പാല: കാരുണ്യപ്രവർത്തനം നടത്തി പാലാക്കാരുടെ കണ്ണിലുണ്ണിയായി ഒടുവിൽ സാമ്പത്തിക തട്ടിപ്പിന് അറസ്റ്റിലായ ഡോ. മാത്യു മാലയിലിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. വെണ്ണിക്കുളം ചാമക്കായിൽ അലക്സ് മാത്യു എന്നാണ് ഇയാളുടെ യഥാർത്ഥ പേര്. ഇയാൾ എങ്ങനെയാണ് ഡോ. മാത്യു മാലയിൽ ആയതെന്ന കാര്യത്തിൽ ഇനിയും വ്യക്തത കൈവന്നിട്ടില്ല. അതേസമയം ഇയാളുടെ സാമ്പത്തിക ഇടപാടുകളെ കുറിച്ചുള്ള വിവരങ്ങൾ പൊലീസ് സിബിഐക്ക് കൈമാറിയിട്ടുണ്ട്.

സിബിഐയുടെ രേഖകൾ പ്രകാരം ഇയാളുടെ പേര് പത്തനംതിട്ട വെണ്ണിക്കുളം ചാമക്കായിൽ അലക്സ് മാത്യു എന്നാണ്. പാലായിൽ ഡോ. മാത്യു മാലയിൽ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. പാലായിലും പരിസരത്തും വ്യക്തികൾക്കും സംഘടനകൾക്കും ഒരു കോടി രൂപയുടെയെങ്കിലും സാമ്പത്തിക സഹായം ഇയാൾ നൽകിയിട്ടുണ്ടെന്നാണു പൊലീസ് വിലയിരുത്തൽ. 12 കുടുംബങ്ങൾക്കു വീടുപണിക്കു പണം വാഗ്ദാനം ചെയ്തിരുന്നതായും കണ്ടെത്തി. ഇവരിൽ പലരും ഇപ്പോഴുള്ള വീട് പൊളിച്ചിട്ടിരിക്കുകയുമാണ്. പണി തുടങ്ങുമ്പോൾ ഘട്ടംഘട്ടമായി പണം നൽകാമെന്നാണു മാത്യു പറഞ്ഞിരുന്നതെന്ന് ഇവർ പൊലീസിനെ അറിയിച്ചു.

ചെന്നൈ എഗ്മോർ അഡീഷനൽ ചീഫ് മെട്രോപ്പൊലിറ്റൻ മജിസ്ട്രേട്ട് കോടതിയുടെ ഉത്തരവിനെ തുടർന്നായിരുന്നു അറസ്റ്റ്. നാളെ മാത്യുവിനെ ചെന്നൈ സിബിഐ കോടതിയിൽ ഹാജരാക്കുമെന്നു പാലാ സിഐ രാജൻ കെ. അരമന പറഞ്ഞു. സഹായം അഭ്യർത്ഥിച്ച് വീട്ടുമുറ്റത്ത് ചെല്ലുന്നവർക്കെല്ലാം പണവും ഭക്ഷണവും നൽകിയാണ് ഇയാൾ ശ്രദ്ധ നേടിയത്. പാവപ്പെട്ടവന് വേണ്ടുന്നതെല്ലാം വാരിക്കോരി നൽകാൻ ഡോ മാത്യു മാലയിലിന് യാതൊരു മടിയും ഇല്ലായിരുന്നു. യഥാർത്ഥത്തിൽ താങ്കൾ ആരാണെന്ന് ചോദിച്ചപ്പോൽ തനിക്ക് ഇരുമ്പയിര് ബിസിനസ്സാണെന്നും ജീവകാരുണ്യപ്രവർത്തനം നടത്തുകയാണ് ലക്ഷ്യമെന്നും പറഞ്ഞിരുന്നു മാത്യു.

ഇതോടെ നല്ല മനുഷ്യസ്നേഹി എന്ന് പറഞ്ഞ് ജനം വാനോളം വാഴ്‌ത്തുകയും ചെയ്തു. ഒടുവിൽ ചെന്നൈയിൽ നിന്ന് സിബിഐ എത്തി അറസ്റ്റ് ചെയ്തപ്പോൾ മാത്യു മാലയിലിന്റെ തനിക്കുണം അറിഞ്ഞ് നാട്ടുകാർ മൂക്കത്ത് വിരൽ വെയ്ക്കുകയാണ്. വ്യാജരേഖകൾ ഹാജരാക്കി പാസ്‌പോർട്ട് സംഘടിപ്പിച്ചെന്ന കേസിലാണ് ജീവകാരുണ്യപ്രവർത്തകനായ മാത്യു മാലയിലിനെ സിബിഐ അറസ്റ്റ് ചെയ്തതെന്നാണ് വിവരം. എന്നാൽ കോയമ്പകത്തൂർ, ഗോവ, മുംബൈ എന്തിന് കേരളത്തിൽ അടക്കം നിരവധി സംസ്ഥാനങ്ങളിൽ ഇയാളുടെ പേരിൽ കേസുകളുണ്ടെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.

അതേസമയം ഭൂമി വിറ്റുനല്കാമെന്ന് വാഗ്ദാനം ചെയ്ത് തൊടുപുഴ സ്വദേശി ഉതുപ്പ് ഐപ്പിൽനിന്ന് 189000 രൂപ വാങ്ങി കബളിപ്പിച്ചെന്ന പരാതിയിൽ പാലാ പൊലീസും കേസെടുത്തിരുന്നു. കോഴിക്കോടുള്ള പി.ആർ. ഗ്രൂപ്പിനെ കൊണ്ട് സ്ഥലം വാങ്ങിപ്പിക്കാമെന്നായിരുന്നു വാഗ്ദാനം. പ്രതിയെ സംബന്ധിച്ച രേഖകൾ പരിശോധിച്ചപ്പോൾ ഡോ. സ്മിത്ത് മാത്യു എന്ന പേരും കാണാനായെന്ന് പാലാ പൊലീസ് പറഞ്ഞു. മഹാരാഷ്ട്രയിൽ വൈൻ, ഇരുമ്പയിര് തുടങ്ങിയവയുടെ ബിസിനസ് നടത്തുകയാണെന്ന് ഇയാൾ നാട്ടുകാരോട് പറഞ്ഞിരുന്നു.

വിലയേറിയ കാറിലായിരുന്നു മാത്യുവിന്റെ സഞ്ചാരം. ഒപ്പം അകമ്പടിവാഹനങ്ങളിൽ കുറെ ചെറുപ്പക്കാരും ഉണ്ടായിരുന്നു. എല്ലാവർക്കും ചോദിക്കുന്ന പണം നൽകി. കൊഴുവനാലിൽ ഒരു പാർപ്പിട പദ്ധതിക്കായി 40 ലക്ഷം രൂപ വാഗ്ദാനം ചെയ്ത മാത്യു അഞ്ചു ലക്ഷം രൂപ സംഘാടകരെ ഏൽപ്പിക്കുകയും ചെയ്തു. പാലായിലെ ഒരു അനാഥാലയത്തിന് 18 ലക്ഷം രൂപ വാഗ്ദാനം ചെയ്തു. അനാഥനും വൃക്കരോഗിയുമായ ഒരു ബാലന്റെ വൃക്കമാറ്റിവെയ്ക്കൽ ശസ്ത്രക്രിയയ്ക്ക് അഞ്ചു ലക്ഷം രൂപ നല്കിയതാണ് ഒടുവിലത്തെ വലിയ സംഭാവന.

ഇതിന്റെ പേരിൽ ഒരു സന്നദ്ധസംഘടന മാത്യുവിനെ ആദരിക്കുകയും ചെയ്തു. പല ഇടങ്ങളിലും ഇയാളുടെ ഫ്ലക്സുകൾ സ്ഥാപിച്ചു. ഇതിനിടയിൽ മാത്യു മാലയിലിന്റെ ലക്ഷ്യത്തെക്കുറിച്ചും അഭ്യൂഹങ്ങളുണ്ടായി. പാലായിൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഉദ്ദേശ്യമുണ്ടെന്നുവരെ ആളുകൾ അടക്കംപറഞ്ഞു. സ്്ത്രീകൾ ഉൾപ്പെടെ പതിനഞ്ചോളം ജീവനക്കാരും മാത്യു മാലയിലിന്റെ വീടിനോട് ചേർന്ന ഓഫീസിൽ ജോലി ചെയ്യുന്നുണ്ടായിരുന്നു. പാലാ ടൗണിന് സമീപം പന്ത്രണ്ടാം മൈലിൽ ആറ് മാസം മുമ്പാണ് വീട് വാടകയ്‌ക്കെടുത്ത് താമസം തുടങ്ങിയത്.

ചില സംഘടനകളുടെ സഹായത്തോടെ ആശുപത്രികൾക്കും മറ്റും പണവും ഉപകരണങ്ങളും നല്കി. പാലായിലെ അറിയപ്പെടുന്ന ചില സംഘടനകളുടെ സഹകരണത്തോടെ ചികിത്സാ-ഭവനനിർമ്മാണ പദ്ധതികൾക്ക് പണം നല്കുമെന്നും വാഗ്ദാനം നല്കിയിരുന്നു. ചില പദ്ധതികളുടെ ഉദ്ഘാടനവും നടത്തി. ഇയാളുടെ സാമ്പത്തികസ്രോതസ്, പ്രവർത്തനരീതി എന്നിവയിൽ സംംശയമുണ്ടെന്ന് പൊലീസ് ഇന്റലിജൻസ് വിഭാഗം പലതവണ റിപ്പോർട്ട് നൽകിയിരുന്നെന്ന് പൊലീസ് പറഞ്ഞു.