ന്യൂഡൽഹി: ഉന്നത സുരക്ഷയൊരുക്കിയിരിക്കുന്ന സ്ഥലത്ത് 300 കിലോ ആർ.ഡി.എക്സ് എങ്ങനെയെത്തി എന്ന ചോദ്യമുയർത്തി ഛത്തീസ്‌ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ. പുൽവാമ ഭീകരാക്രമണത്തിന്റെ രണ്ടാം വാർഷികത്തിലാണ് ഛത്തീസ്‌ഗഢ് മുഖ്യമന്ത്രി കേന്ദ്ര സർക്കാരിന് നേരെ ചോദ്യങ്ങളുമായി രം​ഗത്തെത്തിയത്. പുൽവാമ ഭീകരാക്രമണത്തിന്റെ ഗൂഢാലോചനയ്ക്ക് പിന്നിലാരെന്ന് കേന്ദ്രം വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ആക്രമണത്തിൽ കൊല്ലപ്പെട്ട സൈനികർക്ക് ആദരാഞ്ജലി അർപ്പിച്ച ശേഷമാണ് ചോദ്യമുന്നയിച്ചത്.‘പുൽവാമ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സൈനികരെ ഞാൻ ബഹുമാനിക്കുന്നു. അവർക്ക് അഭിവാദ്യമർപ്പിക്കുന്നു. എന്നാൽ ഒരു ചോദ്യം. ഉന്നത സുരക്ഷയൊരുക്കിയിരിക്കുന്ന സ്ഥലത്ത് 300 കിലോ ആർ.ഡി.എക്സ് എത്തിയത് എങ്ങനെ? ഈ ഗൂഢാലോചനയ്ക്ക് പിന്നിൽ ആരായിരുന്നു?', ബാഗേൽ ട്വീറ്ററിലെഴുതി.

2019 ഫെബ്രുവരി 14 ന് ഉച്ചകഴിഞ്ഞാണ് പുൽവാമയിൽ ഭീകരാക്രമണം നടന്നത്. പാക്കിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകര സംഘടനയായ ജെയ്ഷ് ഇ മുഹമ്മദിന്റെ ചാവേർ സ്ഫോടകവസ്തുക്കൾ നിറച്ച വാഹനം സി ആർ പി എഫ് ജവാന്മാർ സഞ്ചരിച്ച വാഹനത്തിലേക്ക് ഇടിക്കുകയായിരുന്നു. 40 ജവാന്മാരാണ് അന്ന് വീരമൃത്യു വരിച്ചത്. ഫെബ്രുവരി 26-ന് പാക്കിസ്ഥാനിലെ ബാലാക്കോട്ടിൽ ഭീകരതാവളങ്ങളിൽ വ്യോമാക്രമണം നടത്തിക്കൊണ്ടായിരുന്നു ഇന്ത്യ ഇതിന് തിരിച്ചടി നൽകിയത്.

വീരമൃത്യു വരിച്ച സി ആർ പി എഫ് ജവാന്മാർക്ക് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുൾപ്പടെയുള്ള നേതാക്കൾ ആദരമർപ്പിച്ചു. സൈനികരുടെ അസാധാരണമായ ധൈര്യവും, ത്യാഗവും രാജ്യം ഒരിക്കലും മറക്കില്ലെന്ന് അമിത് ഷാ ട്വീറ്റ് ചെയ്തു.'2019 ലെ പുൽവാമ ആക്രമണത്തിൽ വീരമൃത്യു വരിച്ച ധീരന്മാരായ ജവാന്മാർക്ക് മുന്നിൽ ഞാൻ ശിരസ് നമിക്കുന്നു. അവരുടെ അസാധാരണമായ ധൈര്യവും, ത്യാഗവും ഇന്ത്യ ഒരിക്കലും മറക്കില്ല,' അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

സൈനികരുടെ സേവനവും ത്യാഗവും രാജ്യം മറക്കില്ലെന്നും, അവരുടെ കുടുംബങ്ങൾക്കൊപ്പം എപ്പോഴുമുണ്ടാകുമെന്നും കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ട്വീറ്റ് ചെയ്തു. ധീരരായ സൈനികർക്ക് ആദരമർപ്പിക്കുന്നുവെന്ന് വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി പറഞ്ഞു. അ

അതിനിടെ, ഇന്ന് ജമ്മു ബസ് സ്റ്റാൻഡിൽ നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെത്തി. ഏഴ് കിലോ സ്ഫോടക വസ്തുക്കളാണ് കണ്ടെത്തിയത്. ഇത് നീർവീര്യമാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.