ന്യൂഡൽഹി: ലോകത്തിലെ വ്യവസായ സൗഹൃദരാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ മുപ്പത് സ്ഥാനങ്ങൾ മുന്നോട്ട് കയറുകയും പട്ടികയിൽ ഇന്ത്യ 100ാം സ്ഥാനത്തെത്തിയെന്നുമുള്ള റിപ്പോർട്ട് ഇന്നലെ പുറത്ത് വന്നിരുന്നുവല്ലോ. എന്നാൽ മോദിയും സംഘവും കഴിഞ്ഞ ഒരു വർഷമായി നടത്തിയ തന്ത്രപരമായ നീക്കങ്ങളുടെ ഫലമായിട്ടാണ് ഈ സ്ഥാനം ഇന്ത്യയ്ക്ക് കരസ്ഥമാക്കാൻ സാധിച്ചിരിക്കുന്നതെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. റാങ്ക് മെച്ചപ്പെടുത്തുന്നതിനായി ഡൽഹിയെയും മുംബൈയെയും മാത്രമേ ഇത് സംബന്ധിച്ച സർവേയിൽ ഉൾപ്പെടുത്തുകയുള്ളുവെന്ന് ഇതിന്റെ ഭാഗമായി മോദിയും സംഘവും ഉറപ്പ് വാങ്ങിയിരുന്നുവത്രെ.

അതായത് താരതമ്യേന വ്യവസായ സൗഹൃദമല്ലാത്ത രാജ്യത്തെ മറ്റ് നിരവധി നഗരങ്ങളെ റാങ്കിങ് പ്രക്രിയകളിൽ നിന്നും മനഃപൂർവം ഒഴിവാക്കാൻ മോദിയും കൂട്ടരും നീക്കം നടത്തിയെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. ഇതിന് പുറമെ ഈ പട്ടികയിൽ ഇന്ത്യയുടെ റാങ്ക് നന്നാക്കാൻ പ്രത്യേക സംഘത്തെ നിയമിക്കുകയും ചെയ്തിരുന്നു. എന്നാൽ 2016ലെ റാങ്കിംഗിൽ മുംബൈയെ മാത്രമായിരുന്നു പരിഗണിച്ചിരുന്നതെന്നും റിപ്പോർട്ടുണ്ട്. ഇന്ത്യയിലെ ബിസിനസ് സംബന്ധമായ നിയമങ്ങളിൽ ഇളവ് വരുത്തുന്നത് നിയന്ത്രിക്കുന്നത് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇന്റസ്ട്രിയൽ പോളിസി ആൻഡ് പ്രമോഷൻ അഥവാ ഡിഐപിപി ആണ്.

ഇന്ത്യയെ ലോകബാങ്കിന്റെ റാങ്കിംഗിലെ ഏറ്റവും മുന്നിലുള്ള്‌ള 50 രാജ്യങ്ങളിലൊന്നാക്കുകയെന്ന ലക്ഷ്യത്തിന് നരേന്ദ്ര മോദി മൂന്ന് വർഷങ്ങൾക്ക് മുമ്പ് തുടക്കം കുറിച്ചിരുന്നപ്പോൾ അമിതാഭ് കാന്തായിരുന്നു ഡിഐപിപി സെക്രട്ടറി. ഇന്ത്യയിൽ വ്യവസായം തുടങ്ങുന്നതിന് തടസങ്ങൾ സൃഷ്ടിക്കുന്ന മിക്ക പ്രശ്‌നങ്ങളും പരിഹരിക്കാൻ നിയമചട്ടക്കൂടിനുള്ളിൽ നിന്ന് കൊണ്ട് തന്നെ മാറ്റം വരുത്താൻ സാധിക്കുമെന്ന് അമിതാഭ് കാന്ത് കണ്ടെത്തിയിരുന്നു. തുടർന്ന് അദ്ദേഹത്തിന്റെ പിൻഗാമിയായെത്തിയ രമേഷ് അഭിഷേക് ഇത് സംബന്ധിച്ച വിപ്ലവകരമായ നീക്കങ്ങൾ നടപ്പിലാക്കാൻ തുടങ്ങുകയും ചെയ്തു.

ഇന്ത്യയെ ലോക ബാങ്കിന്റെ വ്യവസായ സൗഹൃദരാജ്യങ്ങളുടെ പട്ടികയിൽ മുമ്പിലെത്തിക്കാൻ ഇത്തരം പരിഷ്‌കാരങ്ങളിലൂടെ സാധിച്ചിട്ടുണ്ടെന്നാണ് ഇപ്പോൾ വെളിപ്പെട്ടിരിക്കുന്നത്. ഇതിനായി അദ്ദേഹം മുബൈയിലെയും ഡൽഹിയിലെയും മുനിസിപ്പൽ ബോഡികൾ, യൂട്ടിലിട്ടീസ് എന്നിവയുമായി ചേർന്ന് ക്രിയാത്മകമായ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തിരുന്നു. ഇലക്ട്രിസിറ്റി കണക്ഷനായി ഓൺലൈനിലൂടെ അപേക്ഷിക്കാനും ചാർജുകൾ ഓൺലൈനായി അടയ്ക്കാനും ഇരു നഗരങ്ങളിലെയും പവർ ഡിസ്ട്രിബ്യൂട്ടർമാർ തയ്യാറായത് ഈ പരിഷ്‌കാരങ്ങളുടെ ഭാഗമായിട്ടായിരുന്നു. എളുപ്പത്തിൽ ഇലക്ട്രിസിറ്റി ലഭിക്കാനുള്ള ഇന്ത്യയുടെ റാങ്ക് ലോകബാങ്കിന്റെ പട്ടികയിൽ 2015ൽ 170 ആയിരുന്നു. എന്നാൽ 2017ൽ ഇത് 26ലെത്തിയത് ഇത്തരം സ്മാർട്ട് നീക്കങ്ങളിലൂടെയായിരുന്നു.

വ്യവസായങ്ങൾ തുടങ്ങുന്നതിന് നിരവധി പ്രാദേശിക ബോഡികളിൽ നിന്നും അനുമതി ലഭിക്കുകയെന്നത് തുടർന്നും ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. എന്നാൽ അതിനും ഓൺലൈൻ സിസ്റ്റം ഏർപ്പെടുത്തിയത് ഇന്ത്യയുടെ റാങ്കുയർത്താൻ കാരണമായി. വ്യവസായം തുടങ്ങാൻ തങ്ങളുടെ അംഗീകാരം വേണ്ട ഇടങ്ങളിൽ കളർ കോഡിങ് ഏർപ്പെടുത്താനും അത് വഴി നിശ്ചിത കാലത്തിനകം അംഗീകാരം നൽകുന്നതിനുമുള്ള സംവിധാനം നാഷണൽ മോണുമെന്റ്‌സ് അഥോറിറ്റി ഏർപ്പെടുത്തിയതും വ്യവസായങ്ങൾ തുടങ്ങുന്നതിനുള്ള നൂലാമാലകളെ കുറയ്ക്കാൻ ഇടയാക്കി. കേന്ദ്രത്തിലെ വിവിധ വകുപ്പുകൾ നെറ്റ് വർക്കിങ് പ്രക്രിയകൾ വർധിപ്പിച്ചതിനാൽ വ്യവസായങ്ങൾ തുടങ്ങുന്നതിന് സമർപ്പിക്കേണ്ടുന്ന ഫോമുകളുടെ എണ്ണം കുറയ്ക്കാൻ സാധിക്കുകയും ക്ലിയറിൻസിനുള്ള സമയം വെട്ടിക്കുറയ്ക്കാൻ സാധിക്കുകയും ചെയ്തു.

വ്യവസായങ്ങൾ തുടങ്ങാൻ അനുയോജ്യമായ 190 രാജ്യങ്ങളുടെ പട്ടികയായിരുന്നു ലോകബാങ്ക് പുറത്ത് വിട്ടത്. ഇതിൽ അടിസ്ഥാന മാറ്റങ്ങൾ വരുത്തിയ ഏകരാജ്യവും ഇന്ത്യയാണെന്ന് ഈ പട്ടിക ബഹുമതി ചാർത്തിക്കൊടുക്കുകയും ചെയ്തിരുന്നു. അതായത് 2003മുതൽ നിർദ്ദേശിക്കപ്പെട്ടിരുന്ന 37 സാമ്പത്തിക പരിഷ്‌കാരങ്ങളിൽ പകുതിയോളവും ഇന്ത്യ പ്രാവർത്തികമാക്കിയെന്നാണ് ലോകബാങ്ക് എടുത്ത് കാട്ടുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി നടപ്പാക്കിയ നോട്ടുനിരോധനം, ചരക്കു സേവന നികുതി (ജി.എസ്.ടി )എന്നിവക്കെതിരെ വിവിധ കോണുകളിൽ നിന്ന് ശക്തമായ വിമർശനം ഉയരുന്ന സാഹചര്യത്തിലാണ് ലോകബാങ്കിന്റെ സർട്ടിഫിക്കറ്റ് ലഭിച്ചിരിക്കുന്നത്. 2003ൽ കൊണ്ടുവന്ന 37പരിഷ്‌കാരങ്ങളിൽ പകുതിയും വ്യാപാര-വ്യവസായ സൗഹൃദപരമാണെന്ന് ലോകബാങ്കിന്റെ വാർഷിക റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, ജി.എസ്.ടി വന്നതിനുശേഷം വ്യാപാരമേഖലയിലെ സാഹചര്യങ്ങൾ റിപ്പോർട്ടിൽ പരാമർശിക്കുന്നില്ല.

ലോകബാങ്കിന്റെ റാങ്കിങ്ങിൽ വലിയരാജ്യങ്ങളിൽ ഈവർഷം വൻ നേട്ടം കൈവരിച്ചത് ഇന്ത്യ മാത്രമാണ്. ഒരു സംരംഭം തുടങ്ങുന്നതിന് 15 വർഷം മുമ്പ് രജിസ്ട്രേഷൻഅടക്കം നേടാൻ 127 ദിവസങ്ങൾ വേണ്ടസ്ഥാനത്ത് ഇപ്പോൾ അത് 30 ദിവസമായി കുറഞ്ഞു എന്നാണ് ലോകബാങ്കിന്റെ വിലയിരുത്തൽ. അതേസമയം ഡൽഹിയെയും മുംബൈയെയും മാത്രം സർവേയിൽ ഉൾപ്പെടുത്തിയ കാര്യം ചൂണ്ടിക്കാട്ടി കെജ്രിവാളും ഇപ്പോഴത്തെ നേട്ടത്തിന്റെ ക്രെഡിറ്റ് നൽകണ്ടേ എന്ന ചോദ്യം സോഷ്യൽ മീഡിയയിൽ ഉയർന്നുകഴിഞ്ഞു. ഗുജറാത്ത് തെരഞ്ഞെടുപ്പ് അടക്കം അടുത്ത വേളയിൽ പുറത്തുവന്ന റിപ്പോർട്ട് നേട്ടമാക്കാനാണ് മോദിയുടയും കൂട്ടരുടെയും നീക്കവും.