- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലങ്കാദഹനത്തിനും ഡെയ്ഞ്ചർ ബിസ്കറ്റിലും സിഐഡി നസീറിലും തിളങ്ങിനിന്ന നടി; ഐറ്റം ഡാൻസുകളിലൂടെ രണ്ടുപതിറ്റാണ്ടുകാലം ദക്ഷിണേന്ത്യൻ വെള്ളിത്തിരയിൽ ഹരമായ കലാകാരി; തിരുപ്പതിയിൽ വച്ച് മരിച്ചുപോയെന്ന് പ്രചരിപ്പിച്ച് നടിയെ ക്രൂരമായി പീഡിപ്പിച്ചിരുന്ന ഭർത്താവ്; ചെന്നൈയിലെ ദുരിത ജീവിതത്തിന്റെ ചിത്രം രണ്ടുവർഷം മുമ്പ് വന്നതിന് പിന്നാലെ നടി സാധനയ്ക്ക് എന്താണ് സംഭവിച്ചത്?
തിരുവനന്തപുരം: മലയാളത്തിന്റെ നിത്യഹരിത നായകൻ പ്രേംനസീറിന്റെയും കെപി ഉമ്മറിന്റേയുമെല്ലാം കൂടെ നിരവധി ചിത്രങ്ങളിൽ പ്രധാന വേഷത്തിൽ തിളങ്ങിയ നടി സാധനയ്ക്ക് എന്തുപറ്റി. രണ്ടുവർഷം മുമ്പ്, 2016 ആഗസ്റ്റിൽ ആ പഴയകാല സുന്ദരിയുടെ ദയനീയത നിറഞ്ഞ ചിത്രങ്ങൾ ജീവിതസാഹചര്യം ചൂണ്ടിക്കാട്ടി ആലപ്പി അഷ്‌റഫ് സോഷ്യൽ മീഡിയയിൽ നൽകിയ ഒരു പോസ്റ്റിലൂടെ ഈ നടിയുടെ അവസ്ഥ വലിയ ചർച്ചയായിരുന്നു. വാർധക്യത്തിൽ ആരോരും സഹായത്തിനില്ലാതെ ചെന്നൈയിലെ തെരുവിൽ അനാഥയെപ്പോലെ അവർ ജീവിക്കുന്നു എന്ന വിവരവും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കപ്പെട്ടു. ഒരുകാലത്ത് മലയാള സിനിമയിൽ ശോഭിച്ചുനിന്നിരുന്ന കലാകാരി, തെന്നിന്ത്യൻ ഭാഷകളിലായി നൂറിലേറെ ചിത്രങ്ങൾ, ആസ്വാദകരുടെ മനസ്സിൽ തിളങ്ങിനിന്ന കഥാപാത്രങ്ങൾ. പ്രേംനസീർ നായകനായ ഡെയ്ഞ്ചർ ബിസ്‌കറ്റ് എന്ന ചിത്രത്തിലെ ഉത്തരാ സ്വയംവരം കഥകളി കാണുവാൻ.. എന്ന ഗാനരംഗത്തിലൂടെ ആസ്വാദകരുടെ മനസ്സിൽ ഇന്നും നിറഞ്ഞുനിൽക്കുന്ന മുഖം. ലങ്കാദഹനം, റെസ്റ്റ് ഹൗസ്, സിഐഡി നസീർ തുടങ്ങി നിറയെ സൂപ്പർഹിറ്റ് ചിത്രങ്ങൾ. ആന്ധ്രയിലെ മുസ്ലിം കുട
തിരുവനന്തപുരം: മലയാളത്തിന്റെ നിത്യഹരിത നായകൻ പ്രേംനസീറിന്റെയും കെപി ഉമ്മറിന്റേയുമെല്ലാം കൂടെ നിരവധി ചിത്രങ്ങളിൽ പ്രധാന വേഷത്തിൽ തിളങ്ങിയ നടി സാധനയ്ക്ക് എന്തുപറ്റി. രണ്ടുവർഷം മുമ്പ്, 2016 ആഗസ്റ്റിൽ ആ പഴയകാല സുന്ദരിയുടെ ദയനീയത നിറഞ്ഞ ചിത്രങ്ങൾ ജീവിതസാഹചര്യം ചൂണ്ടിക്കാട്ടി ആലപ്പി അഷ്‌റഫ് സോഷ്യൽ മീഡിയയിൽ നൽകിയ ഒരു പോസ്റ്റിലൂടെ ഈ നടിയുടെ അവസ്ഥ വലിയ ചർച്ചയായിരുന്നു. വാർധക്യത്തിൽ ആരോരും സഹായത്തിനില്ലാതെ ചെന്നൈയിലെ തെരുവിൽ അനാഥയെപ്പോലെ അവർ ജീവിക്കുന്നു എന്ന വിവരവും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കപ്പെട്ടു.
ഒരുകാലത്ത് മലയാള സിനിമയിൽ ശോഭിച്ചുനിന്നിരുന്ന കലാകാരി, തെന്നിന്ത്യൻ ഭാഷകളിലായി നൂറിലേറെ ചിത്രങ്ങൾ, ആസ്വാദകരുടെ മനസ്സിൽ തിളങ്ങിനിന്ന കഥാപാത്രങ്ങൾ. പ്രേംനസീർ നായകനായ ഡെയ്ഞ്ചർ ബിസ്‌കറ്റ് എന്ന ചിത്രത്തിലെ ഉത്തരാ സ്വയംവരം കഥകളി കാണുവാൻ.. എന്ന ഗാനരംഗത്തിലൂടെ ആസ്വാദകരുടെ മനസ്സിൽ ഇന്നും നിറഞ്ഞുനിൽക്കുന്ന മുഖം. ലങ്കാദഹനം, റെസ്റ്റ് ഹൗസ്, സിഐഡി നസീർ തുടങ്ങി നിറയെ സൂപ്പർഹിറ്റ് ചിത്രങ്ങൾ. ആന്ധ്രയിലെ മുസ്ലിം കുടുംബത്തിൽ പിറന്ന സാധന സിനിമാ പ്രേമികളുടെ ഹരമായി മാറിയതോടെ തെന്നിന്ത്യൻ ഭാഷകളിൽ അവർ കുറേക്കാലം നിറഞ്ഞുനിന്നു. മനോഹരമായി നൃത്തം ചെയ്തിരുന്ന സാധനയുടെ ഐറ്റം ഡാൻസുകൾ അറുപതുകളിലും എഴുപതുകളിലും വെള്ളിത്തിരയിൽ യുവാക്കൾക്ക് ഹരമായി.
ആ നായികയുടെ ദുരവസ്ഥ രണ്ടുവർഷം മുമ്പ് ഇത്തരത്തിൽ ചർച്ചയായെങ്കിലും പിന്നീട് അവരെപ്പറ്റി വിവരമൊന്നും ലഭിച്ചിരുന്നില്ല. എന്നാൽ ചെന്നൈയിൽ അവർ താമസിച്ചിരുന്ന സ്ഥലത്ത് അടുത്തിടെ അന്വേഷിച്ചുപോയ ചലച്ചിത്ര പ്രവർത്തകർക്ക് സാധനയെ കണ്ടെത്താനായില്ല. മുംബൈക്കാരനായ ഡ്രൈവറായിരുന്നു ഭർത്താവ്. അയാൾക്കൊപ്പം താമസിച്ചിരുന്ന സാധന കൊടുംപീഡനത്തിന് ഇരയായിരുന്നുവെന്നും ഒടുവിൽ മനോനില തെറ്റിയ സ്ഥിതിയിലേക്കുവരെ എത്തിയെന്നും ആണ് പ്രേംനസീർ ഫൗണ്ടേഷന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി സാധനയെ തേടിയെത്തിയ ചലച്ചിത്രപ്രവർത്തകർ അറിയുന്നത്. അവരെ കാണാതായെന്നും മരിച്ചുപോയിരിക്കാമെന്നും ഉള്ള വിവരം ആ പ്രദേശത്ത് താമസിക്കുന്നവരും അടുത്ത് പരിചയമുള്ളവരും പങ്കുവച്ചതോടെ ഇക്കാര്യം ചർച്ചയാകുന്നു.
പ്രേംനസീർ ഫൗണ്ടേഷനുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ചലച്ചിത്ര പ്രവർത്തകൻ ആർ.ഗോപാലകൃഷ്ണൻ ഫേസ്‌ബുക്കിൽ നൽകിയ കുറിപ്പിൽ ആ കലാകാരിക്കായി നടത്തിയ അന്വേഷണത്തിന്റെ വിവരങ്ങൾ വിശദമായി തന്നെ വ്യക്തമാക്കുന്നു. ആ നടിക്ക് ചെന്നൈയിലെ അവസാനകാല ജീവിതം സമ്മാനിച്ച ദുരിതപൂർണമായ അനുഭവങ്ങൾ ചൂണ്ടിക്കാട്ടുന്നതാണ് കുറിപ്പ്.
സാധന മരിച്ചുപോയി എന്ന തരത്തിലാണ് ചെന്നൈയിൽ വാർത്തകൾ പ്രചരിക്കുന്നത്. എന്നാൽ അക്കാര്യത്തിൽ ഇതുവരെ ഒരു സ്ഥിരീകരണവുമില്ല. ഭർത്താവ് റാമിനൊപ്പം തിരുപ്പതിയിലേക്ക് പോയി എന്ന വിവരമാണ് ഏറ്റവുമൊടുവിൽ ലഭിച്ചത്. സാധന മരിച്ചുപോയെന്നും തിരുപ്പതി ദേവസ്വം അധികാരികൾ അനാഥ ശവമായി പരിഗണിച്ച് സംസ്‌കരിച്ചു എന്നുമാണ് റാം പ്രചരിപ്പിച്ചത്. എന്നാൽ അവിടെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരുന്നു എന്ന വിവരവും പുറത്തുവന്നിരുന്നു. അതിനാൽ തന്നെ ആശുപത്രിയിൽവച്ച് സുഖംപ്രാപിച്ച സാധന തിരുപ്പതി പരിസരത്ത് എവിടെയെങ്കിലും ഉണ്ടാവുമോ? അങ്ങനെയെങ്കിൽ അവരെ കണ്ടെത്താൻ സഹായിക്കാമോ എന്ന് ചോദിച്ചാണ് ഗോപാലകൃഷ്ണൻ കുറിപ്പ് അവസാനിപ്പിക്കുന്നത്.
ആർ ഗോപാലകൃഷ്ണൻ നൽകിയ പോസ്റ്റ് ഇങ്ങനെ:
ദയവായി ഇത് മുഴുവനും വായിക്കണേ......
പ്രേംനസീർ ഫൗണ്ടേഷൻ തയ്യാറാക്കുന്ന സുവനീറിന്റെ ആവശ്യത്തിനായി നസീർ സാറിനോടൊപ്പം സഹകരിച്ച വ്യക്തികളെ കാണാനായി ശ്രീ. Chandran Monalisaയോടൊപ്പം ചെന്നൈയിൽ എത്തിയിട്ട് രണ്ടാഴ്ചയായി. ശ്രീമതി. Menaka Suresh ആണ് ആദ്യകാലനടികളുടെ appointment എടുത്തു തരുന്നത്. ഇക്കാര്യത്തിൽ ഉഷാറാണിയുടേയും വഞ്ചിയൂർ രാധയുടേയും സഹായം എടുത്ത് പറയേണ്ട ഒന്നാണ്. കാണേണ്ടവരെ എല്ലാം മേനക ഫോൺ വിളിച്ചു arrange ചെയ്ത് തരും. മേനകയ്ക്ക് നേരിട്ട് പരിചയമില്ലാത്തവരെ ഉഷാറാണിയും വഞ്ചിയൂർ രാധയും പരിചയപ്പെടുത്തി തന്നു. എന്റെ ലിസ്റ്റിലുള്ള പഴയകാല നടി സാധനയെ മേനകയ്ക്ക് പരിചയമില്ല. ഉഷച്ചേച്ചിക്ക് അവരെ അറിയാം. കുറച്ചു മാസം മുൻപ് ഉഷച്ചേച്ചി അവരെ കാണാൻ പോയിരുന്നു. (പഴയകാല സഹപ്രവർത്തകരുടെ ക്ഷേമം തിരക്കുന്നതിൽ എപ്പോഴും താല്പര്യം കാണിക്കുന്ന സ്വഭാവമാണ് ഉഷാറാണിയുടേത്.) അങ്ങിനെ ഞങ്ങൾ ഉഷച്ചേച്ചിയോടൊപ്പം സാധനയെ കാണാനായി പോകാൻ തീരുമാനിച്ചു.
ഉഷച്ചേച്ചിയുടെ ഡ്രൈവർക്ക് മാത്രമേ വഴി അറിയൂ. അയാൾക്ക് രാവിലെ പത്ത് മണിക്ക് ഒരു എയർപോർട്ട് ഓട്ടം ഉണ്ട്. അതുകൊണ്ട് അതിരാവിലെ പോകാൻ തീരുമാനിച്ചു. ഞാനും ചന്ദ്രൻ മൊണാലിസയും കൂടി 6 മണിക്ക് ARS Gardens ന്റെ മുന്നിൽ കാത്തുനിന്നു. സാധനയ്ക്ക് കൊടുക്കാനായി Horlicks, Bourvitta ഒക്കെ തലേദിവസം തന്നെ വാങ്ങി വച്ചു. (പൈസയായിട്ട് കൊടുത്താൽ അത് ഭർത്താവ് ചെലവാക്കി തീർക്കും. സാധനയ്ക്ക് കിട്ടില്ല എന്ന് ഉഷച്ചേച്ചി നേരത്തെ പറഞ്ഞിരുന്നു) എന്റെ കാർ ARS ഗാർഡന് മുന്നിൽ ഇട്ടിട്ട് ഞങ്ങൾ ചേച്ചിയുടെ കാറിൽ കയറി. 40 കിലോമീറ്ററോളം ദൂരമുണ്ട്. ഞങ്ങൾ അവരുടെ വീട്ടിന്റെ മുന്നിൽ എത്തി. (ആ വീടിന്റെ ഫോട്ടോ ആണ് ഇവിടെ കൊടുത്തിരിക്കുന്നത്) ഡ്രൈവർ തകരപ്പാട്ടയിൽ തട്ടിയപ്പോൾ ഒരു സ്ത്രീ എത്തി നോക്കി. എന്തോ സംസാരിച്ചു. ഡ്രൈവർ തിരിച്ചുവന്നു. സാധന അവിടെ ഇല്ല. ഇത് പുതിയ താമസക്കാരാണ്. ഞങ്ങൾ കാറിൽ നിന്നും ഇറങ്ങി. ഈ വീടിന്റെ പുറകുവശത്ത് 3 ഒറ്റമുറി വീടുണ്ട്. ഞങ്ങൾ അവിടേക്കു ചെന്നു. മൂന്നും മൂന്ന് വീടാണ്. ഓരോ മുറിയിലും ഓരോ കുടുംബം താമസിക്കുന്നു. കുട്ടികളെ സ്‌കൂളിൽ അയക്കാനുള്ള തിരക്കിലാണ് അവർ. ഒരു കുട്ടി വീട്ടുമുറ്റത്ത് കളിക്കുന്നുണ്ട്. ഞങ്ങളുടെ ശബ്ദം കേട്ട് അവരൊക്കെ പുറത്ത് വന്നു. ഒരു സ്ത്രീ കുട്ടിക്ക് ആഹാരം കൊടുക്കുകയായിരുന്നു. മറ്റൊരു മുറിയിലെ സ്ത്രീ മകളുടെ തലമുടി പിന്നുന്നു. അപ്പോഴേയ്ക്കും ആണുങ്ങളും പുറത്ത് വന്നു. ഒരാളുടെ ഇടുപ്പിൽ ഒരു പെൺകുട്ടിയുണ്ട്. ആ കുഞ്ഞിനെ ദേഹം മുഴുവനും ചൊറി. മുഴുവനും പച്ചനിറത്തിലുള്ള മരുന്നിട്ടിരിക്കുന്നു. ഇതിനിടയിൽ ഏതോ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ബസ് വന്നു. കുട്ടികൾ അതിൽ കയറി. ഒരു കുട്ടിയുടെ അച്ഛൻ ടിഫിൻ ബോക്‌സും കൊണ്ട് ഓടുന്നതും കണ്ടു. വളരെ പാവപ്പെട്ടവരാണെങ്കിലും മക്കൾക്ക് നല്ല വിദ്യാഭ്യാസം നൽകുന്നത് കണ്ടപ്പോൾ സന്തോഷം തോന്നി.
ഞങ്ങളെ കണ്ട് ആദ്യം ഇറങ്ങി വന്ന ആളിനോട് (ബാബു) ഉഷച്ചേച്ചി കാര്യം തിരക്കി.
' ഇവിടെ താമസിച്ചിരുന്ന അമ്മ?'
' അവർ എരന്തു പോച്ച് ' ബാബു പറഞ്ഞു.
ഞങ്ങൾ ഒന്ന് ഞെട്ടി.
ഞങ്ങളുടെ മുഖത്തെ ഭാവമാറ്റം കണ്ടിട്ട് ബാബുവിന്റെ ഭാര്യ പറഞ്ഞു.
' അഞ്ചാറു മാസം ആയാച്ച്. അതുക്കപ്പുറം അവര് (സാധനയുടെ ഭർത്താവ്) ഇങ്കെ വന്ന് വീട് കാലി പണ്ണിയാച്ച് '
ആരും ഒന്നും പറയുന്നില്ല.
തൊട്ടടുത്ത വീടുകളിലെ സ്ത്രീകൾ എല്ലാ കഥകളും പറഞ്ഞു.
തമിഴിൽ അവർ പറഞ്ഞത് മലയാളത്തിൽ എഴുതാം.....
അവിടെ താമസിക്കാൻ ചെല്ലുന്ന സമയം സാധനയെ കാണാൻ ഭയങ്കര ഭംഗിയായിരുന്നു. കൈ ഇറക്കമുള്ള ബ്ലൗസ് ആണ് ഇട്ടിരുന്നത്. പട്ടുസാരിക്ക് മാച്ചിങ് ആയ ബ്ലൗസ്. വീടിന് ചുറ്റും എപ്പോഴും വൃത്തിയായി സൂക്ഷിക്കും. ഒരു കരിയില പോലും അവിടെ കാണില്ല. സാധന പുറത്തേക്ക് അധികം ഇറങ്ങാറില്ല. വല്ലപ്പോഴും അടുത്തുള്ള അമ്പലത്തിൽ പോകുമായിരുന്നു. പക്ഷേ ക്രമേണ എവിടെയോ താളം തെറ്റി. എന്നും വഴക്ക്. അവരെ ഭർത്താവ് ശരിക്കും ഉപദ്രവിക്കുമായിരുന്നു. തടിക്കഷണം കൊണ്ട് തലക്കടിക്കുമായിരുന്നു. രാത്രിയിൽ അവർ നിലവിളിക്കുന്നത് കേൾക്കാമായിരുന്നു. അവരുടെ ആരോഗ്യനില വഷളാവുന്നത് അടുത്ത വീട്ടിലുള്ളവർ നേരിട്ട് കാണുന്നുണ്ടായിരുന്നു. സാധനയുടെ കാലിൽ നിറയെ പൊള്ളലേറ്റ വൃണങ്ങൾ ഇവരെല്ലാം കണ്ടിട്ടുണ്ട്. ഭർത്താവ് സിഗരറ്റ് കത്തിച്ചു പൊള്ളിക്കുമായിരുന്നു.
ഇവരുടെ വീടിന് എതിർ വശത്ത് ഒരു പരമ്പരാഗത സിദ്ധ വൈദ്യനുണ്ട്. ഞങ്ങൾ അദ്ദേഹത്തിന്റെ അടുത്ത് പോയി. നെയ്യാറ്റിൻകര സ്വദേശി ടി. വിവേകാനന്ദൻ. ഒരു മധ്യവയസ്‌കൻ. വർഷങ്ങളായി അവിടെ ചികിത്സ നടത്തി വരുന്നു. (ഞങ്ങൾ അവിടെ ചെന്നപ്പോൾ ദൂരെ സ്ഥലങ്ങളിൽ നിന്ന് അദ്ദേഹത്തെ കാണാൻ രോഗികൾ കാറിലും മറ്റുമായി എത്തിയിരുന്നു. എങ്കിലും ഞങ്ങളോട് സംസാരിക്കാൻ അദ്ദേഹം സന്മനസ്സ് കാട്ടി.)
ഒരു കാർ ബ്രോക്കറായ മുംബൈക്കാരൻ റാം ആയിരുന്നു സാധനയുടെ ഭർത്താവ്. അയാളുടെ മൂന്നാം വിവാഹം ആയിരുന്നു ഇത്. മദ്യത്തിന്റെ അടിമ. സാധനയെ ഇയാൾ ഭയങ്കരമായി ഉപദ്രവിക്കുമായിരുന്നു. ആഹാരം പോലും നൽകിയിരുന്നു. ഉഷാറാണിയുടെ നേതൃത്വത്തിൽ നല്ലൊരു തുക സാധനയ്ക്ക് എത്തിച്ച് കൊടുത്തിരുന്നു. ഉഷാറാണി ഒരു സ്വകാര്യ ചാനലിന്റെ ആളുകളുമായി അവിടെ പോയിരുന്നു. അടുത്തുള്ള ആരും കാണാതെയാണ് ക്യാമറ വീട്ടിനകത്ത് കയറിയത്. കാരണം ക്യാമറ കണ്ടാൽ അന്ന് മുതൽ വീട്ടുവാടക കൂട്ടിയാലോ. (അഞ്ഞൂറ് രൂപയായിരുന്നു വാടക) . അമ്മ സംഘടന മാസംതോറും 5000 രൂപ നൽകിയിരുന്നു. ഒരിക്കൽ ആരോ കൊടുത്ത തുകയും കൊണ്ട് ഉഷാറാണി ചെന്നപ്പോൾ റാം അപ്പോൾത്തന്നെ അത് വാങ്ങി പോക്കറ്റിൽ വച്ചു. അപ്പോൾ റാം കേൾക്കാതെ സാധന ഉഷാറാണിയോട് പറഞ്ഞുവത്രെ, ' എനിക്ക് ഒന്നും വാങ്ങിത്തരില്ല' എന്ന്.
വിവേകാനന്ദന്റെ അടുത്ത വീട്ടിലെ വനമതിയും ഗൗരിയും ആയിരുന്നു സാധനയ്ക്ക് ആഹാരം നൽകിയിരുന്നത്. 2016 പകുതിയോടെ ആദ്യം ആയപ്പോഴേക്കും അവരുടെ ആരോഗ്യവും മാനസിക നിലയും വളരെ മോശമായി. റാം തല്ലിയതാണോ എന്നറിയില്ല അവരുടെ കാലിന് നല്ല പരുക്ക് ഉണ്ടായിരുന്നു. ഇടത്തെ കൈയുടെ കുഴ ഇളകിപ്പോയി. വിവേകാനന്ദൻ ആണ് അത് ശരിയാക്കി കൊടുത്തത്. മിക്ക ദിവസങ്ങളിലും ഉടുതുണി പോലും ഇല്ലാതെ പുറത്ത് ഇറങ്ങി നടക്കുമായിരുന്നു. വനമതിയായിരുന്നു അവർക്ക് തുണി ഉടുത്തുകൊടുത്തിരുന്നത്. ആർക്കും ആ വീട്ടിലോട്ട് കയറാൻ വയ്യാത്ത അവസ്ഥയായി. അത്ര ദുർഗന്ധം ആയിരുന്നു ആ വീട്ടിൽ. കാരണം സാധന കട്ടിലിൽത്തന്നെ മലമൂത്ര വിസർജ്ജനം ചെയ്യുമായിരുന്നു. ഒരിക്കൽ കുക്കിങ് ഗ്യാസിന്റെ രൂക്ഷഗന്ധം. അടുത്ത വീട്ടുകാർ ചെന്ന് നോക്കിയപ്പോൾ ഗ്യാസ് തുറന്നു വിട്ടിരിക്കുകയാണ്. ഓർമ്മയില്ലാതെ സാധന ചെയ്തതാണ് എന്നാണ് റാം പറഞ്ഞത്. പക്ഷേ അതാരും വിശ്വസിച്ചിരുന്നില്ല.
ഒരു ദിവസം സാധന ഗൗരിയുടെ വീട്ടിലെത്തി ഒരു ബിസ്‌ക്കറ്റ് തരുമോ എന്ന് ചോദിച്ചു പോലും. അവർ ആഹാരം കഴിച്ചിട്ട് മൂന്നു ദിവസമായി. ഗൗരി കൊടുത്ത ബിസ്‌ക്കറ്റ് ആർത്തിയോടെ കഴിക്കുന്നതിനിടയിൽ റാം ഓടിയെത്തി ' നീ നാണം കെടുത്തിയേ അടങ്ങൂ അല്ലേ' എന്ന് ചോദിച്ച് ബിസ്‌ക്കറ്റും പിടിച്ചു വാങ്ങി ദൂരെക്കളഞ്ഞ് വീട്ടിലേക്ക് കൊണ്ടുപോയി. പിന്നെ കുറേനേരം സാനധയുടെ അലർച്ച കേൾക്കാമായിരുന്നു പോലും.
2017 ആദ്യം സാധനയും റാമും കൂടി മുംബൈയിലേക്ക് പോയി. റാമിന്റെ ബന്ധുക്കളെ കാണാൻ പോകുന്നു എന്നു പറഞ്ഞാണ് പോയത്. രണ്ടുമൂന്നു ദിവസം കഴിഞ്ഞപ്പോൾ റാം ഒറ്റയ്ക്ക് തിരികെ എത്തി. രണ്ട് ദിവസം കഴിഞ്ഞപ്പോൾ പൊലീസുകാർ സാധനയേയും കൊണ്ട് വന്നു. അപ്പോഴാണ് നാട്ടുകാർ വിവരം അറിയുന്നത്. റാം സാധനയെ മുംബൈ റയിൽവേ സ്റ്റേഷനിൽ ഉപേക്ഷിച്ച് തിരികെ വന്നതായിരുന്നു. (ഈ സമയത്തുപോലും സാധന നൂറിലേറെ സിനിമയിൽ അഭിനയിച്ച വിവരമൊന്നും നാട്ടുകാർക്ക് അറിയില്ലായിരുന്നു). കുറച്ചു ദിവസം കഴിഞ്ഞ് സാധനയും ഭർത്താവും കൂടി മേൽമരുവത്തൂർ ക്ഷേത്രത്തിൽ പോയി. അവിടെ ഉപേക്ഷിക്കാനായിരുന്നു പദ്ധതിയെന്ന് നാട്ടുകാർ വിശ്വസിക്കുന്നു. രണ്ടു ദിവസം കഴിഞ്ഞപ്പോൾ ഇരുവരും തിരികെയെത്തി. രണ്ടുപേരും തല മൊട്ടയടിച്ചിരുന്നു. സാധനയ്ക്ക് വയറിളക്കമോ മറ്റോ വന്നതിനാൽ ക്ഷേത്രം അധികാരികൾ പുറത്താക്കിയതായി പിന്നീട് മനസ്സിലായി. ആ സമയത്ത് സാധന വെറും എല്ലും തോലുമായി മാറിക്കഴിഞ്ഞിരുന്നു. കൂനിക്കൂടിയാണ് നടന്നിരുന്നതെന്ന് വിവേകാനന്ദൻ പറഞ്ഞു.
ഒരാഴ്ച കഴിഞ്ഞ് ഇരുവരും തിരുപ്പതിയിലേക്ക് പോയി. കുറച്ചു ദിവസം കഴിഞ്ഞ് റാം ഒറ്റയ്ക്ക് മടങ്ങിവന്നു. മുഷിഞ്ഞ വേഷമായിരുന്നു. വസ്ത്രത്തിലൊക്കെ രക്തം ഉണ്ടായിരുന്നു. തല പൊട്ടിയിരുന്നു. വിവേകാനന്ദൻ ചോദിച്ചപ്പോൾ വീണ് തല പൊട്ടിയതാണെന്ന് പറഞ്ഞു. സാധന എവിടെ എന്ന് ചോദിച്ചപ്പോൾ തിരുപ്പതിയിൽ വച്ച് മഴ നനഞ്ഞു പനിപിടിച്ച് ആശുപത്രിയിലായി. അവിടെ വച്ച് മരിച്ചു പോയി എന്ന് പറഞ്ഞു. വിവേകാനന്ദനെ ആശുപത്രിയിലെ ഓ. പി. ടിക്കറ്റും കാണിച്ചു. സാധനയുടെ വീട്ടിലുണ്ടായിരുന്ന ടിവി വിവേകാനന്ദന് കൊടുത്തിട്ട് നാലായിരം രൂപയും വാങ്ങി. (ടിവി ഇപ്പോഴും വൈദ്യശാലയിൽ ഇരുപ്പുണ്ട്) അടുത്തുള്ള ഏതോ വീട്ടുകാർക്ക് അവിടെയുണ്ടായിരുന്ന ചെറിയ സോഫയും കട്ടിലും കൊടുത്ത് പൈസ വാങ്ങി. സാധനയുടെ പേരിലുള്ള ഗ്യാസ് കണക്ഷനും സിലിൻഡറും വൈദ്യശാലയിൽ കൊണ്ടുവച്ചു. (അത് ഇപ്പോഴും അവിടെയുണ്ട്) വാടകവീട് ഒഴിഞ്ഞ് താക്കോലും നൽകി. അങ്ങിനെ സാധനങ്ങൾ മാറ്റുന്നതിനിടയിലാണ് ചില പഴയകാല ചിത്രങ്ങൾ ആരുടേയോ കണ്ണിൽ പെട്ടതും സാധന സിനിമാ നടിയായിരുന്നു എന്ന് നാട്ടുകാരറിഞ്ഞതും.
കുറച്ചു ദിവസം കഴിഞ്ഞ് റാം വീണ്ടും തിരികെയെത്തി അയ്യായിരം രൂപ വിവേകാനന്ദനോട് ചോദിച്ചു. അഞ്ഞൂറ് രൂപ കൊടുത്ത് റാമിനെ ഒഴിവാക്കി. അപ്പോഴേയ്ക്കും റാമിന്റെ മാനസിക നിലയും തകരാറിലായി തുടങ്ങി. ഇതുകണ്ട വിവേകാനന്ദൻ റാമിനേയും കൂട്ടി ഷോളാവരം പൊലീസ് സ്റ്റേഷനിലെത്തി ഇൻസ്‌പെക്ടറുടെ സർട്ടിഫിക്കറ്റും വാങ്ങി, റാമിനെ ബുദ്ദൂറിനടുത്തുള്ള ഒരു ആശ്രമത്തിൽ കൊണ്ടുചെന്നാക്കി. (പൊലീസ് നല്കിയ സർട്ടിഫിക്കറ്റ് എന്റെ കയ്യിലുണ്ട്) പക്ഷേ ആശ്രമത്തിലെ അന്തേവാസികളെ റാം ഭയങ്കരമായി ഉപദ്രവിച്ചതിനാൽ അയാളെ അവിടെ നിന്നും പുറത്താക്കി. പിന്നീട് പല ദിവസങ്ങളിലും ഉടുതുണി പോലുമില്ലാതെ അവിടെ കറങ്ങി നടന്നു. സാധനയെ ഏതൊക്കെ അവസ്ഥയിൽ കണ്ടോ അതേ അവസ്ഥയിൽ റാമിനേയും നാട്ടുകാർ കണ്ടു. പിന്നെ കാണാതായി.
വളരെ പ്രതീക്ഷയോടെയാണ് ഞങ്ങൾ സാധനയെ കാണാൻ പോയത്. സാധനയുടെ അവസ്ഥ മേനകയോട് ഞങ്ങൾ പറഞ്ഞപ്പോൾ അവർ മുൻകൈയെടുത്തതുകൊണ്ട് മാത്രം മലയാളം - തമിഴ് സിനിമാ ലോകത്തെ പലരും സഹായവാഗ്ദാനവുമായി മുന്നോട്ടു വന്നു. ഇതറിഞ്ഞ ഉഷാറാണി മേനകയെ ഫോണിൽ വിളിച്ചു. ഉഷാറാണിക്ക് ഉണ്ടായ ഒരു അനുഭവം മേനകയെ അറിയിച്ചു. അതായത് സാധനയുടെ അവസ്ഥ അറിഞ്ഞയുടൻ സുരേഷ് ഗോപി ഉഷാറാണിയോട് പറഞ്ഞുവത്രെ, സാധനയ്ക്ക് കുറച്ചുകൂടി മെച്ചപ്പെട്ട താമസ സൗകര്യവും എല്ലാ മാസവും ആവശ്യമായ പലവ്യഞ്ജനം ഉൾപ്പെടെയുള്ള സാധനങ്ങളും എത്തിക്കാമെന്ന്. ഉഷാറാണി ഇത് സാധനയെ അറിയിച്ചപ്പോൾ അവരുടെ ഭർത്താവ് എത്തരത്തിലുള്ള വീടാണ് വേണ്ടത് തുടങ്ങിയ ചില കാര്യങ്ങൾ അങ്ങോട്ട് പറഞ്ഞുവത്രെ. അതുകൊണ്ട് ഞങ്ങളുടെ യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയിട്ട് സ്ഥിതിഗതികൾ നേരിൽ കണ്ടശേഷം മേനകയെ അറിയിക്കാമെന്ന ധാരണയിരുന്നു ഈ യാത്ര.
മടക്കയാത്രയിൽ ആരും അധികം സംസാരിച്ചില്ല. ഒരിക്കലും പ്രതീക്ഷിക്കാത്ത ആ വാർത്ത കേട്ട ഞെട്ടലിൽ ഉഷാറാണി നിശ്ശബ്ദയായിരുന്നു. കാരണം സാധനയുടെ അവസ്ഥ നേരിൽ കണ്ട ഏക വ്യക്തി അവർ മാത്രമാണ്. ഇനിയെങ്കിലും സാധനയെ പഴയ സ്ഥിതിയിലേക്ക് കൊണ്ടുവരാനാകും എന്നാണ് ഞാനും കരുതിയത്. അവർക്ക് വേണ്ടി വാങ്ങിയ ആഹാരസാധനങ്ങൾ വൈദ്യശാലയിൽ ഏൽപ്പിച്ചു.
കഴിഞ്ഞ മാസം എഗ്മൂർ റെയിൽവേ സ്റ്റേഷന് സമീപത്ത് റാം അലഞ്ഞുതിരിഞ്ഞു നടക്കുന്നത് കണ്ടവരുണ്ട്. ഇതിനിടയിൽ വൈദ്യശാലയിലെ തിരുപ്പതിക്കാരനായ ശിവാനന്ദൻ നാട്ടിൽ പോയപ്പോൾ റാം തിരുപ്പതിയിൽ ലോഡ്ജിൽ വച്ച് സാധനയെ അടിക്കുകയും അവരുടെ അലർച്ച കേട്ട് ഓടിക്കൂടിയ നാട്ടുകാർ റാമിനെ നന്നായി കൈകാര്യം ചെയ്യുകയും സാധനയെ ആശുപത്രിയിൽ കൊണ്ടുചെന്നാക്കുകയും ചെയ്തു എന്ന വിവരം ലഭിച്ചു.
കഴിഞ്ഞ 5 മാസമായി സാധനയുടെ ബാങ്ക് അക്കൗണ്ടിലേക്ക് അമ്മ സംഘടന നൽകുന്ന തുക ആരും എടുത്തിട്ടില്ല.ഈ സംഭവത്തിലെ ദുരൂഹ എന്താണെന്ന് വച്ചാൽ ഈ പറയുന്ന ആരും സാധനയുടെ മൃതദേഹം കണ്ടിട്ടില്ല. റാം പറഞ്ഞത് തിരുപ്പതി ദേവസ്വം അധികാരികൾ അനാഥ ശവമായി പരിഗണിച്ച് സംസ്‌കരിച്ചു എന്നാണ്. സാധനയെ അവസാനമായി കണ്ട വിവേകാനന്ദൻ വിശ്വസിക്കുന്നത് അന്നത്തെ അവരുടെ ആരോഗ്യനില വച്ച് നോക്കുമ്പോൾ മരണപ്പെടാനാണ് കൂടുതൽ സാധ്യത എന്നാണ്.
ഞാൻ മറിച്ചാണ് ചിന്തിക്കുന്നത്. ആശുപത്രിയിൽ നിന്ന് സുഖം പ്രാപിച്ച സാധന തിരുപ്പതി പരിസരത്ത് എവിടെയെങ്കിലും ഉണ്ടെങ്കിലോ. എന്നെങ്കിലും മടങ്ങി വന്നാലോ. ഇത് വായിക്കുന്ന ആർക്കെങ്കിലും തിരുപ്പതിയുമായി ബന്ധമുണ്ടെങ്കിൽ ദയവായി ഒന്ന് അന്വേഷിക്കുക. മലയാള സിനിമയിലെ ഒരു പഴയകാല താരത്തിന് ഒരു നേരത്തെ ഭക്ഷണം എങ്കിലും കൊടുക്കാൻ സാധിച്ചാലോ.......