തിരുവനന്തപുരം: ചന്ദ്രബോസ് കൊലപാതക കേസ് അന്വേഷണം എത്തിക്കുന്നത് കേരളാ പൊലീസിലെ വിഭാഗിയത എത്രത്തോളം രൂക്ഷമാണ് എന്നതിലേക്കാണ്. ഡിജിപി ബാലസുബ്രഹ്മണ്യത്തിനെതിരെ ചീഫ് വിപ്പ് പിസി ജോർജ്ജ് ആരോപണം ഉന്നയിച്ചപ്പോൾ തന്നെ കരുനീക്കങ്ങളും സജീവമായി. അടുത്ത ഡിജിപിയാവുകയാണ് മുതിർന്ന പൊലീസ് ഉദ്യാഗസ്ഥരുടെ ആഗ്രഹം. അതിനായി ശക്തമായ കരുനീക്കങ്ങളും തുടങ്ങിക്കഴിഞ്ഞു. ഡി.ജി.പി കെ.എസ്.ബാലസുബ്രഹ്മണ്യത്തിനെതിരേ ഗുരുതരമായ ആരോപണമുയർത്തിയത് നിസാമിനെ സംരക്ഷിച്ചതിന് സസ്‌പെൻഷനിലായ ഉദ്യോഗസ്ഥനെന്നാണ് ഉന്നതതലങ്ങളിലെ വിലയിരുത്തൽ.

ഡി.ജി.പി റാങ്കിൽ അടുത്തിടെ വിരമിച്ച ഉദ്യോഗസ്ഥനും സംശയമുനയിലാണ്. പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം ഇക്കാര്യത്തിൽ റിപ്പോർട്ട് തയ്യാറാക്കുന്നുണ്ട്. നിസാമിനെ രക്ഷിച്ചെടുക്കാൻ ശ്രമിച്ചതിന് തൃശൂർ കമ്മീഷണറായിരുന്ന ജേക്കബ് ജോബിനെ സ്ഥലംമാറ്റാനാണ് ഉത്തരമേഖലാ എ.ഡി.ജി.പി ശങ്കർറെഡ്ഡി ശുപാർശചെയ്തതെങ്കിലും ഡി.ജി.പി പ്രത്യേകതാത്പര്യമെടുത്ത് സസ്‌പെൻഡ് ചെയ്യുകയായിരുന്നുവെന്നാണ് ഒരുവിഭാഗത്തിന്റെ ആരോപണം. ഇതോടെ ജേക്കബ് ജോബ് ഡിജിപിക്ക് എതിരായി. അങ്ങനെ തെളിവകുളും എത്തി. ഡിജിയുടെ സസ്‌പെൻഷൻ ഉത്തരവ് ഗൗനിക്കാതെയും ചുമതല നിശാന്തിനിക്ക് കൈമാറാതെയും ജേക്കബ് ജോബ് അവധിയിൽ പ്രവേശിക്കുകയായിരുന്നു. പിന്നീട് ആഭ്യന്തര മന്ത്രിയുടെ കർശ നിലപാടാണ് കാര്യങ്ങൾ മാറ്റി മറിച്ചത്. അങ്ങനെ നിശാന്തിനി തൃശൂർ കമ്മീഷണറുമായി.

തൃശൂരിലെ ബാങ്കറിൽനിന്ന് രണ്ടരക്കോടി തട്ടിയകേസിൽ കുപ്രസിദ്ധ ഗുണ്ടയ്ക്കായി ഡി.ജി.പി സമ്മർദ്ദംചെലുത്തിയെന്ന ആരോപണവുമായി ജേക്കബ് ജോബ് ഭരണനേതൃത്വത്തെ സമീപിച്ചിട്ടുണ്ട്. ബാങ്കർക്ക് പണം നൽകാൻ കോടതിവിധിയുണ്ടായിട്ടും കേസൊതുക്കണമെന്ന് ഡി.ജി.പി തന്നോട് രണ്ടുവട്ടം ആവശ്യപ്പെട്ടെന്നാണ് ജോബിന്റെ ആരോപണം. മൂന്നാംതവണയും താൻ എതിർത്തപ്പോൾ ഡി.ജി.പി ക്ഷുഭിതനായെന്നാണ് ആരോപണം. അങ്ങനെ ഡിജിപിക്ക് എതിരെ നേരിട്ടുള്ള പോരിന് ജേക്കബ് ജോബ് തന്നെ തയ്യാറെടുക്കുകയാണ്. നിശാന്തിനിയെ തൃശൂർ കമ്മിഷണറായി നിർദ്ദേശിച്ചതും നിയമനത്തിന് സമ്മർദ്ദം ചെലുത്തിയതും ഡി.ജി.പിയായിരുന്നുവെന്നും ഒരു വിഭാഗം പ്രചരിപ്പിക്കുന്നുണ്ട്.

സീനിയർ എസ്‌പി എ.അക്‌ബർ, എസ്‌പിമാരായ തോംസൺ ജോസ്, ഹരിശങ്കർ, നാരായണൻ എന്നിവർ നിയമനം കാത്തിരിക്കുമ്പോഴാണ് നിശാന്തിനിയെ തൃശൂരിലെത്തിച്ചതെന്നാണ് ആരോപണം. ഇതിലും അതൃപ്തിയുണ്ട്. എന്നാൽ നിശാന്തിനിയെ തൃശൂർ കമ്മിഷണറാക്കാൻ ഡി.ജി.പി ശുപാർശ ചെയ്തിട്ടില്ലെന്ന് ആഭ്യന്തരവകുപ്പ് വ്യക്തമാക്കി. ഗുരുതരമായ വീഴ്ചയുടെ പേരിലാണ് ജേക്കബ് ജോബിനെ സസ്‌പെൻഡ്‌ചെയ്തത്. ഏറെക്കാലമായി ഡെപ്യൂട്ടികമ്മിഷണറായി പ്രവർത്തിക്കുന്ന നിശാന്തിനിയെ തൃശൂരിൽ നിയമിക്കാൻ ആഭ്യന്തരമന്ത്രിയാണ് തീരുമാനിച്ചത്.

കേന്ദ്രസർവീസിലടക്കം മികച്ച ഉദ്യോഗസ്ഥനായി പേരെടുത്ത ബാലസുബ്രഹ്മണ്യം മേയിൽ വിരമിക്കുകയാണ്. അതിനുമുൻപ് അദ്ദേഹത്തെ പുകച്ചുചാടിക്കാൻ നീക്കം നടക്കുന്നതായാണ് ആരോപണം. അതിനിടെ അടുത്ത ഡി.ജി.പിയാകാൻ ഇപ്പോൾ കേന്ദ്രഡെപ്യൂട്ടേഷനിലുള്ള മഹേഷ്‌കുമാർ സിങ്‌ള നീക്കം തുടങ്ങിയിട്ടുണ്ട്. ആഭ്യന്തരവകുപ്പ് ആവശ്യപ്പെട്ടാൽ മടങ്ങിയെത്താൻ തയാറാണെന്ന് സിങ്ല സർക്കാരിനെ അറിയിച്ചിട്ടുണ്ട്. രണ്ടുമാസം കൂടി കാലാവധിയുള്ള പൊലീസ് കൺസ്ട്രക്ഷൻ കോർപറേഷൻ മേധാവി അലക്‌സാണ്ടർ ജേക്കബിനെ ഡി.ജി.പിയാക്കണമെന്നും ഒരുവിഭാഗം ആവശ്യമുയർത്തുന്നുണ്ട്.