മലപ്പുറം: നഗ്‌ന ചിത്രം വാട്‌സ് ആപ്പിലൂടെ വിദ്യാർത്ഥികൾക്ക് അയച്ച +2 അദ്ധ്യാപകനെ വിദ്യാർത്ഥികൾ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. തിരൂർ കൂട്ടായി എം.എം.എം ഹയർ സെക്കണ്ടറി സ്‌കൂൾ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ അദ്ധ്യാപകനും തിരുന്നാവായ സ്വദേശിയുമായ രാജേഷ് കുമാറി(38 )നെയാണ് വിദ്യാർത്ഥികളും രക്ഷിതാക്കളും ചേർന്ന് പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്.

നമ്പർ ആവശ്യപ്പെട്ട പെൺകുട്ടികൾ സഹ പാഠികളായ ആൺകുട്ടികളുടെ നമ്പർ നൽകി. എന്നാൽ പെൺകുട്ടികളാണെന്നു തെറ്റിദ്ധരിച്ച കമ്പ്യൂട്ടർ അദ്ധ്യാപകൻ ഈ നമ്പറുകളിൽ നിരന്തരമായി അശ്ലീല സന്ദേശങ്ങൾ അയച്ചു കൊണ്ടിരുന്നു. എന്നാൽ സ്വന്തം നഗ്‌ന ചിത്രം തന്നെ അയച്ചതോടെ വിദ്യാർത്ഥികൾ കൂടി അദ്ധ്യാപകനെ പിടികൂടുകയും പൊലീസിൽ ഏൽപ്പിക്കുകയുമായിരുന്നു.

വാട്‌സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കുന്നതിനായി +2 വിദ്യാർത്ഥിനികളുടെ ഫോൺ നമ്പർ രാജേഷ് കുമാർ ശേഖരിച്ചിരുന്നു. പാഠഭാഗങ്ങളിലെ സംശയങ്ങൾ തീർക്കാനെന്നു പറഞ്ഞായിരുന്നു അദ്ധ്യാപകൻ പെൺകുട്ടികളുടെ ഫോൺ നമ്പറുകൾ ശേഖരിച്ചിരുന്നത്. എന്നാൽ സംശയം തോന്നിയ പെൺകുട്ടികൾ ക്ലാസിലെ ആൺകുട്ടികളോട് വിഷയം പറയുകയും ആൺകുട്ടികളുടെ നമ്പർ അദ്ധ്യാപകന് നൽകുകയും ചെയ്തു. പിന്നീട് ശേഖരിച്ച നമ്പറുകൾ വച്ച് അദ്ധ്യാപകൻ ഒരു വാട്‌സ് ആപ്പ് ഗ്രൂപ്പ് ക്രിയേറ്റ് ചെയ്തു. ഈ ഗ്രൂപ്പിൽ പെൺകുട്ടികൾ മാത്രമാണ് ഉള്ളതെന്ന ധാരണയിൽ അദ്ധ്യാപകൻ അശ്ലീല ചുവയുള്ള സന്ദേശങ്ങൾ സ്ഥിരമായി അയച്ചു കൊണ്ടിരുന്നു. കൂടാതെ പേഴ്‌സണൽ ചാറ്റിംങും ആരംഭിച്ചു. പേഴ്‌സണൽ ചാറ്റിങിനായി അദ്ധ്യാപകൻ വന്നു പെട്ടതാകട്ടെ ഈ ആൺകുട്ടികളുടെ അടുത്തായികുന്നു.

പെൺകുട്ടികളുടെ നമ്പറാണെന്നു കരുതി രാജേഷ് കുമാർ സ്വന്തം നഗ്‌ന ഫോട്ടോകൾ രണ്ട് ആൺകുട്ടികൾക്ക് വാട്‌സ് ആപ്പ് വഴി അയക്കുകയും ചെയ്തു. ചൊവ്വാഴ്ച വൈകിട്ടോടെ സംഭവം പുറത്തായി. ഇതോടെ ബുധനാഴ്ച സ്‌കൂളിലെത്തിയ വിദ്യാർത്ഥികൾ രാജേഷ് കുമാറിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പ്രിൻസിപ്പൽക്ക് പരാതി നൽകി. വിവരമറിഞ്ഞ രക്ഷിതാക്കളും നാട്ടുകാരും സ്‌കൂളിലെത്തിയിരുന്നു. വിവരമറിയിച്ചതിനെ തുടർന്ന് ചൈൽഡ് ലൈനും സ്ഥലത്തെത്തി. സ്‌കൂളിൽ കൂടുതൽ പേർ തടിച്ചു കൂടിയതോടെ ഏറെ നേരം സംഘർഷാവസ്ഥ നിലനിന്നു. തുടർന്ന് തിരൂർ സി.ഐ എം.കെ ഷാജിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി. അദ്ധ്യാപകനെ പൊലീസ് കസ്റ്റഡിയിലെടുത്തതോടെയാണ് സ്ഥിതി ശാന്തമായത്.

പെൺകുട്ടികളോട് അപമര്യാതയായി പെരുമാറിയതിന് നാല് വർഷം മുമ്പ് രാജേഷ് കുമാറിനെ സ്‌കൂളിൽ നിന്നും സസ്‌പെൻഡ് ചെയ്തിരുന്നു. ഈ അദ്ധ്യാപകനെതിരെ വേറെയും പരാതികളുണ്ടെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ച സ്‌കൂളിലെ ഒരു വിദ്യാർത്ഥിനിയുടെ കാലിൽ പിടിച്ചത് പ്രശ്‌നമായിരുന്നു. രേഖാ മൂലവും അല്ലാതെയുമുള്ള നിരവധി പരാതികൾ ഈ അദ്ധ്യാപകനെതിരെ നൽകിയിട്ടുണ്ടെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. കസ്റ്റഡിയിലെടുത്ത അദ്ധ്യാപകനെതിരെ കേസ് രജിസ്റ്റർ ചെയ്തതായും അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കുമെന്നും തിരൂർ സി.ഐ അറിയിച്ചു.

വിദ്യാർത്ഥികളെ കൗൺസിലിന് വിധേയമാക്കുമെന്ന് ചൈൽഡ് ലൈൻ അറിയിച്ചു. നിരവധി കുട്ടികൾ ഇയാളുടെ വലിയിൽ അകപ്പെട്ടതായാണ് കണക്കാക്കുന്നത്. മാനഹാനി ഭയന്ന് പലരും പുറത്തു പറയുന്നില്ല. അദ്ധ്യാപകൻ പിടിയിലായതോടെ കൂടുതൽ വിദ്യാർത്ഥികൾ ഇയാൾക്കെതിരെ മൊഴി നൽകുമെന്നാണ് സൂചന. ഭാര്യയും രണ്ട് കുട്ടികളുമുണ്ട് പൊലീസ് പിടിയിലായ കമ്പ്യൂട്ടർ അദ്ധ്യാപകൻ സജീഷ് കുമാറിന്.