കൊൽക്കത്ത: കേന്ദ്രസർക്കാർ തിരികെ വിളിച്ച ബംഗാൾ ചീഫ് സെക്രട്ടറി ആലാപൻ ബന്ദോപധ്യായ തിങ്കളാഴ്ച ഡൽഹിയിലെ ഓഫീസിൽ ഹാജരായേക്കില്ല. തിങ്കളാഴ്‌ച്ച ആലാപൻ ബന്ദോപധ്യായ കേന്ദ്ര പഴ്‌സനൽ മന്ത്രാലയത്തിൽ റിപ്പോർട്ട് ചെയ്യണമെന്നാണ് കേന്ദ്ര സർക്കാർ ബംഗാൾ സർക്കാരിന് നൽകിയിരുന്ന നിർദ്ദേശം.

ചട്ടപ്രകാരം, സംസ്ഥാന സർക്കാർ ചുമതലകളിൽനിന്ന് ഒഴിവാക്കിയെങ്കിൽ മാത്രമെ ചീഫ് സെക്രട്ടറിക്ക് കേന്ദ്രത്തിൽ റിപ്പോർട്ടു ചെയ്യാൻ സാധിക്കൂ. എന്നാൽ ചീഫ് സെക്രട്ടറി പങ്കെടുക്കേണ്ട യോഗം തിങ്കളാഴ്ച മമത ബാനർജി കൊൽക്കത്തയിൽ നിശ്ചയിച്ചിട്ടുണ്ട്.

യാസ് ചുഴലിക്കാറ്റിന്റെ കെടുതികൾ വിലയിരുത്തുന്നതിനു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ബംഗാളിൽ നടന്ന യോഗത്തിൽനിന്നു മുഖ്യമന്ത്രി മമത ബാനർജി വിട്ടുനിന്നതിൽ കേന്ദ്ര സർക്കാർ നേരത്തെ അതൃപ്തി രേഖപ്പെടുത്തിയിരുന്നു.

ദുരിതബാധിത പ്രദേശങ്ങളിൽ വ്യോമനിരീക്ഷണം നടത്തിയ ശേഷം പ്രധാനമന്ത്രിയുടെ വിമാനം ലാൻഡുചെയ്ത എയർബേസിൽ 15 മിനിറ്റ് നേരം മോദിയുമായി ആശയവിനിമയം നടത്തുക മാത്രമാണു മമത ചെയ്തത്.

മോദിയുടെ യോഗത്തിൽ ചീഫ് സെക്രട്ടറിയുൾപ്പെടെ ബംഗാൾ സർക്കാരിന്റെ പ്രതിനിധികളാരും പങ്കെടുത്തിരുന്നില്ല. ഇതിനെ തുടർന്നാണ് ചീഫ് സെക്രട്ടറിയെ തിരിച്ചുവിളിപ്പിച്ചത്. അഖിലേന്ത്യ സിവിൽ സർവീസ് ചട്ടം ആറ് ഒന്ന് പ്രകാരമാണ് മന്ത്രാലയതീരുമാനം.

സിവിൽ സർവീസ് ഉദ്യോഗസ്ഥ നിയമനതർക്കങ്ങളിൽ കേന്ദ്രത്തിന്റെ അധികാരം വ്യക്തമാക്കുന്നതാണ് ചട്ടം ആറ് ഒന്ന്.പേഴ്‌സണൽ ട്രെയിനിങ് വിഭാഗത്തിലേക്കാണ് മാറ്റം.

ചീഫ് സെക്രട്ടറി ആലാപൻ ബന്ധോപാധ്യയെ തിരിച്ചുവിളിച്ച നടപടി റദ്ദാക്കണമെന്നും മമത കേന്ദ്രത്തോട് അഭ്യർത്ഥിച്ചിരുന്നു.

ബിജെപിയുടെ തരംതാണ നടപടിയെന്നാണ് തീരുമാനത്തെ തൃണമൂൽ കോൺഗ്രസ് വിമർശിച്ചത്. കേന്ദ്രത്തിന്റെ പ്രത്യേക അധികാരം ഉപയോഗിച്ചുള്ള നടപടിയാണെന്നായിരുന്നു ബിജെപി വാദം. മറ്റന്നാൾ വിരമിക്കേണ്ട ചീഫ് സെക്രട്ടറി ആലാപൻ ബന്ധോപാധ്യയയുടെ കാലാവധി സംസ്ഥാന സർക്കാർ നേരത്തെ നാല് മാസത്തേക്ക് നീട്ടി നൽകിയിരുന്നു.

മോദിയുടെയും അമിത്ഷായുടെയും ബിജെപിക്ക് ഇതിനേക്കാൾ തരംതാഴാൻ കഴിയുമോ എന്നും സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം ഇത്തരമൊരു നടപടി ഉണ്ടായിട്ടുണ്ടോ എന്നും തൃണമൂൽ കോൺഗ്രസ് നേതാക്കൾ ചോദിച്ചിരുന്നു.

നേരത്തെ മൂന്ന് ഐപിഎസ് ഉദ്യോഗസ്ഥരെ കേന്ദ്രം തിരിച്ചുവിളിച്ചെങ്കിലും ഇവരെ വിട്ടുനൽകാൻ സംസ്ഥാനസർക്കാർ തയ്യാറായിരുന്നില്ല. ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയുടെ വാഹനവ്യൂഹം ആക്രമിക്കപ്പെട്ട സംഭവത്തിലാണ് ഐപിഎസ് ഉദ്യോഗസ്ഥരെ തിരികെ വിളിച്ചത്. ഇതു സംബന്ധിച്ച കേസ് കോടതിയുടെ പരിഗണനയിൽ ഇരിക്കെയാണ് കേന്ദ്രത്തിന്റെ പുതിയ നടപടി.

മമത നിലപാടിൽ ഉറച്ചു നില്ക്കുമ്പോൾ കേന്ദ്ര -സംസ്ഥാന സർക്കാരുകൾക്കിടയിലെ വലിയ തർക്കമായി ഇത് മാറുമെന്ന് ഉറപ്പാകുകയാണ്.