കോട്ടയം: ഇക്കഴിഞ്ഞ ഏപ്രിൽ ആറിന് ഹർത്താൽ ദിനത്തിൽ മക്കൾക്ക് ഭക്ഷണം വാങ്ങിച്ചെത്താം എന്നു പറഞ്ഞ് വീട്ടിൽ നിന്നും പോയ ദമ്പതികളുടെ തിരോധാനം അഞ്ച് ദിവസം പിന്നിട്ടിട്ടും യാതൊരു എത്തും പിടിയുമില്ല. കാണാതായവർക്കായ അഞ്ച് ദിവസമായി പൊലീസ് അന്വേഷണം നടത്തുകയാണ്. എന്നാൽ, ഇവർ എവിടെ പോയെന്ന യാതൊരു വിവരവും ആർക്കും ലഭിച്ചിട്ടില്ലയ. ഇവരെ കണ്ടതായി സംശയിക്കുന്ന സ്ഥലങ്ങളിലെല്ലാം ബന്ധുക്കളും പൊലീസും തിരയുന്നുണ്ട്. പക്ഷേ, ഇവർ സഞ്ചരിച്ച കാർപോലും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

കോട്ടയം കുമ്മനം അറുപറ ഒറ്റക്കണ്ടത്തിൽ ഹാഷിം(42), ഭാര്യ ഹബീബ(37) എന്നിവരെ കഴിഞ്ഞ വ്യാഴാഴ്ചയാണു കാണാതായത്. ഫോണോ പാസ്പോർട്ടോ ഒന്നും ഇവർ കൊണ്ടുപോയിട്ടില്ല. എ.ടി.എം.കാർഡ്, പഴ്സ് എന്നിവയെല്ലാം വീട്ടിലുണ്ടായിരുന്നു. തിങ്കളാഴ്ച വീട്ടിലെത്തി പൊലീസ് ഇരുവരുടെയും ഫോണിലേക്കുവന്ന വിവരങ്ങളുംമറ്റും പരിശോധിച്ചു. വന്നതും പോയതുമായ നമ്പരുകളിൽ സംശയിക്കത്തക്കതൊന്നും കണ്ടെത്തിയിട്ടില്ല. മീനച്ചിലാറ്റിൽ വാഹനംവീഴാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ ഫയർഫോഴ്സും പൊലീസും ചേർന്ന് തിങ്കളാഴ്ച തിരച്ചിൽ നടത്തി.

ഹാഷിമിനുമാത്രമേ പാസ്പോർട്ടുള്ളൂ. ഭാര്യ ഹബീബ പാസ്പോർട്ടിന് അപേക്ഷ നൽകിയിട്ടേയുള്ളൂ. അതിനാൽ ദമ്പതിമാർ രാജ്യംവിടാനുള്ള സാധ്യത പൊലീസ് തള്ളിക്കളയുകയാണ്. മക്കൾക്കു ഭക്ഷണം വാങ്ങിവരാമെന്നുപറഞ്ഞാണ് രാത്രി ഒൻപതിന് ഹാഷിമും ഹബീബയും പുറത്തുപോയത്. അധികംദൂരം ഡ്രൈവ് ചെയ്യുന്നയാളല്ല ഹാഷിം. ഹബീബയ്ക്ക് ഡ്രൈവിങ് അറിയില്ല. അതിനിടെ, എറണാകുളത്തുനിന്നു കോട്ടയത്തേക്ക് തീവണ്ടിയിൽ യാത്രചെയ്ത ദമ്പതിമാർ ഇവരെ കണ്ടതായി അറിയിച്ചു. ഇതേത്തുടർന്ന് പൊലീസ് ഇവരുടെ മൊഴി രേഖപ്പെടുത്തി. കോട്ടയത്ത് ഇറങ്ങുമെന്ന് ഇവരിലെ സ്ത്രീയോട് ഹബീബ പറഞ്ഞതാണ്. എന്നാൽ, കോട്ടയത്തെത്തിയപ്പോൾ കൊല്ലത്തേ ഇറങ്ങുന്നുള്ളൂവെന്നു പറഞ്ഞെന്നാണ് സ്ത്രീ മൊഴി നൽകിയത്.

മാത്രമല്ല, എ.ടി.എം. കാർഡ്, പണമടങ്ങിയ പഴ്സ് എന്നിവയെല്ലാം വീട്ടിലുണ്ടായിരുന്നു. അതുകൊണ്ട് ഒരു ഒളിച്ചോട്ടമാല്ല, അവിചാരിതമായി എന്തോ അപായം ഇവർക്കുണ്ടായി എന്നാണ് പൊലീസ് ഊഹിക്കുന്നത്. അടുത്തിയിടെ വാങ്ങിയ വാഗണാർ കാറിലാണ് ഇരുവരും പുറത്തേക്ക് പോയത്. താൽക്കാലിക രജിസ്‌ട്രേഷനിലാണ്. നഗരത്തിൽ നഗരസഭയ്ക്കു സമീപമുള്ള റെസ്റ്റോറന്റിൽ നിന്നാണ് രാത്രി ഭക്ഷണം വാങ്ങാറ്.

ഇവരെ കാണാതായപ്പോൾ തന്നെ കുമരകം പൊലീസിൽ പരാതി നൽകി. ഡിവൈഎസ്‌പി എത്തി കാര്യങ്ങൾ തിരക്കി. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ 20 അംഗ സ്‌ക്വാഡ് തന്നെ രൂപീകരിച്ചാണ് പ്രവർത്തനം. പക്ഷേ അഞ്ചു ദിവസമാകുമ്പോഴും ഇരുവരെയും കുറിച്ച് തുമ്പില്ല. പൊലീസിനെ കൂടാതെ നാട്ടുകാരും അന്വേഷണത്തിലാണ്. ഫേസ്‌ബുക്ക് അടക്കമുള്ള സോഷ്യൽ മീഡിയ ഇതിനായി ഉപയോഗിക്കുന്നു. വാഗമൺ, പരുന്തുംപാറ അടക്കമുള്ള സ്ഥലങ്ങളിലും അന്വേഷിച്ചു.

ഇതിനിടെ ദമ്പതികളെ ട്രെയിനിൽ കണ്ടെന്ന നിർണായക വിവരം പൊലീസിന് ലഭിച്ചിരുന്നു. ഇതേക്കുറിച്ച് അന്വേഷണം നടത്തിയെങ്കിലും പിന്നീട് കാര്യമായ വിവരങ്ങളൊന്നും ലഭിച്ചില്ല. ഇരുവരേയും കാണാതായ ദിവസം തന്നെ പരാതി ലഭിച്ചതിനാൽ പൊലീസ് അതിർത്തി ചെക്കുപോസ്റ്റുകളിൽ വാഹനം സംബന്ധിച്ച വിവരം നൽകിയിരുന്നു. എന്നാൽ കേരളത്തിന്റെ ചെക്കുപോസ്റ്റ് കടന്ന് ഈ വാഹനം പോയിട്ടില്ലെന്ന ഉറപ്പിലാണ് പൊലീസ്. അതിനാൽ ഇവർ സംസ്ഥാനത്ത് തന്നെയുണ്ടെന്ന വിശ്വാസത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

ഹാഷിമിന്റെ ഉമ്മ മരിച്ചശേഷം തീർത്തും നിരാശയിലും സങ്കടത്തിലുമായിരുന്നു ഹാഷിം. വീടിന് സമീപമുള്ള പലചരക്കു കട തുറക്കുന്നത് നിർത്തി. എപ്പോഴും കബറിൽ പോയി ഇരുന്ന് നെടുവീർപ്പിടുമായിരുന്നു. കൂടാതെ പ്രാർത്ഥനയും. നാട്ടുകാരും വീട്ടുകാരും ഇടപെട്ടതോടെ വീണ്ടും കട തുറന്നു. അതിനിടയിലാണ് തിരോധാനം. തിരുവനന്തപുരം ബീമാ പള്ളിയിൽ ഇവരെ കണ്ടെന്നായിരുന്നു ആദ്യ സൂചന. എന്നാൽ ഇവരെ അന്വേഷിച്ച് കുമരകം പൊലീസ് സ്ഥലത്ത് എത്തിയപ്പോൾ അവരല്ലെന്ന് മനസിലായി. ഇവർ പോകാൻ സാധ്യതയുള്ള എല്ലാ സ്ഥലങ്ങളിലെയും സിസിടിവി ക്യാമറകൾ പൊലീസ് പരിശോധിച്ചു.

എന്നിട്ടും ഇതുവരെ അന്വേഷണത്തിന് കാര്യമായ തുമ്പില്ല. കൂടാതെ ബന്ധുഭവനങ്ങളിലെല്ലാം വിളിച്ച് ചോദിച്ചു. കൂടാതെ ഏർവാടി അടക്കമുള്ള തീർത്ഥാടക സ്ഥലങ്ങളിലും അന്വേഷിച്ചു. പക്ഷേ കണ്ടെത്താനായില്ല. കുടുംബത്തിന് സമീപം പലചരക്ക് കട നടത്തുന്ന ഇവർക്ക് സാമ്പത്തി ബാധ്യതയോ കടമോ ഉള്ളതായി അറിയില്ല. ഉമ്മയും ബാപ്പയും പോയതോടെ മക്കളായ ഫാത്തിമയും, മുഹമ്മദ് ബിലാലും തികഞ്ഞ ഏകാന്തതയിലായി. കുമ്മനത്തെ തറവാട് വീട്ടിലാണ് കുട്ടികൾ ഇപ്പോൾ. ഇതാദ്യമായാണ് ഇരുവരും ഇതുപോലെ മാറി നിൽക്കുന്നതെന്ന് അവർ പറയുന്നു. ഉമ്മയും ബാപ്പയും വീട്ടിൽ നിന്നും പോകേണ്ട ഒരു സാഹചര്യവും ഇല്ലെന്നാണ് മക്കളുടെ പക്ഷം. പുതിയ കാർ വാങ്ങിയ ഇരുവരും മക്കളും ഒത്ത് ദീർഘയാത്രയ്ക്കുള്ള പരിപാടിയിലായിരുന്നു ദമ്പതികൾ.