത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്. ഗുജറാത്തിൽ മുഖ്യമന്ത്രിയായിരുന്ന കാലംതൊട്ട് തന്റെ ഇസ്രയേൽ ചായ്വ് പരസ്യമായി പ്രകടിപ്പിച്ച മോദി ഫലസ്തീൻ സന്ദർശിക്കുന്നില്ല.