കൊച്ചി: രാജ്യത്തിന് അസാധാരണമായ സേവനങ്ങൾ ചെയ്യുന്നവർക്കുള്ളതാണ് പത്മ അവാർഡുകൾ. എന്നാൽ അത് സ്തുതിപാഠകർക്കും പ്രാഞ്ചിയേട്ടന്മാർക്കും സഹായികൾക്കു നൽകുന്നതാണ് പതിവ് രീതി. യുപിഎ സർക്കാർ മാറി മോദി സർക്കാർ അധികാരത്തിൽ എത്തിയിട്ടും സ്ഥിതിക്ക് വ്യത്യാസമില്ല. മോദിയെ അധികാരത്തിലേക്ക് നയിച്ചവർക്ക് ഉദ്ദിഷ്ഠകാര്യത്തിന് ഉപകാര സ്മരണ എന്നതു പോലെ ഇത് നൽകിയിരുന്നു. ഇക്കൂട്ടത്തിൽ കേരളത്തിൽ നിന്നും ഒരാൾ ഉണ്ടായിരുന്നു. - സുപ്രീംകോടതി അഭിഭാഷകൻ കെ കെ വേണുഗോപാൽ.

രാജ്യത്തിന് വേണുഗോപാൽ എന്നത് സംഭാവന നൽകിയെന്ന് ആരും ചോദിക്കരുത്. ശാന്തി ഭൂഷനേയും പ്രശാന്ത് ഭൂഷനേയും പോലെ ശബ്ദമില്ലാത്തവന്റെ ശബ്ദം ഉയർത്തിയോ കൃഷ്ണയ്യരെപ്പോലെ നീതിക്കുവേണ്ടി പോരാടിയോ ഒന്നുമല്ല വേണുഗോപാൽ രണ്ടാമത്തെ വലിയ പുരസ്‌കാരമായ പത്മവിഭൂഷൻ നേടിയത്. പ്രത്യുത നിയമപീഠത്തെ ചൂണ്ട് വിരലിൽ നിർത്തുന്ന വൈദഗ്ധ്യം കൊണ്ട് മാത്രം. ഭരണഘടനയുടെ വകുപ്പുകൾ അരച്ച് കലക്കി പഠിച്ച വേണുഗോപാലിന് ഏത് കോടതിയേയും വരച്ച വരയിൽ നിർത്താൻ പ്രാഗത്ഭ്യം ഉണ്ട്. ഈ പ്രാഗത്ഭ്യം തന്നെയാണ് അഡ്വ. വേണുഗോപാലിന് പ്ദ്മ പുരസ്‌ക്കാരം സമ്മാനിക്കാൻ ഇടയാക്കിയതും.

ബിജെപിയുടെ അടുത്ത തോഴനായ കെ കെ വേണുഗോപാലിന് അറ്റോർണി ജനറലാക്കുമെന്നാണ് ഏവരും പ്രതീക്ഷിച്ചിരുന്നത്. കേന്ദ്രത്തിലേക്കു ശിപാർശ പോയതും അങ്ങനെയായിരുന്നു. എന്നാൽ കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്‌ലിയുടെ അടുത്ത സുഹൃത്തായ മുകുൽ രോഹത്ഗിക്കാണ് ആ പദവി ലഭിച്ചത്. ജയ്റ്റ്‌ലിയുടെ പ്രത്യേകതാത്പര്യം മൂലം അറ്റോർണി ജനറൽ പദവി കൈവിട്ടു പോയപ്പോൾ പകരം മലയാളിയായ കെ കെ വേണുഗോപാലിനെ പത്മവിഭൂഷൺ നല്കി ബിജെപി സർക്കാർ ആദരിക്കുകയായിരുന്നു.

സുപ്രീം കോടതി അഭിഭാഷകർക്കിടയിൽ രണ്ടു ലോബികളുണ്ട്, വടക്കൻ ലോബിയും തെക്കൻ ലോബിയും. ദക്ഷിണേന്ത്യൻ ലോബിയുടെ പ്രതിനിധിയാണ് അഡ്വ. വേണുഗോപാൽ. മിനിറ്റിനു ലക്ഷങ്ങൾ വിലയുള്ള പ്രഗത്ഭ അഭിഭാഷകനെന്നാണ് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. ഒരു അപ്പോയിന്റ്‌മെന്റ് കിട്ടാൻ പോലും മാസങ്ങളെടുക്കും, ഏതു കൊലകൊമ്പനും. നരസിംഹം എന്ന സിനിമയിൽ മമ്മൂട്ടിയുടെ കഥാപാത്രം പറയുന്നതു പോലെ നാസിക്കിലെ നോട്ടടിക്കുന്ന കമ്മട്ടം വച്ച് തൂക്കിയാലും കോട്ടായൻ കടൻകോട്ട് വേണുഗോപാൽ എന്ന പത്മവിഭൂഷൺ അഡ്വ. കെ. കെ വേണുഗോപാലിരിക്കുന്ന തട്ട് താഴ്ന്നു തന്നെയിരിക്കുമത്രേ.രാജ്യത്തെ പ്രമുഖ രാഷ്ട്രീയനേതാക്കൾക്കു വേണ്ടിയൊക്കെ കോടതിയിൽ ഹാജരായിട്ടുണ്ട് അദ്ദേഹം. തമിഴ്‌നാടു മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ കേസുകളും കെ കരുണാകരന്റെ പാമൊയിൽ കേസുമൊക്കെ കൈകാര്യം ചെയ്തിരുന്നതു കെ കെ വേണുഗോപാലായിരുന്നു. കൂടാതെ ജയലളിതയുടെ പ്രധാന നിയമോപദേശകനുമാണ്. പ്രമുഖർക്കു വേണ്ടി ഹാജരാകുമ്പോൾ ഫീസ് ഒരു വിഷയമല്ലല്ലോ. വൻഫീസാണു വാങ്ങുന്നതെന്ന് അദ്ദേഹത്തെപ്പറ്റി പറയുമ്പോഴും അടുത്തറിയുന്നവർ പറയുന്നതു കക്ഷികളുടെ സാമ്പത്തികനിലയനുസരിച്ചു മാത്രമേ അദ്ദേഹം ഫീസ് ഈടാക്കൂ എന്നാണ്.

രാജ്യം ഇത്തവണ പത്മവിഭൂഷൺ നൽകി ആദരിച്ച കെ കെ വേണുഗോപാൽ എന്തുകൊണ്ടും അതിന് അർഹൻ തന്നെയാണ് എന്ന പക്ഷക്കാരാണ് ഹൈക്കോടതിയിലെ അഭിഭാഷകസമൂഹം. സുപ്രീം കോടതിയിലെ പ്രമുഖ അഭിഭാഷകരിൽ രാംജത്്മലാനിയോളം തന്നെ ഭരണഘടന സംബന്ധിച്ച കേസുകളിൽ പ്രാവീണ്യം തെളിയിച്ച ആളാണ് കെ കെ വേണുഗോപാൽ. എഫ് എസ് നരിമാൻ, സോളി സൊറാബ്ജി തുടങ്ങിയവർക്കൊപ്പം തലപ്പൊക്കം.

1931ൽ മലബാറിൽ ജനിച്ച വേണുഗോപാൽ വളർന്നതും പഠിച്ചതും കർണാടകയിലെ മംഗലാപുരത്താണ്. അച്ഛൻ എംകെ നമ്പ്യാർ നാട്ടിലെ പേരുകേട്ട ബാരിസ്റ്ററായിരുന്നു. മംഗലാപുരം സെന്റ് തെരേസാസ് കോളേജിലായിരുന്നു വേണുഗോപാലിന്റെ പഠനം. അഭിഭാഷകപഠനത്തിനുശേഷം അദ്ദേഹത്തിന്റെ വളർച്ചയും പെട്ടെന്നൊയിരുന്നു. ഇന്ന് രാജ്യത്തെ പല പ്രമുഖ കേസുകളിലും വേണുഗോപാലിന്റെ കൈയൊപ്പുണ്ട്. ഇന്ത്യയിലെ സ്തുത്യർഹമായ സേവനവും ഭരണഘടനയിലെ വൈദഗ്ദ്ധ്യവും കണക്കിലെടുത്ത് ഭൂട്ടാൻ ഗവൺമെന്റ് അവരുടെ ഭരണഘടനാ നിർമ്മാണഘട്ടത്തിൽ മുഖ്യ ഉപദേശകനായും വേണുഗോപാലിനെ നിയമിച്ചിരുന്നു. ഈ വർഷം പത്മവിഭൂഷൺ ലഭിക്കുന്നതിനു മുമ്പ് തന്നെ അദ്ദേഹത്തെ പത്മഭൂഷൺ ബഹുമതി നൽകിയും രാജ്യം ആദരിച്ചിട്ടുണ്ട്.

മൂന്നു കാര്യങ്ങളിലാണ് അദ്ദേഹം സ്‌പെഷലൈസ് ചെയ്തിരിക്കുന്നത് ഭരണഘടനാ നിയമം, ഇലക്ഷൻനിയമം, കമ്പനി നിയമം എന്നിവ. നിയമപരിഷ്‌ക്കാരങ്ങൾക്കു വേണ്ടി നിലകൊണ്ടിരുന്ന അദ്ദേഹം പക്ഷേ തദ്ദേശീയമായി സുപ്രീം കോടതി ബഞ്ചുകൾ സ്ഥാപിക്കുന്നതിനെ ശക്തമായി എതിർത്തുപോന്നിരുന്നവരിൽ പ്രമുഖനാണ്. ഇങ്ങനെ വന്നാൽ രാജ്യത്തെ പരമോന്നത കോടതിയുടെ പ്രാധാന്യം തന്നെ ഇല്ലാതാകും എന്ന് വാദിക്കുന്നവരിലും മുൻപൻ വേണുഗോപാൽ തന്നെയാണ്. എന്നാൽ പൊതുകാര്യങ്ങളിൽ വ്യക്തിപരമായി താത്പര്യമെടുത്തു പരമോന്നതകോടതിയിൽ വിഷയം കൊണ്ടുവരുന്നതിൽ പിന്നോക്കമായിരുന്നതിനാൽ രാജ്യത്തെ രണ്ടാമത്തെ വലിയ ബഹുമതിക്ക് അദ്ദേഹം അർഹനാണോ എന്നു ചോദിക്കുന്നവർ നിയമരംഗത്ത് ഒട്ടേറെ പേരുണ്ട്.

പ്രശാന്ത് ഭൂഷണെപ്പോലെ പൊതുതാത്പര്യ ഹർജികൾ കൈകാര്യം ചെയ്യുന്നതിലോ അന്തരിച്ച ജസ്റ്റിസ് വി ആർ കൃഷ്ണയ്യരെപ്പോലെ മനുഷ്യാവകാശലംഘനങ്ങൾക്കെതിരേ പോരാടാനോ അദ്ദേഹം തന്റെ അഭിഭാഷകവൃത്തി കാര്യമായി വിനിയോഗിച്ചിട്ടില്ല. രാജ്യതാത്പര്യവും സമൂഹതാത്പര്യവും മുൻനിർത്തി ഭരണകൂടഭീകരതയ്ക്കും മനുഷ്യാവകാശധ്വംസനങ്ങൾക്കുമെതിരേകൂടി രംഗത്തിറങ്ങുന്ന പത്മവിഭൂഷൺ കെ കെ വേണുഗോപാലെന്ന അഭിഭാഷകനെയാണ് സമൂഹം കാത്തിരിക്കുന്നത്. മൂന്നു മക്കളും ഭാര്യയും അടങ്ങുന്ന കുടുംബത്തോടൊപ്പം ഡൽഹിയിലാണ് അദ്ദേഹം ഇപ്പോൾ താമസിക്കുന്നത്.