തിരുവനന്തപുരം: 2013ൽ കോടികളുടെ മയക്കുമരുന്നുമായി കൊല്ലത്ത് പിടിയിലായെന്ന് പൊലീസ് പ്രഖ്യാപിച്ച തമിഴ്‌നാട് സ്വദേശി മുകേഷിന്റെ കൈയിൽ നിന്ന് പൊലീസ് പിടിച്ചെടുത്തത് മയക്കുമരുന്നായിരുന്നില്ല പകരം അമ്മയ്ക്കു കൊടുക്കാൻ വേണ്ടി വാങ്ങിയ അരിപ്പൊടിയായിരുന്നുവെന്ന് ഏഷ്യാനെറ്റ് റിപ്പോർട്ട്.

പിടിച്ചെടുത്ത വസ്തു മയക്കുമരുന്നാണെന്ന് പ്രാഥമിക ടെസ്റ്റിൽ ബോധ്യപ്പെട്ടതോടെയാണ് കേസെടുത്തതെന്നും പിന്നീട് ലാബിൽ അയക്കുംമുമ്പ് പിടിച്ചെടുത്ത വസ്തു മാറ്റപ്പെട്ടുവെന്ന് സംശയിക്കുന്നതായും വ്യക്തമാക്കി മനോരമ ന്യൂസ്. മൂന്നുവർഷം മുമ്പ് കൊല്ലം എസ്‌ഐ ജി. ഗോപകുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്യപ്പെട്ട മയക്കുമരുന്നു കേസ് പ്രതിയായ തമിഴ്‌നാട് സ്വദേശി മുകേഷ് നിരപരാധിയാണെന്നും അല്ലെന്നുമുള്ള വാർത്തകൾ പുറത്തുവരുമ്പോൾ കേസിനെ ചൊല്ലി പൊലീസിനും എക്‌സൈസിനുമിടയിൽ പുതിയ വിവാദത്തിനും കളമൊരുങ്ങിക്കഴിഞ്ഞു.

അരിപ്പൊടി മയക്കുമരുന്നാക്കിയെന്ന് ഏഷ്യാനെറ്റ്

മൂന്നാംമുറയിലൂടെ നിരപരാധിയെ അപരാധിയാക്കുന്ന പൊലീസ് ശൈലി ചൂണ്ടിക്കാട്ടിയായിരുന്നു ഏഷ്യാനെറ്റ് ന്യൂസ് കഴിഞ്ഞദിവസം കടുത്ത മനുഷ്യാവകാശ ലംഘനത്തിന്റെ ഈ വാർത്ത പുറത്തുവിട്ടത്. കൊല്ലത്തുകാരനായ മുകേഷ് എന്ന യുവാവിനെ മയക്കുമരുന്നു കച്ചവടക്കാരൻ എന്നാരോപിച്ച് പൊലീസ് മൂന്നുമാസം തുറുങ്കിലടച്ചുവെന്നും ഒടുവിൽ ലാബിലെ പരിശോധന വന്നതോടെ പിടിച്ചെടുത്തത് മയക്കുമരുന്നല്ല അരിപ്പൊടിയാണെന്ന് തെളിഞ്ഞെന്നും ആയിരുന്നു റിപ്പോർട്ട്. പൊലീസ് ഇടിച്ചു കുറ്റം സമ്മതിപ്പിച്ച മുകേഷിന്റെ ആരോഗ്യം ഏതാണ്ട് പൂർണമായും തകർന്ന അവസ്ഥയിലാണെന്നും. യുവാവിന്റെ ജീവിതം തകർത്ത പൊലീസ് ഉദ്യോഗസ്ഥൻ ഇപ്പോഴും സർവീസിൽ തുടരുകയാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.

2013 സെപ്റ്റംബർ 15നാണ് തമിഴ്‌നാട് സ്വദേശിയായ മുകേഷിനെ അറസ്റ്റു ചെയ്തത്. കോടികളുടെ മയക്കുമരുന്നുമായി കച്ചവടക്കാരൻ പിടിയിലായി എന്ന വിധത്തിൽ അന്ന് മാദ്ധ്യമങ്ങളിൽ വാർത്തകൾ വന്നു. കേസിൽ എട്ട് മാസത്തോളം മുകേഷ് തടവറയിൽ കഴിഞ്ഞു. ഇതിനിടെ ഇതേക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിവരികയാണ് ഇതിനിടെ പിടികൂടിയ വസ്തുവിന്റെ ലാബ് പരിശോധനാ ഫലം പുറത്തുവന്നപ്പോഴാണ് പൊലീസ് മെനഞ്ഞ കള്ളക്കഥ പൊളിഞ്ഞത്.

ലാബിൽ നടത്തിയ പരിശോധനയിൽ പിടികൂടിയത് വെറും അരിപ്പൊടിയാണ് എന്നും വ്്യക്തമായതായും ചാനൽ വ്യക്തമാക്കി. ഗോപകുമാർ എന്ന എസ്‌ഐക്ക് ലഭിച്ച വിവരത്തിന്റെ പരിശോധന നടത്തിയപ്പോഴാണ് അരിപ്പൊടിയുമായി മുകേഷിനെ കാണുന്നത്. പിടിയിലായതോടെ ക്രൂരമായ മൂന്നാം മുറകളായിരുന്നു യുവാവിന് നേരിടേണ്ടി വന്നത്. തോക്കിന്റെ പാത്തി കൊണ്ട് മർദ്ദിച്ചു, ജനനേന്ദ്രിയത്തിൽ വരെ മുളകു തേച്ചു. ഇങ്ങനെ മൂന്നാം മുറയിലുടെ കുറ്റം സമ്മതിപ്പിച്ചു. നിസ്സഹായനായ യുവാവിന് തന്റെ നിരപരാധിത്തം വെളിപ്പെടുത്താൻ പോലും സാധിക്കാത്ത അവസ്ഥയിലായിയെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു.

യുവാവിനെ മർദ്ദിച്ച് കുറ്റം സമ്മതിപ്പിച്ച് പൊലീസ് നടപടി കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന നിർദേശവും വന്നുവെന്നും അന്വേഷണ റിപ്പോർട്ടിലായിരുന്നു ഈ നടപടിക്ക് നിർദേശിച്ചത്. എന്നാൽ, ഇത്രയും കാലമായിട്ടും പൊലീസുകാർക്കെതിരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. വാർത്തവന്നതോടെ ഇക്കാര്യത്തിൽ പരിശോധിച്ച് നടപടിയെടുക്കുമെന്ന് ഡിജിപിയും പ്രഖ്യാപിച്ചു.

കൊടീൻ അരിപ്പൊടിയായതെങ്ങനെയെന്ന് മനോരമ

അതേസമയം, പ്രതിയെ പിടികൂടിയത് മയക്കുമരുന്നുമായി തന്നെ ആണെന്നും ഇക്കാര്യം പ്രാഥമിക പരിശോധനയിൽ ബോധ്യപ്പെട്ടതോടെയാണ് കേസെടുത്തതെന്നും എക്‌സൈസ് വ്യക്തമാക്കുന്ന റിപ്പോർട്ടാണ് മനോരമ പുറത്തുവിട്ടത്. കൊടീൻ എന്ന ലഹരിവസ്തുവാണ് പിടികൂടിയതെന്ന് വ്യക്തമായതോടെയാണ് പ്രതിയെ അറസ്റ്റു ചെയ്തത്. ഇക്കാര്യം പ്രതിതന്നെ അന്ന് മാദ്ധ്യമപ്രവർത്തകർക്കുമുന്നിൽ തുറന്നുപറഞ്ഞിരുന്നുവെന്നും അന്ന് പരിശോധന നടത്തി എക്‌സൈസ് സിഐ ബി സുരേഷ് വ്യക്തമാക്കുന്നു.

ഇത്തരത്തിൽ ലഹരിവസ്തുക്കളെന്ന് സംശയിക്കുന്ന വസ്തുക്കൾ കസ്റ്റഡിയിലെടുക്കുമ്പോൾ ആദ്യഘട്ടത്തിൽ എക്‌സൈസ് പരിശോധന നടത്തുന്നത് നാർക്കോട്ടിക് ഡിറ്റക്ഷൻ കിറ്റ് ഉപയോഗിച്ചാണ്. ഇതിലെ രാസവസ്തുക്കൾ ചേർത്ത് പരിശോധിക്കുമ്പോൾ മയക്കുമരുന്നാണോ എന്ന് വ്യക്തമാകും. അതിനുശേഷമാണ് കേസെടുക്കുന്നതും പിന്നീട് വിശദപരിശോധനയ്ക്ക് സാമ്പിൾ ലാബുകളിലേക്ക് അയക്കുന്നതും. ഇത്തരത്തിൽ പരിശോധിച്ച് മയക്കുമരുന്നാണെന്ന് ഉറപ്പിച്ച് കേസെടുത്ത വസ്തു പിന്നീട് കൊടീൻ അല്ലാതായതെങ്ങനെയന്ന ചോദ്യമാണ് ഉയരുന്നത്. ഒന്നരക്കിലോ ലഹരിവസ്തുവായ കൊടീൻ ആണ് പിടിയിലായതെന്ന് എക്‌സൈസും പൊലീസും ഉറപ്പിച്ചുപറയുന്നു.

ഈ കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് വിട്ടു. അവർ അന്വേഷണം നടത്തുന്നതിനിടെയാണ് ഹൈദരാബാദ് ലാബ് റിപ്പോർട്ട് വന്നിട്ടുള്ളത്. ഈ റിപ്പോർട്ട് തുടർ നടപടികൾക്കായി കോടതിയിൽ ഹാജരാക്കുകയാണ് ചെയ്യുക. അതിന് മുൻപേ പ്രതിക്ക് ഇതിന്റെ കോപ്പി കിട്ടിയതുതന്നെ പൊടിയുടെ കാര്യത്തിൽ അട്ടിമറി നടന്നുവെന്ന സംശയമുണ്ടാക്കുന്നതായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഈ അട്ടിമറി അന്വേഷിക്കണമെന്ന് സർക്കാരിനോട് എക്‌സൈസ് ആവശ്യപ്പെടും.

കേസെടുത്ത ശേഷം മാസങ്ങൾ കഴിഞ്ഞാണ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. അവർ ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണവും നടത്തിവരികയാണ്. അതിനിടെ പുറത്തുവന്ന ലാബ് റിപ്പോർട്ട് പ്രതിക്ക് കിട്ടിയതുതന്നെ ഇതിൽ സംശയം ഉണർത്തുന്നുണ്ട്. അമ്മയ്ക്ക് കൊടുക്കാൻ അരിപ്പൊടി കൊണ്ടുപോയി എന്നു പറയുമ്പോൾ അയാൾ എന്തിന് അതുമായി കൊല്ലത്ത് വന്നുവെന്നതിലും ദുരൂഹതകളുണ്ടെന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ പറയുന്നു. ഇത്തരത്തിൽ കൊല്ലത്തെ മയക്കുമരുന്നു കേസിൽ അട്ടിമറി നടന്നുവെന്ന് വ്യക്തമാക്കി രണ്ടാമൊരു വാർത്തകൂടി വന്നതോടെ കേസിൽ എന്തുനടന്നുവെന്നറിയാൻ സർക്കാരിന് പുതിയൊരു അന്വേഷണം നടത്തേണ്ട സ്ഥിതിയാണ് ഉണ്ടായിരിരിക്കുന്നത്.