മഞ്ചേരി: ശബരിമല കയറാൻ എത്തി പരാജയപ്പെട്ട കനകദുർഗ്ഗ എവിടെ? വീട്ടുകാരെ അറിയിക്കാതെ ശബരിമല കയറാൻ എത്തിയ യുവതി ഇതുവരെ വീട്ടിലെത്തിയിട്ടില്ല. പ്രതിഷേധത്തെ തുടർന്ന് ഇവരെ പൊലീസ് മടക്കി അയക്കുകയായിരുന്നുവെങ്കിലും യുവതി ഇപ്പോഴും പൊലീസ് നിരീക്ഷണത്തിലോ മറ്റ് കേന്ദ്രങ്ങളിലോ ആണെന്ന സൂചനയാണ് പുറത്തുവരുന്നത്. സന്നിധാനത്തിന് 1.25 കിലോമീറ്റർ അടുത്തെത്തിയ ശേഷം മലയിറങ്ങേണ്ടിവന്ന അങ്ങാടിപ്പുറം സ്വദേശി കനകദുർഗ(39)യേയാണു ദുരൂഹസാഹചര്യത്തിൽ കാണാതായത്. സംഭവത്തിൽ യുവതിയെ കാണാനില്ലെന്ന് കാണിച്ച് ഭർത്താവ് പൊലീസിൽ പരാതി നൽകി.

കഴിഞ്ഞ 24-നു രാവിലെ ആറേകാലോടെ മലകയറിയ കനകദുർഗയും സുഹൃത്ത് ബിന്ദുവും നീലിമല പിന്നിട്ടതോടെയാണു മറ്റു തീർത്ഥാടകരുടെ കണ്ണിൽപ്പെട്ടത്. ശബരിമല ദർശനത്തിന് ഇരുവരും പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടിരുന്നില്ല. കൂടുതൽ പൊലീസ് സ്ഥലത്തെത്തിയെങ്കിലും അപ്പാച്ചിമേട്ടിലെത്തിയപ്പോൾ തീർത്ഥാടകർ ശരണം വിളികളോടെ ഇവരെ തടഞ്ഞു. എന്നാൽ. പ്രതിഷേധങ്ങളെ വകവെക്കാതെ അവർ വീണ്ടും മുന്നോട്ടു പോയി. അപ്പാച്ചിമേട് മുതൽ മരക്കൂട്ടം വരെ 300 മീറ്റർ ദൂരത്തിനിടെ അഞ്ചിടങ്ങളിൽ പ്രതിരോധമുണ്ടായിരുന്നു.

ചന്ദ്രാനന്ദൻ റോഡ് പകുതി പിന്നിട്ടതോടെ പ്രതിഷേധക്കാരെ മറികടക്കാനാവാത്ത സ്ഥിതി പോലും ഉണ്ടായി. ഇതോടെ യുവതികളെ കസേരയിലിരുത്തി പൊലീസും ദ്രുതകർമസേനയും സ്ട്രൈക്കർ ഫോഴ്സും നിലയുറപ്പിച്ചെങ്കിലും ഒരടിപോലും മുന്നോട്ടുപോകാനായില്ല. ഗത്യന്തരമില്ലാതെ, യുവതികളോടു മടങ്ങാൻ പൊലീസ് ആവശ്യപ്പെടുകയായിരുന്നു. മലയിറങ്ങുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കനകദുർഗയെ ഡോളിയിൽ പമ്പയിലെത്തിച്ചശേഷം പൊലീസ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കനകദുർഗ്ഗ മലകയറിയ വിവരം ടെലിവിഷൻ ചാനലിലൂടെയാണ് വീട്ടുകാർ അറിയുന്നത്. സിവിൽ സപ്ലൈസ് ജീവനക്കാരിയായ കനകദുർഗ തിരുവനന്തപുരത്ത് യോഗമുണ്ടെന്ന് പറഞ്ഞാണ് വീട്ടിൽ നിന്ന് പോയതെന്ന് കുടുംബം പറയുന്നു. ചാനലുകളിൽ വാർത്ത കണ്ടപ്പോഴാണ് സംഭവം അറിയുന്നതെന്നും ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കണം എന്നാണ് അഭിപ്രായമെന്നും ഭർത്താവ് കൃഷ്ണനുണ്ണിയും അമ്മയും ബന്ധുക്കളും പറഞ്ഞിരുന്നു.

ഔദ്യോഗികാവശ്യത്തിന് തിരുവനന്തപുരത്ത് പോകുന്നു എന്നു പറഞ്ഞാണ് യുവതി ശബരിമലക്ക് പുറപ്പെട്ടത്. കഴിഞ്ഞ 21-നു വീട്ടിൽനിന്ന് ഇറങ്ങിയത്. മഞ്ചേരിയിലുള്ള സഹോദരിയുടെ വീട്ടിലെത്തി, മക്കളെ അവിടെയാക്കിയശേഷമാണു ശബരിമലയ്ക്കു പുറപ്പെട്ടത്. കനകദുർഗയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതറിഞ്ഞ സഹോദരൻ ഭരതൻ കോട്ടയം ജില്ലാ പൊലീസ് മേധാവിയുമായി ബന്ധപ്പെട്ടെങ്കിലും ആശുപത്രിയിലേക്കു പോകാൻ അനുമതി നിഷേധിച്ചു. സഹോദരിയെ പൊലീസ് കാവലിൽ മലപ്പുറം ജില്ലയിലെത്തിക്കാമെന്നും ഉറപ്പുനൽകി. എന്നാൽ, ആശുപത്രിയിൽനിന്നു വിട്ടയച്ച കനകദുർഗയെക്കുറിച്ച് വിവരം ലഭിക്കാത്തതിനേത്തുടർന്ന് സഹോദരി രാജലക്ഷ്മിയും കഴിഞ്ഞ വ്യാഴാഴ്ച എസ്‌പിയെ ഫോണിൽ വിളിച്ചു.

കനകദുർഗയെ കോഴിക്കോട്, കണ്ണൂർ, തലശേരി എന്നിവിടങ്ങളിൽ ഒരിടത്ത് എത്തിച്ചിട്ടുണ്ടെന്നും കൂടുതൽ അന്വേഷണത്തിനായി കണ്ണൂർ എസ്‌പിയെ ബന്ധപ്പെടണമെന്നുമായിരുന്നു മറുപടി. എന്നാൽ ഇതുവരെ ഇതുസംബന്ധിച്ചു വിവരമൊന്നും ലഭിച്ചില്ലെന്നു മാത്രമല്ല കനകദുർഗയുടെ ബന്ധുക്കളുടെ ഫോൺ കോൾ കോട്ടയം എസ്‌പി. എടുക്കുന്നില്ലെന്നും ആരോപണമുണ്ട്. തിരോധാനത്തിൽ ദുരൂഹതയുണ്ടെന്നും കനകദുർഗയെ കണ്ടെത്തിത്തരണമെന്നും ആവശ്യപ്പെട്ട് ഭർത്താവ് കൃഷ്ണനുണ്ണി പെരിന്തൽമണ്ണ പൊലീസിൽ പരാതി നൽകി.

സിപിഐ എംഎൽ പ്രവർത്തകയാണ് ബിന്ദു. ഇവർക്ക് നക്‌സൽ ബന്ധമുണ്ടെന്നാണ് പൊലീസ് വിലയിരുത്തൽ. അതുകൊണ്ട് തന്നെ ഇവരെ പൊലീസ് കസ്റ്റഡിയിൽ വെച്ചിരിക്കയാണോ എന്ന സംശയവും ബന്ധുക്കൾക്കുണ്ട്. നേരത്തെ പൊലീസിനെ അക്രമിച്ചതിന് ബിന്ദുവിന്റെ പേരിൽ കേസുണ്ടായിരുന്നു, യുവതി ശബരിമലയിൽ പ്രവേശിക്കുന്നു എന്ന വാർത്ത വന്നതോടെ ഇവരുടെ വീടിന് മുമ്പിൽ നാമജപ പ്രതിഷേധം ഉണ്ടായിരുന്നു.