മുംബൈ: ആത്മഹത്യ ചെയ്ത ബോളിവുഡ് - സീരിയൽ നടി പ്രത്യുഷ ബാനർജിയുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും 24 ലക്ഷം രൂപ കാണാതായത് എങ്ങനെയാണെന്ന് പൊലീസ് അന്വേഷിക്കുന്നു. നടി തന്നെ ചെലവാക്കി തീർത്തതാണോ അതോ കാമുകൻ മോഷ്ടിച്ചതാണോ എന്ന സംശയം തീർക്കാൻ വേണ്ടിയാണ് വിശദമായ അന്വേഷണം നടത്താൻ പൊലീസ് ഒരുങ്ങുന്നത്.

കഴിഞ്ഞ വർഷം നവംബറിന് മുതലാണ് വിവിധ തവണകളിലായി പ്രത്യുഷയുടെ അക്കൗണ്ടിൽ നിന്നും 24 ലക്ഷം രൂപ പിൻവലിച്ചത്. നടിയുടെ അക്കൗണ്ടിൽ നിന്നും 24 ലക്ഷം രൂപ പിൻവലിച്ചതായി അവരുടെ കുടുംബാംഗങ്ങളാണ് പൊലീസിന് മൊഴി നൽകിയത്. പണം ആരാണ് പിൻവലിച്ചതെന്നോ എങ്ങോട്ടാണ് പണം പോയതെന്നോ വീട്ടുകാർക്ക് ധാരണയില്ല. മരണസമയത്ത് പ്രത്യുഷയുടെ ബാങ്ക് ബാലൻസ് ശൂന്യമായിരുന്നെന്നും വീട്ടുകാർ പറഞ്ഞു. പണം പിൻവലിച്ചത് പ്രത്യുഷയുടെ കാമുകൻ രാഹുൽ രാജ് സിങ് ആണെന്നാണ് വീട്ടുകാരുടെ ആരോപണം. ബിഗ് ബോസ് അടക്കമുള്ള ടെലിവിഷൻ ഷോകളിൽ നിന്നും പ്രതിഫലമായി ലഭിച്ച തുകയാണ് ഇത്.

പണം നഷ്ടപ്പെട്ടതിനെക്കുറിച്ച് അന്വേഷിക്കുന്നതിന് പ്രത്യുഷയ്ക്ക് അക്കൗണ്ട് ഉണ്ടായിരുന്ന എല്ലാ ബാങ്കുകളിലും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്്. അതിനിടെ പ്രത്യുഷയുടെ ക്രെഡിറ്റ് കാർഡും ഡെബിറ്റ് കാർഡുകളും രാഹുലിന്റെ കൈവശമായിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

പ്രത്യുഷയുടെ മരണവുമായി ബന്ധപ്പെട്ട് രാഹുലിനെ പൊലീസ് വിശദമായി ചോദ്യം ചെയ്തിരുന്നു. പ്രത്യുഷയുടെ മരണത്തിന് കാരണക്കാരൻ കാമുകൻ രാഹുൽ ആണെന്ന് കുടുംബക്കാർ ആരോപിച്ചിരുന്നു. ഇതേ തുടർന്നായിരുന്നു പൊലീസ് ചോദ്യം ചെയ്യൽ. ഇതിന് ശേഷം അസുഖമുണ്ടെന്ന് കാണിച്ച് രാഹുൽ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. പ്രത്യുഷയെ കാമുകനായ രാഹുൽ പലവട്ടം പരസ്യമായി മർദിച്ചിരുന്നതായും സുഹൃത്തുക്കൾ പറഞ്ഞു. ആത്മഹത്യയുടെ തലേന്നുരാത്രി ഫ്‌ലാറ്റിൽനിന്നു പ്രത്യുഷയുടെ ഉച്ചത്തിലുള്ള കരച്ചിൽ കേട്ടതായി അയൽക്കാർ പറയുന്നു.

രാഹുലിനെതിരെ പ്രത്യുഷ ബാനർജിയുടെ മാതാപിതാക്കളും സുഹൃത്തുക്കളും നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇയാൾക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി കേസെടുത്തത്. പ്രത്യുഷയുടെ സുഹൃത്തുക്കളടക്കം പന്ത്രണ്ടോളം പേരുടെ മൊഴിയാണ് ഇതുവരെ പൊലീസ് രേഖപ്പെടുത്തിയത്. പ്രത്യുഷയ്ക്കും രാഹുലിനുമിടയിൽ പല പ്രശ്‌നങ്ങളുമുണ്ടായിരുന്നുവെന്നും, ഒരിക്കൽ ആളുകൾക്ക് മുൻപിലിട്ട് രാഹുൽ പ്രത്യുഷയെ പരസ്യമായി മർദ്ദിച്ചിരുന്നുവെന്നും ഇവർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

പ്രത്യുഷ ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് നിഗമനം. പ്രണയ തകർച്ചയെ തുടർന്ന് കടുത്ത നിരാശയിലായിരുന്ന പ്രത്യുഷ കാമുകനുമായുള്ള പ്രശ്‌നങ്ങൾ കൊണ്ടാകാം ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് കണക്ക് കൂട്ടുന്നു. മരിക്കുന്നതിന് മുമ്പുള്ള പ്രത്യുഷയുടെ വാട്‌സ്ആപ്പ് സ്റ്റാറ്റസാണ് ഇപ്പോൾ ഏവരെയും ഞെട്ടിച്ചിരിക്കുന്നത്. 'മരണത്തിന് ശേഷവും നിന്നിൽ നിന്നും ഞാൻ മുഖം തിരിക്കില്ല' എന്ന് ഒരു സ്‌മൈലി ചിഹ്നത്തോടൊപ്പമായിരുന്നു പ്രത്യുഷയുടെ അവസാന വാട്‌സ്ആപ്പ് സ്റ്റാറ്റസ്. മരിക്കാനുള്ള തീരുമാനം പ്രത്യുഷ നേരത്തെ തീരുമാനിച്ചിരുന്നു എന്നാണ് വിലയിരുത്തുന്നത്.

അതിനിടെ മരണത്തിന് മുമ്പുള്ള ദിവസങ്ങളിൽ പ്രത്യുഷ ബാനർജി സിന്ദൂരം തൊട്ടിരുന്നതായി വിവരവും പുറത്തുവന്നു. വിവാഹത്തിന് ദിവസങ്ങൾ ബാക്കി നിൽക്കെയാണ് പ്രമുഖ സീരിയൽ താരമായ പ്രത്യുഷ ജീവനൊടുക്കിയത്. 24കാരിയായ പ്രത്യുഷ മരണത്തിന് മുമ്പുള്ള ദിവസങ്ങളിൽ പങ്കെടുത്ത പാർട്ടികളിലും മറ്റും സിന്ദൂരം അണിഞ്ഞാണ് കാണപ്പെട്ടിരുന്നതെന്നാണ് റിപ്പോർട്ടുകൾ. കാമുകൻ രാഹുൽ രാജ് സിംഗുമായി വിവാഹം നിശ്ചയിച്ചതിന് ശേഷമാണ് പ്രത്യുഷ ജീവനൊടുക്കിയത്. ഇതിനിടയിലാണ് പ്രത്യുഷ സിന്ദൂരം തൊട്ടിരുന്നതായുള്ള അഭ്യൂഹം പടരുന്നത്. ഈ സാഹചര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്.