- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാട്‌സാപ് ഗ്രൂപ്പ് അഡ്‌മിനും അംഗങ്ങളും തമ്മിൽ യജമാനൻ-ജോലിക്കാരൻ ബന്ധമോ തലവൻ-ഏജന്റ് ബന്ധമോ ഇല്ല; ഗ്രൂപ്പിൽ അംഗങ്ങളെ ചേർക്കാനും നീക്കം ചെയ്യാനുമുള്ള അധികാരം മാത്രമാണ് അഡ്‌മിനു കൂടുതലായി ഉള്ളതെന്നും ഹൈക്കോടതി; ഇനി അഡ്മിന്മാരെ കേസിൽ കുടുക്കി ക്രൂശിക്കാൻ കഴിയില്ല
കൊച്ചി: വാട്സാപ്പ് ഗ്രൂപ്പിൽ അംഗങ്ങൾ പോസ്റ്റ് ചെയ്യുന്ന ദോഷകരമായ ഉള്ളടക്കങ്ങൾക്ക് അഡ്‌മിൻ ഉത്തരവാദിയല്ലെന്ന് ഹൈക്കോടതി വിധിക്കുമ്പോൾ ഒഴിവാകുന്നത് തെറ്റ് ചെയ്യാത്തവർ ശിക്ഷിക്കപ്പെടാതിരിക്കാനുള്ള സാഹചര്യം. നേരത്തെ അഡ്‌മിന്മാരേയും പല പോസ്റ്റുകളുടെ പേരിലും കേസിൽ കുടുക്കാൻ കഴിയുമായിരുന്നു. ഏറെ നിർണ്ണായകമാണ് ഈ വിധി.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗങ്ങളെ ചേർക്കാനും ഒഴിവാക്കാനും മാത്രമാണ് അഡ്‌മിന് കഴിയുക. ഗ്രൂപ്പിൽ ഇടുന്ന പോസ്റ്റുകളിൽ അഡിമിന് ഒരുനിയന്ത്രണവുമില്ല. ഗ്രൂപ്പിൽ പങ്കുവെക്കുന്ന സന്ദേശങ്ങൾ നിയന്ത്രിക്കാനോ സെൻസർ ചെയ്യാനോ അഡ്‌മിന് കഴിയില്ല. അതിനാൽ ഗ്രൂപ്പിൽ ഷെയർ ചെയ്യുന്ന ദോഷകരമായ ഉള്ളടക്കങ്ങളുടെ ഉത്തരവാദിത്വം അഡ്‌മിന് ഉണ്ടാകില്ലെന്നാണ് ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ഉത്തരവിൽ പറയുന്നത്.
ആലപ്പുഴ ചേർത്തല സ്വദേശി മാനുവലിനെതിരേ എറണാകുളം പോക്‌സോ കോടതിയിലുള്ള കേസ് റദ്ദാക്കിയുള്ള ഉത്തരവിലാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഗ്രൂപ്പ് അംഗത്തിന്റെ പോസ്റ്റിന്റെ പേരിൽ അഡ്‌മിനെ ബാധ്യതപ്പെടുത്തുന്ന നിയമം ഇല്ലെന്ന് ചൂണ്ടിയാണ് ഹൈക്കോടതിയുടെ പരാമർശം. ഗ്രൂപ്പ് അം?ഗത്തിന്റെ പോസ്റ്റ് സെൻസർ ചെയ്യാനോ മയപ്പെടുത്താനോ അഡ്‌മിനു സാധിക്കില്ലെന്ന് ജസ്റ്റിസ് കൗസർ എടപ്പഗത്ത് ചൂണ്ടിക്കാണിക്കുന്നു. 'ഫ്രണ്ട്‌സ്' വാട്‌സാപ് ഗ്രൂപ്പിന്റെ ക്രിയേറ്ററും അഡ്‌മിനുമാണ് ചേർത്തല സ്വദേശി മാനുവൽ.
ഗ്രൂപ്പിലെ ഒരംഗം കുട്ടികളുമായി ബന്ധപ്പെട്ട അശ്ലീല വിഡിയോ ഇട്ടതിന്റെ പേരിലാണ് മാനുവലിന് എതിരെ എറണാകുളം സിറ്റി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഈ കേസ് കോടതിയുടെ പരിഗണനയിലാണ്. വാട്‌സാപ് ഗ്രൂപ്പ് അഡ്‌മിനും അംഗങ്ങളും തമ്മിൽ യജമാനൻ-ജോലിക്കാരൻ ബന്ധമോ തലവൻ-ഏജന്റ് ബന്ധമോ ഇല്ലെന്നു കോടതി വ്യക്തമാക്കുന്നു. ഗ്രൂപ്പിൽ അംഗങ്ങളെ ചേർക്കാനും നീക്കം ചെയ്യാനുമുള്ള അധികാരം മാത്രമാണ് അഡ്‌മിനു കൂടുതലായി ഉള്ളതെന്നു ബോംബെ, ഡൽഹി ഹൈക്കോടതികൾ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും ജസ്റ്റിസ് കൗസർ എടപ്പഗത്ത് ചൂണ്ടിക്കാണിച്ചു.
ശിക്ഷാനിയമത്തിൽ പ്രത്യേക വ്യവസ്ഥ ഉണ്ടെങ്കിൽ മാത്രമേ കുറ്റകൃത്യത്തിന്റെ ധാർമികമായ ബാധ്യത ഉണ്ടാകു. കലാപമുണ്ടാക്കാൻ നിയമവിരുദ്ധമായി സംഘം ചേരുമ്പോഴും പൊതുശല്യം ഉണ്ടാക്കുമ്പോഴും സ്ഥലമുടമയ്ക്കു ബാധ്യത വരുന്നത് നിയമത്തിൽ അത്തരം വ്യവസ്ഥ ഉള്ളതുകൊണ്ടാണ്. ഈ കേസിൽ ഉൾപ്പെട്ട പോക്‌സോ, ഐടി നിയമങ്ങളിലൊന്നും ഇത്തരം വ്യവസ്ഥയില്ലെന്നു കോടതി വിലയിരുത്തി. ഹർജിക്കാരൻ. രണ്ടുപേരെ ഗ്രൂപ്പ് അഡ്‌മിനായും ചേർത്തിരുന്നു. ഇതിലൊരാൾ ഗ്രൂപ്പിൽ കുട്ടികളുടെ അശ്ലീല വീഡിയോ ഷെയർ ചെയ്തു. എറണാകുളം സിറ്റി പൊലീസ് ഇയാളെ ഒന്നാംപ്രതിയാക്കി ഐ.ടി. നിയമപ്രകാരവും പോക്സോ ആക്ട് പ്രകാരവും കേസ് രജിസ്റ്റർ ചെയ്തു.
വാട്സാപ്പ് ഗ്രൂപ്പിന് രൂപംനൽകിയ ആളെന്ന നിലയിൽ ഹർജിക്കാരനെ കേസിൽ രണ്ടാംപ്രതിയായി ചേർത്ത് കോടതിയിൽ അന്തിമ റിപ്പോർട്ടും ഫയൽ ചെയ്തു. ഇതിനെ തുടർന്നാണ് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. അശ്ലീല വീഡിയോ ഷെയർ ചെയ്തതുമായി ബന്ധപ്പെട്ട് കൃത്യമായ ആരോപണമൊന്നും ഇല്ലെന്ന് വിലയിരുത്തിയാണ് ഹർജിക്കാരനെതിരായ കുറ്റം ഹൈക്കോടതി റദ്ദാക്കിയിരിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ