കോഴിക്കോട്: സ്വന്തം സ്ഥലത്ത് വീടുവെക്കാനോ അറ്റകുറ്റപ്പണി നടത്താനോ സ്ഥലം ക്രയ വിക്രയം നടത്താനോ കഴിയാതെ വന്നതോടെ രാഷ്ട്രീയ ഭേദമെന്യെ ജനങ്ങൾ ഒറ്റക്കെട്ടായി പട്ടാളത്തിനെതിരെ രംഗത്ത്. ഇതോടെ വെസ്റ്റ്ഹിൽ സൈനിക ക്യാമ്പിന് നൂറു മീറ്റർ ചുറ്റളവിൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് നിരോധനം ഏറ്റെടുത്തിയ മിലിട്ടറി ഉദ്യോഗസ്ഥർക്കെതിരെ വിവിധ രാഷ്ട്രീയ പാർട്ടികളും രംഗത്തെത്തി. വെസ്റ്റ്ഹിൽ സൈനിക ക്യാമ്പിനും വിക്രം മൈതാനത്തിനും സമീപത്തായി താമസിക്കുന്ന രണ്ടായിരത്തോളം കുടുംബങ്ങളാണ് സൈനിക നിയമങ്ങളിൽ വലഞ്ഞ് പ്രതിഷേധവുമായി രംഗത്തെത്തിയത്.

മിലിട്ടറി അഥോറിറ്റിയിൽ നിന്ന് പ്ലാനിന് അനുമതി കിട്ടാതെ ഈ പ്രദേശത്ത് വീട് നിർമ്മാണം, അറ്റകുറ്റപ്പണികൾ, ക്രയവിക്രയങ്ങൾ എന്നിവ ചെയ്യാൻ പറ്റാത്ത അവസ്ഥയാണ്. 2003 മുതൽ 2016 വരെ നൂറ് മീറ്റർ പരിധിയിൽ എൻ ഒ സി അനുവദിച്ചിരുന്നു. 2016 ൽ അമ്പത് മീറ്റർ പരിധിയിൽ വീട് നിർമ്മിക്കാൻ അനുമതിയില്ല. 2019 മുതൽ നൂറ് മീറ്റർ വരെ നിർമ്മാണം നിരോധിച്ചു. 2020 മുതൽ നൂറ് മീറ്റർ മുതൽ അഞ്ഞൂറ് മീറ്റർ വരെ എൻ ഒ സി നിർബന്ധമാക്കി. കേരളത്തിൽ 2016 ലെ പുതുക്കിയ എൻ ഒ സി റൂൾ പ്രകാരം കണ്ണൂർ മിലിറ്ററി സ്റ്റേഷൻ മാത്രമെ എൻ ഒ സി പരിധിയിൽ വരുന്നുള്ളു. അതും പത്ത് മീറ്റർ പരിധിയിൽ എൻ ഒ സി അനുവദിക്കാമെന്നും വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ വെസ്റ്റ്ഹിൽ ബാരക്‌സ് മിലിട്ടറി അധികൃതർ കഴിഞ്ഞ വർഷം കോഴിക്കോട് കോർപ്പറേഷൻ സെക്രട്ടറിക്ക് നിരോധന ഉത്തരവ് വ്യക്തമാക്കിക്കൊണ്ട് കത്തയയ്ക്കുകയായിരുന്നു. ഈ കാര്യം മനസ്സിലാക്കാതെ ചില മാധ്യമങ്ങൾ കോർപ്പറേഷൻ കെട്ടിട നിർമ്മാണ ചട്ടം ഭേദഗതി ചെയ്യാത്തതിനാലാണ് അനുമതി നിഷേധിക്കുന്നത് എന്ന തരത്തിൽ വാർത്ത നൽകുകയും ചെയ്തു.

പട്ടാളത്തിന്റെ കർശന നിയന്ത്രണങ്ങൾ കാരണം പ്രദേശത്തെ ജനങ്ങൾ ഭൂരഹിതരായ സ്ഥിതിയിലാണ്. സ്ഥലം വിൽക്കാൻ പോലും കഴിയാതെ ദുരിതത്തിലാണ് ഇവരെല്ലാവരും. ഈ സാഹചര്യത്തിൽ ബാരക്‌സ് സൗത്ത് റെസിഡന്റ്‌സ് അസോസിയേഷൻ നേതൃത്വത്തിൽ സമീപത്തുള്ള പന്ത്രണ്ട് അസോസിയേഷനുകൾ ചേർന്ന് പ്രക്ഷോഭം ശക്തമാക്കുന്നത്. പന്ത്രണ്ട് അസോസിയേഷനുകളിലെ ഭാരവാഹികളെ ചേർത്ത് കോ-ഓർഡിനേഷൻ കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം പ്രദേശത്ത് ജനകീയ കൂട്ടായ്മയും സംഘടിപ്പിച്ചു. പ്രദേശത്ത് പട്ടാളഭരണം നടത്താനുള്ള നീക്കം അനുവദിക്കില്ലെന്ന് പരിപാടിയിൽ സംസാരിച്ച എളമരം കരീം എംപി വ്യക്തമാക്കി. മിലിട്ടറി ബാരക്‌സ് സൈനികക്യാമ്പിന് നൂറുമീറ്റർ ചുറ്റളവിൽ കെട്ടിടനിർമ്മാണത്തിനോ വീടുകൾ പുതുക്കിപ്പണിയുന്നതിനോ നിരോധന നിർദ്ദേശം നൽകിയ ഉത്തരവ് പിൻവലിക്കാൻ മിലിട്ടറി ഉദ്യോഗസ്ഥർ തയ്യാറാവണം. അറ്റകുറ്റപ്പണിപോലും നടത്താൻ കഴിയാത്തവിധം 100 മീറ്റർ ചുറ്റളവിൽ സമ്പൂർണ നിരോധനമേർപ്പെടുത്തിയത് അംഗീകരിക്കാനാവില്ല. പ്രദേശത്ത് പട്ടാളഭരണം നടത്താനുള്ള നീക്കം അനുവദിക്കില്ല. കേന്ദ്ര പ്രതിരോധ മന്ത്രിയെ കണ്ട് വിഷയം ധരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര മന്ത്രിയേയും സെക്രട്ടറിയേയും കണ്ട് സംസാരിക്കുമെന്ന് എം കെ രാഘവൻ എംപി പറഞ്ഞു. 13 റസിഡന്റ്‌സ് അസോസിയേഷനുകൾ സംഘടിപ്പിച്ച കൂട്ടായ്മയിൽ എ പ്രദീപ് കുമാർ എംഎൽഎ അധ്യക്ഷത വഹിച്ചു. എം കെ മുനീർ എംഎൽഎ, മുൻ മേയർ തോട്ടത്തിൽ രവീന്ദ്രൻ, കെ വി ബാബുരാജ്, പി രഘുനാഥ്, കെ വി ഷൈജു, എം വി രാമകൃഷ്ണൻ, അഡ്വ. ഇ രവീന്ദ്രൻ, സേതുമാധവൻ, പ്രസാദ് സ്‌നേഹ എന്നിവർ സംസാരിച്ചു.

കഴിഞ്ഞ ദിവസം വീടുകളുടെ നിർമ്മാണം, അറ്റകുറ്റപ്പണികൾ എന്നിവയ്ക്ക് അഥോറിറ്റിയുടെ എൻ ഒ സി വേണമെന്ന പ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര മന്ത്രി വി മുരളീധരന് ബിജെപി നിവേദനം നൽകിയിരുന്നു. കോർപ്പറേഷൻ അത്താണിക്കൽ വാർഡ് എൻ ഡി എ സ്ഥാനാർത്ഥി സി എസ് സത്യഭാമയുടെയും ബിജെപി ജില്ലാ കമ്മിറ്റിയുടെയും നേതൃത്വത്തിലാണ് നിവനോദനം നൽകിയത്. വിഷയം പ്രതിരോധ മന്ത്രാലയത്തിന്റെയും കേന്ദ്ര സർക്കാറിന്റെയും ശ്രദ്ധയിൽ കൊണ്ടുവരുമെന്ന് മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.